ബഹുമാന്യരായ ജഡ്ജിമാരേ... ആ വ്യാജൻ നിങ്ങളുടെ കൺമുന്നിലുണ്ട്; ചുണയുണ്ടോ, കണ്ടുപിടിക്കാൻ?

സംസ്ഥാനത്തെ ഏതെങ്കിലുമൊരു കോടതിമുറിയിൽ ഈ വ്യാജൻ ഒരു ജാമ്യക്കാരനായി ഇപ്പോഴുണ്ടാകാം. ജഡ്ജിയുടെയും പോലീസിന്റെയും കൺവെട്ടത്ത്, അവർക്കു കൈനീട്ടി പിടിക്കാവുന്ന അകലത്തിൽ അയാളുണ്ട്. പട്ടാപ്പകൽ കോടതി മുറിയിൽ കയറി നിന്നാണ് പോലീസിനെയും ജഡ്ജിയെയും അയാൾ നിഷ്പ്രയാസം കബളിപ്പിക്കുന്നത്.

ബഹുമാന്യരായ ജഡ്ജിമാരേ... ആ വ്യാജൻ നിങ്ങളുടെ കൺമുന്നിലുണ്ട്; ചുണയുണ്ടോ, കണ്ടുപിടിക്കാൻ?

ബലാത്സംഗവും പിടിച്ചുപറിയും ഭവനഭേദനവുമടക്കമുളള കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായവരെ  വ്യാജരേഖകൾ ഹാജരാക്കി ജാമ്യത്തിലിറക്കി രക്ഷപെടുത്താൻ കാസർകോടു മുതൽ തിരുവനന്തപുരം വരെയുളള കോടതികളിൽ അജ്ഞാതന്റെ ആൾമാറാട്ടം.  നെയ്യാറ്റിന്‍കര  പരിയല്ലൂര്‍ പുത്തന്‍വീട്ടില്‍ ശശികുമാറിന്റെ വിലാസത്തിലെടുത്ത വ്യാജ തിരിച്ചറിയൽ കാർഡും വ്യാജ കരംതീർത്ത രസീതും ഉപയോഗിച്ചാണ് ജീവപര്യന്തം കഠിനതടവുവരെ ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ചുമത്തപ്പെട്ട് അറസ്റ്റിലായവരെ അജ്ഞാതൻ ജാമ്യത്തിലിറക്കിയത്.  ജാമ്യം ലഭിച്ചവരെല്ലാം മുങ്ങിയിട്ടുണ്ട്.


പ്രതികൾക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ അറിവും സമ്മതവുമില്ലാതെ ഇത്തരത്തിൽ ആർക്കും ജാമ്യമെടുക്കാനാവില്ല. ജാമ്യരേഖകൾ പരിശോധിച്ച് വിശ്വാസ്യത ഉറപ്പുവരുത്താൻ അഭിഭാഷകർക്കും ബാധ്യതയുണ്ട്. ഒരേതരം രേഖകൾ ഉപയോഗിച്ച് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുളള കോടതികളിൽ പ്രതികൾക്കു വേണ്ടി ഒരാൾ ഹാജരാകുന്നുവെങ്കിൽ അയാൾ അംഗമായ റാക്കറ്റിൽ അഭിഭാഷകരും ഗുമസ്തന്മാരുമൊക്കെയുണ്ട് എന്നു വ്യക്തമാണ്.

[caption id="attachment_31578" align="alignleft" width="300"]Election ID card of Sasikumar വ്യാജ ശശികുമാർ സമർപ്പിച്ച തിരിച്ചറിയൽ രേഖയിലെ വിലാസത്തിന് ഉടമയായ യഥാർത്ഥ ശശികുമാറിന്റെ ഇലക്ഷൻ ഐഡി കാർഡ്[/caption]

പ്രായപൂർത്തിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 2015ൽ ആലപ്പുഴ വെൺമണിയിൽ അറസ്റ്റിലായ കന്യാകുമാരി സ്വദേശി വിജുവിനെ ജാമ്യത്തിലിറക്കിയത് വ്യാജ ശശികുമാറാണ്. വിലാസം തിരഞ്ഞെത്തിയ പോലീസ് കണ്ടത് കൂലിപ്പണിക്കാരനായ  ശശികുമാറിനെയും. സംസ്ഥാനത്തെ വിവിധ കോടതികളിൽ നിന്ന് ഇത്തരത്തിൽ 18 സമൻസുകളാണ് ശശികുമാറിനെ തേടിയെത്തിയത്. ജാമ്യരേഖയും ജാമ്യക്കാരനും വ്യാജമാണെന്ന് തിരിച്ചറിഞ്ഞ പോലീസ് സംഭവം കോടതിയ്ക്ക് റിപ്പോർട്ടു ചെയ്തുവെങ്കിലും സമഗ്രമായ അന്വേഷണം ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ഇത്തരത്തിൽ ജാമ്യത്തിലിറങ്ങി രക്ഷപെട്ടവരിൽ ഇതര സംസ്ഥാനക്കാരുമുണ്ട്. വ്യാജരേഖ ചമച്ച് തട്ടിപ്പുകടത്തിയ കുറ്റത്തിന് കോലഞ്ചേരി പുത്തൻകുരിശ് പോലീസ് അറസ്റ്റു ചെയ്ത രാജസ്ഥാൻ സ്വദേശിയായ സോഹൻ ബനാവതിനെ ജാമ്യത്തിലെടുത്തിരിക്കുന്നത് വ്യാജ ശശികുമാറാണ്. ചെക്കുകേസിൽ പ്രതിയായ ചേർത്തലക്കാരൻ മിഥുൻ ഗോപിയും മലപ്പുറത്ത് അടിപിടിക്കേസിൽ പിടിയിലായ ഉണ്ണിയുമൊക്കെ ശശികുമാറിന്റെ സേവനം ലഭിച്ചവരിൽ ചിലർ മാത്രം.  2010ൽ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അജ്ഞാതനെ പിഴ ശിക്ഷയ്ക്കു വിധിച്ചിട്ടുണ്ട്. പിഴയൊടുക്കാൻ നോട്ടീസ് ലഭിച്ചത് ജാമ്യ രേഖയിലെ വിലാസത്തിന്റെ ഉടമയായ നെയ്യാറ്റിൻകര ശശികുമാറിനും.

[caption id="attachment_31603" align="aligncenter" width="584"]summons to Sasikumar വ്യാജ ശശികുമാർ ജാമ്യം നിന്ന കേസിൽ പ്രതി ഹാജരാകാഞ്ഞതിനെ തുടർന്ന് യഥാർത്ഥ ശശികുമാറിനു ലഭിച്ച സമൻസ്[/caption]

ശശികുമാർ ജാമ്യം നിന്ന കേസുകളിലെ പ്രതിഭാഗം അഭിഭാഷകരെയും ഗുമസ്തൻമാരെയും പോലീസിന് ചോദ്യം ചെയ്യേണ്ടി വരും. ഒരു കോടതിയിലോ ജില്ലയിലോ ഒതുങ്ങി നിൽക്കുന്ന ആൾമാറാട്ടമല്ല നടന്നത്. കാസർകോടു മുതൽ തിരുവനന്തപുരം വരെയുളള കോടതികളിൽ വ്യാജശശികുമാർ ഹാജരായിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ഈ ആൾമാറാട്ടം എന്നു വ്യക്തമാണ്.

സാങ്കേതികവിദ്യ ഇത്രയ്ക്കു പുരോഗമിച്ചതോടെ ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാർ വളരെയെളുപ്പം ഉണ്ടാക്കാൻ കഴിയും. അത്തരത്തിൽ തയ്യാറാക്കിയ ഒന്നോ രണ്ടോ കടലാസുകൾ ഉപയോഗിച്ച് ഏതു കുറ്റവാളിയെയും ജാമ്യത്തിലെടുത്ത് നാടുകടത്താം എന്നത് നമ്മുടെ നിയമവ്യവസ്ഥയുടെ പഴുതുകളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.

[caption id="attachment_31584" align="alignright" width="300"]IMG_9482 വ്യാജന്റെ വിളയാട്ടത്തിൽ പൊറുതിമുട്ടിയ യഥാർത്ഥ ശശികുമാർ[/caption]

വ്യാജ ശശികുമാറിന്റെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയാല്‍ ലഭിക്കുന്നത് നെയ്യാറ്റിന്‍കര ഊരൂട്ടുകാല കടക്കമ്പ് പുതുവല്‍ വീട്ടില്‍ കൃഷ്ണന്‍ മകന്‍ സുനില്‍കുമാറിന്റെ പേരും വിവരങ്ങളുമാണ്. ശശികുമാറിന്റെ വിലാസവും സുനില്‍ കുമാറിന്റെ തെരഞ്ഞെടുപ്പ് കാര്‍ഡിലെ നമ്പരും കൂട്ടിച്ചേര്‍ത്താണ് വ്യാജന്‍ തന്റെ ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് വ്യക്തം.

ജാമ്യക്കാരുടെയും ജാമ്യരേഖകളുടെയും വിശ്വാസ്യത പരിശോധിക്കാൻ കുറ്റമറ്റ മാർഗങ്ങൾ കണ്ടെത്തിയാലേ ഈ പഴുത് അടയ്ക്കാൻ കഴിയൂ. വോട്ടർ പട്ടികയും തിരിച്ചറിയൽ കാർഡുമൊക്കെ ഓൺലൈൻ രേഖകളായ സാഹചര്യത്തിൽ വ്യക്തികളുടെ വിശ്വാസ്യത പരിശോധിക്കാൻ എളുപ്പവഴിയുണ്ട്. ഹാജരാക്കുന്ന തിരിച്ചറിയൽ കാർഡിലെ ഫോട്ടോയും യഥാർത്ഥ കാർഡിലെ ഫോട്ടോയും ഇലക്ഷൻ കമ്മിഷന്റെ വെബ് സൈറ്റു വഴി താരതമ്യം ചെയ്യാം. കോടതികളിലെല്ലാം ഇന്റർനെറ്റ് സൌകര്യമുളള ഇക്കാലത്ത് സെക്ഷൻ ക്ലർക്കുമാർക്ക് ഒരു നിർദ്ദേശം നൽകി നടപ്പാക്കാവുന്ന പരിഷ്കാരമാണിത്. നെയ്യാറ്റിൻകരയിലെ ശശികുമാറിനെപ്പോലുളള നിരപരാധികൾ കോടതിവ്യവഹാരത്തിന്റെ കുരുക്കിൽപ്പെടാതിരിക്കാൻ അടിയന്തരമായി ചെയ്യാവുന്ന കാര്യം.

സംസ്ഥാനത്തെ ഏതെങ്കിലുമൊരു കോടതിമുറിയിൽ ഈ വ്യാജൻ ഒരു ജാമ്യക്കാരനായി ഇപ്പോഴുണ്ടാകാം. ജഡ്ജിയുടെയും പോലീസിന്റെയും കൺവെട്ടത്ത്, അവർക്കു കൈനീട്ടി പിടിക്കാവുന്ന അകലത്തിൽ അയാളുണ്ട്. പട്ടാപ്പകൽ കോടതി മുറിയിൽ കയറി നിന്നാണ് പോലീസിനെയും ജഡ്ജിയെയും അയാൾ നിഷ്പ്രയാസം കബളിപ്പിക്കുന്നത്.

Read More >>