മക്കളുടെ പാകിസ്ഥാന്‍ സ്കൂള്‍ വിദ്യാഭ്യാസം ഉടനടി അവസാനിപ്പിക്കണം എന്ന് നയതന്ത്ര ഉദ്യോഗസ്ഥരോട് ഇന്ത്യ

കാശ്മീരിനെ ചൊല്ലി സമീപക്കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് ഇന്ത്യയുടെ ഈ നടപടി.

മക്കളുടെ പാകിസ്ഥാന്‍ സ്കൂള്‍ വിദ്യാഭ്യാസം ഉടനടി അവസാനിപ്പിക്കണം എന്ന് നയതന്ത്ര ഉദ്യോഗസ്ഥരോട് ഇന്ത്യ

പാകിസ്ഥാനിലുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ മക്കള്‍ ഇനി ഇസ്ലാമാബാദിലെ വിദ്യാഭ്യാസം തുടരേണ്ടതില്ല എന്ന് ഇന്ത്യ നിര്‍ദേശിച്ചു. കാശ്മീരിനെ ചൊല്ലി സമീപക്കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് ഇന്ത്യയുടെ ഈ നടപടി.

ഇസ്ലാമബാദിലെ പ്രാദേശിക സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ വൈകാതെ മക്കളുടെ പാകിസ്ഥാന്‍ വിദ്യാഭ്യാസം അവസാനിപ്പിക്കണം. പാകിസ്ഥാന്‍ അല്ലാതെ മറ്റേത് രാജ്യത്തും അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുവാനുള്ള ക്രമീകരണങ്ങളും ചെയ്യണം എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


നയതന്ത്രപരമായ ഈ നടപടിയില്‍ അവിചാരിതമായി ഒന്നുമില്ലെന്നും എല്ലാ രാജ്യങ്ങളും തങ്ങളുടെ ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ പതിവുള്ളതാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്‌ പ്രതികരിച്ചു.

പാകിസ്ഥാനെ നോണ്‍-സ്കൂളിംഗ് സ്റ്റേഷന്‍ ആയി തരം താഴ്ത്താനാണ് ഇന്ത്യയുടെ ഈ നയതന്ത്ര നീക്കം.

ഇസ്ലാമാബാദില്‍ നിലവില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മക്കളായിട്ടുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ 60 പേരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ ബുള്ളറ്റ് പ്രൂഫ്‌ ബസ്സിലാണ് ഇപ്പോള്‍ ഇവര്‍ സ്കൂളില്‍ പോയി വരുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഓഫീസില്‍ എത്താനും ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇസ്ലാമാബാദില്‍ ഒരുക്കിയിട്ടുണ്ട്.

ഹിസ്ബുള്‍ മുജാഹുദീന്‍ പോരാളിയായ ഭീകരവാദി ബുര്‍ഹാന്‍ വാണിയുടെ കൊലപാതകത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് പ്രകോപനപരമായ പ്രസ്താവനയിറക്കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. കാശ്മീര്‍ ഒരു ദിവസം പാകിസ്ഥാന്‍റെതാകും എന്നായിരുന്നു നവാസ് ഷരീഫിന്റെ പ്രസ്താവന.

Read More >>