ചെമ്മീൻ ഫാക്റ്ററിയിൽ തൊഴിൽ വാഗ്ദാനം നൽകി മനുഷ്യക്കടത്ത്; ആറു പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിനിരയായി; അന്വേഷണം റെയിൽവെ പൊലീസിനെ ഏൽപ്പിച്ചു കൈകഴുകി സംസ്ഥാനം

രേഖകളില്ലാതെ ട്രെയിനിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളിൽ പ്രായപൂർത്തിയാകാത്ത ആറു പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായതായി വൈദ്യപരിശോധനാ റിപ്പോർട്ട്. ഇവർ ഒഡീഷ സ്വദേശികളാണ്.

ചെമ്മീൻ ഫാക്റ്ററിയിൽ തൊഴിൽ വാഗ്ദാനം നൽകി മനുഷ്യക്കടത്ത്; ആറു പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിനിരയായി; അന്വേഷണം റെയിൽവെ പൊലീസിനെ ഏൽപ്പിച്ചു കൈകഴുകി സംസ്ഥാനം

പാലക്കാട്: ഷൊർണൂരിൽ സംശയകരമായ സാഹചര്യത്തിൽ റെയിൽവേ സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത ഒഡീഷ സ്വദേശികളായ പെൺകുട്ടികളിൽ ആറു പേർ ലൈംഗിക ചൂഷണത്തിന് ഇരയായതായി വൈദ്യ പരിശോധനാ റിപ്പോർട്ട്. ഒഡീഷയിൽ നിന്നുള്ള ഏഴംഗ സംഘത്തിൽ ആറു പെൺകുട്ടികളും ഒരു മുതിർന്ന സ്ത്രീയുമാണുള്ളത്. ഝാർഖണ്ഡിൽ നിന്നുള്ള സംഘത്തിൽ പെട്ട ഒൻപത് പെൺകുട്ടികളേയും ഇവരോടൊപ്പമുണ്ടായിരുന്ന സ്ത്രീകളേയും ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ശിശുക്ഷേമ സമിതി ചെയർമാൻ ഫാ. ജോസ് പോൾ നാരദ ന്യൂസിനോട് പറഞ്ഞു.


ചൂഷണത്തിന് ഇരയായ കുട്ടികളുടെ വൈദ്യ പരിശോധനാ റിപ്പോർട്ട് ജില്ലാ ആശുപത്രി അധികൃതർ ശിശുക്ഷേമ സമിതിക്ക് കൈമാറി. എവിടെ വച്ചാണ് ചൂഷണം നടന്നതെന്ന് അറിയാൻ കുട്ടികളുടെ മൊഴി എടുക്കുന്നുണ്ട്. എന്നാൽ കുട്ടികൾ ഒന്നും പറയുന്നില്ലെന്നും കുട്ടികളുടേതായി കൊണ്ടുവന്ന രേഖകൾ കൃത്രിമമാണെന്നും ഫാ. ജോസ് പോൾ പറഞ്ഞു. കുറെ കൂടി കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ ശേഷം അടുത്ത നടപടികളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ധൻബാദ് - ആലപ്പുഴ എക്സ്പ്രസ്സിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടു വരികയായിരുന്ന 36 പേരെ കഴിഞ്ഞ ജൂൺ 29 നാണ് റെയിൽവേ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത്. ഇതിൽ 15 പേർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും 16 പേർ മുതിർന്ന സ്ത്രീകളുമാണ്. സംഘത്തിലുണ്ടായിരുന്ന ഝാർഖണ്ഡ് സ്വദേശികളായ അഞ്ചു പുരുഷന്മാരെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു. മനുഷ്യക്കടത്ത് തടയൽ നിയമമനുസരിച്ചാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇവർ റിമാൻഡിലാണ്. സംഭവത്തെ കുറിച്ച് ഇന്റലിജൻസും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. എറണാകുളത്തെ ചെമ്മീൻ ഫാക്ടറിയിലേക്ക് ജോലിക്കായാണ് ഇതര സംസ്ഥാനക്കാരെ കൊണ്ടു വന്നതെന്നാണ് വിവരം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പടെ ഇത്രയധികം സ്ത്രീകളെ മനുഷ്യകടത്തായി എത്തിച്ചത് ആദ്യ സംഭവമാണെന്ന് കേസ് അന്വേഷിക്കുന്ന റെയിൽവേ പൊലീസ് സി ഐ, വി സന്തോഷ് നാരദ ന്യൂസിനോട് പറഞ്ഞു. പെൺകുട്ടികളെ കേരളത്തിലേക്ക് കൊണ്ടു വരാൻ വേണ്ടി പ്രേരണ നൽകിയും സഹായങ്ങൾ നൽകിയും പ്രവർത്തിച്ച ഒരു സംഘം, പെൺകുട്ടികളുടെ മാതൃസംസ്ഥാനങ്ങളിലും കേരളത്തിലും ഉള്ളതായി സൂചന കിട്ടിയിട്ടുണ്ട് . ഇവരെ കൂടി കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ് എന്നും സി.ഐ പറഞ്ഞു.

അതേ സമയം ഇത്രയും പ്രമാദമായ കേസ് ആയിട്ടുകൂടി അത് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാനോ സിബിഐക്കു വിടാനോ ശ്രമിക്കാതെ റെയിൽവേ പൊലീസിനെ കൊണ്ടു മാത്രം അന്വേഷിപ്പിക്കുന്നത് നിയമനടപടികൾ സ്വീകരിക്കുന്നതിൽ അനാവശ്യമായ കാലതാമസം വരുത്താനിടയുണ്ട്. ലോക്കൽ പൊലീസിന്റെ സഹായം പലപ്പോഴും റെയിൽവേ സേനയ്ക്കു ലഭിക്കാറില്ല. ട്രെയിനിലാണ് ഇവരെ കടത്തിയത് എന്നതൊഴിച്ചാൽ ക്രൈം നടന്ന മറ്റു സ്ഥലങ്ങളെല്ലാം തന്നെ റെയിൽവേ പൊലീസിന്റെ പരിധിക്കു പുറത്താണ്. ഇതരസംസ്ഥാനക്കാരും ദരിദ്രരുമായ തൊഴിലാളി സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെട്ട കേസായതിനാൽ സംസ്ഥാനം വേണ്ടത്ര താത്പര്യം കാട്ടുന്നില്ലെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.

Read More >>