'ഐഡിയ' വന്നു, പക്ഷെ ഒന്നും ശരിയായില്ല

മൊബൈല്‍ സംവിധാനം പുനസ്ഥാപിച്ചെങ്കിലും പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണ്

കൊച്ചി: ഐഡിയ മൊബൈല്‍  നെറ്റ്‍വര്‍ക്കിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച പ്രശ്നങ്ങള്‍ ഉച്ചയോട് കൂടി രൂക്ഷമാവുകയും സംസ്ഥാനത്തെ സകല ഐഡിയ ഉപഭോക്താക്കളെയും ബാധിക്കുകയും ചെയ്തിരുന്നു. ആറ് മണിക്കൂറോളം തടസ്സപ്പെട്ട മൊബൈല്‍ സംവിധാനം വൈകീട്ടോടെ പുനസ്ഥാപിച്ചെങ്കിലും പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കള്‍ക്കും കമ്പനി 2 ദിവസത്തേക്ക് 100 മിനിറ്റ് സൗജന്യ ടോക് ടൈം അനുവദിച്ചുവെങ്കിലും ഇപ്പോള്‍ അതും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകാത്ത അവസ്ഥയാണ്. സംസ്ഥാനത്തെ പല ഫോണുകളിലും പുറത്തേക്ക് വിളിക്കാനോ കോള്‍ സ്വീകരിക്കാനോ കഴിയുന്നില്ല.പലപ്പോഴും റേഞ്ച് കട്ട്‌ ആയി പോവുകയും കോള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു.

എന്നാല്‍ തകരാര്‍ പൂര്‍ണമായും പരിഹരിച്ചെന്നാണ് ഐഡിയയുടെ നിലപാട്.  100 മിനിറ്റ് സൗജന്യ സമയം ഉപഭോക്താക്കള്‍ കൂട്ടത്തോടെ ഉപയോഗിക്കുന്നതാണ് ഇപ്പോള്‍ കോള്‍ വിളിക്കാനോ സ്വീകരിക്കാനോ പറ്റാത്തതിന്‍റെ കാരണമെന്നാണ് ഐഡിയയുടെ വിശദീകരണം.

Story by