സഹോദരിയെ കൊന്നതില്‍ അഭിമാനിക്കുന്നു; സ്ത്രീകള്‍ വീട്ടില്‍ ഇരിക്കേണ്ടവര്‍; പാക് മോഡലിന്റെ സഹോദരന്‍

'ഞാന്‍ മയക്കുമരുന്നിന് അടിമയാണ്. പക്ഷേ, അവളെ കൊന്നത് സ്വബോധത്തോടെ തന്നെയാണ്. അഭിമാനത്തോടെ ഞാനത് സമ്മതിക്കും. കഴിഞ്ഞ ഇരുപത് വര്‍ഷമായി അവള്‍ കാരണം മാതാപിതാക്കളും സഹോദരങ്ങളും അനുഭവിക്കുന്ന അപമാനം അവസാനിപ്പിച്ചതോര്‍ത്ത് അഭിമാനത്തോടെയാകും ആളുകള്‍ എന്നെ ഓര്‍ക്കുക.'

സഹോദരിയെ കൊന്നതില്‍ അഭിമാനിക്കുന്നു; സ്ത്രീകള്‍ വീട്ടില്‍ ഇരിക്കേണ്ടവര്‍; പാക് മോഡലിന്റെ സഹോദരന്‍

ഇസ്ലാമാബാദ്: സഹോദരിയെ കഴുത്തു ഞെരിച്ചു കൊല്ലുമ്പോള്‍ ഒട്ടും പകച്ചിരുന്നില്ലെന്ന് പാക് മോഡല്‍ കന്ദീല്‍ ബലോചിന്റെ സഹോദരന്‍ മുഹമ്മദ് വസീം(36).

കഴിഞ്ഞ ദിവസമാണ് മോഡലായ കന്ദീല്‍ ബലൂച്ചിന്റെ(26) കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ മുഹമ്മദ് വസീമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇത് കൂടുതല്‍ ഉറപ്പിക്കുന്നതാണ് വസീമിന്റെ മൊഴി.

പോലീസ് തയ്യാറാക്കിയ പത്ര സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വസീമിന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു.


താന്‍ തന്നെയാണ് കന്ദീലിനെ കൊന്നതെന്ന് പറഞ്ഞ വസീം കുടുംബത്തിന്റെ അഭിമാനത്തിന് വേണ്ടിയാണ് ചെയ്തതെന്നും പറഞ്ഞു.

'ഞാന്‍ മയക്കുമരുന്നിന് അടിമയാണ്. പക്ഷേ, അവളെ കൊന്നത് സ്വബോധത്തോടെ തന്നെയാണ്. അഭിമാനത്തോടെ ഞാനത് സമ്മതിക്കും. കഴിഞ്ഞ ഇരുപത് വര്‍ഷമായി അവള്‍ കാരണം മാതാപിതാക്കളും സഹോദരങ്ങളും അനുഭവിക്കുന്ന അപമാനം അവസാനിപ്പിച്ചതോര്‍ത്ത് അഭിമാനത്തോടെയാകും ആളുകള്‍ എന്നെ ഓര്‍ക്കുക.' വസീമിന്റെ വാക്കുകള്‍.

പെണ്‍കുട്ടികള്‍ വീടിനകത്ത് മാത്രം കഴിയേണ്ടവരാണെന്നും കുടുംബത്തിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് വീട്ടില്‍ അഭിമാനം കൊണ്ടുവരേണ്ടവരാണെന്നുമാണ് വസീമിന്റെ പക്ഷം. കന്ദീല്‍ ഒരിക്കലും ഇങ്ങനെയായിരുന്നില്ലെന്നും വസീം പറഞ്ഞു.

തന്റെ സുഹൃത്തുക്കള്‍ കന്ദീലിന്റെ ഫോട്ടോയും വീഡിയോയും നിരന്തരം തനിക്ക് അയച്ചു കൊണ്ടിരുന്നതായും ആത്മഹത്യ ചെയ്യുന്നതിനേക്കാള്‍ കന്ദീലിനെ കൊല്ലുന്നതാണ് ഉചിതമെന്നതിനാലാണ് കൊലപാതകം നടത്തിയതെന്നും മാധ്യമങ്ങളോട് വസീം പറഞ്ഞു.

ശനിയാഴ്ച്ചയാണ് കന്ദീല്‍ ബലൂച്ചിനെ വീട്ടില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈദ് ആഘോഷിക്കാനായി നാട്ടിലെത്തിയതായിരുന്നു കന്ദീല്‍.

ഫൗസിയ അസീം എന്നാണ് കന്ദീലിന്റെ യഥാര്‍ത്ഥ പേര്. സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്താണ് കന്ദീല്‍ ശ്രദ്ധേയയായത്. 'ബാന്‍' എന്ന കന്ദീലിന്റെ ഏറ്റവും ഒടുവിലത്തെ സംഗീത ആല്‍ബം കഴിഞ്ഞ ആഴ്ച്ചയാണ് പുറത്തിറങ്ങിയത്. ഇന്റര്‍നെറ്റില്‍ വൈറലായ വീഡിയോയ്‌ക്കെതിരെ പാകിസ്ഥാനില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

മാര്‍ച്ചില്‍ നടന്ന ട്വന്റി-20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചാല്‍ വസ്ത്രമുരിയും എന്ന കന്ദീലിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.

Read More >>