യൂറോ കപ്പ്‌ ക്വാര്‍ട്ടര്‍ ; ഐസ് ലാൻഡിനെ 5-2ന് തോൽപ്പിച്ച് ഫ്രാന്‍സ് സെമിയില്‍

ഒലിവർ ജിറൂഡിന്റെ ഇരട്ടഗോളുകളും പോൾ പോഗ്ബയും ദിമിത്രി പായെറ്റും ആന്റണി ഗ്രീസ്മാനും ഓരോ ഗോളുകളും നേടിയാണ് ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ചത്

യൂറോ കപ്പ്‌ ക്വാര്‍ട്ടര്‍ ; ഐസ് ലാൻഡിനെ 5-2ന് തോൽപ്പിച്ച് ഫ്രാന്‍സ് സെമിയില്‍

ഫ്രാന്‍സ് :യൂറോ കപ്പിന്റെ അവസാന ക്വാർട്ടറിൽ ഐസ് ലാൻഡിനെ 5-2ന് തോൽപ്പിച്ച് ആതിഥേയരായ ഫ്രാൻസ് സെമിയിൽ. ഒലിവർ ജിറൂഡിന്റെ ഇരട്ടഗോളുകളും പോൾ പോഗ്ബയും ദിമിത്രി പായെറ്റും ആന്റണി ഗ്രീസ്മാനും ഓരോ ഗോളുകളും നേടിയാണ് ഫ്രാൻസിന്റെ അഞ്ചു ഗോളെന്ന പട്ടിക തികച്ചത്. കോൽബെയ്ൻ സിഗ്‌പോർസനും ബിർക്കിർ ബ്യാർനാസനുമാണ് ഐസ് ലാൻഡിന്റെ സ്‌കോറർമാർ.

ആദ്യപകുതിയിൽ നാലു ഗോളുകൾക്ക് മുൻപിലായിരുന്ന ആതിഥേയർക്കെതിരെ രണ്ട് ഗോളുകൾ മടക്കി രണ്ടാം പകുതിയിൽ ഐസ് ലാൻഡ് തിരിച്ചുവരവ് നടത്തിയെങ്കിലും ഫ്രാൻസിന്റെ യുവനിരക്ക് അവകാശപ്പെട്ടതായിരുന്നു സെമി പ്രവേശം. 12-ആം മിനിറ്റിൽ ജിറൂഡിലൂടെ ആതിഥേയർ ആദ്യം ലീഡ് കണ്ടെത്തി. ബ്ലെയ്‌സ് മറ്റിയൂഡി നൽകിയ ഒരു സുന്ദരമായ പാസിലായിരുന്നു ഐസ് ലാൻഡിന്റെ വല ആദ്യമായി ആർസനൽ സ്‌ട്രൈക്കർ കുലുക്കിയത്. പിന്നീട് 20-ആം മിനിറ്റിൽ പോൾ പോഗ്ബ രണ്ടാമതും ഐസ് ലാൻഡ് ഗോളി ഹാൾഡ്രോസനെ കബളിപ്പിച്ചു. ഗ്രീസ്മാൻ വലതു വശത്ത് നിന്നും എടുത്ത കോർണർ യുവന്റസ് മിഡ് ഫീൽഡർ വലയിലാക്കിയതോടെ രണ്ടു ഗോളുകൾക്ക് ആതിഥേയർ മുൻപിൽ.

42-ആം മിനിറ്റിൽ ഗ്രീസ്മാൻ നൽകിയ പാസിൽ ദിമിത്രി പായെറ്റും 45-ആം മിനിറ്റിൽ ജിറൂഡിന്റെ പാസിൽ ഗ്രീസ്മാനും ഐസ് ലാൻഡ് പോസ്റ്റിൽ പന്തെത്തിച്ചതോടെ ആദ്യപകുതിയിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ദിദിയെ ദെഷാംപ്‌സിന്റെ കുട്ടികൾ മുൻപിൽ. എന്നാൽ രണ്ടാം പകുതിയിൽ സ്‌ട്രൈക്കർ ബൂവാർസന് പകരം ഫിൻബോർഗാസനെയും ഡിഫൻഡർ കാകി അനാർസന് പകരം സ്വെറിൻ ഇൻഗി ഇങ്കാസനെയും കളത്തിലിറക്കിയ ഐസ് ലാൻഡ് കോച്ച് ലാർസ് ലാജർബാക്കിന്റെ തന്ത്രത്തിന് 56-ആം മിനിറ്റിൽ ലക്ഷ്യം കണ്ടു. ഗിൽഫി സിഗുറോസന്റെ ക്രോസ് സിഗ്‌പോർസനാണ് ഫ്രാൻസിന്റെ വലയിൽ പന്തെത്തിച്ചത്.

എന്നാൽ മൂന്നു മിനിറ്റിനകം തന്നെ ആതിഥേയർ ജിറൂഡിലൂടെ തിരിച്ചടിച്ചു. 30 വാര അകലെ നിന്നും ധിമിത്രി പായെറ്റ് എടുത്ത ഫ്രീകിക്ക് പെനാൽറ്റി ഏരിയയിൽ നിന്നും തല കൊണ്ട് കുത്തിയാണ് ജിറൂഡ് ലക്ഷ്യം കണ്ടത്. പിന്നീട് 84-ആം മിനിറ്റിൽ ബിർക്കിർ ബ്യാർനാസൺ ഐസ് ലാൻഡിന് വേണ്ടി ഒരു ഗോൾ കൂടി മടക്കിയെങ്കിലും ആതിഥേയരുടെ വിജയം തടയാനായില്ല. ഫ്രാൻസ് 4-2-3-1 എന്ന ലൈനപ്പിലാണ് 4-4-2 എന്ന ലൈനപ്പിൽ ഇറങ്ങിയ ഐസ് ലാൻഡിനെ നേരിട്ടത്. കളിയിൽ 61 ശതമാനവും പന്ത് കൈയടക്കിവച്ച ഫ്രാൻസ് 642 പാസുകളിലൂടെ കളം നിറഞ്ഞുനിന്നപ്പോൾ ഐസ് ലാൻഡിന് കൈമാറാനായത് 405 പാസുകൾ മാത്രം. ഇതിനിടെ എട്ടുതവണ ആതിഥേയർ പോസ്റ്റിന് നേർക്ക് പന്ത് പായിച്ചപ്പോൾ അഞ്ചു തവണ ഐസ് ലാൻഡും ഗോൾമുഖത്തിന് നേർക്ക് പന്ത് തൊടുത്തുവിട്ടു.

പരാജയപ്പെട്ടെങ്കിലും ആദ്യമായി യൂറോ കപ്പിനെത്തുന്ന ഐസ് ലാൻഡിന് അഭിമാനിക്കാൻ നിമിഷങ്ങളേറെ. കരുത്തരായ പലരെയും പിന്തള്ളി ക്വാർട്ടറിലെത്താനായത് തന്നെ ഒരു അഭിമാന നിമിഷം. ഒമ്പതാം തവണ യൂറോ കപ്പിനെത്തുകയും രണ്ട് തവണ ചാമ്പ്യൻമാരാകുകയും ചെയ്ത ആതിഥേയർക്കെതിരെ ക്വാർട്ടറിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ലെങ്കിലും മനസിലോർക്കുന്ന രണ്ട് ഗോളുകൾ പിറന്ന രണ്ടാം പകുതി ഐസ് ലാൻഡിന് മാത്രം സ്വന്തം. സെമിയിൽ കരുത്തരായ ജർമനിയാണ് ഫ്രാൻസിന്റെ എതിരാളികൾ.

Read More >>