ചെമ്മീൻ ഫാക്ടറിയിൽ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; അന്വേഷണം ഝാർഖണ്ഡിലേക്ക്

ധന്‍ബാദ് - ആലപ്പുഴ എക്‌സ്പ്രസ്സില്‍ രേഖകളില്ലതെ കടത്തി കൊണ്ടു വരികയായിരുന്ന 36 പേരെ കഴിഞ്ഞ ജൂണ്‍ 29 നാണ് റെയില്‍വേ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത്. ഇതില്‍ 15 പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും 16 പേര്‍ മുതിര്‍ന്ന സ്ത്രീകളുമാണ് . ഒഡീഷയില്‍ നിന്നുള്ള ഏഴംഗ സംഘത്തില്‍ പെട്ട ആറു പെണ്‍കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയിരുന്നു .

ചെമ്മീൻ ഫാക്ടറിയിൽ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; അന്വേഷണം ഝാർഖണ്ഡിലേക്ക്

പാലക്കാട് : ഷൊര്‍ണൂരില്‍  റെയില്‍വേ സുരക്ഷാ സേന സംശയകരമായ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍  അന്വേഷണം ഝാര്‍ഖണ്ഡിലേക്ക് വ്യാപിപ്പിക്കുന്നു. ഇവരെ കേരളത്തിലെത്തിച്ച ഏജന്റിനെ തേടിയാണ് റെയില്‍വെ  പോലീസ്  അന്വേഷണം ഝാര്‍ഖണ്ഡിലേക്ക് വ്യാപിപ്പിക്കുന്നത് . കസ്റ്റഡിയിലുള്ള സ്ത്രീകള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്  നടത്തിയ അന്വേഷണത്തില്‍ സിം കാര്‍ഡ് ഝാര്‍ഖണ്ഡ് സ്വദേശിയുടേതാണെന്ന് തെളിഞ്ഞിരുന്നു . ഏജന്റും ഇവരോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്തിരുന്നെങ്കിലും തിരച്ചിലിൽ  ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇയാള്‍ ഇപ്പോള്‍ ഝാര്‍ഖണ്ഡിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്  .


ധന്‍ബാദ് - ആലപ്പുഴ എക്‌സ്പ്രസ്സില്‍ രേഖകളില്ലതെ കടത്തി കൊണ്ടു വരികയായിരുന്ന 36 പേരെ കഴിഞ്ഞ ജൂണ്‍ 29 നാണ് റെയില്‍വേ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത്. ഇതില്‍ 15 പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും 16 പേര്‍  മുതിര്‍ന്ന സ്ത്രീകളുമാണ് .  ഒഡീഷയില്‍ നിന്നുള്ള ഏഴംഗ സംഘത്തില്‍ പെട്ട ആറു പെണ്‍കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഝാര്‍ഖണ്ഡില്‍ നിന്നുള്ള സംഘത്തില്‍ പെട്ട ഒന്‍പത്  പെണ്‍കുട്ടികളേയും ഇവരോടൊപ്പമുണ്ടായിരുന്ന സ്ത്രീകളേയും  വൈദ്യ പരിശോധനക്ക് വിധേയമാക്കി. പ്രത്യക്ഷ ശാരീരിക പരിശോധനയില്‍ ഇവര്‍ക്ക് കുഴപ്പമില്ലെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാ. ജോസ് പോള്‍ നാരദ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടികളുടെ അനുവാദം ലഭിക്കാത്തതിനാല്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.

സംഘത്തിലുണ്ടായിരുന്ന ഝാര്‍ഖണ്ഡ് സ്വദേശികളായ അഞ്ചു പുരുഷന്‍മാരെ റെയില്‍വേ പൊലിസ് അറസ്റ്റു ചെയ്തു . മനഷ്യക്കടത്ത് നിരോധന നിയമമനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത് . ഇവര്‍ റിമാന്റ്റിലാണ് . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ഇത്രയധികം സ്ത്രീകളെ  എത്തിച്ചത് ആദ്യ സംഭവമാണെന്ന് കേസ് അന്വേഷിക്കുന്ന റെയില്‍വേ പൊലിസ് പറഞ്ഞു . പെണ്‍കുട്ടികളെ കേരളത്തിലേക്ക് കൊണ്ടു വരാന്‍ പ്രേരണ നല്‍കിയും സഹായങ്ങള്‍ നല്‍കിയും പ്രവര്‍ത്തിച്ച ഒരു സംഘം പെണ്‍കുട്ടികളെ കൊണ്ടു വന്ന സംസ്ഥാനങ്ങളിലും കേരളത്തിലും ഉള്ളതായി സൂചന കിട്ടിയിട്ടുണ്ട് . ഇവരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എറണാകുളത്തെ ചെമ്മീന്‍ ഫാക്ടറിയിലേക്ക് ജോലിക്കായാണ് ഇതര  സംസ്ഥാനത്ത് നിന്നും ആളുകളെ  കൊണ്ടു വന്നതെന്നാണ് വിവരം.

Read More >>