ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ഇവ പറയാതെയിരുന്നുവെങ്കില്‍!

ക്രിസ്തുവിന്റെ സാക്ഷ്യങ്ങൾക്കു വിരുദ്ധമായ പലതും ക്രിസ്തുമതാനുയായികളുടെ ചര്യയാവുന്നു. അവർ നടത്തുന്ന ഒൻപതു പ്രസ്താവനകളും അവയോടുള്ള പ്രതികരണവുമാണു ചുവടെ

ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ഇവ പറയാതെയിരുന്നുവെങ്കില്‍!

സ്റ്റേജ് കോമഡി അവതരിപ്പിക്കുന്നവർക്ക് ഏറെ കയ്യടി കിട്ടുന്ന ഐറ്റമാണ് ക്രിസ്ത്യൻ മതപ്രഭാഷകരെ അനുകരിക്കുകയെന്നുള്ളത്. പൗരോഹിത്യ കുപ്പായമണിഞ്ഞവരെ അനുകരിക്കുമ്പോൾ അധികമായ ചേഷ്ടകളില്ലാതെ നിയന്ത്രിത ഭാവത്തിൽ അവതരിപ്പിക്കുന്ന ശൈലിയിലും പക്ഷെ അധിക വ്യത്യാസമില്ലാത്ത ഒരു സംസാരരീതിയുണ്ടാകും. "കർത്താവിന്റെ പ്രിയ കുഞ്ഞാടുകളെ... അഥവാ, ദൈവമക്കളെ ... " എന്നു തുടങ്ങുന്ന ഒരു രീതിയായിരിക്കുമത്. പെന്തക്കോസ്ത് വിശ്വാസ പ്രഭാഷകരിലേക്കെത്തുമ്പോൾ, ശരീരഭാഷയിലും സംസാരരീതിയിലുമെല്ലാം മാറ്റങ്ങളുണ്ടാകും. അൽപ്പം കൂടി ചടുലമായ പ്രഭാഷണരീതിയും, അതിപ്രസരമുള്ള ഒരു അവതരണരീതിയുമായിരിക്കുമത്. "ഹല്ലെലൂയാ... സ്തോത്രം വിളികളിൽ ചിട്ടപ്പെടുത്തിയ ഒരു ആരോഹണ - അവരോഹണ താളമുള്ള സംഗീതം പോലെയാണത്. "ഇന്നിവിടെ രക്ഷ വന്നിരിക്കുന്നു... ഹല്ലെലൂയാ! ഇന്ന് നിന്റെ പാപം മോചിപ്പിക്കപ്പെടുന്നു... സ്തോത്രം!"


ക്രിസ്തീയ വിശ്വാസത്തിന്റെ ബാഹ്യമായപ്രകടനങ്ങൾ ഇങ്ങനെയെല്ലാമാണെന്ന് അക്രൈസ്തവർ പൊതുവെ വിശ്വസിക്കയും ചെയ്യുന്നു. മതപ്രഭാഷകരിൽ മാത്രമല്ല, ക്രൈസ്തവ മത വിശ്വാസികളിൽ പ്രകടമാകുന്ന ചില പ്രയോഗങ്ങളുമുണ്ട്. യഥാർത്ഥ അർത്ഥം സ്വയം ഉൾക്കൊള്ളാതെ, താൻ പറയുന്നതാണ് അന്തിമമായ ശരിയെന്ന ഭാവേന പറയുന്ന ചില പ്രയോഗങ്ങൾ.

1) ദൈവം നിന്നെ അനുഗ്രഹിച്ചാൽ നിന്റെ സകല കഷ്ടതകളും മാറും.

വിശുദ്ധ വേദപുസ്തകത്തിൽ വിവരിച്ചിരിക്കുന്ന പല സംഭവങ്ങളും ദൈവദാസൻമാരുടെയും പ്രവാചകൻമാരുടെയും യാതനകളുടെ കഥയാണ്. സുഖലോലുപമായ ഒരു ജീവിതത്തിൽ നിന്നും ഒട്ടുമിക്ക ആളുകളും ലൗകികമായ കഷ്ടപ്പാടിന്റെ അനുഭവത്തിലെത്തുന്നതാണ് ബൈബിളിൽ വിവരിക്കുന്നത്. ധനികനായ ഇയ്യോബ് സർവ്വവും നഷ്ടപ്പെട്ടവനായി, സ്നാപക യോഹന്നാൻ ശിരച്ഛേദം ചെയ്തു കൊല്ലപ്പെട്ടു, ഉന്നത ഉദ്യോഗസ്ഥനായ പൗലോസ് ഭൗതിക സന്തോഷം സർവ്വവും ത്യജിച്ചു സഭകളുടെ പ്രചരണത്തിനിറങ്ങി... കഷ്ടപ്പാടിനെ അനുഗ്രഹമായി കാണണമെന്നു പഠിപ്പിക്കുന്ന ഒരു ഗ്രന്ഥത്തിൽ വിശ്വസിക്കുവർക്ക് കഷ്ടതകളില്ലാ എന്നു പറയുന്നതിനെ എങ്ങനെ ദൈവകൃപയായി കാണുവാൻ കഴിയും? കഷ്ടപ്പാടിനെ അതിജീവിക്കുവാൻ എനിക്ക് ദൈവകൃപയുണ്ടെന്നല്ലെ പറയേണ്ടുന്നത്?

2) എല്ലാം നന്മയ്ക്കായി ഭവിക്കുന്നു

സ്വയം ആശ്വസിക്കാനും, മറ്റുള്ളവരെ തങ്ങളുടെ വിശ്വാസത്തിലേക്ക് ആകർഷിക്കുവാനും ഇതിലും നല്ല ഒരു ഉപാധിയില്ല. ജീവിതം സുഖദുഃഖങ്ങളുടെ ഒരു സമ്മിശ്ര പാക്കേജായിരിക്കുമ്പോൾ, വിശ്വാസത്തിൽ നിന്നും വ്യത്യചലിച്ചുപോകാതിരിക്കുവാൻ ഇത്തരം ചില പ്രയോഗങ്ങൾ ഉരുവിടുന്നത് ഏറെ പ്രയോജനം ചെയ്യും.

3) മറ്റുള്ളവരെ വിധിക്കരുത്

ന്യായവിധിക്കുള്ള പരമമായ അധികാരം യഹോവയായ ദൈവത്തിനു മാത്രമുള്ളതാണ് എന്നു പറയുകയും, മറ്റുള്ളവരെ പ്രത്യേകിച്ച് അവിശ്വാസികളെ അവരുടെ ജീവിത സാഹചര്യങ്ങൾക്കനുസൃതമായി വിധിക്കുകയും ചെയ്യുന്നു. നിങ്ങൾ ചെയ്യുന്നത് പാപമാണ്, നിങ്ങൾക്ക് അന്ത്യവിധിയുടെ നാളിൽ പറുദീസ ലഭിക്കുകയില്ല എന്നിങ്ങനെ പോകുന്നു ന്യായവും വിധിയും.

4) നിങ്ങൾ രക്ഷയെക്കുറിച്ച് കേട്ടിട്ടുണ്ടോ?


ശരിക്കും? എന്താണ് രക്ഷ? നിങ്ങൾ രക്ഷയെ മനസ്സിലാക്കിയിട്ടുണ്ടോ?

5) സുവിശേഷത്തിനു ഇനിയും ധാരാളം ആളുകളെ ആവശ്യമുണ്ട്.

ദൈവം നിന്നെ സ്നേഹിക്കുന്നു. ദൈവം നിന്റെ പ്രിയപ്പെട്ടവരെയും സ്നേഹിക്കുന്നു. ദൈവവേലയ്ക്ക് ഇനിയുമിനിയും ആളുകളെ ആവശ്യമുണ്ട്. "കൊയ്ത്തു വളരെയുണ്ട് വേലക്കാരോ ചുരുക്കം !"

ഫലമോ ! ഒരിക്കലും ഒടുങ്ങാത്ത അക്ഷയഖനി പോലെ ദൈവീകശുശ്രൂഷ ഒരു കരിയറായി മാറുന്നു, പ്രവൃത്തികൾ സുവിശേഷമാകുന്ന കാലം എവിടെയോ അസ്തമിച്ചിരിക്കുന്നു.

6) നിനക്ക് താങ്ങാവുന്നതിലധികം പ്രയാസം നിനക്ക് ദൈവം തരില്ല.

ആത്മഹത്യയ്ക്കൊരുങ്ങുന്ന ഒരാളോടു ഇങ്ങനെ പറയാൻ സാധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് സുവിശേഷം ഇത്ര പ്രചരിച്ചിട്ടും ആത്മഹത്യാ പ്രവണതയുടെ എണ്ണം വർദ്ധിച്ചിട്ടുള്ളത്? നിരാശയുടെ പടുകുഴിയിൽ നിന്നും തിരിച്ചു വരാൻ ഒരു പക്ഷെ ഈ വാക്കുകൾ സഹായകരമാകാം. പക്ഷെ ഒന്നുണ്ട്... സഹിക്കാവുന്നതിലുമധികം പ്രയാസം മിക്ക ജീവിതങ്ങളിലുമുണ്ട്.

7 ) ഞാൻ എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് ദൈവമാണ്


ദൈവം നേരിട്ടു കൽപ്പിച്ചിട്ട് തീരുമാനിക്കപ്പെട്ട  ഒരു കാര്യമെങ്കിലും ഓർത്തെടുക്കാൻ സാധിക്കുന്നുണ്ടോ? ദൈവത്തിന്റെ പ്രവാചകൻമാരെന്നോ, മദ്ധ്യസ്ഥൻമാരെന്നോ അവകാശപ്പെടുന്നവർ വഴി കാണിച്ചു തന്ന കാര്യങ്ങളല്ല, ദൈവേഷ്ടമെന്നു സ്വയമായി അംഗീകരിച്ച കാര്യങ്ങൾ ഏതെല്ലാമാണ് എന്ന് ചിന്തിക്കുക.

സ്വന്തം വിവേകവും വിജ്ഞാനവും തീരുമാനിക്കുന്ന കാര്യങ്ങൾ ദൈവഹിതം എന്നു വിശ്വസിപ്പിക്കുന്നത് ദൈവത്തെ തനിക്ക് സമമായി കാണുന്നത് കൊണ്ടാകാം. ഏദൻ തോട്ടത്തിൽ വച്ച് മനുഷ്യർ എടുത്ത തീരുമാനത്തിനും സമമായ ചിന്താഗതിയായിരുന്നു ഉണ്ടായിരുന്നത്. " ഞങ്ങൾ എന്തായിത്തീരണമെന്നു നിശ്ചയിക്കുന്നത് യഹോവയായ ദൈവമാണ്. " ഉപദേശകനായി വന്നതാകട്ടെ സാത്താനും!

8) ക്രിസ്ത്യാനികൾ മറ്റുള്ളവർക്ക് മാതൃകയാകണം

യഹോവ യിരേ.. ദാതാവാം ദൈവം .... നിന്നെ പോലെ മറ്റാരുമില്ല.

യഹോവയായ ദൈവത്തിനും പുത്രനായ യേശുക്രിസ്തുവിനും സമമായ മറ്റൊരു ജീവിതമില്ലാതിരിക്കുകയും, അക്രൈസ്തവർക്കു പോലും മാതൃകയാകാവുന്ന ഒരു ജീവിതത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്യുന്നതിൽ എന്തർത്ഥമാണ് ശേഷിക്കുന്നത്. പാപത്തെക്കുറിച്ചും, പാപമോചനത്തെ കുറിച്ചും ആഴത്തിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മതം ഒരു മനുഷ്യനിൽ നിന്നും എല്ലാ അർത്ഥത്തിലും മാതൃകാപരമായ ഒരു ജീവിതം നിഷ്കർഷിക്കുന്നതിൽ ഒരു വിരോധാഭാസമുണ്ടെന്നു തോന്നിപോകും.

9) അവൻ പാപം ചെയ്യുന്നു

സ്വയം മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന വചനത്തിനപ്പുറം ആരെങ്കിലും ബൈബിളിനെയോ അതിലേ വസ്തുതകളെയോ പറ്റി സംസാരിച്ചാൽ അവർ പാപം ചെയ്യുന്നു. കുറഞ്ഞ പക്ഷം, അവര്‍  അവിശ്വാസിയെങ്കിലും ആയിരിക്കും എന്ന് സ്ഥാപിക്കപ്പെടും. അവയില്‍ വിമര്‍ശനാത്മക സ്വഭാവമുണ്ടെങ്കില്‍ പ്രത്യേകിച്ചും! ഇക്കൂട്ടര്‍ക്കുള്ള ദൈവീകശിക്ഷ തങ്ങള്‍ നേരിട്ട് കാണും എന്നും വിശ്വാസികള്‍ പറയുന്നു.

പാപത്തെ കുറിച്ച് ന്യായവിധി നടത്താനും, പാപികള്‍ക്കുള്ള ശിക്ഷ കാണാന്‍ ആഗ്രഹിക്കുന്നതിലും ദൈവവചന അടിസ്ഥാനം കണ്ടെത്തുവാന്‍ കഴിയുമോ? 'പാപി' എന്ന് മറ്റൊരാളെ മുദ്രണം ചെയ്യും മുന്‍പ്, ഒരു നിമിഷം ഓര്‍ക്കുക...സ്വന്തം കണ്ണിലെ കോല്‍ കാണാതെ, അന്യന്‍റെ കണ്ണിലെ കരട് തിരയാന്‍ ശ്രമിക്കുന്നത് പോലെയുള്ളു അത്.

Read More >>