തനിക്കെതിരെ നടന്നത് ഗൂഢാലോചന; നാഡയുടെ ഫലത്തിനെതിരെ ഇന്ദര്‍ജീത്ത് സിംഗ്

നാഡയുടെ ഫലം ഹൃദയം തകര്‍ക്കുന്നതാണെന്നും ഈ അവസരത്തില്‍ പ്രതികരിക്കാനാകില്ലെന്നും ഇന്ദര്‍ജീത് സിംഗ് പറഞ്ഞു. ഒളിമ്പിക്‌സ് നടക്കുന്നതിന് തൊട്ടുമുമ്പ് ഉത്തേജക മരുന്ന് ഉപയോഗിക്കാന്‍ മാത്രം മണ്ടനാണോ താന്‍ എന്നും ഇന്ദര്‍ജീത് ചോദിക്കുന്നു.

തനിക്കെതിരെ നടന്നത് ഗൂഢാലോചന; നാഡയുടെ ഫലത്തിനെതിരെ ഇന്ദര്‍ജീത്ത് സിംഗ്

മുംബൈ: ദേശീയ ഉത്തേജക വിരുദ്ധ സമിതി(നാഡ)യുടെ പരിശോധനയില്‍ പരാജയപ്പെട്ടെന്ന വാര്‍ത്ത തകര്‍ത്തുകളഞ്ഞതായി ഇന്ത്യന്‍ ഷോട്ട്പുട്ട് താരം ഇന്ദര്‍ജീത്ത് സിംഗ്.

റിയോ ഒളിമ്പിക്‌സിന് പോകുന്ന ഇന്ത്യന്‍ സംഘത്തിന് തിരിച്ചടിയായി കഴിഞ്ഞ ദിവസമാണ് നാഡയുടെ ഫലം വന്നത്. ഇന്ത്യന്‍ സംഘത്തിലെ രണ്ടാമത്തെയാളാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെടുന്നത്.

നാഡയുടെ ഫലം ഹൃദയം തകര്‍ക്കുന്നതാണെന്നും ഈ അവസരത്തില്‍ പ്രതികരിക്കാനാകില്ലെന്നും ഇന്ദര്‍ജീത് സിംഗ് പറഞ്ഞു. ഒളിമ്പിക്‌സ് നടക്കുന്നതിന് തൊട്ടുമുമ്പ് ഉത്തേജക മരുന്ന് ഉപയോഗിക്കാന്‍ മാത്രം മണ്ടനാണോ താന്‍ എന്നും ഇന്ദര്‍ജീത് ചോദിക്കുന്നു.

ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഫലം തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും ഇന്ദര്‍ജീത് സിംഗ് ആരോപിച്ചു. 2014 ലെ ഏഷ്യന്‍ ഗെയിംസ് ് വെങ്കല മെഡല്‍ ജേതാവും നിലവിലെ ഏഷ്യയിലെ ലീഡ് താരവുമാണ് ഇന്ദര്‍ജീത് സിംഗ്. എഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗ്രാന്റ് പ്രിക്സ്, ലോക യൂണിവേഴ്സിറ്റി ഗെയിംസ് എന്നിവിടങ്ങളിലെ മത്സരങ്ങളിലെ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് ഇന്ദര്‍ജീത് സിംഗ്.

നിരോധിച്ച മരുന്നുകളില്‍പെട്ട സ്റ്റിറോയ്ഡ് ഇന്ദര്‍ജീത് ഉപയോഗിച്ചതായാണ് നാഡയുടെ റിപ്പോര്‍ട്ട്. നേരത്തെ  ഗുസ്തി താരം നര്‍സിങും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു.