'ഗീതോ'പദേശത്തിൽ ശങ്കവേണ്ട; സർക്കാരിന്റെ സാമ്പത്തികനയം മാറില്ല

ഗീതാ ഗോപിനാഥിനെപ്പോലൊരാൾ ഉപദേശക സ്ഥാനത്തു വന്നാൽ LDFസർക്കാരിന്റെ സാമ്പത്തിക നയമാകെത്തന്നെ കീഴ്‌മേൽ മറിയുമെന്ന് കരുതുന്നത് അടിസ്ഥാന രഹിതമാണ്. പതിറ്റാണ്ടുകളായി നവലിബറൽ നയങ്ങൾക്കെതിരെ പോരാടുന്ന ഒരു പാർട്ടിയാണ് സിപിഐഎം. ടി ഗോപകുമാർ എഴുതുന്നു.

ടി. ഗോപകുമാർ 

കേരള മുഖ്യമന്ത്രി സാമ്പത്തിക മേഖലയിൽ ഒരു ഉപദേശകയെ നിയമിക്കുന്നതിൽ ആശങ്കപ്പെട്ട് ചർച്ച ചെയ്യുന്നവരിൽ രണ്ടു വിഭാഗമുണ്ട്. ഒന്ന് മുഖ്യമന്ത്രിയുടെ ഈ നടപടി നവലിബറൽ നയങ്ങളോടുള്ള പൂർണ്ണ കീഴടങ്ങലായിപ്പോകുമോ എന്ന് ചിന്തിക്കുന്ന ശുദ്ധാത്മാക്കൾ. മറ്റൊന്ന് പിണറായി പറിക്കുന്ന ആണിയെല്ലാം അനാവശ്യമെന്ന് വാദിക്കുന്നവർ. രണ്ടാമത്തെക്കൂട്ടർക്ക് മറുപടി പറയുന്നത് വൃഥാവ്യായാമമായതിനാൽ അതിന് മിനക്കെടുന്നില്ല.

ഗീതാ ഗോപിനാഥിനെപ്പോലൊരാൾ ഉപദേശക സ്ഥാനത്തു വന്നാൽ LDFസർക്കാരിന്റെ സാമ്പത്തിക നയമാകെത്തന്നെ കീഴ്‌മേൽ മറിയുമെന്ന് കരുതുന്നത് അടിസ്ഥാന രഹിതമാണ്. പതിറ്റാണ്ടുകളായി നവലിബറൽ നയങ്ങൾക്കെതിരെ പോരാടുന്ന ഒരു പാർട്ടിയാണ് സിപിഐഎം. അതിന്റെ സെക്രട്ടറിയായും പി ബി അംഗമായും ഈ പോരാട്ടങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന നവകേരള മാർച്ചിൽ കേരളമങ്ങോളമിങ്ങോളമുള്ള ആളുകളുമായി ഇടപഴകുമ്പോൾ അവരിൽ നിന്നും ഏറെ കേട്ടതും ചർച്ച ചെയ്തതും നവലിബറൽ നയങ്ങൾ നടപ്പിലാക്കപ്പെട്ടതിന്റെ കെടുതികളാണ്. കേരളത്തിൽ അന്ന് നടമാടിയിരുന്ന ഭരണതല അഴിമതി പോലും അതിന്റെ ഉപോൽപ്പന്നമായിരുന്നു.


കേരള വികസനത്തെ സംബന്ധിച്ച മൗലികവും സമഗ്രവുമായ ചർച്ചയായിരുന്നു ഈ വർഷം ആദ്യം നടന്ന അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്. സിപിഐഎം നേതൃത്വത്തിൽ നടന്ന പഠന കോൺഗ്രസ് അടിവരയിട്ടത് സാമ്പത്തിക മേഖലയിലടക്കം എല്ലാ രംഗത്തും നടപ്പാക്കേണ്ട നവലിബറൽ വിരുദ്ധ നയങ്ങളുടെ രൂപീകരണത്തിലാണ്. പഠനകോൺഗ്രസ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, വി എസ്സ് അച്ചുതാനന്ദൻ, തോമസ് ഐസക്ക് തുടങ്ങിയ പ്രധാനപ്പെട്ട നേതാക്കൾ അർത്ഥശങ്കക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയതാണ് നവലിബറൽ നയങ്ങൾക്കെതിരായ നിലപാടുകൾ. പഠനകോൺഗ്രസിൻറെ അവസാനം എത്തിച്ചേർന്ന നിലപാടും അതുതന്നെ ആയിരുന്നു.

പഠനകോൺഗ്രസിന്റെ ചുവടുപിടിച്ച് രൂപം കൊടുത്ത LDF പ്രകടന പത്രികയും നവ ഉദാരീകരണ നയങ്ങൾക്കെതിരെയുള്ള നിലപാട് ശക്തമായിത്തന്നെ മുന്നോട്ടുവച്ചിരുന്നു. അതെത്തുടർന്ന് അധികാരത്തിൽ വന്ന സർക്കാരിന്റെ നിലപാടുകളും ആദ്യ ബഡ്ജറ്റും ആ വഴിക്കുതന്നെയുള്ള മുന്നോട്ടുപോകൽ ആയിരുന്നുവെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടായില്ല.

വസ്തുതകൾ ഇതായിരിക്കെ ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കുന്നതുകൊണ്ടു മാത്രം പിണറായി വിജയൻ കടുത്ത നവലിബറൽ ചിന്തയ്ക്ക് അടിപ്പെട്ടുപോകുമെന്ന് പറയുന്നതിന് എന്തടിസ്ഥാനമാണുള്ളത്? ധനമന്ത്രി ഡോ. തോമസ് ഐസക്കിനും ആസൂത്രണബോർഡ് ഉപാധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രനെയും മന്ത്രിസഭയിലെ മറ്റൊരു ധനകാര്യ വിദഗ്ദ്ധനായ പ്രൊഫ. രവീന്ദ്രനാഥിനെയും കാൾ സ്വാധീനം പിണറായിയിൽ ചെലുത്താൻ ഗീതാ ഗോപിനാഥിന് കഴിയുമെന്ന വാദം അത്ര നിസ്സാര വാദമല്ല, അത്ര ശുദ്ധവുമല്ല.

പലരും കരുതുന്നതുപോലെ ഭരണം ഒരു ഒറ്റയാൾ കച്ചേരില്ല. പാർട്ടിയുടെയും മുന്നണിയുടെയും നിയന്ത്രണത്തിൽ നിയമസഭയുടെ ഇടപെടലിന് വിധേയമായി മന്ത്രിസഭയുടെ കൂട്ടായ നേതൃത്വത്തിൽ നടക്കുന്ന ഒന്നാണത്.

എങ്കിൽപ്പിന്നെ ഗീതാ ഗോപിനാഥിനെ നിയമിച്ചതെന്തിനാണ് എന്ന ചോദ്യമുണ്ട്. അത് ന്യായവുമാണ്.

1957 ലെ മന്ത്രിസഭയുടെ കാലം മുതൽ ഇ എം എസ് അടക്കമുള്ള CPIM നേതാക്കൾ പറയുന്ന ഒരു കാര്യമുണ്ട്. ''ഇന്ത്യയിലെ മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ നിലനിൽക്കുന്ന ഒരു സംസ്ഥാനത്തിലാണ് ഇടതുപക്ഷം ഭരണം കയ്യാളുന്നത്.'' അതിൻറെ പരിമിതി ഭരണത്തിനുണ്ടാവുക സ്വാഭാവികമാണ്.

പൂർണ്ണമായും സോഷ്യലിസ്റ്റ് വികസന സങ്കൽപ്പങ്ങളിലൂന്നിയ ഒരു ഭരണം ഈ ഘട്ടത്തിൽ പ്രതീക്ഷിക്കരുത്. അതിൻറെയർത്ഥം പൂർണ്ണമായും മുതലാളിത്ത ഭരണക്രമം സ്വീകരിക്കും എന്നതല്ല. നിലവിലുള്ള സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതരീതികൾ മെച്ചപ്പെടുത്തുക എന്നതാണ് രീതി. അത്തരത്തിൽ പ്രവർത്തിക്കുമ്പോൾ ആശയപരമായി മറുചേരിയിൽ നിൽക്കുന്നവരെപ്പോലും ശത്രുക്കളായി കാണേണ്ടതില്ല. മറിച്ച് ഒരു ഭരണം എന്ന നിലയ്ക്ക് നവലിബറൽ രീതികൾ പിന്തുടരാതെ തന്നെ ആ വഴിക്ക് പോകുന്ന ലോകത്തെ പലരാജ്യങ്ങളിൽ നിന്നും അവരുടെ രീതികളിൽ നിന്നോ പ്രതിസന്ധിയിൽ നിന്നോ നമുക്കാവശ്യമായ മുതലെടുപ്പ് നടത്തുന്നത് അത്ര മോശം കാര്യമല്ല. അങ്ങനെയുള്ള വിഷയങ്ങളിൽ ഗീതയെപ്പോലുള്ളയാളുകളുടെ ഉപദേശം തേടുന്നത് എങ്ങനെ തെറ്റായി വരും?
ഏത് തരത്തിലുള്ള ഉപദേശമാണ് നൽകുക എന്ന് ഗീത തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

ഒന്ന്, ദേശീയ-അന്തർദ്ദേശീയ നയങ്ങളും മറ്റ് സംഭവങ്ങളും കേരള സമ്പദ് വ്യവസ്ഥയെ എങ്ങനെ സ്വാധീനിക്കും എന്ന വിഷയം. രണ്ട്, ആവശ്യമായ മേഖലകളിൽ അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ദ്ധരുമായി കേരളത്തിലെ വകുപ്പുകളെ ബന്ധിപ്പിക്കുക. ഇതാകട്ടെ, മുഖ്യമന്ത്രിയുടെ ആവശ്യപ്പെടലിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുകയും ചെയ്യുക. ഗീത ഹാർവാർഡിൽ തന്നെ തുടരുകയാണ്, സെക്രട്ടേറിയറ്റിലേക്ക് വരുന്നില്ല. സാമ്പത്തികമൊന്നും കൈപ്പറ്റുന്നുമില്ല. ജന്മനാടുമായി ഇത്തരത്തിൽ ഒരു ബന്ധം സൂക്ഷിക്കുന്നതിൽ അവർ അഭിമാനിക്കുകയും ചെയ്യുന്നു.

അങ്ങനെയെങ്കിൽ ഗീതയോട് ആവശ്യമുള്ള സമയത്ത് ഉപദേശം ചോദിച്ചാൽ പോരേ? ഉപദേശക പദവിയിൽ വയ്ക്കണമോ എന്നാണ് മറ്റൊരുചോദ്യം. വേണം എന്നാണ് ഉത്തരം. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ ഉപദേശം സ്വീകരിക്കുന്നത് ആരിൽ നിന്നാണ് എന്ന് ജനങ്ങൾ അറിഞ്ഞിരിക്കുക തന്നെ വേണം. ഉപദേശം കൊടുക്കാനായി നിയോഗിക്കപ്പെട്ടിട്ടുള്ള ആൾ ഏത് ഔദ്യോഗിക നിലവാരത്തിൽ ആണ് ചെയ്യുക എന്നും ജനങ്ങൾ അറിഞ്ഞിരിക്കുക തന്നെ വേണം. മറച്ചുവയ്ക്കാനൊന്നും ഇല്ലാത്ത ഒരു മുഖ്യമന്ത്രി അത് വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ ചെയ്യുന്നത് എങ്ങനെ തെറ്റാവും.

ഇടതുപക്ഷ മന്ത്രിസഭകൾക്കൊപ്പം പ്രവർത്തിക്കുകയും പല മേഖലകളിലും സഹായിക്കുകയും ചെയ്തിരുന്ന ഡോ. കെ എൻ രാജ്, ഡോ. ഐ എസ് ഗുലാത്തി എന്നിവർ പൂർണ്ണമായും കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിൽ അധിഷ്ടിതമായല്ല പ്രവർത്തിച്ചത്. അതുകൊണ്ട് അവരെ ഒഴിവാക്കുകയോ, അന്ധമായി അവരുടെ വഴിയേ പോവുകയോ അല്ലല്ലോ അന്നത്തെ സർക്കാരുകൾ ചെയ്തത്. അവരുടെ ആ മേഖലയിലുള്ള വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുന്നതിനൊപ്പം അടിയുറച്ച രാഷ്ട്രീയ ബോധം കൈവിടാതെ മുന്നോട്ടു പോവുകയുമാണ് ചെയ്തിട്ടുള്ളത്.

ഇവിടെയും ദശാബ്ദങ്ങളായി കൈകാര്യം ചെയ്തുവരുന്ന നവലിബറൽ വിരുദ്ധ രാഷ്ട്രീയത്തിൽ അല്പംപോലും വെള്ളം ചേർക്കാതെയും വിവിധമേഖലകളിലെ വിദഗ്ദ്ധരുമായി ആരോഗ്യകരമായി സംവദിച്ചുകൊണ്ടും ഒരു ജനാധിപത്യ ഭരണകൂടത്തിൻറെ ചുമതലകൾ നിറവേറ്റുകയാവും പിണറായി വിജയൻറെ നേതൃത്വത്തിൽ ഈ സർക്കാർ ചെയ്യുക.
(ലേഖനത്തിലെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ലേഖകന്റേത് മാത്രം. ഇതിലെ അഭിപ്രായങ്ങളോ നിരീക്ഷണങ്ങളോ നാരദ ന്യൂസിന്റെയോ എഡിറ്റോറിയൽ ടീമിന്റേയോ അല്ല. )