കുളച്ചല്‍ പോര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നു... ഇനിയും വിഴിഞ്ഞം വേണോ?

തമിഴ്നാട് 15000 കോടി രൂപയുടെ അനുബന്ധ വ്യവസായ വികസന പദ്ധതികള്‍ കൊണ്ട് വരാന്‍ പരിപാടി തയ്യാറാക്കുമ്പോള്‍ വിഴിഞ്ഞത്തിന് വേണ്ടി അഞ്ചു പൈസയുടെ പദ്ധതി പോലും നമുക്ക് ഉണ്ടാക്കാനാവില്ല. അദാനിക്ക് ലാഭം ഉണ്ടാക്കാന്‍ കൊടുത്ത റിയല്‍ എസ്റ്റേറ്റ് വികസനം അല്ലാതെ. വേറൊന്നും പദ്ധതിയുടെ രൂപ രേഖയില്‍ പോലും ഇല്ല എന്നു വിഴിഞ്ഞത്തെ അനുകൂലിക്കുന്നവര്‍ ഇതു വരെ മനസ്സിലാക്കിയിട്ടില്ല. അതു മാത്രമല്ല ഇപ്പോള്‍ കൂടുതല്‍ സംശയത്തിന് ഇടവരുത്തുന്നത്.

കുളച്ചല്‍ പോര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നു... ഇനിയും വിഴിഞ്ഞം വേണോ?

രവിശങ്കര്‍. കെ വി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്ന് നടന്ന കേന്ദ്ര മന്ത്രിസഭാ യോഗം കുളച്ചല്‍ പോര്‍ട്ടിന് തത്വത്തില്‍ അംഗീകാരം നല്‍കി. കേരളത്തിന്റെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന വിഴിഞ്ഞത്ത് നിന്നും വെറും 36 കിലോമീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന കുളച്ചലത്തിനടുത്ത് ഇനയം എന്ന സ്ഥലത്താണ് പുതിയ അന്താരാഷ്ട്ര കണ്ടെയിനര്‍ തുറമുഖം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിര്‍മിക്കുന്നത്.

21000 കോടി രൂപ ചിലവഴിക്കുന്നത് മുഴുവന്‍ കേന്ദ്രവും . കേന്ദ്ര സര്‍ക്കാരിന്റെ ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ചെന്നൈ പോര്‍ട്ട് ട്രസ്‌റ് ലിമിറ്റഡ് , തൂത്തുക്കുടി എം എ ചിതംബരനാര്‍ പോര്‍ട്ട് ട്രസ്‌റ് ലിമിറ്റഡ്, കാമരാജ് പോര്‍ട്ട് ട്രസ്‌റ് ലിമിറ്റഡ്  എന്നിവര്‍ ഓഹരി പങ്കാളികളായി കൊണ്ട് രൂപീകരിക്കുന്ന പ്രത്യേക കമ്പനിയായിരിക്കും തുറമുഖത്തിന്റെ ആദ്യഘട്ടത്തിന്റെ തയ്യാറെടുപ്പുകള്‍ നടത്തുക.


പോര്‍ട്ടിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ആയ ഡ്രെഡ്ജിങ്, കടല്‍ നികത്തല്‍, ബ്രേക് വാട്ടര്‍ നിര്‍മാണം, ഗതാഗത സൗകര്യ വികസനം തുടങ്ങിയവ ആയിരിക്കും പ്രത്യേക കമ്പനിയുടെ നിയന്ത്രണത്തില്‍ നടപ്പാക്കുക എന്ന് വ്യക്തമാക്കി കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത് . അദാനി വിഴിഞ്ഞം പദ്ധതി ഏറ്റെടുത്തത് തന്നെ, കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിക്ഷേപത്തില്‍ കുളച്ചല്‍ പോര്‍ട്ട് നടപ്പാക്കുമ്പോള്‍ തങ്ങള്‍ക്കു ഭീഷണി ഒഴിവാക്കാനുള്ള ഗൂഡാലോചനായാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ആരോപണം ഉന്നയിച്ചിരുന്നു. നാരദ ന്യൂസ് വിഴിഞ്ഞം പദ്ധതിയുടെ ഉള്ളുകള്ളികളെ കുറിച്ച് വിശദമായ പരമ്പര കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചിരുന്നു. ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗത്തോടെ അത് സത്യം,
ആണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു.രാജ്യാന്തര കപ്പല്‍ ചാലില്‍ നിന്നും വിഴിഞ്ഞതിന്റെ ദൂരം 10 നോട്ടിക്കല്‍ മൈല്‍ ആണെങ്കില്‍ കുളച്ചല്‍ അതിലും അടുത്താണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര തീരത്തിനോട് ചേര്‍ന്ന് കടലിന്റെ അടിത്തട്ടിലുള്ള ആഴം വിഴിഞ്ഞത്തിനേക്കള്‍ മെച്ചമോ, അല്ലെങ്കില്‍ തുല്യമോ ആണ് രണ്ടു സ്ഥലങ്ങളിലും കടലിന്റെ അടിത്തട്ടിന്റെ ആഴം 19 മുതല്‍ 24 അടി വരെ ഉണ്ട്. അടിക്കടിയുള്ള ഡ്രെഡ്ജിങ്ങ് വേണ്ടി വരില്ല എന്ന് രണ്ടു കൂട്ടരും ഒരേ പോലെ അവകാശപ്പെടുന്നു. കുളച്ചല്‍ തീരത്തിനും. ഒരേ ആരു പോരായ്മയായി പറഞ്ഞിരുന്നത് തീരത്തിനോട് അടുത്തുള്ള കടലിന്റെ അടിയിലെ പാറക്കെട്ടുകള്‍ ആയിരുന്നു. അത് തകര്‍ക്കാന്‍ ആധുനിക യന്ത്ര സൗകര്യങ്ങള്‍ ഉള്ളപ്പോള്‍ ഒരു പ്രയാസവുമില്ല. വിഴിഞ്ഞത്തും ഏകദേശം തുല്യ അളവില്‍ കടല്‍ കുഴിക്കണം എന്ന് ഇപ്പോഴേ വെളിപ്പെട്ടു കഴിഞ്ഞു.

വിഴിഞ്ഞത്ത് കടല്‍ നികത്തി 120 ഏക്കര്‍ നികത്തുമ്പോള്‍ കുളച്ചലിൽ 500 ഏക്കര്‍ കടലാണ് നികത്തുന്നത്. കരയില്‍ വിഴിഞ്ഞം വെറും 250 ഏക്കര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ കുളച്ചലിനായി തമിഴ്‌നാട് സര്‍ക്കാര്‍ സൗജന്യമായി 5000 ഏക്കര്‍ സ്ഥലം കൊടുക്കാം എന്ന് ജയലളിത വാഗ്ദാനം ചെയ്തത് പദ്ധതികളുടെ വലിപ്പത്തിലെ വ്യത്യാസം നമുക്ക് വ്യക്തമാക്കി തരുന്നു. ഇതിനെല്ലാം പുറമെയാണ് രണ്ടു പോര്‍ട്ട് പദ്ധതികള്‍ തമ്മിലുള്ള , സാമ്പത്തിക അന്തരം. കന്യാകുമാരി എം. പിയും, കേന്ദ്ര ഷിപ്പിങ്ങ് സഹമന്ത്രിയുമായ ശ്രീ. പൊന്‍ രാധാകൃഷ്ണന്‍, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പരിപൂര്‍ണ പിന്തുണയോടെ നടപ്പില്‍ വരുത്തിയ ആസൂത്രിത നീക്കം വിഴിഞ്ഞത്തിന് ഉണ്ടാക്കുന്ന ഭീഷണി ഇത് വരെ ആരും ചര്‍ച്ച ചെയ്തിട്ട് പോലും ഇല്ല. വിഴിഞ്ഞം പദ്ധതിയുടെ ആകെയുള്ള ചെലവ് 7525 കോടി രൂപ കണക്കാക്കി. അതില്‍ 2806 കോടി രൂപ പോര്‍ട്ട് നിര്‍മാണത്തിന് വേണ്ടി ചിലവഴിക്കുമ്പോള്‍, കുളച്ചലിന്റെ നിര്‍മാണത്തിന്, ( പദ്ധതിക്കും, അനുബന്ധ വ്യവസായങ്ങള്‍ക്കും) വേണ്ടി 21000 കോടി രൂപ വകയിരുത്തി. അതായത് നാം ചിലവാക്കുന്നതിന്റെ മൂന്നിരട്ടി തുക. ആദ്യ ഘട്ടത്തിന് 6,628 കോടി രൂപയും, രണ്ടും മൂന്നും ഘട്ടത്തിനായി 14000 കോടി രൂപയും അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. അതും പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ടോ, പാരിസ്ഥിതിക ആഖാത പഠനമോ നടത്താതെ തന്നെ വിഴിഞ്ഞത്തിന് ആകെ 300 ഏക്കര്‍ ഭൂമി , ( പദ്ധതിക്കും, അനുബന്ധ വ്യവസായങ്ങള്‍ക്കും) കണക്കാക്കിയപ്പോള്‍ കൊളച്ചലിനു 5500 ഏക്കര്‍ ഭൂമി മാറ്റി വയ്ക്കുന്നു.

വിഴിഞ്ഞത്ത്, നിര്‍മ്മിക്കുന്ന പ്ലാറ്റ്‌ഫോമില്‍ രണ്ടോ മൂന്നോ മാത്രം വലിയ കപ്പലുകള്‍ക്ക് ബെര്‍ത്ത് ചെയ്യാന്‍ പറ്റുമ്പോള്‍, കുളച്ചലില്‍ അഞ്ചു കിലോമീറ്റര്‍ നീളത്തിലുള്ള പ്ലാറ്റ്‌ഫോമില്‍ മുപ്പതോളം വലിയ കപ്പലുകള്‍ക്ക് ബെര്‍ത്ത് ചെയ്യാന്‍ പറ്റുന്ന തരത്തിലാണ് നിര്‍മാണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതു കൂടാതെയാണ് കേന്ദ്ര സര്‍ക്കാരും, തമിഴ് നാട് സര്‍ക്കാരും ചേര്‍ന്ന് കുളച്ചല്‍ പോര്‍ട്ടിനോട് ചേര്‍ന്ന് വിഭാവനം ചെയ്യുന്ന 15000 കോടി രൂപയുടെ അനുബന്ധ വ്യവസായ വികസന പദ്ധതികള്‍. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാണ മേഖല, ഇലക്ട്രിക്കല്‍ - ഇലക്ള്‍ട്രോണിക്സ് പാര്‍ക്ക്, അപ്പാരല്‍ പാര്‍ക്ക് എന്നിവ വന്‍തോതില്‍ വികസനം ഉണ്ടാക്കും. ഒരു പോര്‍ട്ടിലൂടെ കയറ്റി അയക്കാന്‍ വേണ്ട സാധന സാമഗ്രികള്‍ നിര്‍മിക്കാനുള്ള ആസൂത്രണ മികവിന്റെ പത്തിലൊന്ന് പോലും വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്ന് കാണുമ്പോഴാണ് എത്ര വികലമായ വികസന സ്വപ്നമായിരുന്നു നമുക്കുണ്ടായിരുന്നു എന്നത്
വ്യക്തമാവുന്നത്.

തമിഴ്നാട് 15000 കോടി രൂപയുടെ അനുബന്ധ വ്യവസായ വികസന പദ്ധതികള്‍ കൊണ്ട് വരാന്‍ പരിപാടി തയ്യാറാക്കുമ്പോള്‍ വിഴിഞ്ഞത്തിന് വേണ്ടി അഞ്ചു പൈസയുടെ പദ്ധതി പോലും നമുക്ക് ഉണ്ടാക്കാനാവില്ല. അദാനിക്ക് ലാഭം ഉണ്ടാക്കാന്‍ കൊടുത്ത റിയല്‍ എസ്റ്റേറ്റ് വികസനം അല്ലാതെ. വേറൊന്നും പദ്ധതിയുടെ രൂപ രേഖയില്‍ പോലും ഇല്ല എന്നു വിഴിഞ്ഞത്തെ അനുകൂലിക്കുന്നവര്‍ ഇതു വരെ മനസ്സിലാക്കിയിട്ടില്ല. അതു മാത്രമല്ല ഇപ്പോള്‍ കൂടുതല്‍ സംശയത്തിന് ഇടവരുത്തുന്നത്. കുളച്ചലില്‍ നിന്നും വെറും അര മണിക്കൂര്‍ കൊണ്ട് എത്തി ചേരാവുന്ന സ്ഥലത്ത് അദാനി വിഭാവനം ചെയ്യുന്ന ഹോട്ടല്‍, ഷോപ്പിംഗ് കോംപ്ലക്‌സ്, മള്‍ട്ടിപ്ലക്സ്, ആധുനിക സൗകര്യമുള്ള ആഡംബര ഫ്‌ലാറ്റുകള്‍ എന്നിവ പ്രയോജനപ്പെടുക കുളച്ചല്‍ വ്യവസായ മേഖലയില്‍, അന്താരാഷ്ട്ര വാഹന - മൊബൈല്‍ നിര്‍മാണ കമ്പനികളില്‍ നാളെ പണി എടുക്കാന്‍ വരുന്നവര്‍ക്കായിരിക്കും മലയാളിയുടെ നികുതി പണത്തിന്റെ മുഴുവന്‍ ലാഭവും, തമിഴന്റെ ചിലവില്‍ ഒരു ഗുജറാത്തി കൊണ്ട് പോകുന്ന യഥാര്‍ത്ഥ ഭാരതീയത എന്നു കരുതി നമുക്ക് അഭിമാനം കൊള്ളാം.

ഇനി നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം വിഴിഞ്ഞം പദ്ധതി പരിപൂര്‍ണമായും വേണ്ടെന്ന് വക്കുക. സംസ്ഥാന സര്‍ക്കാരിന് അതു വഴിയുള്ള സാമ്പത്തിക ലാഭം മാത്രം അഞ്ചു ലക്ഷം കോടി രൂപ വരും. കൂടാതെ ഒരു ലക്ഷത്തോളം മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സമാധാനമായി കടല്‍ ക്ഷോഭം പേടിക്കാതെ കിടന്നുറങ്ങാം. ഒപ്പം തന്നെ മറ്റൊരു കാര്യം കൂടി മുന്‍ കൂട്ടി ആസൂത്രണം ചെയ്യണം. കുളച്ചലില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആറു വരിയോ എട്ടു വരിയോ വീതിയില്‍ രാജ്യാന്തര നിലവാരത്തില്‍ ഒരു പാത പണിയുക. കുളച്ചല്‍ പോര്‍ട്ടിന്റെ അനുബന്ധ മേഖലയില്‍ നാളെ ജോലിക്ക് വരുന്ന ലക്ഷ കണക്കിന് ആളുകള്‍ക്ക് താമസിക്കാനും, ഷോപ്പിങ്ങിനും, ഭക്ഷണം കഴിക്കാനും എല്ലാം വെറും അര മണിക്കൂര്‍ കൊണ്ട് കഴിയുന്ന തരത്തില്‍ നമ്മുടെ അടിസ്ഥാന വികസനം ഉറപ്പു വരുത്തിയാല്‍ ഇപ്പോഴത്തെ വിഴിഞ്ഞം പദ്ധതി വിഭാവനം ചെയൂന്നുന്നതിന്റെ നൂറിരട്ടി സാമ്പത്തിക നേട്ടം കേരളത്തിനും, തലസ്ഥാന നഗരിക്കും ഉണ്ടാകും. അല്ലാതെ ഇനിയും പ്രാദേശിക വികസനം വിഴിഞ്ഞത്തിലൂടെ മാത്രമേ നടക്കു എന്നു വന്നാല്‍ ആരും തിരിഞ്ഞു നോക്കാത്ത ഒരു തുറമുഖവും, അനുബന്ധ നഗരവുമായി നമുക്ക് കഴിയാം. ഗുണം ഏറെ ചിലവോ തുച്ഛം!

*(സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവും , മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ലേഖകന്‍ ടൂറിസം ഇന്ത്യ മാസികയുടെ എഡിറ്ററും, പബ്ലിഷെറുമാണ്. കേരളത്തിലെ ടൂറിസം മാധ്യമ രംഗത്തെ തുടക്കകാരില്‍ ഒരാളാണ്)