ഹെല്‍മറ്റില്ലെങ്കിലും ഇനി പെട്രോള്‍ ലഭിക്കും

ഹെല്‍മറ്റ് ധരിച്ച് പെട്രോള്‍ നിറയ്ക്കാന്‍ എത്തുന്നവര്‍ക്ക് സമ്മാനം നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നും സൂചനയുണ്ട്. സൗജന്യ പെട്രോള്‍ തന്നെയാണ് സമ്മാനം.

ഹെല്‍മറ്റില്ലെങ്കിലും ഇനി പെട്രോള്‍ ലഭിക്കും

ഓഗസ്റ്റ് ഒന്നുമുതല്‍ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ നിന്നും ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ ലഭിക്കില്ലെന്ന നിയമം തത്കാലം നടപ്പിലാക്കില്ല. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി ഇത് സംബന്ധിച്ച  ഉത്തരവിറക്കി.

ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കേണ്ടതില്ലെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്, വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ തീരുമാനത്തിനെതിരെ പൊതു ജനത്തിന്‍റെ പ്രതിഷേധം വ്യാപകമായതോടെ തീരുമാനം പുന:പരിശോധിക്കുവാന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശം നല്‍കുകയും, തുടര്‍ന്ന് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കുകയാണ് ചെയ്തത്.


നിയമം നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാരെ ബോധവത്കരണത്തിന് വിധേയമാക്കും. എന്നാല്‍ തുടര്‍ച്ചയായി ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടിയുണ്ടാകുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മോട്ടോര്‍ വാഹന നിയമം അനുസരിച്ചുള്ള ശിക്ഷകളായിരിക്കും ഇവര്‍ക്ക് ലഭിക്കുക.മാത്രമല്ല ഹെല്‍മറ്റ് ധരിച്ച് പെട്രോള്‍ നിറയ്ക്കാന്‍ എത്തുന്നവര്‍ക്ക് സമ്മാനം നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നും സൂചനയുണ്ട്.

ഹെല്‍മറ്റ് ധരിച്ചു പെട്രോളടിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുന്ന കാര്യമാണ് പരിഗണനയില്‍ ഉള്ളത്. പെട്രോള്‍ പമ്പുകളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. സംസ്ഥാനത്തെ തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളില്‍ നടപ്പിലാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്.

കൂപ്പണുകള്‍ നറുക്കെടുത്തായിരിക്കും വിജയികളെ നിശ്ചയിക്കുക. ആദ്യ സമ്മാനജേതാക്കളായ മൂന്നുപേര്‍ക്ക് മൂന്നു ലീറ്റര്‍ പെട്രോള്‍ വീതവും, രണ്ടാം സ്ഥാനക്കാരായ അഞ്ചുപേര്‍ക്ക് രണ്ട് ലീറ്റര്‍ പെട്രോള്‍ വീതവും നല്‍കും. മൂന്നാം സ്ഥാനക്കാരായ അഞ്ചുപേര്‍ക്ക് ഒരു ലീറ്റര്‍ പെട്രോള്‍ വീതമായിരിക്കും സമ്മാനം.

Story by