തമ്പും നോമ്പും തുറക്കാനെത്തുന്ന മഗ്‌രിബ് വാങ്കുകൾ

ഗൾഫ് ജീവിതത്തിലെ ഓർമകളിൽ ചിലർക്കെങ്കിലും മായാതെ നില്‍ക്കുന്നത് നോമ്പു തുറകളായിരിക്കും. നോമ്പുതുറയും മാറുകയാണ്. റഫീക്ക് തിരുവള്ളൂര്‍ എഴുതുന്ന ഗള്‍ഫ് നോമ്പനുഭവങ്ങള്‍.

തമ്പും നോമ്പും തുറക്കാനെത്തുന്ന മഗ്‌രിബ് വാങ്കുകൾ

റഫീക്ക് തിരുവള്ളൂര്‍

ഇടി വെട്ടി മഴ പെയ്ത രാത്രിയിൽ കൂണുകൾ മുളക്കുന്ന പോലെ, പെട്ടന്നാകും യു.എ.യിലൊന്നാകെ തമ്പുകൾ പൊങ്ങുക. തമ്പുകളുടെ മാസം കൂടിയാണ് ഇവിടെ റമദാൻ. മുമ്പ് വീടുകൾക്കു മുമ്പിൽ പൊക്കിക്കെട്ടിയ പന്തലുകളായിരുന്നെങ്കിൽ ഇന്നത് റെഡ് ക്രസന്റ് ഉൾപ്പടെ സന്നദ്ധ സംഘങ്ങളും സാംസ്‌കാരിക നിലയങ്ങളും സ്ഥാപനങ്ങളും മുൻ കയ്യെടുത്തുള്ളവയുമാണ്. മനസ്സ് ശരീരത്തിനൊപ്പം വെന്ത് പുഴുക്കാവുന്ന പ്രവാസത്തിൽ, ഉള്ളിലേക്ക് കിനിയുന്ന ആർദ്രതയുടെ ഞരമ്പായി ഈ ടാർപോളിൻ മേലാപ്പുകൾ ചില നേരം തണുപ്പ് തരുന്നു. നാട്ടിലെ നമ്മുടെ സമൂഹ നോമ്പു തുറ പോലെ ഔപചാരികവും ബഹളമയവും ക്ഷണിക്കപ്പെട്ടവർക്കു മാത്രം പരിമിതവുമല്ല അറബി വീടുകളിലെ ഇഫ്താറുകൾ. അത് നഗരത്തിന്റെ അമിത വേഗത്തിൽ പിന്നിലായവർക്കും വരവും ചിലവും ഒത്തു പോകാത്തവർക്കും എപ്പോഴും ചെറുതിൽ നിന്നും വലുത് കിഴിക്കാൻ മാത്രം വിധിക്കപ്പെട്ടവർക്കും ആശ്വാസമായുള്ളതാണ്.


വിശേഷപ്പെട്ട നോമ്പു തുറകളുടെ പേരിൽ ഓർമ്മിക്കുന്ന നഗര ഭാഗങ്ങളുണ്ട് ദുബൈയിൽ. അബുദാബിയിൽ നഗരത്തിനകത്ത് അതത്ര ഇല്ലെങ്കിലും നഗര പ്രാന്തങ്ങളിൽ വീടുകൾക്കു മുന്നിൽ കെട്ടിപ്പൊക്കുന്ന നോമ്പുതുറ പന്തലുകൾ കുറച്ചുണ്ട്. ദുബൈയിലും അബുദാബിയിലും ഇപ്പോൾ കൂറ്റൻ സമൂഹ നോമ്പു തുറകളുമേറെ. അവ മിക്കവയും ഇമാറാത്തി ഭരണ കർത്താക്കൾ നേരിട്ടു നടത്തുന്നവയും ഭരണ കൂടം റെഡ് ക്രസന്റിന്റെ മുൻകയ്യായി ഒരുക്കുന്നവയുമാണ്. ഒട്ടു മിക്ക പള്ളികളോട് ചേർന്നും നോമ്പു തുറ തമ്പുകളുയരുന്നു. മഗ്‌രിബ് വാങ്ക് മാത്രമാണു അവിടങ്ങളിലേക്കുള്ള ആകെ വിരുന്നു വിളി.

നോമ്പു തുറ സംഘടിപ്പിച്ചു എന്ന തലക്കെട്ടോടെ വരുന്ന വാർത്തകൾ വൈകാതെ അപ്രത്യക്ഷമാകേണ്ടതാണ് ഗൾഫിൽ. ഇനി ചില കൂട്ടായ്മകൾ അതു സംഘടിപ്പിച്ചില്ല എന്നതിനാകും ചിലപ്പോൾ വരും വർഷങ്ങളിൽ വാർത്താ പ്രാധാന്യം. സംഘടിച്ചുണ്ടാകുന്ന നോമ്പു തുറകളുടെ ബാഹുല്യമാണ് സോഷ്യൽ മീഡിയയുടെ വരവോടെ സംഭവിച്ചിരിക്കുന്നത്. നോമ്പു തുറകൾ ആരും സംഘടിപ്പിക്കാതെ തന്നെ സംഘടിച്ചുണ്ടാകുന്നു പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും. ഫേസ്ബുക്ക്, വാട്ട്‌സാപ്പ് കൂട്ടായ്മകൾ ഇതര കൂട്ടായ്മകളെ മുന്തുന്ന തരത്തിൽ ഇഫ്താറുകൾ ഒരുക്കുന്നതാണിപ്പോഴത്തെ കാഴ്ചകൾ. സംഘടനകൾ തങ്ങളുടെ പേരിലുള്ള തമ്പുകളിലേക്ക് ആളുകളെ ക്ഷണിച്ചു വരുത്തുമ്പോൾ നവ സാമൂഹിക കൂട്ടായ്മകൾ നേരെ തിരിച്ചാണു പ്രവർത്തിക്കുന്നത്. മുമ്പുള്ളതിലേറെ നോമ്പു തുറകൾ ലേബർ കാമ്പുകളിൽ സാധ്യമാക്കിയത് ഈ കൂട്ടായ്മകളാണ്. എണ്ണവും വണ്ണവും കുറഞ്ഞ കുഞ്ഞു സംഘങ്ങൾ വരെ ഇഫ്താർ ഒരുക്കങ്ങളുമായി ലേബർ കാമ്പുകളിലേക്ക് പോകുന്ന കാഴ്ചയാണ് കഴിഞ്ഞ നോമ്പു കാലത്തെ വിശേഷമായി തോന്നിയത്. മധ്യാഹ്ന വേനലവധിയുണ്ട് യു.എ.ഇയിലെ തൊഴിലാളികൾക്ക്. ഉച്ച വരെയേ പണിക്കാർക്ക് ജോലിയുള്ളൂ. ജോലി കഴിഞ്ഞ് വന്നവർക്ക് ചില ലേബർ കാമ്പുകളിൽ ഉച്ചഭക്ഷണം പാകം ചെയത് കൊടുക്കുന്നുണ്ട്.

കഠിനമായ പുറം ജോലികൾ ചെയ്യുന്നവർക്ക് നോമ്പ് നിർബന്ധമല്ല. കാമ്പ് മേധാവികൾ മുസ്ലീംകളായിരിക്കും. അവർ നോമ്പ് അനുഷ്ഠിക്കുന്നുമുണ്ടാകും. ഉച്ചക്ക് പണിക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനു നല്ല ഉത്സാഹത്തോടെയും ഉത്തരവാദിത്തത്തൊടെയും അവർ മേൽനോട്ടം വഹിക്കുകയും ചെയ്യും.

ഗൾഫ് ജീവിതത്തിലെ ഓർമകളിൽ മായാത്തത് ചിലർക്കെങ്കിലും നോമ്പു തുറകളായിരിക്കും. ദുബൈയിൽ വന്ന കൊല്ലം നഗരത്തിന്റെ പരപ്പിൽ നോമ്പുതുറ തേടിപ്പോകുമായിരുന്നു. യൂസുഫ് എന്നൊരു തിരുവള്ളൂർക്കാരനൊപ്പം. അവൻ പുഴയറിഞ്ഞു വലവീശുന്ന മുക്കുവനായി മാറുന്നു. നാട്ടിലെ അവന്റെ വീട്ടിനു മുമ്പാകെ പാടവും അതിനെ മുറിച്ചു പോകുന്ന ഇപ്പോഴും മെലിഞ്ഞിട്ടില്ലാത്ത തോടുമുണ്ട്. കനോലി സായിപ്പ് പണിത ജലധമനികളിൽ ഒന്നാണതും. അതു വഴിയായിരുന്നു പഴയ കാലത്തെ ചരക്കു കടത്തുകൾ. ഈ ചെറു തോട്ടിൽ ധാരാളം നാടൻ മീനുണ്ട് ഇപ്പോഴും. തോട്ടിനെ ചുറ്റിപ്പറ്റി മീൻ പിടിത്തവുമുണ്ട്. വക്കുക എന്നാണതിനു പറയുക. ഇതേ നാട്ടോർമ്മകളുടെ തോഴനാണ് കൂടെയുള്ള ഇസ്മായിലും. രണ്ടുപേരുമായാൽ പിന്നെ, നോമ്പു തുറ തേടിയുള്ള യാത്ര ഏറ്റവും നല്ല മീൻ തേടിപ്പോകലായി മാറുന്നു.

ഒരു വട്ടം തേട്ടം അവസാനിച്ചത് ജുമൈറയിലാണ്. അറബിക്കഥയിലെ കൊട്ടാരം പോലൊരു അറബി വീട്. മുറ്റത്ത് ഇഫ്താറിനായി അണിയിച്ചൊരുക്കിയ തമ്പ്. ശീതീകരണികൾ ഒച്ച കേൾപ്പിക്കാതെ പ്രവർത്തിക്കുന്നതും അലങ്കാരവിളക്കുകൾ പ്രകാശിക്കുന്നതമായ തമ്പിനകത്താണ് ദിവസവും നോമ്പുതുറ. അതു വരേ കണ്ടെത്തിയവയിൽ ഏറ്റവും മുന്തിയതിത് എന്ന് അറബി വീടിന്റെ പടിവാതിൽക്കൽ ക്ഷണം കാത്തു നിൽക്കുമ്പോഴേ മനസ്സ് രുചിച്ചു തുടങ്ങിയിരുന്നു. ഗൃഹനാഥനായ അറബി കോലായിൽ തന്നെ ഉണ്ടാവും, ഖുർആനോതിക്കൊണ്ട്. ബാങ്കിനു നേരമായി വരുമ്പോൾ പടിവാതിലുകൾ തുറക്കെപ്പെടും, പുറത്തു കാത്തു നിന്നവർ അകത്തേക്ക് ക്ഷണിക്കപ്പെടും. ചെറിയൊരു തിരതള്ളലുണ്ടാകും ആളുകളുടെ. കണ്ടു പിടിച്ചത് കൊളംബസ് ആണെങ്കിലും അമേരിക്കയിൽ ആദ്യം കാലു കുത്തിയത് മാരിഗോ എന്ന സഹയാത്രികനാണെന്നു പറയുന്നതു പോലെ ആദ്യ ദിവസം ആദ്യം അകത്തെത്തിയത് ഞാൻ. വലിയ മീനുകൾ തിരക്കിൽ പെടുമ്പോൾ പരൽ മീനുകൾ മുന്നിലെത്തുന്നു.

iftar_1തമ്പിനകത്ത് ആദ്യം വേണ്ടത് ഒരിരിപ്പിടം കണ്ടെത്തുകയാണ്. നാലഞ്ചു പേർക്ക് ഒന്നിച്ചു കഴിക്കാൻ പാകത്തിൽ വലിയ തളികകളിൽ പൊതിഞ്ഞു വച്ചിരിക്കും മന്തി എന്നും മത്ബി എന്നൊക്കെ വിളിപ്പേരുള്ള ഇറച്ചിച്ചോറ്. പൊതിഞ്ഞു വച്ച തളികളിൽ മീനോ ആടോ കോഴിയോ എന്ന് പൊതിയഴിച്ചാലേ അറിയാനാകൂ, പൊതിയഴിക്കാനാവട്ടെ വാങ്കു കൊടുത്തിട്ടേ അനുവാദമുള്ളൂ. അതൊരു സസ്‌പെൻസ് ആയി തുടരും വാങ്കു വിളി വരേ. വാങ്ക് കേട്ട് ഈത്തപ്പഴം ചവച്ചെന്നു വരുത്തി, തളികയുടെ പൊതിയഴിച്ചു നോക്കുമ്പോൾ ആദ്യ ദിവസം കണ്ണു തള്ളിപ്പോയി. ഇതു വരേ കണ്ടിട്ടില്ലാത്തത്ര വലുപ്പത്തിൽ പലതായി മുറിച്ച മീൻ. ഇത്ര വലിപ്പത്തിൽ മീൻ കഷണിച്ചാൽ അതു വേവുമോ എന്നാണാദ്യം തോന്നിയത്, വെന്താലും അവയിൽ ഉപ്പും മുളകും പിടിക്കുമോ എന്നായി സംശയം. അതൊന്നും ഇപ്പോഴാലോചിക്കേണ്ട വിഷയങ്ങളല്ല, വെട്ടി വിഴുങ്ങിക്കോളൂ എന്നു സഹതീറ്റക്കാർ. ഉപ്പിന്റേയും മുളകിന്റേയും രുചിശീലം അറബികൾക്കില്ലല്ലോ എന്നു തിന്ന ശേഷമാണോർമ്മിച്ചത്.

അൽ ഐനിൽ വച്ചുണ്ടായി ശരിക്കുള്ള അറബി നോമ്പുതുറയനുഭവം. അതു ശരിക്കും കൊട്ടാരത്തിലായിരുന്നു. അറബികളുടെ ആതിഥേയത്വവും അലിവും അന്നാണ് നേരിലറിഞ്ഞത്. വയനാട് മുസ്ലിം ഓർഫനേജിന്റെ ജമാൽക്ക കൂടെ കൊണ്ട് പോയതായിരുന്നു എന്നെയും. മജ്‌ലിസിലെത്തുന്ന ഓരോരുത്തർക്കുമായി സദസ്സ് ഒന്നാകെ എഴുന്നേറ്റു നിൽക്കും. ഹസ്തദാനവും ആലിംഗനവുമാണ് പിന്നെ. വട്ടമിട്ടിരിക്കുന്ന സദസ്സിനെ ചുറ്റിച്ചെന്ന് ഓരോരുത്തരെയായി കൈപിടിച്ച് സ്‌നേഹം പ്രകടിപ്പിക്കണം. വന്നവർ സദസ്സിലാദ്യമുള്ളവരെ മുഴുവൻ ഹസ്ത ദാനം നടത്തി ഒരിരിപ്പിടം നേടിയാലേ നിന്നവരിരിക്കൂ. ഓരോരുത്തരായി വന്നു ചേരുമ്പോഴും ഇതാവർത്തിക്കപ്പെട്ടു കൊണ്ടിരുന്നു. നമുക്കിതു വേഗം മടുപ്പുളവാക്കും. അറബികൾ വിട്ടു വീഴ്ചയേതുമില്ലാതെ അനായാസം അതാവർത്തിക്കുകയും ചെയ്യും.

പിന്നെ ആർഭാടങ്ങൾ അധികമില്ലാത്ത നോമ്പുതുറ. നാട്ടിലേതു പോലെ നിസ്‌കാരം കഴിഞ്ഞായിരുന്നു അന്ന് ഭക്ഷണം. ഒറ്റത്തളികയിൽ നിന്ന് കൂട്ടത്തോടെ ഭോജനം. പന്തിഭോജനം ഒരു സാംസ്‌കാരിക പ്രമേയമായ നാട്ടിൽ നിന്നു വന്ന ഞങ്ങൾ ഈ സമൂഹ ഭോജനത്തിന്റെ പൊരുളുകളന്ന് ചുരുൾ നിവർത്തി നോക്കുകയുണ്ടായി. ഒരേ പാത്രത്തിൽ നിന്നുണ്ണുന്നവർക്കിടയിൽ ദൃഢപ്പെടുന്ന സാഹോദര്യത്തെക്കുറിച്ചായിരുന്നു അന്നത്തെ ചർച്ച മുഴുക്കേ. തീൻ പാത്രങ്ങൾ വെവ്വേറെയായപ്പോഴാകാം മനസ്സുകളും വേർപ്പെട്ടു പോയത്. യു.എ.ഇയിലെ ഭരണകുടുബങ്ങളിലൊന്നിന്റെ കൊട്ടാരത്തിലായിരുന്നു അന്നത്തെ ഇഫ്താർ. യു.എ.ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദിന്റെ ഭാര്യാവീട്ടിൽ. കേരളത്തിലൊരു കുഗ്രാമത്തിലെ ഏതോ ഒരു കുഞ്ഞബ്ദുള്ളയുടെ മകനെ ഒരു രാജ്യത്തെ ഭരണ സാരഥ്യമുള്ള ഒരു കൂട്ടം ഉന്നതൻമാർ ഇങ്ങനെ എഴുന്നേറ്റ് നിന്നും ഹസ്തദാനം ചെയ്തും ആദരിക്കുന്നതിലെ സാസ്‌കാരിക ഔചിത്യവും പാരമ്പര്യ ശീലങ്ങളുടെ കാലാതിവർത്തിയായ മഹിമയും നമുക്കു ഗ്രഹിക്കാനാവുന്നതിലും അപ്പുറത്തുള്ളതു തന്നെ.

iftar_2നോമ്പു പകരുന്ന സാമൂഹികത ബോധ്യപ്പെടുന്ന വേള കൂടിയാണ് ഇഫ്താറിന്റേത്. ഭക്ഷണത്തിലൂടെയും അതിനെ ചുറ്റിപ്പറ്റിയുള്ള രസരുചിവട്ടങ്ങളിലൂടെയും തന്നെയാണ് മനുഷ്യർക്ക് പരസ്പരം സംസ്‌കാരവും നൻമയും കൃപയുമൊക്കെ രുചിച്ചു നോക്കാനാകുക. ഇഫ്താറിലതു കൂട്ടായ സാമൂഹികാനുഭവമായി മാറുന്നു. എന്നാലുമുണ്ടാകും സ്വാർത്ഥത്തിന്റെ ഉള്ളിൽ തന്നെ കുടുങ്ങിക്കിടക്കുന്ന ചിലർ. ദേര സബ്ഖയിലെ പള്ളിപ്പരിസരത്തെ നോമ്പു തുറയിൽ അങ്ങനെ ഒരുത്തനെ കയ്യോടെ പിടിച്ചതും ഒരോർമ്മ. പിന്തിവന്നവർ കുടിവെള്ളം കിട്ടാതെ ഇരിക്കുമ്പോൾ പല ബോട്ടിലുകൾ കൈക്കലാക്കി ഒളിപ്പിച്ചു വച്ചിരിക്കുകയാണ് കക്ഷി. ചോദിച്ചിട്ടും കൊടുക്കുന്നില്ല. അതൊരു മലയാളിയായിരുന്നു. നോമ്പു തീരുമ്പോൾ അന്നും ഇന്നും ബാക്കിയാകുന്നത് കുറേ രുചിച്ചേരുവകളാണ്. ചിലതു മനസ്സിലും ചിലത് രസനയിലും. നാട്ടിൽ പാർക്കാത്തവർക്ക് ചില ചെറുതിരകൾ മനസ്സിലോമനിക്കാൻ ബാക്കിവെക്കുന്നുണ്ട് ഈ മാറിമറിയലുകൾക്കെല്ലാമിടക്ക് കാലം. രുചികളുടെ രസനയിൽ വാക്കുകളിറ്റിക്കുന്ന അനുഭൂതികളാണവ. അദാആയ ഫർളായ റമദാനിലെ നാളത്തെ നോമ്പിനെ...എന്നു തുടങ്ങുന്ന നിയ്യത്തിന്റെ കരുതി ഉറപ്പിക്കലിന്റെ ഓർമ്മ. വിശപ്പിന്റേയും ദാഹത്തിന്റേയും അതു രണ്ടും തീരെയില്ലാത്ത ഓർമ്മ. അസ്സൽ സംസ്‌കാരം എന്നൊന്ന് നമ്മിലൊക്കെ ബാക്കിവെക്കുന്ന കുട്ടിക്കാലത്തിന്റെ തിരു ശേഷിപ്പുകൾ, രുചിമുകുളങ്ങൾ. ഗൾഫിലെ നോമ്പ്, നോറ്റവർക്ക് ചില നേരത്ത് പെരുന്നാളു മാത്രമല്ല നാട്ടിനേയും കൊണ്ടത്തരും.

അബുദാബിയിലെ സർവത്ര അതിശയമായ നോമ്പു തുറയാണ് ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിലേത്. കാൽ ലക്ഷത്തിലേറെ പേർക്കാണ് ദിവസേന ഭക്ഷണമൊരുക്കുന്നത്. പ്രത്യേകം കെട്ടിയ തമ്പുകളിൽ ആളുകളെ ഇരുത്തുന്നതിനും നോമ്പു തുറപ്പിക്കുന്നതിനും സംവിധാനങ്ങൾ യന്ത്രം പോലെ പ്രവർത്തിക്കുന്നതിനും യു.എ.ഇയുടെ സൈനിക ദളങ്ങൾ വരെ സന്നിഹിതമായിരിക്കുന്നു. തലസ്ഥാന നഗരിയിലെ ഏതാണ്ടെല്ലാ രാജ്യക്കാരും തരക്കാരും ഈ നോമ്പു തുറയിൽ ഒന്നിച്ചിരിക്കുന്നു. തലസ്ഥാനത്തെ ലേബർ കാമ്പുകളിൽ നിന്ന് ബസ്സുകളിലാണ് ഇവിടേക്ക് ആളെ കൊണ്ടു വരുന്നത്. അബുദാബിയിലെ സർക്കാർ ബസ്സുകളും ലേബർ കാമ്പുകളിലേക്കും ശൈഖ് സായിദ് പള്ളിയിലേക്കും മാത്രമായി സൗജന്യ സർവീസും റമദാനിൽ ആരംഭിക്കുന്നു. റമദാൻ അവതരിപ്പിക്കുന്ന പാരസ്പര്യമാണ് തൊഴിലാളി പാർപ്പിടങ്ങളിലെ ഇഫ്താറുകൾ. ലേബർ കാമ്പുകളുടെ പരിസരങ്ങളിലും അകത്തളങ്ങളിലും അവയോട് ചുറ്റി വളർന്ന വ്യാപാര കേന്ദ്രങ്ങളുടെ മുറ്റത്തും ഇപ്പോൾ ഇഫ്താറുകളുടെ ആധിക്യമാണ്. ഈ വിരുന്നുകൾ എത്ര കൂടിയാലും മതിയാകാത്തത്രയാണ് ഇവിടങ്ങളിലെ മനുഷ്യരുടെ ആധിക്യം. ഏതാണ്ടെല്ലാ സംഘടനകളും ഒരു ദിവസമെങ്കിലും തൊഴിലാളി പാർപ്പിട കേന്ദ്രങ്ങളിൽ നമ്പു തുറ ഒരുക്കുന്നതിൽ മൽസരം തന്നെ നടക്കുന്നുണ്ട്. നേരത്തെ പറഞ്ഞ ഇഫ്താർ തമ്പുകളിലേക്ക് തൊഴിലുടമകൾ തങ്ങളുടെ വാഹനങ്ങളിൽ ആളുകളെ എത്തിക്കുന്നതും ഇഫ്താർ സംഘാടകർ ലേബർ കാമ്പ് പരിസരങ്ങളിൽ നിന്നും തങ്ങളുടെ തമ്പിലേക്ക് എത്തിച്ചേരാനുള്ള വാഹന സൗകര്യം കൂടെ ഏർപ്പെടുത്തുന്നതും ഇപ്പോൾ പതിവായിരിക്കുന്നു. നോമ്പു കാലത്താണ് പ്രവാസത്തിലെ ബാക്കി മനുഷ്യരൊന്നാകെ ലേബർ കാമ്പുകളിലെ തങ്ങളുടെ സഹോദരങ്ങളിലേക്ക് കൂട്ടത്തോടെ തിരിയുന്നത്. നോമ്പു കഴിഞ്ഞുള്ള ഫിത്ര്! സക്കാത്തും അവർക്കായി ശേഖരിക്കപ്പെടുന്നു.

ദുബൈയിലെ കെ.എം.സി.സി ആസ്ഥാനത്ത് ആദ്യമായി സമൂഹ നോമ്പുതുറ എന്ന പ്രവർത്തകരുടെ ആവേശം കണ്ടപ്പോഴൊന്നും അത്രയും വിപുലവും സഫലവുമാണ് ആ ഉദ്യമമെന്ന് മനസ്സ് സങ്കൽപ്പിച്ചിരുന്നില്ല. ഒരറബി വില്ലയാണ് സംഘടനാ ആസ്ഥാനം. അതിന്റെ വിശാലമായ മുറ്റത്ത് ഇഫ്താറിനായി അണിയിച്ചൊരുക്കിയ തമ്പ്. ദുബൈയുടെ നഗരത്തിരക്കിൽ ജീവിതം കരുപ്പിടിപ്പിക്കുന്ന നൂറുകണക്കിനാളുകൾ നോമ്പുതുറക്കെത്തുന്നു. അവരിൽ പലരുടേയും ക്ഷീണിച്ച മുഖങ്ങൾ കണ്ടാലറിയാം നോമ്പ് തുറന്നിട്ട ഒരനുഗ്രഹത്തിന്റെ വാതിലായാണ് അവരീ തമ്പിനെ കാണുന്നത്. വേറെ ചിലരാകട്ടെ സമൂഹ നോമ്പ് തുറയെന്ന അനുഭവത്തിൽ ആകൃഷ്ടരായി വന്നവരാണ്. ഒറ്റക്കു തുറക്കുന്നതിനേക്കാൾ കൂട്ടമായി നോമ്പു തുറക്കുന്നതിൽ അവരാഹ്ലാദിക്കുന്നു എന്ന് മുഖം കണ്ടാലറിയാം. പുറത്തു കാത്തു നിന്നവർ സമയത്ത് അകത്തേക്ക് ക്ഷണിക്കപ്പെടുന്നു. തമ്പിനകത്ത് ഓരോരുത്തർക്കും ഇരിപ്പിടം. ഓരോരുത്തർക്കും തനിച്ചു കഴിക്കാൻ പാകത്തിൽ മധുര പാനീയം, പഴങ്ങൾ നുറുക്കി പൊതിഞ്ഞ പാക്ക്, കൂടെ സ്വാദിഷ്ടമായ ബിരിയാണിയും. മലയാളികൾ, തമിഴ്‌നാട്ടുകാർ, ആന്ധ്രക്കാർ, പഠാണികൾ, ബംഗാളികൾ എല്ലാവരുമുണ്ട് വരിയായിരുന്നവരിൽ. ആർഭാടങ്ങൾ അധികമില്ലാത്ത ഒരു സമൂഹ നോമ്പു തുറ. ഒരുമിച്ചിരുന്ന് റമദാന്റെ അതിഥികളുടെ കൂട്ടത്തോടെയുള്ള ഭോജനം.

മൊറോക്കോയിലെ നോമ്പുകാലത്തെ കുറിച്ചുള്ള സ്മരണയിൽ മൈക്കൽ വുൾഫ് റമദാൻ കച്ചവടത്തെ കുറിച്ചെഴുതിയതിന്റെ വായിച്ചോർമ്മയുണ്ട്. മൊറോക്കോ നഗരത്തിലെങ്ങും നോമ്പിന്റെ സന്ധ്യയെന്നാൽ പലഹാരങ്ങളുടെ ഗന്ധമാണെന്ന് വുൾഫ്. നിറയെ അടുപ്പുകൾ കൂട്ടി അപ്പപ്പോൾ ചുട്ടെടുക്കുന്ന അപ്പവിപണി. ഒരു അപ്പവാണിഭ നോമ്പ്. നോമ്പിനെ ഇങ്ങനെ വിപണി വൽകരിക്കുന്നതിനെ കുറിച്ച് ചോദിച്ച വുൾഫിന് ഒരു മൊറോക്കോ കച്ചവടക്കാരൻ കനത്തിലൊരു ഉത്തരം നൽകി, ഒറ്റ വാക്കിൽ. നോമ്പ് പരലോകത്തും ലാഭം ദുൻയാവിലും ലാഭം. നോമ്പു കച്ചവടത്തിന്റെ കൂടി അനുഗ്രഹകാലമാണ്. വിപണി നില മെച്ചപ്പെടുത്തുന്ന ദിവസങ്ങൾ. റമദാന്റെ മറ്റൊരു കരുണ. ഇവിടെയും കാണും കൂറ്റൻ പരസ്യപ്പലകകൾ. രുചികളുടെ സാർവ്വലൗകിക ഭീമൻമാർ റമദാൻ മെനുവൊട്ടിച്ച ബിൽബോഡുകൾ. കെ.എഫ്.സിക്കും മക്‌ഡോണാൾഡിനുമുണ്ട് അങ്ങനെ നോമ്പുകാലം.

പി.ആർ.ഒ ബഹറൈനിക്ക് മുമ്പിൽ വച്ച് അറിയാതെ വെള്ളം കുടിച്ചപ്പോൾ, പുള്ളി ചിരിച്ചു. സോറി പറഞ്ഞ്, ഞാൻ നിർത്തിയപ്പോൾ പുള്ളിക്കാരൻ പറഞ്ഞു, കുടിച്ചോ, എനിക്കാണ് നോമ്പ് എന്ന്. ബഹറൈനിലുള്ള ഓൺലൈൻ ചങ്ങാതി സാജു ജോൺ മുമ്പെഴുതിയ ഒരു കുഞ്ഞനുഭവും. ഇങ്ങനെ കുഞ്ഞും കുന്നോളവുമുള്ള വൈയക്തികാനുഭവങ്ങളും സാമൂഹിക അനുഭവങ്ങളും ചേർന്നുണ്ടാകുന്ന മറ്റൊരു റമദാനാണ് ഗൾഫിലേത്. ഒറ്റ മുറിയിൽ മലയാളിയും നാട്ടിൽ നമ്മൾ അന്യ സംസ്ഥാനക്കാരെന്നു മാറ്റി പാർപ്പിക്കുന്നവരും ഗൾഫിൽ ഒന്നിച്ചു പാർക്കും. പല ജില്ലക്കാരും പല മതക്കാരും ഒരുമിച്ചു പാർക്കുന്ന ജീവിതത്തിന്റെ മുറികളാകട്ടെ സുലഭം. നമ്മുടെ മലയാളിത്തവും ഭാരതീയതയും ലോക പൗരത്വവും അനുഭവമാകുന്ന ലോകത്തിലെ കുഞ്ഞു കുഞ്ഞു വീടുകളുണ്ട് ഗൾഫിൽ. അവിടങ്ങളിൽ നോമ്പെത്തുമ്പോൾ അതിനുമുണ്ട് ഏറെ ചേരുവകളും ചാരുതകളും. നോമ്പും നോമ്പു തുറകളും ഗൾഫിൽ നാട്ടിലേതു പോലെയല്ല, മതവും ദേശവുമൊക്കെ മാഞ്ഞ് ഒന്നാകാൻ കഴിഞ്ഞ മനുഷ്യരുടെ തീവ്ര ബന്ധങ്ങളുടെ കലർപ്പുണ്ടാകും രണ്ടിലും. വില്ലയിൽ തൊട്ട വീട്ടിലെ ഈജിപ്ഷ്യൻ കുടുംബത്തിലെ കുട്ടികളെ ഇന്നേ വരെ ഉള്ളിവടയെന്നു പറയിക്കാൻ പറ്റിയിട്ടില്ല; ഇപ്പോഴവർക്ക് ഇന്ത്യയെന്നാൽ ഷാരൂഖ് ഖാനും സജിനയുണ്ടാക്കുന്ന ഉള്ളിവടയുമാണെന്നു മാത്രം.

Story by