ട്രെയിനില്‍ നിന്നും വീണ കുട്ടിയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തും

തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ ചലിച്ചുതുടങ്ങിയപ്പോൾ പ്ലാറ്റ്ഫോമിലേക്കു തെറിച്ചുവീണ് നാലുവയസുകാരി അഞ്ജലിക്കു പരിക്കു പറ്റിയത്.

ട്രെയിനില്‍ നിന്നും വീണ കുട്ടിയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തും

തിരുവനന്തപുരം: പേട്ട റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ നിന്നും വീണ പാപ്പനംകോട് എസ്റ്റേറ്റ് റോഡിലെ അനില്‍കുമാര്‍ രഞ്ജിനി ദമ്പതികളുടെ മകളായ നാലു വയസുകാരി അഞ്ജലിയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതായി എസ്.എ.ടി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍. വിദഗ്ധ പരിശോധനയില്‍ കുട്ടിയുടെ തലയ്ക്ക് ആഴത്തിലുള്ള മുറിവും തലയോട്ടിയുടെ പുറകുവശത്തായി രണ്ട് ഗുരുതരമായ പൊട്ടലുകളുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തലയോട്ടിയ്ക്കുള്ളില്‍ ബ്ലീഡിംഗുമുണ്ട്. തുടര്‍ന്നാണ് ന്യൂറോ സര്‍ജറി വിദഗ്ധര്‍ അടിയന്തിര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. കുട്ടിയുടെ വയറിനും നെഞ്ചിനും പരിക്കുകളൊന്നുമില്ല.


കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കു വരുന്ന ട്രെയില്‍ നിന്നും വൈകുന്നേരത്തോടെയാണ് കുട്ടി താഴെ വീണത്. അസ്വസ്തയുണ്ടായിരുന്ന അമ്മയേയും കൊണ്ട് അച്ഛന്‍ കക്കൂസില്‍ പോകുന്ന സമയത്ത് കുട്ടി വാതിലിന് സമീപമെത്തുകയും ചലിച്ചുതുടങ്ങിയ ട്രെയിനിന്റെ ആഘാതത്താല്‍ കുട്ടി താഴെ വീഴുകയുമായിരുന്നു. പ്ലാറ്റ്‌ഫോമില്‍ വീണ കുട്ടിയെ പോലീസാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്നാണ് എസ്.എ.ടി. ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. എസ്.എ.ടി. ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നു.