ഏകീകൃത സിവിൽ കോഡിലെ പ്രതീക്ഷകൾ

ബി.ജെ.പി. / സംഘപരിവാർ സർക്കാർ കൊണ്ടുവരുന്ന ഒരു ഏകീകൃത സിവിൽ കോഡ് സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തും എന്നതിൽ ഒരു സംശയവുമില്ല, കാരണം അവർ ഇന്നത്തെ ഹിന്ദു സിവിൽ കോഡ് അതേപടി പകർത്തി ഏകീകൃത സിവിൽ കോഡ് ഉണ്ടാക്കിയാൽപ്പോലും അത് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതായിരിക്കും. സിമി നസ്രേത്ത് എഴുതുന്നു.

ഏകീകൃത സിവിൽ കോഡിലെ പ്രതീക്ഷകൾ

സിമി നസ്രേത്ത്

കേരളത്തിൽ വാർത്താ പ്രാധാന്യം നേടിയ ഒരു വിവാഹമോചനമായിരുന്നു യൂത്ത് കോൺഗ്രസ് സെക്രട്ടറി ടി.സിദ്ദിഖിന്റേത്. കാൻസർ രോഗബാധിതയായ ഭാര്യയെ സിദ്ദിഖ് മൊഴിചൊല്ലി എന്നത് ശ്രദ്ധേയമായിരുന്നു. സിദ്ദിഖിന്റെ (മുൻ) ഭാര്യ നസീമ സിദ്ദിഖിനെതിരെ ഫെയ്‌സ്ബുക്കിൽ ആരോപണങ്ങൾ ഉന്നയിച്ചതും ചർച്ചയായി. പക്ഷേ അധികമൊന്നും ചർച്ചയാവാതെ പോയത് വിവാഹമോചനം നടത്തിയ രീതിയാണു. ഭാര്യയെ എന്തുകൊണ്ട് വിവാഹമോചനം ചെയ്യുന്നു എന്നതിനു കുറച്ച് കാരണങ്ങൾ എഴുതിയിട്ട് തലാഖ് എന്ന് മൂന്നുതവണ എഴുതിയ ഒരു കത്ത് പോസ്റ്റ് ചെയ്താണു സിദ്ദിഖ് വിവാഹമോചനം നടത്തിയത്.


രണ്ട് വ്യക്തികൾ തമ്മിൽ വിവാഹബന്ധത്തിൽ നിന്നും വേർപെടണമെങ്കിൽ അവർക്ക് സ്വത്തിന്റെ കാര്യത്തിലും കുട്ടികളുടെ കാര്യത്തിലും മറ്റും തീരുമാനമാകണം. ഇതാണു നീതി. പകരം ഒരാൾ ഏകപക്ഷീയമായി, സ്ത്രീയ്ക്ക് പറയാനുള്ളത് എന്തെന്നു കേൾക്കാതെ, അവരുടെ ആവലാതികൾ പരിഹരിക്കാതെ വെറുതേ ഒരു കത്തയച്ച് വിവാഹമോചനം നടത്തുന്നത് അനീതിയാണെന്ന് മിക്കവർക്കും മനസിലാകും. മുസ്ലീം ലീഗ്, ജമാ-അത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ, നജ്വത്തുൾ മുജാഹിദ്ദിൻ തുടങ്ങി കേരളത്തിൽ കാക്കത്തൊള്ളായിരം മുസ്ലീം സംഘടനകളുണ്ട്. ടി. സിദ്ദിഖിന്റെ മുത്തലാഖ് വിവാഹമോചനം ദൃശ്യ-അച്ചടി-സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയായപ്പോൾ ഇവരാരെങ്കിലും എതിരുപറഞ്ഞോ? ഇന്ത്യൻ മുസ്ലീങ്ങളുടെ വിവാഹമോചന നിയമങ്ങൾ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് പരിഷ്‌കരിക്കണം എന്ന് ഏതെങ്കിലും സംഘടന അഭിപ്രായം പറഞ്ഞോ?

പലരും പറയുന്നത് മുത്തലാഖ് ദൈവികമാണെന്നാണു. എം.എൻ. കാരശ്ശേരി എഴുതുന്നു:

പ്രവാചകന്റെ കാലത്ത് ഒരാൾ മൂന്നു തലാഖും ഒറ്റയിരിപ്പിൽ ചൊല്ലി. അപ്പോൾ നബി ക്ഷോഭിച്ചു ചോദിച്ചു: 'ഞാൻ നിങ്ങൾക്കിടയിലുള്ളപ്പോൾ നിങ്ങൾ ദൈവത്തിന്റെ ഗ്രന്ഥം കൊണ്ട് കളിക്കുന്നോ?'

മറ്റൊരു സന്ദർഭത്തിൽ മൂന്നു തലാഖും ചൊല്ലി എന്നറിയിച്ച സഹചരനോട് നബിചോദിച്ചു: 'മൂന്നും ചൊല്ലിയത് ഒരേ സദസ്സിൽ വെച്ചാണോ?' അതെ എന്നായിരുന്നു മറുപടി. നബി വിധിച്ചു: 'എങ്കിൽ ഒന്നേ ആവുകയുള്ളൂ. നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവളെ മടക്കിയെടുത്തു കൊള്ളുക'.

(ഉമ്മമാർക്കുവേണ്ടി ഒരു സങ്കടഹരജി, പേജ് 102)

2.

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുത്തലാഖ് കൊണ്ടുള്ള സ്ത്രീ പ്രശ്‌നങ്ങളെപ്പറ്റി പറഞ്ഞപ്പോൾ ഹമീദ് ചേന്ദമംഗലൂരിനോട് ഫസൽ ഗഫൂർ തിരിച്ച് ചോദിച്ചത്രേ, ചൊവ്വാദോഷം കൊണ്ട് എത്ര കല്യാണം മുടങ്ങുന്നു, അതുകൊണ്ട് ചൊവ്വാദോഷം നിയമവിരുദ്ധമാക്കുമോ എന്ന്. ചൊവ്വാദോഷം ഒരു അന്ധവിശ്വാസമാണു, അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവന്നാൽ ചൊവ്വാദോഷവും ഹോമിയോപ്പതിയും മുഹൂർത്തം നോക്കലും ഒക്കെ നിയമവിരുദ്ധമാക്കാം. വിശ്വാസം എന്നതുതന്നെ അന്ധം ആണു എന്നത് വേറെ.

മുത്തലാഖ് അന്ധവിശ്വാസമാണോ? അതോ അതിനു നിയമ പ്രാബല്യമുണ്ടോ? ഫസൽ ഗഫൂർ ചെയ്തത് പരസ്പര ബന്ധമില്ലാത്ത രണ്ട് കാര്യങ്ങളുടെ താരതമ്യമാണു. സിവിൽ നിയമത്തിന്റെ പരിധിയിൽ വരുന്നത് - വിവാഹം, വിവാഹമോചനം, സ്വത്തവകാശം (inheritance), ദത്തെടുക്കൽ (adoption), വിവാഹമോചനത്തിനു ശേഷം ജീവനാംശം കൊടുക്കുന്നത് (maintenance), എന്നിവയാണു.

തൽക്കാലം ക്രിസ്ത്യാനികൾക്ക് ഒരു സിവിൽ നിയമം, മുസ്ലീങ്ങൾക്ക് മറ്റൊരു സിവിൽ നിയമം, മറ്റുള്ളവർക്ക് ഹിന്ദു സിവിൽ നിയമം എന്നിങ്ങനെയാണു. ഹിന്ദു സിവിൽ നിയമം ആണു ഇതിൽ ഏറ്റവും പ്രോഗ്രസീവ് - സ്ത്രീകൾക്ക് ഏറ്റവും അധികം അവകാശം കൊടുക്കുന്നത് ഹിന്ദു സിവിൽ നിയമമാണു. ഇത് മഹാത്മാ അംബദ്കറിന്റെ സംഭാവനയാണെന്നത് യാദൃശ്ചികമല്ല.

യൂണിഫോം സിവിൽ നിയമം ഇല്ലെങ്കിൽ ഓരോ മതവും അവരവരുടെ സിവിൽ നിയമങ്ങൾ പരിഷ്‌കരിക്കും എന്ന് വിചാരിക്കാം. പക്ഷേ കഴിഞ്ഞ 70 വർഷമായി മുസ്ലീം വ്യക്തി നിയമത്തിൽ ആൾ ഇന്ത്യാ മുസ്ലീം പേഴ്‌സണൽ ലാ ബോർഡ് എന്ത് പരിഷ്‌കാരമാണു കൊണ്ടുവന്നത്? വിവാഹമോചന, ജീവനാംശ (alimony) നിയമങ്ങളിൽ എന്തെങ്കിലും പരിഷ്‌കാരം കൊണ്ടുവന്നോ? വിവാഹമോചനത്തിനു ശേഷം ഭാര്യക്ക് ചിലവിനു കൊടുക്കുന്ന കാര്യത്തിൽ എന്തെങ്കിലും പരിഷ്‌കാരം AIMPLB കൊണ്ടുവന്നോ? യൂണിഫോം സിവിൽ കോഡ് ഭയങ്കര പ്രശ്‌നമാണെന്ന് വാദിക്കാം. പക്ഷേ അതിനു പകരം മുസ്ലീം വ്യക്തിനിയമ ബോർഡ് ഇത്രയും കാലം എന്ത് പരിഷ്‌കാരമാണു കൊണ്ടുവന്നത് എന്നെങ്കിലും അറിയണ്ടേ? ഇത്രയും കാലത്തെ അനങ്ങാപ്പാറ നയം കണ്ടിട്ട് എന്റെ തോന്നൽ മുസ്ലീം വ്യക്തിനിയമത്തിൽ സ്ത്രീകൾക്ക് അനുകൂലമായി ഒരു പരിഷ്‌കാരവും കൊണ്ടുവരാൻ ആൾ ഇന്ത്യാ മുസ്ലീം പേഴ്‌സണൽ ലാ ബോർഡിനു കഴിയില്ല എന്നാണു.

3.

ഞാൻ മുൻപ് വാടകക്കു താമസിച്ചിരുന്ന ഇടത്ത് (ദുബൈ, ഘുസൈസ്) വാച്ച്മാൻ പയ്യൻ എന്റെ വലിയ കൂട്ടായിരുന്നു. മലപ്പുറത്തുകാരനാണു. എന്റെ മോനോടൊക്കെ വലിയ സ്‌നേഹം, നല്ല പയ്യൻ. പുള്ളി നാട്ടിൽ പോവുമ്പൊ ഞാൻ എയർപോട്ടിൽ കൊണ്ടുവിടും, അങ്ങനെ. കല്യാണം കഴിഞ്ഞിട്ട് രണ്ടുകൊല്ലം ആയിട്ടും കുട്ടികളുണ്ടാവാത്തതിന്റെ ദു:ഖം പുള്ളി പറഞ്ഞിരുന്നു. ഇത്തവണ നാട്ടിൽ പോകുമ്പൊ ഭാര്യയെ ഗർഭിണിയാക്കണം എന്നുപറഞ്ഞാണു പുള്ളി രണ്ടുമാസത്തെ അവധിയിൽ പോയത്.

ഏകദേശം ഒരു മാസം കഴിഞ്ഞ് പുള്ളി നാട്ടിൽ നിന്നും വിളിച്ചു. സാറേ ഞാൻ വേറെ കല്യാണം കഴിക്കാൻ പോകുന്നു എന്ന്. എന്താ കാര്യം എന്നു ചോദിച്ചപ്പൊ- വീട്ടിൽ അയൽവക്കത്തെ പയ്യന്മാരൊക്കെ വരുന്നു, പുള്ളിയുടെ ഭാര്യയും അമ്മയും മാത്രമുള്ളപ്പോൾ അങ്ങനെ അയല്പക്കത്തെ പയ്യന്മാർ വന്നു പോകുന്നത് പുള്ളിക്ക് ഇഷ്ടമല്ല, അതു പറഞ്ഞ് വഴക്കായി, ഞാൻ അവളുടെ നടുവ് ചവിട്ടി ഒടിച്ചു. അവൾ ആശുപത്രിയിലായി. അവളുടെ വീട്ടുകാർ കേസുകൊടുത്തു. ഏതാനും ലീഗുകാർ മുങ്ങിക്കോളാൻ പറഞ്ഞു, അങ്ങനെ കുറച്ചു ദിവസം ഒളിവിലായിരുന്നു. ഉമ്മ വേറെ ഒരു പെൺകുട്ടിയെ കണ്ടു. കൈത്തണ്ട വരെ നീളമുള്ള ഉടുപ്പ് ഇടുന്ന, ദീനിയായ പെൺകുട്ടിയാണു. അവളെ കെട്ടാൻ പോകുന്നു.

കേസ് എന്തായി എന്നു പറഞ്ഞപ്പോൾ - കേസ് പിൻവലിച്ചില്ലെങ്കിൽ മൊഴിചൊല്ലൂല്ലാ എന്നു പറഞ്ഞു, മൊഴിചൊല്ലാതെയും പുള്ളിക്ക് വേറെ കെട്ടാം. ഭാര്യക്ക് വിവാഹമോചനം വേണമെങ്കിൽ കോടതിയിൽ പോകണം, കേസ് നടത്തണം. ഭർത്താവിനു വേണമെങ്കിൽ വെറുതേ മൊഴി ചൊല്ലിയാൽ മതി. എന്തായാലും മൊഴിചൊല്ലാം എന്ന കോമ്പ്രമൈസിന്മേൽ അവളുടെ വീട്ടുകാർ കേസ് പിൻവലിച്ചു.

ഇതുപോലും- 1937 വരെ മുസ്ലീം സ്ത്രീകൾക്ക് പറ്റില്ലായിരുന്നു. അതുവരെയുള്ള മുസ്ലീം വ്യക്തിനിയമം അനുസരിച്ച് ഒരു സ്ത്രീക്ക് വിവാഹബന്ധം വേർപെടുത്തണമെങ്കിൽ അവൾ മതം മാറണം (മുർത്തദ് ആകണം). പിന്നെ മുഹമ്മദാലി ജിന്നയും മറ്റും ഉൽസാഹിച്ചിട്ടാണു ഫസ്ഖ് എന്ന - കോടതി വഴിയുള്ള വിവാഹമോചന അവകാശം ഇന്ത്യൻ മുസ്ലീം സ്ത്രീകൾക്ക് കിട്ടിയത്.

സ്വത്ത് പിന്തുടർച്ചാവകാശത്തിന്റെ കാര്യത്തിലും സ്ത്രീകൾക്ക് പ്രതികൂലമായി കാര്യങ്ങൾ വരുന്ന പല കാര്യങ്ങളും ഉണ്ട്. ഉദാഹരണത്തിനു രണ്ട് പെണ്മക്കൾ മാത്രമുള്ള ഒരു കുടുംബത്തിലെ വരുമാനം സമ്പാദിക്കുന്ന പുരുഷൻ മരിച്ചു എന്നിരിക്കട്ടെ, ആ സ്വത്ത് അയാളുടെ ഭാര്യക്കും മക്കൾക്കുമല്ല, മാതാപിതാക്കൾക്കോ മൂത്ത സഹോദരനോ ആണു കിട്ടുക. അവരാണു പിന്നെ മരിച്ചയാളുടെ ഭാര്യക്കും മക്കൾക്കും ചിലവിനു കൊടുക്കേണ്ടത്.
4.

വിവാഹം, വിവാഹമോചനം എന്നീ വിഷയങ്ങളിൽ ഹിന്ദു സിവിൽ കോഡും ആയി ചെറിയ വ്യത്യാസങ്ങളേയുള്ളൂ ക്രിസ്ത്യൻ വ്യക്തിനിയമത്തിനു. ഉദാ: ഭാര്യക്കോ ഭർത്താവിനോ വിവാഹമോചനത്തിനു തുല്യ അവകാശമുണ്ട്. ഭർത്താവിനെതിരെ ബലാൽസംഗം, മൃഗരതി, sodomy, തുടങ്ങിയ കുറ്റങ്ങളുടെ മേൽ വിവാഹമോചനം നേടാം എന്ന അധിക അവകാശവും ഭാര്യക്കുണ്ട്. ഉഭയസമ്മതത്തോടെയുള്ള വിവാഹമോചനത്തിനു ഹിന്ദു സിവിൽ നിയമത്തിൽ ഭാര്യയും ഭർത്താവും ഒരുകൊല്ലം പിരിഞ്ഞ് താമസിച്ചിരിക്കണം എന്നാണെങ്കിൽ ക്രിസ്ത്യൻ സിവിൽ നിയമത്തിൽ ഇരുവരും രണ്ടുകൊല്ലമെങ്കിലും പിരിഞ്ഞ് താമസിക്കണം എന്നാണു. ഗോവയിലെ ക്രിസ്ത്യാനികൾക്ക് ഇപ്പൊഴും ഒരു വ്യക്തിനിയമവും ഇന്ത്യയിലെ ബാക്കി ക്രിസ്ത്യാനികൾക്ക് മറ്റൊരു വ്യക്തിനിയമവും ആണു.

സ്വത്തവകാശത്തിന്റെ കാര്യത്തിൽ ട്രാവൻകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം (1916), കൊച്ചി ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം (1921) എന്നിവയായിരുന്നു കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ പരിഗണിച്ചിരുന്നത്. എന്നാൽ മേരി റോയിയെ കുടുംബസ്വത്തിൽ ഒരു പങ്കും കൊടുക്കാതെ സ്വന്തം സഹോദരൻ വീട്ടിൽ നിന്നും പുറത്താക്കി, തുടർന്ന് അവർ കേസ് നടത്തിയതിനെത്തുടർന്ന്, തിരുവിതാംകൂറും കൊച്ചിയും ഇന്ത്യയിൽ ലയിച്ചതോടേ മേൽപ്പറഞ്ഞ രണ്ടു നിയമങ്ങൾക്കും സാധുത ഇല്ലാതായി എന്നും, ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലെ ക്രിസ്ത്യാനികളെപ്പോലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം ആണു കേരളത്തിലും ബാധകം എന്ന് കോടതിവിധി വന്നു. ഇതേത്തുടർന്ന് ക്രിസ്ത്യൻ സ്ത്രീകൾക്കും സ്വത്തവകാശം ലഭിച്ചു.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, തുടങ്ങിയവയിൽ സാരമായ മാറ്റങ്ങൾ ഒന്നും വരാൻ സാദ്ധ്യതയില്ലാത്തതുകൊണ്ട് ക്രിസ്ത്യൻ സമൂഹത്തിൽ ഏകീകൃത സിവിൽ കോഡ് ഒരു ചർച്ചപോലും ആകുന്നില്ല. ക്രിസ്ത്യൻ വ്യക്തിനിയമങ്ങളിൽ വരാവുന്ന മാറ്റങ്ങൾ ഇന്നുള്ളവയെക്കാൾ സ്ത്രീകൾക്ക് പ്രതിലോമകരമായി വരുന്നെങ്കിലേ അവ പ്രതിഷേധത്തിനു കാരണമാകൂ എന്നാണു എന്റെ തോന്നൽ.

4.
സംഘപരിവാർ അനുകൂലികൾക്ക് എന്താണു ഏക സിവിൽ കോഡിൽ ഇത്ര താല്പര്യം? ഒരു സ്ഥിരം സംഘപരിവാർ പ്രചരണമായിരുന്നു മുസ്ലീങ്ങൾ ബഹുഭാര്യാത്വം കൊണ്ട് ഒരുപാട് വിവാഹം കഴിച്ച് പെറ്റുപെരുകുന്നു എന്നത്. ഞങ്ങൾ അഞ്ച് (ഒരു ഭർത്താവും നാലു ഭാര്യമാരും), ഞങ്ങൾക്ക് 25 എന്നത് സംഘ്പരിവാരത്തിന്റെ ദുഷ്പ്രചാരണമായിരുന്നു. ഗോദ്ര കലാപത്തിന് ശേഷം നരേന്ദ്ര മോദിയും ഈ ആരോപണം ആവർത്തിച്ചു. പക്ഷേ റോബർട്ട് ജെഫ്രി, പാട്രിഷ്യ ജെഫ്രി, എന്നിവർ നടത്തിയ പഠനങ്ങൾ കാണിക്കുന്നത് (Confronting Saffron Demography Religion, Fertility, and Women's Status in India) ബഹുഭാര്യാത്വം ഉള്ള പുരുഷന്മാരുടെ ശതമാനം ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഇടയിൽ ഏകദേശം ഒരുപോലെയെന്നാണു. കേരളത്തിലും ഇതിനു വ്യത്യാസമുണ്ടാവാൻ തരമില്ല.

സംഘപരിവാറിന്റെ താല്പര്യം മാറ്റി നിർത്തൂ. എങ്ങനെയാണു ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ സിവിൽ അവകാശങ്ങൾ മെച്ചമാകുക? വിവാഹം, വിവാഹമോചനം, പിന്തുടർച്ചാ സ്വത്തവകാശം, തുടങ്ങിയവയിൽ അവർക്ക് എങ്ങനെയാണു ഇന്നത്തെ അവസ്ഥയിലും കാര്യങ്ങൾ മെച്ചമാകുക?

a) നിയമം പരിഷ്‌കരിക്കണമെങ്കിൽ മുസ്ലീം സമുദായ / രാഷ്ട്രീയ സംഘടനകൾ ഇതിനു മുൻകൈ എടുക്കണം.

1997-ൽ ദേശീയ വനിതാ കമ്മീഷൻ മുസ്ലീം വ്യക്തിനിയമത്തിലെ പരിഷ്‌കരണങ്ങൾ ശുപാർശ ചെയ്യുന്നതിനു കോഴിക്കോട് ഠൗൺ ഹാളിൽ ഒരു സമ്മേളനം വിളിച്ചു. അന്ന് ഖമറുന്നീസാ അൻവറിനെപ്പോലുള്ള വനിതാ ലീഗ് നേതാക്കൾ പറഞ്ഞത് ഞങ്ങൾ മുസ്ലീം വ്യക്തിനിയമത്തിൽ സുരക്ഷിതരാണു, ഇതിൽ മാറ്റങ്ങൾ ആവശ്യമില്ലെന്നാണു. മുസ്ലീം ലീഗിലെ വനിതാനേതാക്കൾ പോലും വ്യക്തിനിയമങ്ങളിൽ പരിഷ്‌കരണം ആവശ്യപ്പെടുന്നില്ല.

മുസ്ലീം ലീഗിനെ വിടൂ, മറ്റ് ഏതെങ്കിലും മുസ്ലീം സംഘടന മുസ്ലീം വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രമേയങ്ങളോ തിരുത്തുകളോ സമ്മേളനങ്ങളോ പ്രക്ഷോഭമോ നടത്തിയതായി അറിയാമോ. ബ്രിട്ടീഷ് സർക്കാർ പല നിയമങ്ങളും കോടതിവിധികളും ക്രോഡീകരിച്ച് ഉണ്ടാക്കിയ ആംഗ്ലോ-മുഹമ്മദൻ ലോ ആണു ഇന്നത്തെ മുസ്ലീം വ്യക്തിനിയമം. അത് പക്ഷേ ശരിയത്ത് ആണെന്നു, ദൈവദത്തം ആണെന്നു ധരിച്ച മുസ്ലീം സംഘടനകൾ മിണ്ടാൻ മടിക്കുന്നു.

b) സർക്കാർ നിയമിക്കുന്ന ഒരു കമ്മീഷൻ തിരുത്തലുകൾ വരുത്തി ഏക സിവിൽ കോഡ് നിലവിൽ വരുത്തണം.

ബി.ജെ.പി. / സംഘപരിവാർ സർക്കാർ കൊണ്ടുവരുന്ന ഒരു ഏകീകൃത സിവിൽ കോഡ് സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തും എന്നതിൽ ഒരു സംശയവുമില്ല, കാരണം അവർ ഇന്നത്തെ ഹിന്ദു സിവിൽ കോഡ് അതേപടി പകർത്തി ഏകീകൃത സിവിൽ കോഡ് ഉണ്ടാക്കിയാൽപ്പോലും അത് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതായിരിക്കും. നേരത്തേ പറഞ്ഞതുപോലെ, സ്ത്രീകളുടെ അവകാശങ്ങളെയും അവസ്ഥയെയും പറ്റി അത്ര ബോധവാനായിരുന്ന മഹാത്മ അംബദ്കറാണു ഇന്ത്യയിലെ ഹിന്ദു സിവിൽ കോഡ് എഴുതിയത്. ക്രിസ്ത്യൻ സിവിൽ കോഡ് മേരി റോയിയെപ്പോലെയുള്ളവരുടെ കോടതിവഴിയുള്ള ഇടപെടലുകൾ കൊണ്ടാണു പരിഷ്‌കരിക്കപ്പെട്ടത്.

ഇതു രണ്ടും നടക്കുന്നില്ലെങ്കിൽ കോടതി ഇടപെട്ട് തിരുത്തുകൾ വരുത്തണം. ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് അതാണു. പല കേസുകളിലും കോടതി ഇടപെട്ട് ചെറിയ ചെറിയ പുരോഗമനപരമായ മാറ്റങ്ങൾ വരുത്തുന്നു. ഇവ പിന്നീട് മറ്റ് വിധികൾക്ക് കീഴ്വഴക്കമാകുന്നു. ഷാ ബാനോ കേസിൽ തിരിച്ചടി ഉണ്ടായെങ്കിലും കോടതി മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നു. അപ്പോഴും അവ നിയമം ആകുന്നില്ല; മതഗ്രന്ഥങ്ങളും മറ്റ് വിധികളും ഉപയോഗിച്ചുള്ള കോടതിയുടെ വ്യാഖ്യാനങ്ങളേ ആകുന്നുള്ളൂ. നിയമനിർമ്മാണം കോടതിയുടെ പണിയല്ല.

ഏറ്റവും നല്ല ചോയ്‌സ് മുസ്ലീങ്ങൾ തന്നെ മുസ്ലീം വ്യക്തിനിയമം പരിഷ്‌കരിക്കുന്നതായിരുന്നു. വ്യക്തിനിയമങ്ങൾ കൊണ്ട് അനീതി നേരിടുന്നത് സ്ത്രീകളാണെന്നിരിക്കേ മുസ്ലീം സ്ത്രീകൾ മുൻകൈയെടുത്ത് സമുദായാഭിപ്രായം മാറ്റുകയും വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കുകയും ചെയ്യുന്നതായിരുന്നു അഭികാമ്യം. പക്ഷേ അതിനു സാദ്ധ്യതയില്ല. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമുള്ള ട്രാക്ക് റെക്കോർഡ് നോക്കിയാണു ഞാൻ ഇങ്ങനെ ഒരു നിഗമനത്തിലെത്തുന്നത്. മുസ്ലീം സമുദായത്തിനു ഉള്ളിൽ നിന്നുള്ള ചർച്ചകൾ പോലും ശരീയത്തിന്റെയും ഇരവാദത്തിന്റെയും മതത്തിന്റെ പ്രാമാണികത്വത്തിന്റെയും പേരിൽ മുങ്ങിപ്പോകുന്നു. രണ്ട് കാര്യങ്ങൾക്കിടയിലാണു തിരഞ്ഞെടുക്കേണ്ടത്. 1) (സംഘപരിവാർ / ബിജെപി ) സർക്കാർ കൊണ്ടുവരുന്ന ഏകീകൃത സിവിൽ കോഡ് 2) സ്വാതന്ത്ര്യം കിട്ടി 70 വർഷമായി കാര്യമായ ഒരു പരിഷ്‌കാരവും വരാത്ത, ആർക്കും പരിഷ്‌കരിക്കണം എന്ന് തോന്നലില്ലാത്ത, ഇന്നത്തെ നിലയിലുള്ള മുസ്ലീം സിവിൽ കോഡ്. ഈ രണ്ട് മോശം കാര്യങ്ങൾക്കിടയിൽ ഞാൻ സംഘപരിവാർ സർക്കാർ കൊണ്ടുവരുന്ന ഏകീകൃത സിവിൽ കോഡിനെ പിന്തുണക്കും.