'ഭരണപരിഷ്‌കരണത്തിൽ' പിണറായി വിജയനും ഗീത ഗോപിനാഥിനും ഒരേ മനസോ?

ഇന്ത്യയിൽ ഉദാരവത്കരണത്തിന്റെ പ്രായോഗികഫലങ്ങൾ താഴേത്തട്ടിലെത്തണമെങ്കിൽ ഭരണനിർവഹണത്തിൽ അടിസ്ഥാനപരമായ പരിഷ്കാരങ്ങൾ വേണമെന്നു വാദിക്കുന്ന സാമ്പത്തിക വിദഗ്ധയാണ് ഗീതാ ഗോപിനാഥ്. പിണറായി വിജയൻ സർക്കാർ അധികാരമേറ്റയുടനെ സിവിൽ സർവീസ് പരിഷ്കരണത്തെക്കുറിച്ചാണ് ഏറ്റവുമധികം ചർച്ച നടന്നത്. ഈ സാഹചര്യത്തിലാണ് ഗീതാ ഗോപിനാഥിന്റെ സാമ്പത്തികോപദേശങ്ങൾ കൌതുകകരമാകുന്നത്. ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസറായി ഉദ്യോഗം ലഭിച്ച വേളയിൽ ഓപ്പൺ മാഗസിൻ പ്രസിദ്ധീകരിച്ച അവരുടെ അഭിമുഖം നാരദാ ന്യൂസ് പുനഃപ്രസിദ്ധീകരിക്കുന്നു.

ഓപ്പൺ മാഗസിനിൽ വന്ന അഭിമുഖത്തിലെ ഒരു പ്രധാനപ്പെട്ട ചോദ്യത്തിന് നൽകിയ മറുപടിയിൽ, എന്തുകൊണ്ട് ഗീത ഗോപിനാഥിനെ തന്റെ സാമ്പത്തിക ഉപദേഷ്ടാവായി പിണറായി വിജയൻ നിയമിക്കുന്നു എന്നതിനുള്ള ഉത്തരമുണ്ട്. ഇന്ത്യയുടെ വളർച്ച സംബന്ധിച്ചുള്ള ചോദ്യത്തിനാണ് ഭരണപരിഷ്‌കരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഗീത ഗോപിനാഥ്  നിർണായക അഭിപ്രായപ്രകടനം നടത്തിയത്.

അടിസ്ഥാനസൌകര്യങ്ങൾ, തൊഴിൽ മാർക്കറ്റിന്റെ പരിഷ്‌കരണം, വിദ്യാഭ്യാസം എന്നിങ്ങനെ കുറേ മെച്ചപ്പെടാനുണ്ട്, ഇന്ത്യ ഇതിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കണം. സമൂഹത്തിലെ എല്ലാവർക്കും അവസരമുണ്ടെന്ന് ഉറപ്പ് വരുത്തുകയും താഴേത്തട്ട് വരെ വളർച്ച എത്തിപ്പെടുകയും വേണം. പതുക്കെയായിരുന്നെങ്കിലും വിജയങ്ങളുണ്ട്. നമ്മുടെ പ്രശ്‌നം നിലവാരമില്ലാത്ത ഭരണനിർവ്വഹണമാണ്. ഈ മേഖലയിൽ അടിസ്ഥാനപരമായ പരിഷ്‌കാരങ്ങൾ നടന്നില്ലെങ്കിൽ, ഇന്ത്യയുടെ വളർച്ചയും ജീവിതനിലവാരവും സാധിക്കുന്നതിനേക്കാൾ താഴെയായിരിക്കും

- എന്നാണ് ഗീത ഗോപിനാഥ് മറുപടി നൽകിയത്.


ഈയൊരു വീക്ഷണത്തിന് 'ജനകീയമുഖം' നൽകിയാണ് പിണറായി വിജയൻ സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തത്.

അഴിമതിരഹിതവും സുതാര്യവും കാര്യക്ഷമവുമായ ഭരണവും സിവിൽസർവീസും ഉറപ്പുവരുത്താൻ ജീവനക്കാരുടെ വീക്ഷണങ്ങളിലും മനോഭാവങ്ങളിലും മാറ്റമുണ്ടാകണമെന്ന അഭ്യർഥനയാണ് പിണറായിയുടെ പ്രസംഗത്തിലുടനീളം ഉണ്ടായിരുന്നത്. സിവിൽസർവീസിന്റെ നവീകരണമെന്നത് ഭരണത്തിന്റെ ജനായത്തവത്കരണമാണ്. വികസിതമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കാൻ സിവിൽസർവീസിനെ മാറ്റിത്തീർക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി
അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.


ആറ് വർഷത്തിനിടയിൽ നടന്ന രണ്ട് പ്രസംഗം/അഭിമുഖത്തിന് ഇടയിലുള്ള ദൂരം വളരെ ചെറുതാണെന്ന് ഭരണപരിഷ്‌കരണം സംബന്ധിച്ചുള്ള ഗീത ഗോപിനാഥിന്റെ നിലപാട് വ്യക്തമാക്കുന്നു. ഏതൊക്കെ മേഖലകളിലാകും ഗീത ഗോപിനാഥ് പിണറായി വിജയനെ ഉപദേശിക്കുക എന്ന കാര്യത്തിലും ഇതോടെ വ്യക്തത വന്നിരിക്കുകയാണ്.
ലോകത്തിലെ തന്നെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നിൽ 38 ആം വയസ്സിൽ ഉദ്യോഗം നേടുകയെന്നത് മാത്രം മതി അക്കാദമിക് വൃത്തങ്ങളിൽ ചർച്ചയാകുവാൻ. ഗീത ഗോപിനാഥ് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജ കൂടിയാണ്. ഐഎഎസ് പരീക്ഷയ്ക്കായി സാമ്പത്തികശാസ്ത്രം തിരഞ്ഞെടുത്ത് (അതിന്റെ അക്കാദമിക് നിലവാരത്തിലേയ്ക്ക് എത്തുന്നതിന് വേണ്ടി മാത്രം),  പി എച്ച് ഡി യ്ക്കായി ഹാർവാർഡിനെ പിന്തള്ളി പ്രിൻസ്റ്റനിൽ ചേർന്ന് (ആദ്യത്തേത് അവർക്ക് ഒരു ‘സ്വയം പര്യാപ്ത’യാകുവാനുള്ള എയ്ഡ് പാക്കേജ് അനുവദിച്ചിട്ടും) ഇപ്പോൾ കെൻ റൊഗോഫ്, അമർത്യ സെൻ തുടങ്ങിയ അതികായന്മാരെക്കുറിച്ച് അഹങ്കരിക്കുന്ന പദവിയിലേയ്ക്ക് എത്തുമ്പോൾ ഇക്കണോമിസ്റ്റുകൾ പറയാറുള്ള ‘increasing rewards to scale’ തന്നെയാകുമത്.

ചോ: ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ റ്റെന്യർ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ വനിതയാണ് താങ്കൾ. ഈ ചരിത്രം സൃഷ്ടിക്കലിനെക്കുറിച്ച് എന്ത് കരുതുന്നു?

ഉ: വ്യക്തമായി പറഞ്ഞാൽ, ഹാർവാർഡിലെ ഇക്കണോമിക്സ് ഡിപാർട്ട്മെന്റിൽ റ്റെന്യർ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ വനിതയാണ് ഞാൻ. മറ്റ് ഡിപാർട്ട്മെന്റുകളിലെ ചരിത്രം എനിക്കറിയില്ല. ഈ അവസരം ലഭിച്ചത് സത്യത്തിൽ എന്നെ കോരിത്തരിപ്പിച്ചു.  ഇത് എത്രത്തോളം വലിയ ചരിത്രമാണ് സൃഷ്ടിക്കുക എന്നറിയില്ലെങ്കിലും, ഞാൻ പ്രതീക്ഷിക്കുന്നത് ഇത് കൂടുതൽ ഇന്ത്യാക്കാരെ അക്കാദമിക് രംഗത്തേയ്ക്ക് തിരിയാൻ പ്രചോദനമാകുമെന്നാണ്. മാത്രമല്ല കഠിനാദ്ധ്വാനം കൊണ്ട് വളരേയധികം നേടാനാകുമെന്നുള്ള എന്റെ വിശ്വാസം അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു.

ചോ: വനിതാ പ്രൊഫസ്സർമ്മാർക്ക് റ്റെന്യർ നൽകുന്നതിൽ പിന്നോക്കം നിൽക്കുന്നെന്ന് ഹാർവാഡിന് വിമർശനം ഉണ്ട്. ഇപ്പോഴും ആണുങ്ങൾക്ക് തന്നെയാണോ അവിടെ അവസരങ്ങൾ കൂടുതൽ? കാര്യങ്ങൾ മാറുന്നുണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ?

ഉ: യു എസ്സിലെ യൂണിവേഴ്സിറ്റികളിൽ, പ്രത്യേകിച്ചും ഇക്കണോമിക്സ്, സയൻസ് തുടങ്ങിയ ഡിപാർട്ട്മെന്റുകളിൽ, വളരെ കുറച്ച് മഹിളകൾക്കേ റ്റെന്യൂർ ലഭിച്ചിട്ടുള്ളൂയെന്നത് സത്യമാണ്, ആകെ മൂന്ന് (ഞാനുൾപ്പടെ) സ്ത്രീകളേയുള്ളൂ, അപ്പോൾ അനുപാതം വളരെ താഴെയാണ്. ഹാർവാർഡ് പോലെയുള്ള യൂണിവേഴ്സിറ്റികൾ ഇതിനെപ്പറ്റി ആകുലരാണ്, എല്ലാവർക്കും അവസരം നൽകുന്നതിനായുള്ള പോളിസികൾ മുന്നോട്ട് വെയ്ക്കപ്പെടുന്നുമുണ്ട്. അതുകൊണ്ട്, ശരിയാണ്, കാര്യങ്ങൾ മാറുന്നുണ്ട്—ലീവ് കൊടുക്കുന്നതും കുഞ്ഞ് ജനിക്കുമ്പോൾ ഒരാളുടെ റ്റെന്യൂർ ക്ലോക്ക് നിർത്തുന്നതും പോലെ. കാര്യമായ മാറ്റം പതുക്കെയേ ഉണ്ടാകൂ. കൂടുതൽ സ്ത്രീകൾക്ക് ഉന്നത സ്ഥാനങ്ങളിൽ റ്റെന്യൂർ ലഭിക്കണമെങ്കിൽ കൂടുതൽ സ്ത്രീകൾ നിരയിലുണ്ടാകണം, ഒരിക്കൽ അവർ അക്കാദമിക് പ്രഫഷനിൽ എത്തിക്കഴിഞ്ഞാൽ, അവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശവും ലഭിക്കണം. ഞാൻ വിശ്വസിക്കുന്നത് അവർക്ക് സ്ത്രീകളിൽ നിന്ന് തന്നെ മാർഗ്ഗനിർദ്ദേശം ലഭിക്കുകയാണെങ്കിൽ കൂടുതൽ ഗുണമുണ്ടാകുമെന്നാണ്. റ്റെന്യർ ചെയ്യപ്പെട്ട സ്ത്രീകളുടെ എണ്ണം കുറവാണെങ്കിൽ ഇതെല്ലാം നേടിയെടുക്കുന്നത് പ്രയാസമായിരിക്കും.

ചോ: ഇന്ത്യയിൽ നിന്നും നോബൽ ജേതാവായ അമർത്യ സെന്നിന് ശേഷം ഹാർവാർഡ് ഇക്കണോമിക്സ് ഡിപാർട്ട്മെന്റിലെത്തുന്ന രണ്ടാമത്തെ മാത്രം ആളാണ് താങ്കൾ. അദ്ദേഹം എന്ത് തരത്തിലുള്ള സ്വാധീനമാണ് ചെലുത്തിയത്? താങ്കളുടെ നിയമനത്തിനെക്കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹം എന്താണ് പറഞ്ഞത്?


ഉ: അമർത്യ സെന്നും ഞാനുമല്ലാതെ വേറെ രണ്ട് ഇന്ത്യൻ വംശജരായ പ്രൊഫസ്സർമാർ ഇക്കണോമിക്സ് ഡിപാർട്ട്മെന്റിൽ ഉണ്ട്. അമർത്യ സെന്നും ഞാനും ഇന്ത്യൻ യൂണിവേഴ്സിറ്റികളിലാണ് പഠിച്ചത്. മറ്റ് രണ്ടാളും അമേരിക്കൻ യൂണിവേഴ്സിറ്റികളിലും. ദൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ 1992-94 കാലത്ത് പഠിക്കുമ്പോൾ എന്നെ വളരെയേറേ സ്വാധീനിച്ചയാളാണ് അമർത്യ സെൻ. അവിടെ അദ്ദേഹം ഒരു പ്രത്യേക ലക്ചർ നൽകിയിരുന്നു, അദ്ദേഹം എന്നെ വളരെ സ്വാധീനിച്ചിരുന്നത് ഞാനോർക്കുന്നു. ഞങ്ങൾക്ക് ഹാർവാർഡ് പോലുള്ള സ്ഥലങ്ങളിൽ നിന്നുള്ള ഫാക്കൾട്ടികളോട് ആദരവായിരുന്നു. അവിടെ നിന്നുമുള്ള ഒരാളെ പരിചയപ്പെടുന്നത്, അതും ഇന്ത്യയിൽ വിദ്യാഭ്യാസം നേടിയ ഒരാളെ കണ്ടപ്പോൾ അത് നേടാനാവാത്ത സ്വപ്നമൊന്നുമല്ലെന്ന് തോന്നി. ഹാർവാർഡിൽ, ഞങ്ങളുടെ ജോലിസമയത്തിന്റെ വ്യത്യാസം കാരണം അദ്ദേഹത്തിനെ വളരെക്കുറച്ചേ കാണാൻ കഴിഞ്ഞുള്ളൂ. അമർത്യ വളരെയധികം യാത്ര ചെയ്യുന്നയാളുമാണ്. എന്റെ നിയമനം അറിഞ്ഞ് അദ്ദേഹം എനിക്കൊരു ഇമെയിൽ അയച്ചിരുന്നു. ഭാവിയിൽ അദ്ദേഹവുമായി കൂടുതൽ ഇടപഴകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ചോ: താങ്കളുടെ കഥ പ്രചോദനം ഉണ്ടാക്കുന്നതാണ്. തിരിഞ്ഞ് നോക്കുമ്പോൾ, ഈ അസാധാരണ യാത്ര യാഥാർഥ്യമായത് എങ്ങിനെയാണ്?


ഉ: അങ്ങിനെ പറഞ്ഞതിൽ നന്ദി. ഒരാളെ പിന്തുടരുന്നത് പ്രയാസമാണ്, എന്നാലും എനിക്ക് ചില കാര്യങ്ങൾ കണ്ടെത്താൻ കഴിയും. എനിക്ക് അസാധാരണ മനുഷ്യരുമായി ഇടപഴകാനും അവരോടൊപ്പം കഴിയാനും ഭാഗ്യമുണ്ടായിട്ടുണ്ട്. എന്റെ മാതാപിതാക്കളിൽ നിന്ന് തുടങ്ങിയാൽ, ആത്മാർഥമായ കഠിനാദ്ധ്വാനം കൊണ്ട് എത്രയൊക്കെ നേടാമെന്നുള്ള ബോധം എപ്പോഴും കിട്ടിയിരുന്നു. എനിക്ക് നേടാൻ പറ്റില്ലെന്ന് വിചാരിക്കുമായിരുന്ന കാര്യങ്ങൾ നേടാൻ എന്റെ അച്ഛൻ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു. പിന്നെ എന്റെ ഭർത്താവ്, ഇക്ബാൽ ദാലിവാൽ, അദ്ദേഹത്തിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ വിവാഹിതരായിട്ട് 12 വർഷങ്ങൾ കഴിഞ്ഞു, 7 വയസ്സുള്ള മകനുമുണ്ട്, എന്റെ അക്കാദമിൽ യാത്രയിലുടനീളം അദ്ദേഹത്തിന്റെ പിന്തുണ ലഭിച്ചിരുന്നു. അവസാനമായി, പ്രഫഷണൽ ജീവിതത്തിൽ, എനിക്ക് റോഗോഫ്, ബെനാങ്കെ, ഗൂറിചാസ് തുടങ്ങിയ ഒന്നാന്തരം അഡ്വൈസർമാർ തന്ന അക്കാദമിക് മെന്ററിങ് ഉണ്ടായിരുന്നു. അവരിൽ നിന്നും ഞാൻ വളരെയധികം പഠിച്ചു. ഇവരൊന്നുമില്ലായിരുന്നെങ്കിൽ എനിക്ക് ഒന്നും നേടാനാവുമായിരുന്നില്ലെന്ന് സത്യമായും ഞാൻ വിശ്വസിക്കുന്നു.

ചോ: എന്ത് കൊണ്ട് ഇക്കണോമിക്സ് തിരഞ്ഞെടുത്തു?

ഉ: അത് എത്തിപ്പെട്ടതാണെന്ന് പറയാം. പന്ത്രണ്ടാം ക്ലാസ്സ് വരെ ഞാനൊരു സയൻസ് വിദ്യാർഥിയായിരുന്നു. ആ സമയത്തെ എല്ലാ വിദ്യാർഥികളേയും പോലെ, എനിക്ക് എന്ത് ചെയ്യണമെന്ന് വ്യക്തതയില്ലായിരുന്നു. എന്റെ മാതാപിതാക്കൾക്ക് എന്നെ ഐഎഎസ്സിന് വിടണമെന്നായിരുന്നു ആഗ്രഹം. ഇക്കണോമിക്സ് പോലൊരു വിഷയം അതിന് സഹായിക്കുമെന്നും തീരുമാനിച്ചു. അങ്ങിനെയാണ് ഇക്കണോമിക്സ് പഠിക്കാനായി ദൽഹിയിൽ ആദ്യമായെത്തുന്നത്. ബാച്ചിലേഴ്സ് ചെയ്യുമ്പോൾ ആ വിഷയം ഞാൻ ആസ്വദിക്കാൻ തുടങ്ങുകയും അഡ്മിനിസ്ട്രേറ്റീവ് സർവ്വീസസിനേക്കാൾ അകാഡിമീയോടാണ് എനിക്ക് കൂടുതൽ താല്പര്യം എന്ന് മനസ്സിലാകുകയും ചെയ്തു.

ചോ: ദൽഹിയിലെ വിദ്യാർഥിജീവിതത്തിനെക്കുറിച്ച് പറയമോ. ക്യാമ്പസിലെ അന്തരീക്ഷം എങ്ങിനെയായിരുന്നു?


ഉ: ഞാനെന്റെ ബാച്ച്ലേഴ്സും മാസ്റ്റേഴ്സും 1989-94 കാലഘട്ടത്തിൽ ദൽഹി യൂണിവേഴ്സിറ്റിയിലായിരുന്നു ചെയ്തത്. ലേഡി ശ്രീ റാം ഹോസ്റ്റലിലും പോസ്റ്റ് ഗ്രാജ്വേറ്റ് വിമൺസ് ഹോസ്റ്റലിലുമായിരുന്നു താമസം. രണ്ടിടത്തും ഞാൻ ആസ്വദിച്ചിരുന്നു. ആദ്യമെല്ലാം ദൽഹി യൂണിവേഴ്സിറ്റിയിലെ മത്സരം എന്നെ ഭയപ്പെടുത്തിയിരുന്നു. ഞാൻ മൈസൂരിൽ നിന്നാണ്, ഫാൻസി സ്കൂളുകളിൽ പോകുകയോ ഇക്കണോമിക്സ് പഠിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, പതിയേ ഞാൻ എല്ലാം ആസ്വദിക്കാൻ തുടങ്ങുകയും ഒരിക്കൽക്കൂടി കഠിനാദ്ധ്വാനം എല്ലാ തടസ്സങ്ങളേയും നീക്കുമെന്ന് മനസ്സിലാക്കുകയും ചെയ്തു. ഇപ്പോൾ കുറേ വർഷങ്ങൾ യു എസ് ക്യാമ്പസ്സുകളിൽ ചിലവഴിച്ചപ്പോൾ ഇന്ത്യയിൽ മാറ്റം വരുത്തെണ്ടതായ കുറച്ച് കാര്യങ്ങളുണ്ടെന്ന് കരുതുന്നു. എനിക്ക് തോന്നുന്നത് പഠിപ്പിക്കുന്ന ഫാക്കൽറ്റികളും ഗവേഷണത്തിൽ ഉൾപ്പെടണമെന്നാണ്, അത് അവരെ അറിവിന്റെ മുൻ നിരയിൽ നിലനിർത്തും. അത് വിദ്യാർഥികൾക്കും ഗുണകരമാണ്, പക്ഷേ, മികച്ച കോളജുകളിൽ പോലും അങ്ങിനെയല്ല ഉള്ളത്. ഒപ്പം തന്നെ, വിഷയം പഠിപ്പിക്കുന്നതിലെ കർശനത്വം വളരെ വർദ്ധിപ്പിക്കേണ്ടതുണ്ട്. 3-വർഷത്തെ ബിഏ പ്രോഗ്രാമിൽ നമുക്ക് വളരെ കുറച്ചേ പഠിപ്പിക്കാറുള്ളൂ, അത് മാറണം.

ചോ: താങ്കൾ ദൽഹി യൂണിവേഴ്സിറ്റിയിലെ ലേഡി ശ്രീ റാം കോളജിൽ (1989-1992) നിന്നും ബാച്ച്ലേഴ്സ് ഇൻ ഇക്കണോമിക്സ് മുഴുവനാക്കി. പിന്നീട് ദൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ മാസ്റ്റേഴും (1992-1994). അത് അന്നത്തെ ധനമന്ത്രിയായിരുന്ന മന്മോഹൻ സിങിന്റെ മേൽനോട്ടത്തിൽ ഇന്ത്യയിൽ ഉദാരവൽക്കരണം നടക്കുന്ന സമയമായിരുന്നു. ആ ചരിത്രപരമായ മാറ്റത്തിനെ അന്ന് എങ്ങിനെ കണ്ടിരുന്നു?


ഉ: ഒരു സാമ്പത്തികശാസ്ത്രവിദ്യാർഥി എന്ന നിലയിൽ പ്രധാനപ്പെട്ട ഒരു സമയമായിരുന്നു അത്. ഞാൻ ആ വിഷയം ആസ്വദിച്ചിരുന്നതിന്റെ കാരണങ്ങളിലൊന്ന് അതെന്ന് എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ-- കുറഞ്ഞ പക്ഷം ഇക്കണോമിക്സ് മനസ്സിലാക്കാൻ സഹായിക്കുന്നതെങ്ങിനെയെന്ന് തിരിച്ചറിയാൻ- സഹായിച്ചെന്നതാണ്. എന്റെ സ്പെഷ്യലൈസേഷൻ ആയ ഇന്റർനാഷണൽ ഇക്കണോമിക്സിനോടുള്ള എന്റെ താല്പര്യം ആ സമയത്താണ് പുറത്ത് വന്നത്. കാരണം പരിഷ്കാരത്തിന് ശേഷമുള്ള ബുദ്ധിമുട്ടുകൾ തൽക്കാലത്തേയ്ക്കായിരുന്നു. ഞാൻ ഇന്റർ-കോളജ് മത്സരങ്ങളിൽ പങ്കെടുത്ത് ഇന്ത്യയിലെ ഉദാരവൽക്കരണത്തിന്റെ പരിണതഫലത്തെക്കുറിച്ച് സംവദിച്ചിട്ടുണ്ട്. ഇതെല്ലാം എനിക്ക് ഇക്കണോമിക്സ് രസകരമാക്കിത്തീർത്തു.

ചോ: താങ്കളെ ഹാർ വാർഡിൽ പിഎച്ച്ഡി ചെയ്യാനായി തിരഞ്ഞെടുത്തതായിരുന്നു, പക്ഷേ ഹാർവാർഡ് താങ്കൾക്ക് സാമ്പത്തികസഹായം ചെയ്യാൻ വിസമ്മതിച്ചതിനാൽ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ചെയ്യാൻ പോയി. അത് താങ്കളെ നിരാശപ്പെടുത്തിയിരുന്നോ?

ഉ: ഉവ്വ്, എനിക്ക് ഹാർവാർഡിൽ പ്രവേശനം കിട്ടിയിട്ടും സാമ്പത്തികമില്ലാത്തതിനാൽ പോകാൻ കഴിയാതെ വന്ന സമയമുണ്ടായിരുന്നു. അത് ശരിക്കും വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ എന്റെ മാസ്റ്റേഴ്സ് കഴിഞ്ഞപ്പോഴായിരുന്നു. അതൊരു നൈരാശ്യമായിരുന്നു. പക്ഷേ, ഞാൻ മുഴുവൻ സാമ്പത്തികസഹാത്തോടെ പ്രിൻസ്റ്റനിൽ ചേരാൻ കഴിഞ്ഞു. അപ്പോൾ സന്തോഷമായി. എനിക്കെപ്പോഴും ഒരു സ്വയം പര്യാപ്തയായ ആളാകാനായിരുന്നു ഇഷ്ടം. കേൾക്കുമ്പോൾ അല്പം പഴഞ്ചനായി തോന്നുമെങ്കിലും എന്റെ മാതാപിതാക്കൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം എനിക്ക് വേണ്ടി ചിലവാക്കുന്നതിൽ എനിക്ക് താല്പര്യമില്ലായിരുന്നു. എനിക്ക് എന്റെ മാതാപിതാക്കളോടെ ചിലവ് കൂടിയ അമേരിക്കൻ വിദ്യാഭ്യാസത്തിനായി പണം ചോദിക്കാൻ കഴിയുമായിരുന്നില്ല, അവർ എനിക്ക് വേണ്ടി എത്ര വേണമെങ്കിലും ശ്രമിക്കുമെന്ന് അറിയാമായിരുന്നിട്ടും. ഭാഗ്യത്തിന്, എല്ലാം നേടാൻ എനിക്ക് കഴിഞ്ഞു.

ചോ: താങ്കൾ ഇന്റർനാഷണൽ മാക്രോ ഇക്കണോമിക്സ് ആന്റ് ട്രേഡിൽ ഡോക്ടറൽ തിസീസ് മുഴുവനാക്കിയത് പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിലാണ് (1996-2001). താങ്കളുടെ അഡ്വൈസർമാരായിരുന്നു കെൻ റൊഗോഫ്ഫും ബെൻ ബെർനാങ്കേയും ഒലിവിയർ ഗോറിഞ്ചാസും. അവരവരുടെ മേഖലയിലെ വൻ കക്ഷികൾ. അവരുമൊത്ത് പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ പറയൂ. ആരായിരുന്നു കൂടുതൻ സ്വാധീനിച്ചത്?


ഉ: എനിക്ക് മാക്രോ ഇക്കണോമിക്സിലെ ചില വലിയ ആളുകളോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു. കെൻ റുഗോഫ്, ഹാർവാർഡ് പ്രൊഫസർ കൂടിയാണ്, ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആയിരുന്നു. ബെൻ ബെർനാങ്കേ, യൂ എസ് ഫെഡറൽ റിസർവ്വിന്റെ ഇപ്പോഴത്തെ ചെയർമാനാണ്, പിയറീ-ഒലീവിയർ ഗോറിഞ്ചാസ് ബെർക്ക്ലീയിലെ പ്രഫസറാണ്. അവരൊക്കെ വലിയ ബുദ്ധിജീവികളായിരുന്നെങ്കിലും വളരെ താഴ്മയുള്ളവരുമായിരുന്നു. അതായത്, അവർ എപ്പോഴും കൂടുതൽ പഠിക്കാൻ ശ്രമിക്കാൻ ശ്രമിക്കുകയും അറിവ് വരുന്ന വഴിയെക്കുറിച്ച് ആകുലപ്പെടാത്തവരുമായിരുന്നു. അവർ വിദ്യാർഥികളിൽ നിന്ന് പോലും നല്ല ആശയങ്ങൾ സ്വീകരിക്കുമായിരുന്നു. ഒരിക്കലും അവരോടൊപ്പം ജോലി ചെയ്യുമ്പോൾ ഉയർച്ചതാഴ്ച്ചകൾ തോന്നിയിട്ടേയില്ല. ഞങ്ങളെല്ലാവരും അറിവിന്റെ അതിരുകൾ കടക്കുകയായിരുന്നു, ആരാണ് ഫാക്കൽറ്റി ആരാണ് വിദ്യാർഥി എന്നതൊന്നും പ്രശ്നമായിരുന്നില്ല. ഞാൻ വിദ്യാർഥികളോട് ഇടപഴകുമ്പോൾ ആ മോഡലാണ് പിന്തുടരാൻ ശ്രമിച്ചിരുന്നത്.

ചോ: ആഗോളസാമ്പത്തികപ്രതിസന്ധിയെക്കുറിച്ച് താങ്കളുടെ ഗവേഷണം ആസ്പദമാക്കി പറയാമോ?

ഉ:എന്റെ വിഷയം ഇന്റർനാഷണൽ മാക്രോ ഇക്കണോമിക്സ് ആയിരുന്നു. രണ്ട് പ്രധാന പ്രശ്നങ്ങളിലാണ് ഫോക്കസ് ചെയ്തിരുന്നത്: 1. ആഗോള വിലനിർണ്ണയവും എക്സ്ചേഞ്ച് റേറ്റ് മൂവ്മെന്റിന്റെ പ്രഭാവവും. 2. ബിസിനസ്സ് സൈക്കിളുകളും ഉയർന്നു വരുന്ന മാർക്കറ്റിന്റെ പ്രശ്നങ്ങളും. ഇന്റർനാഷണൽ പ്രൈസസിന്റെ വിഷയത്തിൽ, ഞാൻ പ്രായോഗികമായും സൈദ്ധാന്തികമായും വിശകലനം ചെയ്തത് എക്സ്ചേഞ്ച് റേറ്റ് മാറ്റങ്ങളുടെ പ്രഭാവം ഇറക്കുമതി/കയറ്റുമതി ചെയ്യപ്പെടുന്ന സാധനങ്ങളേയും ഉപഭോക്തൃവിലയേയും എങ്ങിനെ ബാധിക്കുമെന്നാണ്. ഇപ്പോഴത്തെ ആഗോള സാമ്പത്തികപ്രതിസന്ധിയിൽ ഡൊളറുമായി മറ്റ് കറൻസികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും യൂറോ മേഖലയും യൂറോയുടെ മൂല്യവും വിശകലനം ചെയ്യപ്പെടുന്നു. എന്റെ ഗവേഷണം ഈ ചലനങ്ങൾ എന്താണെന്ന് മനസ്സിലാക്കാനും രാജ്യങ്ങളിലെ വിലക്കയറ്റവും ഇറക്കുമതിത്തീരുവയും എങ്ങിനെ ബാധിക്കപ്പെടുമെന്ന് തിരിച്ചറിയാനും സഹായിക്കുന്നുണ്ട്. ഒപ്പം തന്നെ ഡോളർ പ്രാധാന്യം കുറയുമ്പോൾ സ്ഥാപനങ്ങളുടെ വിലനിർണയസ്വഭാവം പരിശോധിക്കാനും സാധിക്കുന്നു.

എമേർജിങ് മാർക്കറ്റിനെക്കുറിച്ച് പറയുമ്പോൾ, ഞാൻ വികസിതവും വികസ്വരവുമായ മാർക്കുകൾ തമ്മിലുള്ള ബിസിനസ് സൈക്കിളുകൾ തമ്മിലുള്ള വിത്യാസങ്ങൾ പഠിച്ചു. മാർക്കറ്റിലെ international capital flows and sovereign debt എന്നിവയുടെ പ്രഭാവങ്ങളും. കടത്തിന്റെ പ്രശ്നം ഇപ്പൊഴെല്ലാം വികസിതമല്ലാത്ത ലോകത്തിലെ പ്രതിഭാസമായിട്ടാണ് കണക്കാക്കുന്നത്, ഗ്രീസിലെ സംഭവങ്ങൾ കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കും. റിയൽ ഇക്കണൊമിയിൽ വൻകിട കടങ്ങളുണ്ടാക്കുന്ന പ്രതിലോമകരമായ പ്രശ്നങ്ങളെക്കുറിച്ച് ഞാൻ പഠിച്ചിരുന്നു. കടത്തിന്റെ ഭാരം കുറയ്ക്കാനായി ഗ്രീസ് കടുത്ത നിലപാടുകൾ എടുക്കുന്നത് കൊണ്ട് കൂടിയ കടങ്ങളുടെ പ്രതിലോമ ആഘാതവും മനസ്സിലുണ്ടാകണം. മറുവശത്ത്, വേജ് & സാലറി വെട്ടിക്കുറയ്ക്കലുകൾ കാരണം ഉണ്ടായ നെഗറ്റീവ് ഡിമാന്റ് പാർശ്വഫലങ്ങൾ ഉണ്ട്, അതിനെപ്പറ്റി ഭാവിയിൽ ഗവേഷണം നടത്തണമെന്നുണ്ട്.

ചോ: യൂറോപ്പിലെ ഇപ്പോഴത്തെ കടപ്രശ്നത്തിനേയും യൂറോസോണിന്റെ ഭാവിയെപ്പറ്റിയും എന്താണ് കാഴ്ചപ്പാട്?

ഉ: യൂറോപ്പിലെ കടപ്രശ്നം രൂക്ഷമാണ്, അതാണ് ഒരുപാട് രാജ്യങ്ങൾ ചിലവ് ചുരുക്കലും നികുതി വർദ്ധനയും ഉപയോഗിച്ചുള്ള കഠിനമായ നയങ്ങൾ എടുക്കുന്നത്. ഇവിടെയൊരു സന്തുലനം ഉണ്ട്. ഈ നയങ്ങൾ കടത്തിനുമേൽ ഒരു തട കെട്ടിയിരിക്കുന്നു, പക്ഷേ അതേ സമയം ഈ നയങ്ങൾ ഒരു പുതിയ തിരിച്ചുവരവിനെ കുലുക്കുകയും ചെയ്യും. എന്തൊക്കെയായാലും ഈ നയങ്ങൾ സാമ്പത്തികമാന്ദ്യത്തിലെത്തിക്കും. കടപ്രശ്നത്തിനെ വഷളാക്കുകയേയുള്ളൂ അത്. യൂറോസോണിനെ ഒന്നിച്ച് നിർത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെന്ന് തോന്നുന്നു – രക്ഷാധനവും രാഷ്ട്രീയപരമായി ചിലവേറിയ നയങ്ങളുമെല്ലാം. സമീപഭാവിയിൽ കാര്യങ്ങൾ എങ്ങിനെയാവുമെന്ന് കാണുന്നത് കൌതുകകരമായിരിക്കും.

ചോ: യൂറോപ്പിന്റെ പ്രതിസന്ധി ഇന്ത്യയെ എങ്ങിനെയായിരിക്കും ബാധിക്കുക?

ഉ: യൂറോപ്പിലെ മാന്ദ്യം പോലുള്ള പ്രതിസന്ധികൾ ഇന്ത്യയെ നേരിട്ടായിരിക്കും ബാധിക്കുക. ഇന്ത്യൻ ഉൽ‌പ്പന്നങ്ങൾക്ക് ആവശ്യം കുറയുക, യൂറോപ്പിൽ നിന്നും ഇന്ത്യയിലേയ്ക്കുള്ള നിക്ഷേപം കുറയുക എന്നിങ്ങനെ. ഇന്ത്യ യൂറോ കടത്തിൽ പെടുകയാണെങ്കിലും കുഴപ്പമുണ്ടാകും. എന്റെ തോന്നൽ എന്താണെന്നാൽ, ഇന്ത്യയുടെ എക്സ്പോഷർ കുറവായത് കൊണ്ട് എല്ലാ കോണിലും ഇന്ത്യയ്ക്കുണ്ടാകാവുന്ന ആഘാതം അത്ര വലുതായിരിക്കില്ല. തീർച്ചയായും പ്രധാനപ്പെട്ട നേരിട്ടല്ലാത്ത ആഘാതങ്ങൾ ഉണ്ടാകും. ഇന്ത്യ പോലുള്ള വികസ്വരമാർക്കറ്റിനെക്കുറിച്ച് യൂറോപ്യൻ നിക്ഷേപകർക്കുണ്ടാകുന്ന വ്യാകുലത അവരെ പണം പിൻവലിക്കാൻ പ്രേരിപ്പിക്കും. ഇതൊഴിവാക്കാൻ, ഇന്ത്യ മുൻ കൂട്ടി തയ്യാറായിരിക്കണം: റെവെന്യൂ സ്ഥിരതയും ഉല്പാദനക്ഷമമല്ലാത്ത ഇളവുകൾ കുറച്ചുമുള്ള നയങ്ങളെടുത്ത് ഇന്ത്യ തങ്ങളുടെ ധനക്കമ്മി ന്യായമായ നിരക്കിൽ നിലനിർത്തുമെന്ന് ലോകത്തിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇത് ഇന്ത്യയെ മറ്റ് സാമ്പത്തികപ്രശ്നമുള്ള മാർക്കറ്റുകളിൽ നിന്നും അകറ്റി നിർത്തി വലിയ ആഘാതങ്ങൾ തടയും.

ചോ: ഒരുകാലത്ത് ലോകസമ്പത് വ്യവസ്ഥ മുന്നോട്ട് പോകാനുള്ള വഴി നോക്കുമ്പോൾ താങ്കളുടെ മേഖല താങ്കളെ വിശകലനം ചെയ്യാനും പ്രതിവിധികൾ നിർദ്ദേശിക്കാനുമുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്തത്തിലെത്തിക്കുന്നു. സെപ്റ്റംബർ 2008 ഇൽ 'greatest economic crisis since the Great Depression' പ്രതീക്ഷിച്ചിരുന്നോ? പാഠങ്ങളെല്ലാം പഠിച്ചെന്ന് താങ്കൾ കരുതുന്നുണ്ടോ? എന്തായിരുന്നു താങ്കളുടെ ആകുലതകൾ?


ഉ: പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് തന്ന ധാരാളം ഇക്കണോമിസ്റ്റുകളുണ്ട്, പക്ഷേ യു എസ് ഫെഡറൽ റിസർവിലെ പോളിസി നിർമ്മാതാക്കൾ ശുഭപ്രതീക്ഷരുടെ വാക്കുകളിലാണ് വിശ്വസിച്ചത്. രണ്ട് പ്രതിസന്ധികൾ ഒരിക്കലും ഒരുപോലാവില്ല. അതുകൊണ്ട് ഇപ്പോഴത്തേത് പ്രവചനാതീതമായിരുന്നെന്നൊന്നും അതിശയിക്കേണ്ടതില്ല. പഴയ പ്രതിസന്ധികളെക്കുറിച്ചുള്ള മനസ്സിലാക്കൽ കൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിയിലെ ചില കാര്യങ്ങൾ പരിഹരിക്കാവുന്നതാണ്. ബെൻ ബെർനാങ്കേ, 1929 ലെ Great Depression നെക്കുറിച്ച് ഗവേഷണം ചെയ്യുന്നവരിൽ പ്രമുഖൻ, ഇപ്പോഴത്തെ ഫെഡറൽ റിസർവ്വിന്റെ ചെയർമാൻ, Great Depression ന്റെ സമയത്ത് ഫെഡറൽ റിസർവ്വ് ചെയ്ത തെറ്റുകൾ ഒഴിവാക്കാൻ തനിക്കറിയാവുന്നതെല്ലാം ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി രണ്ടാമതൊരു വലിയ മാന്ദ്യം ആവാതിരുന്നതിൽ അദ്ദേഹത്തിന്റെ നയങ്ങൾക്ക് നന്ദി പറയണം. ഫിനാൻഷ്യൽ റെഗുലേഷനിലെ പിഴവുകളും വളരുന്ന ബഡ്ജറ്റ് കമ്മിയും അഭിമുഖീകരിക്കേണ്ടത് അത്യാവശ്യമാണ് – ഈ പ്രശ്നങ്ങൾ വളരെ ശ്രദ്ധയാകർഷിക്കുന്നതായത് കൊണ്ട് പരിഷ്കരണത്തിന്റെ വേഗം നഷ്ടപ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കണം, എനിക്ക് ഭാവിയിലെ ലോകസാമ്പത്തികരംഗത്തെക്കുറിച്ച് നല്ല പ്രതീക്ഷകളാണുള്ളത്.

ചോ: ഇന്ത്യക്കാരിയായത് താങ്കളുടെ ഇക്കണോമിക്സിനെ സ്വാധീനിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എങ്ങിനെ?

ഉ: വികസികമാർക്കറ്റുകളേക്കാളും വികസ്വരമാർക്കറ്റുകളിൽ കൂടുതൽ മുഴുകുന്നത്ര സ്വാധീനിച്ചിട്ടുണ്ട്. വികസ്വരമാർക്കറ്റുകളിലെ ബിസിനസ്സ് സൈക്കിളുകളിലെ പ്രശ്നങ്ങളും കടവും, അമിതകടവും എല്ലാമാണ് എന്റെ ഗവേഷണത്തിന്റെ കേന്ദ്രം.

ചോ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലെ ഇന്ത്യയുടെ വളർച്ച താങ്കൾ നിരീക്ഷിച്ചിട്ടുണ്ട്. നമ്മളെത്രത്തോളം മെച്ചപ്പെട്ടു? വലിയ വിജയങ്ങളും തോല്വികളും എന്തൊക്കെയാണ്?

ഉ: അടുത്ത കാലത്തെ ആഗോളമാന്ദ്യത്തിന്റെ സമയത്തെ ഇന്ത്യയുടെ കൂടിയ വളർച്ചാനിരക്കും പ്രകടവും നല്ലതാണ്. വലിയ വളർച്ച നേടാൽ കൂടുതൽ സമയമെടുത്തെന്നതാണ് മോശം. ചില സ്വാഭാവികമായ പരിഷ്കാരങ്ങൾ വേണ്ടിയിരുന്നത് 1980, 1990കളിൽ എടുത്തിട്ടുണ്ട്, ലൈസൻസ് രാജ്, കൂടുതൽ മത്സരങ്ങൾ അനുവദിക്കുക, വിപണിയെ നവീകരിക്കുക എന്നിങ്ങനെ. ഇക്കണോമി ഇതിൽ നിന്നെല്ലാം ഗുണം അനുഭവിച്ചത് അത്ഭുതമൊന്നുമല്ല. അടിസ്ഥാനസൌകര്യങ്ങൾ, തൊഴിൽ മാർക്കറ്റിന്റെ പരിഷ്കരണം, വിദ്യാഭ്യാസം എന്നിങ്ങനെ കുറേ മെച്ചപ്പെടാനുണ്ട്, ഇന്ത്യ ഇതിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കണം. സമൂഹത്തിലെ എല്ലാവർക്കും അവസരമുണ്ടെന്ന് ഉറപ്പ് വരുത്തുകയും താഴേത്തട്ട് വരെ വളർച്ച എത്തിപ്പെടുകയും വേണം. പതുക്കെയായിരുന്നെങ്കിലും വിജയങ്ങളുണ്ട്. നമ്മുടെ പ്രശ്നം നിലവാരമില്ലാത്ത ഭരണനിർവ്വഹണമാണ്. ഈ മേഖലയിൽ അടിസ്ഥാനപരമായ പരിഷ്കാരങ്ങൾ നടന്നില്ലെങ്കിൽ, ഇന്ത്യയുടെ വളർച്ചയും ജീവിതനിലവാരവും സാധിക്കുന്നതിനേക്കാൾ താഴെയായിരിക്കും.

ചോ: UPA യുടെ സാമ്പത്തികനയങ്ങൾ ശരിയായ ദിശയിലാണെന്ന് കരുതുന്നുണ്ടോ? എന്തെങ്കിലും ആശങ്കയ്ക്ക് വകയുണ്ടോ?

ഉ: ചില നല്ല സാമ്പത്തികനയങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ആശങ്കയ്ക്കിടയുള്ള രണ്ട് പ്രവണതകൾ വലിയ അളവിലുള്ള ബഡ്ജറ്റ് കമ്മിയും കൂടിയ നാണയപ്പെരുപ്പവുമാണ്. ഇതിന് രണ്ടിനുമായുള്ള നയങ്ങൾ പ്രധാനമാണ്.

ചോ: ഇക്കണോമിസ്റ്റുകൾ നല്ല രാഷ്ട്രീയക്കരാകുമോ?

ഉ: പറയാൻ പ്രയാസം. എനിക്ക് വളരെ കുറച്ച് പേരേയേ അറിയൂ, ഒരു സയന്റിഫിക് ടെസ്റ്റ് നടത്താൻ പറ്റിയിട്ടില്ല!

ചോ: ഇന്ത്യ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടോ? സർക്കാരുകളെ സാമ്പത്തികനയങ്ങളിൽ ഉപദേശിക്കുന്നതിൽ താല്പര്യമുണ്ടോ?

ഉ: ഉവ്വ്, ഞാൻ ഇടയ്ക്കിടെ ഇന്ത്യയിൽ വരാറുണ്ട്—വർഷത്തിലൊരിക്കലെങ്കിലും. നയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഇടപെടാൻ ഇഷ്ടമാണ്, നയതന്ത്രജ്ഞരുമായി ജോലി ചെയ്യാൻ താല്പര്യമുണ്ട്.

കടപ്പാട്: ഓപ്പൺ മാഗസിൻ

വിവര്‍ത്തനം: ജയേഷ് എസ്