നാരദാ ന്യൂസ് ഇംപാക്റ്റ്: ലീലാ ഗുലാത്തിയുടെ വീട് തകർത്ത സംഭവം അന്വേഷിക്കാൻ കളക്റ്റർക്കു നിര്‍ദ്ദേശം

കുന്നിടിക്കല്‍ മൂലം നിലം പൊത്താറായ വീട്ടില്‍ ഇപ്പോള്‍ ഐഎസ് ഗുലാത്തിയുടെ ഭാര്യ ലീല ഗുലാത്തി മാത്രമാണ് താമസം. വീടിന്റെ ഭിത്തി പുനഃര്‍നിര്‍മ്മിച്ചു നല്‍കാനും ഭൂ മാഫിയയുടെ കയ്യേറ്റം അവസാനിപ്പിക്കാനും എണ്‍പതുകാരിയായ ലീല ഗുലാത്തി നടത്തുന്ന നിയമ യുദ്ധത്തെ കുറിച്ചുള്ള വാര്‍ത്ത നാരദാ ന്യൂസാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.

നാരദാ ന്യൂസ് ഇംപാക്റ്റ്: ലീലാ ഗുലാത്തിയുടെ വീട് തകർത്ത സംഭവം അന്വേഷിക്കാൻ കളക്റ്റർക്കു നിര്‍ദ്ദേശം

തിരുവനന്തപുരം: 1957ലെ ഇഎംഎസ് സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനുമായിരുന്ന ഡോ. ഐ എസ് ഗുലാത്തിയുടെ വീടു തകര്‍ത്ത് ഭൂ മാഫിയ നടത്തുന്ന കുന്നിടിക്കല്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കുന്നിടിക്കല്‍ മൂലം നിലം പൊത്താറായ വീട്ടില്‍ ഇപ്പോള്‍ ഐ എസ് ഗുലാത്തിയുടെ ഭാര്യ ലീല ഗുലാത്തി മാത്രമാണ് താമസം. വീടിന്റെ ഭിത്തി പുനഃര്‍നിര്‍മ്മിച്ചു നല്‍കാനും ഭൂ മാഫിയയുടെ കയ്യേറ്റം അവസാനിപ്പിക്കാനും എണ്‍പതുകാരിയായ ലീല ഗുലാത്തി നടത്തുന്ന നിയമ യുദ്ധത്തെ കുറിച്ചുള്ള വാര്‍ത്ത നാരദാ ന്യൂസാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.


മണ്‍മറഞ്ഞ വാസ്തു ശില്‍പ്പി ലാറി ബേക്കറാണ് ഗുലാത്തിക്ക് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് നിര്‍മ്മിച്ചത്. എന്നാല്‍ വാലി വ്യൂ ഗാര്‍ഡന്‍സ് ഡെവലപ്പേഴ്‌സ് 2012ല്‍ കുന്നിടിച്ച് തറ നിരപ്പാക്കാന്‍ തുടങ്ങിയതോടെ ആണ് ഗുലാത്തിയുടെ വീട് തകരാന്‍ തുടങ്ങിയത്. ഗുലാത്തിയുടെ വീടിന്റെ അസ്ഥിവാരം ചേര്‍ന്നാണ് കുന്ന് ഇടിച്ചു നിരപ്പാക്കിയത്.  2013 ലെ മഴക്കാലത്ത് വീടിന്റെ മേല്‍ക്കൂരയും പൂമുഖവും നിലംപൊത്തി.

റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായ ഹരി നായര്‍, ക്യൂആര്‍എസ് ഉടമ അഭിമന്യു ഗണേഷുമാണ് ഭൂമിയുടെ ഉടമസ്ഥര്‍. എന്നാല്‍ ഭൂമി ഇതുവരെ തന്റെ പേരിലായില്ലെന്ന് പറഞ്ഞ് ക്യൂആര്‍എസ് ഉടമ പ്രശ്‌നത്തില്‍ നിന്ന് ഒഴിഞ്ഞു. തുടര്‍ന്നാണ് ലീല ഗുലാത്തി നിയമപരമായി പ്രശ്‌നം നേരിടാന്‍ ആരംഭിച്ചത്. ലീല ഗുലാത്തിയുടെ പരാതി പരിശോധിച്ച സബ്കളക്ടര്‍ എതിര്‍ കക്ഷികള്‍ മൂന്ന് ദിവസത്തിനുള്ളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു നല്‍കണമെന്ന് ഉത്തരവിട്ടു. എന്നാല്‍ പണി തുടങ്ങിയെങ്കിലും പാതി വഴിയില്‍ അവസാനിച്ചു.

തുടര്‍ന്ന് സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചു. ലീലാ ഗുലാത്തിക്ക് അനുകൂലമായി മജിസ്‌ട്രേറ്റും ഉത്തരവിട്ടു. ഭിത്തി കെട്ടാനുള്ള ചെലവ് ഭൂ ഉടമകളുടെ വസ്തു ജപ്തി ചെയ്ത് ഈടാക്കണമെന്ന് തഹസീല്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ജനുവരി 23 നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ നാളിത്ര കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. ഇത്രയും വിശദാംശങ്ങളോടെയാണ് നാരദ ന്യൂസ് ഈ വാർത്തയും ചിത്രങ്ങളും പ്രസിദ്ധീകരിച്ചത്. നാരദയിൽ വന്ന വാർത്തയെ അടിസ്ഥാനമാക്കിയാണ് സർക്കാരിന്റെ നടപടി. സർക്കാർ പുറപ്പെടുവിച്ച വാർത്താക്കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ:
1957-ലെ ഇ.എം.എസ്. സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവും 1996ലെ ആസൂത്രണബോർഡ് വൈസ് ചെയർമാനും ആയിരുന്ന ഡോ.ഐ.എസ്.ഗുലാത്തിയുടെ വീട് സ്വകാര്യവ്യക്തി മണ്ണെടുത്തതിന്റെ ഭാഗമായി തകർന്ന വിഷയത്തിൽ രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി തിരുവനന്തപുരം ജില്ലാ കളക്ടർക്ക് നിർദേശം നൽകി.

CDSൽ അധ്യാപകനാകാനുള്ള ഡോ. കെ.എൻ.രാജിന്റെ ക്ഷണമനുസരിച്ച് 70കളിൽ കേരളത്തിൽ സ്ഥിരതാമസമാക്കാനായി ഡോ. ഗുലാത്തി എത്തിയപ്പോഴാണ് ലാറി ബേക്കർ കുന്നിൻ മുകളിൽ ഈ വീട് പണിഞ്ഞത്. നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ട് നടത്തിയ കുന്നിടിച്ചിലാണ് വീട് തകരാൻ കാരണമെന്നാണ് സൂചന. വീടു ഇടിഞ്ഞതു കാരണം ഡോ. ഗുലാത്തിയുടെ ഭാര്യയും പ്രശസ്ത പണ്ഡിതയുമായ ലീല ഗുലാത്തി 6 മാസമായി വീടിനോട് ചേർന്നുള്ള ഔട്ട്‌ഹൗസിലായിരുന്നു താമസം.

ഈ വിഷയത്തിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read More >>