കോളറയും മറ്റു സാംക്രമിക രോഗങ്ങളും പടരുമ്പോഴും നിര്‍ജീവമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ; ഉദ്യോഗസ്ഥരുടെ കുറവ് പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു

2011 ല്‍ അന്നത്തെ നിയമസഭാ കമ്മിറ്റി നടത്തിയ പഠനത്തില്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഓരോ നിയോജക മണ്ഡലത്തിലും ഒരു ഓഫീസും ഓഫീസറേയും നിയമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തീരുമാനം കൈക്കൊണ്ട് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല

കോളറയും മറ്റു സാംക്രമിക രോഗങ്ങളും പടരുമ്പോഴും നിര്‍ജീവമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ; ഉദ്യോഗസ്ഥരുടെ കുറവ് പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു

മലപ്പുറം:  കോളറയും മറ്റു സാംക്രമിക രോഗങ്ങളും സംസ്ഥാനത്ത് വ്യാപകമാവുമ്പോഴും ഉദ്യോഗസ്ഥരുടെ കുറവു മൂലം നിര്‍ജ്ജീവമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്.  സംസ്ഥാനത്തെ മൂന്നു കോടി 33 ലക്ഷത്തോളം ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ആകെയുള്ളത് വെറും 40 ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ മാത്രമാണ്.  അതായത് ഒരു ഉദ്യോഗസ്ഥന് ഏകദേശം എട്ട് ലക്ഷത്തോളം പേരുടെ ചുമതല. ഇപ്പോള്‍ സംസ്ഥാനത്ത് 40 ഫുഡ് ഇന്‍സ്പെകടര്‍മാരാണ് ഉള്ളതെന്നും നൂറു പേരുടെ കുറവ് ഇതുവരെ നികത്തിയിട്ടില്ലെന്നും ഫുഡ് ആന്‍ഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ ഡി അഷ്റഫുദ്ദീന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ബാക്കി ഒഴിവുകളില്‍ പി എസ് സി വഴി നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജോയിന്റ് കമ്മീഷണര്‍ പറഞ്ഞു. ഇപ്പോള്‍ പ്രശ്ന ബാധിത സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് അധികമായി നടത്തുന്നതെന്നും ഓഫീസിലെ സാധാരണ ജോലികള്‍ ചെയ്യാന്‍ പോലും ആളില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.


2011 ല്‍ അന്നത്തെ നിയമസഭാ കമ്മിറ്റി നടത്തിയ പഠനത്തില്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു.  തുടര്‍ന്നാണ് ഓരോ നിയോജക മണ്ഡലത്തിലും ഒരു ഓഫീസും ഓഫീസറേയും നിയമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തീരുമാനം കൈക്കൊണ്ട് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഓരോ അസംബ്ലി മണ്ഡലത്തിലും ഒരു ഉദ്യോഗസ്ഥന്‍ എന്ന നിയമം കഴിഞ്ഞ സര്‍ക്കാര്‍ അട്ടിമറിച്ചതിലൂടെ കുത്തക കമ്പനികളും മറ്റും വിളമ്പുന്ന വിഷം കഴിക്കേണ്ട അവസ്ഥയിലാണ് ജനം.

ജില്ലാ ആസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ ചിലയിടങ്ങളില്‍ മാത്രമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്നുള്ളു. മുഴുവന്‍ പേരേയും നിയമിക്കുകയാണെങ്കില്‍ തന്നെ പുതിയ ഓഫീസുകള്‍ സ്ഥാപിക്കേണ്ടി വരും. എന്നാല്‍ നിയമനം നടന്നിട്ടില്ലെങ്കിലും മിക്ക താലൂക്ക് ആസ്ഥാനങ്ങളിലും ഇപ്പോള്‍ ഓഫീസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മറ്റുള്ള സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ ഓഫീസുകളുടെ അധിക ചുമതല നല്‍കിയാണ്  പ്രവര്‍ത്തനം നടത്തുന്നത്.

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ കഴിഞ്ഞ മൂന്ന് വർഷമായി നിയമനങ്ങൾ നടന്നിട്ട്.  അതിനിടെ വകുപ്പിൽ നിന്ന് വിരമിച്ച്  പോയതുമൂലം ഉണ്ടായ ഒഴിവുകള്‍ പോലും ഇതുവരെ നികത്തിയിട്ടില്ല. അതിനാൽ ഒരു ജില്ലയ്ക്ക് ഒരു ഭക്ഷ്യ സുരക്ഷാ ഓഫീസർ പോലും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

വാളയാര്‍ ഉള്‍പ്പെടെ അര ഡസനോളം അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളുള്ള പാലക്കാട് ജില്ലയിലൂടെ നിത്യേന ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കളാണ് കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ പേരിന് പോലും ഗുണനിലവാര പരിശോധന നടക്കുന്നില്ല. എറണാകുളം ഉള്‍പ്പടെയുള്ള മറ്റ് ജില്ലകളിലും സ്ഥിതി സമാനമാണ്.

പരാതികള്‍ വന്നാല്‍ മാത്രം പരിശോധന, പരിശോധന നടത്താന്‍ വേണ്ടത്ര സംവിധാനമില്ലാത്ത മൂന്ന് ലാബുകള്‍, പരിശോധനക്ക് അയച്ച സാമ്പിളിന്റെ റിസല്‍റ്റ് കിട്ടാനുള്ള കാത്തിരിപ്പ്, കേസെടുക്കാതിരിക്കാന്‍ പറ്റുമോയെന്ന് നിയമത്തിന്റെ നൂലിഴ കീറി പരിശോധിക്കല്‍, ഇങ്ങിനെയൊക്കെയാണ് സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷ പാഠങ്ങള്‍. ഭക്ഷണത്തില്‍ മായം ചേര്‍ത്താലോ, ഹാനികരമായ വസ്തുക്കള്‍ ചേർത്താലോ കണ്ടു പിടിക്കാന്‍ സംവിധാനം ഇല്ലാത്തതു കൊണ്ടു വിഷം കഴിക്കേണ്ട ഗതികേടിലാണ് മലയാളികള്‍.

Read More >>