കുഴപ്പമാകും കൊഴുപ്പുനികുതി

തോമസ് ഐസക് ഏർപ്പെടുത്തിയ ഫാറ്റ് ടാക്‌സിലെ പ്രതിലോമതയും അപ്രായോഗികതയും പരിശോധിക്കണം. അതിലുപരി ധാർമ്മികത ചർച്ച ചെയ്യണം. കൊഴുപ്പുനികുതി ഏർപ്പെടുത്തിയത് കൊണ്ട് ഉപഭോഗം കുറയും എന്നത് തെറ്റിദ്ധാരണയാണ്. അനഭിതമെന്നു ഒരു ഭരണകൂടത്തിനു തോന്നുന്ന ഭക്ഷ്യവസ്തുവിനു ഒരിക്കൽ നികുതി ഏർപ്പെടുത്തിയാൽ അത് ഒരു കീഴ്‌വഴക്കമാകും. അത് തുടരാന്‍ കാരണാകും. ആ നീക്കം എതിര്‍ക്കപ്പെടേണ്ടതാണ്. ഡോ. എം. കുര്യൻ തോമസ് എഴുതുന്നു.

കുഴപ്പമാകും കൊഴുപ്പുനികുതി

ഡോ. എം. കുര്യൻ തോമസ്

കേരള ബഡ്ജറ്റിൽ നിർദ്ദേശിച്ച പുതിയ നികുതിയാണ് കൊഴുപ്പു നികുതി അഥവാ ഫാറ്റ് ടാക്‌സ്. ബർഗർ, പിസാ തുടങ്ങിയ ജംഗ് ഫുഡ് എന്നു ചിലർ വിശേഷിപ്പിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് 14.5% നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശമാണ് ഫാറ്റ് ടാക്‌സ്. സാമ്പത്തിക ലാഭം അല്ല ലക്ഷ്യമെന്നും ഉയർന്ന അളവിൽ കൊഴുപ്പുള്ള ഇവ ആരോഗ്യത്തിനു ഹാനികരമാണന്നും അവയുടെ ഉപയോഗം കുറയ്ക്കാനും നിരുത്സാഹപ്പെടുത്തുവാനുമാണ് ഈ നികുതി ചുമത്തുന്നതെന്നുമാണ് ധനമന്ത്രിയുടെ വാദം. ആദ്യം ബ്രാൻഡഡ് ഉല്പ്പന്നങ്ങൾക്കു മാത്രം എന്നു പ്രഖ്യാപിച്ചെങ്കിലും പിന്നീട് ചെറുകിട നിർമാതാക്കൾക്കും ബേക്കറികൾക്കും ഇത് ബാധകമാണന്നു വിശദീകരണമുണ്ടായി.


ഇന്ത്യയിൽ ഇദംപ്രഥമമായി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നികുതി കേരളത്തിൽ വളരുന്ന ഒരു വാണിജ്യമേഖലയ്ക്കു തിരിച്ചടിയാകുമെന്ന ചേമ്പർ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ വാദം ഒഴിവാക്കിയാലും ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്ന ഒന്നായി മാറും. സാമ്പത്തിക-വ്യവസായ പക്ഷങ്ങളിൽ മാത്രമല്ല ഗുരുതരമായ ചില സാമൂഹ്യ പ്രശ്‌നങ്ങൾക്കും ഇതു വഴിവെക്കും. പരോക്ഷമായി, ഭരണകക്ഷിയുടെ പ്രത്യയശാസ്ത്ര നിപാടിനെപ്പോലും കൊഴുപ്പു നികുതി ചോദ്യം ചെയ്യുന്നുണ്ട്!

കേരളത്തിനു സവിശേഷമായ ഒരു ഭക്ഷണ സംസ്‌കാരമുണ്ട്. അത് കുറഞ്ഞത് രണ്ടര സഹസ്രാബ്ദക്കാലത്തെ അന്തർദേശീയ വ്യാപാരബന്ധം രൂപപ്പെടുത്തിയതാണ്. ലോകത്തിന്റെ എല്ലാ കോണുകളിൽനിന്നുമുള്ള രുചിഭേദങ്ങൾ മലയാളി സ്വന്തമാക്കി. അന്ന് ഇവിടേയ്ക്ക് എത്തുന്ന ഭക്ഷ്യഭേദങ്ങളെയാണ് മലയാളി സ്വീകരിച്ചതെങ്കിൽ ഇന്ന് വിശ്വപൗരനായ അവൻ ചെന്നറിഞ്ഞ് അവയെ സ്വീകരിക്കുകയാണ്. അത് ഇനിയും തുടർന്നുകൊണ്ടിരിക്കും. ആ പ്രക്രിയയുടെ ഭാഗമായാണ് ഫാസ്റ്റ് ഫുഡും കേരളത്തിലെത്തിയത്. നികുതി ചുമത്തിയതു കൊണ്ടൊന്നും അത് ഇല്ലാതാക്കാനാവില്ല. ആ യാഥാർത്ഥ്യം മനസിലാക്കിയേ പറ്റു.

ഒന്നാമതായി, നികുതി വർദ്ധിപ്പിച്ചതുകൊണ്ട് ഉപഭോഗം കുറയില്ല. ഏറ്റവും നല്ല ഉദാഹരണം മദ്യംതന്നെ. 100 രൂപയുടെ സ്ഥാനത്ത് 114.5 രൂപയായാലും ബർഗർ, പിസാ മുതലായവ ഉപയോഗിക്കുന്നവർ അവ വാങ്ങുകതന്നെ ചെയ്യും. സമൂഹത്തിന്റെ എല്ലാതലങ്ങളിലും ഈ രുചി പടർന്നു കയറിയതിനാൽ വല്ലപ്പോഴും ഒരു പിസാ വാങ്ങുന്ന സാധാരണക്കാരന്റെ വരെ പോക്കറ്റ് സർക്കാർ ചോർത്തും എന്നതൊഴികെ ഈ നികുതികൊണ്ടു യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. കേവലം പത്ത് കോടി രൂപ മാത്രമാണ് ഈയിനത്തിലുള്ള പ്രതിവർഷ നികുതി വരുമാനപ്രതീക്ഷ എന്നതുതന്നെ ഇതിന്റെ യുക്തിരാഹിത്യം വെളിപ്പടുത്തുന്നു. മദ്യം, പെട്രോൾ എന്നിവ ഒഴികെ യാതൊന്നിലും നികുതി വരുമാന പ്രതീക്ഷ ലക്ഷ്യം കണ്ടിട്ടില്ല എന്ന വസ്തുതകൂടി കണക്കിലെടുക്കുക. കോർപ്പറേറ്റുകളെ കണ്ണുമടച്ചെതിർക്കുന്ന കുറെ ബുദ്ധിജീവികളുടെ കൈയ്യടി അല്ലതെ മറ്റൊന്നും കൊഴുപ്പു നികുതിക്ക് നേടാനാവില്ല.

വിവിധ തലങ്ങളിൽ കൊഴുപ്പു നികുതിയുടെ പ്രതിലോമതയും അപ്രായോഗികതയും പരിശോധിക്കുമ്പോൾ മുഖ്യമായി പരിഗണിക്കേണ്ടത് അതിലെ ധാർമ്മികതയാണ്. മദ്യമോ പുകയിലയോ പോലെ അന്താരാഷ്ട്ര തലത്തിൽ ആരോഗ്യത്തിനു ഹാനികരം എന്നു ഔദ്യോഗികമായി മുദ്രകുത്തപ്പെട്ടവയല്ല പരാമർശിതങ്ങളായ ഭക്ഷ്യവസ്തുക്കൾ. അത്തരമൊരു വസ്തുവിനെ ഒരു സംസ്ഥാന സർക്കാർ ഏകപക്ഷീയമായി ആരോഗ്യത്തിനു ഹാനികരം എന്നു വിശേഷിപ്പിക്കുന്നതു ശരിയാണോ? വാദത്തിനുവേണ്ടി അവയിൽ അപകടകരമായ അളവിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നു അംഗീകരിച്ചാൽത്തന്നെ അവ മാത്രമല്ല അത്തരത്തിൽപ്പെട്ട അപകടകാരികളായ ഭക്ഷണപദാർത്ഥങ്ങൾ. പൊറോട്ടായും ബീഫും നികുതി വലയത്തിൽപെടുമോ എന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. പിസായുടെ മുഖ്യഘടകമായ ചീസിന് ഇല്ലാത്ത എന്ത് അപകടമാണ് പിസായ്ക്കുള്ളത്! ഓരോ വിദഗ്ദർ ലോകത്തിൽ പച്ചവെള്ളമടക്കം എല്ലാ ഭക്ഷ്യവസ്തുക്കളും ആരോഗ്യത്തിനു ഹാനികരം എന്നു ഇടയ്ക്കിടെ ഗവേഷണഫലങ്ങൾ പുറത്തുവിടും! തക്കാളിമുതൽ കാന്താരിവരെ എല്ലാം മനുഷ്യ ശരീരത്തിലെ ഓരോ അവയവത്തിനു ദോഷകരമാണന്നു അവർ ആധികാരികമായി പ്രഖ്യാപിച്ചുകളയും! അതിൽ യാതൊരു കഴമ്പുമില്ല. ദീർഘകാലം പടിക്കു പുറത്തു നിർത്തിയിരുന്ന മുട്ടയുടെ മഞ്ഞക്കരുവിന്റെ വിലക്കു നീക്കുന്നു എന്നതുതന്നെ ഇത്തരം പഠനഫലങ്ങളുടെ യുക്തിരാഹിത്യത്തിനു ഉത്തമ ഉദാഹരണമാണ്.

രണ്ടാമതായി, എന്തു മാനദണ്ഡത്തിലാണ് ഇവ മാത്രം ആരോഗ്യത്തിനു ഹാനികരമായത്? എന്തുകൊണ്ട് ഈ നികുതിയുടെ പരിധിയിൽ കോളകളെ ഉൾപ്പെടുത്തിയില്ല? അപകടകരമായ അളവിൽ രാസവസ്തുക്കൾ ചേർന്ന എത്രയോ ഭക്ഷ്യവസ്തുക്കൾ വിപണനം ചെയ്യപ്പെടുന്നുണ്ട്? ഇപ്പോൾ കൂണുപോലെ മുളച്ചുപൊന്തുന്ന അർദ്ധ പാചകംചെയ്ത ചപ്പാത്തി നിർമ്മാണശാലകൾക്ക് എന്തെങ്കിലും മാനദണ്ഡമുണ്ടോ? വിഷപ്പച്ചക്കറിയെ നിയന്ത്രിക്കാനാവുമോ? അവിടെയൊന്നും ഇല്ലാത്ത ശുഷ്‌ക്കാന്തി എന്തേ ജംഗ്ഫുഡിന്റെ കാര്യത്തിൽ? മറുപടി ആവശ്യമായ ചോദ്യങ്ങളാണ്.

കേരളത്തലൊഴികെ ഇന്ത്യയിലെങ്ങും റൊട്ടിയും ബണ്ണുമൊക്കെ അപകടകരമാണന്നു പരിശോധനാഫലം വന്നത് തൊട്ടടുത്തകാലത്താണ്. കേരളത്തിലെ അത്തരം ഉല്പന്നങ്ങൾ സുരക്ഷിതമായത് അധികനികുതി ചുമത്തിയിട്ടൊന്നുമല്ല; മറിച്ച് ഉത്പാദകരുടെ സംഘടന ദീർഘവീക്ഷണത്തോടെ ബോധവൽക്കരണം നടത്തിയിട്ടാണ്.

കൊഴുപ്പു നികുതിയുടെ ഏറ്റവും അപകടകരമായ സാമൂഹിക പ്രത്യാഘാതം ഇതൊന്നുമല്ല. അനഭിതമെന്നു ഒരു ഭരണകൂടത്തിനു തോന്നുന്ന ഭക്ഷ്യവസ്തുവിനു ഒരിക്കൽ നികുതി ഏർപ്പെടുത്തിയാൽ അത് ഒരു കീഴ്‌വഴക്കമാകും. അത് തങ്ങൾക്കു വിരുദ്ധമെന്നു നിർണയിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾക്ക് കനത്ത നികുതിഭാരം അടിച്ചേല്പിക്കാൻ ഇതരർക്കു പ്രചോദനമാകും. ഭരണാധികാരിക്ക് അനഭിമിതമാണ് എന്ന ഒരൊറ്റ കാരണത്താൽ ഗുരുതരമായ പോഷകാഹാര പ്രശ്‌നം നേരിടുന്ന ആദിവാസിക്കുട്ടികൾക്കു നൽകാൻ നിശ്ചയിച്ച മുട്ട ഒരു സംസ്ഥാനത്ത് നിരോധിച്ച സംഭവത്തിനു അധികം പഴക്കമില്ല. ബഹുസ്വരമായ ഭക്ഷ്യസംസ്‌കാരം പുലർത്തുന്ന ഇന്ത്യയിൽ ഇത്തരമൊരു നീക്കം തികച്ചും ആപൽക്കരമാണ്. പ്രത്യേകിച്ചും ഭക്ഷണസ്വാതന്ത്ര്യം പൗരന്റെ ജീവനെടുക്കുന്ന സ്‌പോടനാത്മക സാഹചര്യം ഉള്ള വർത്തമാനകാലത്തിൽ. അതിനു പ്രബുദ്ധകേരളം വഴിമരുന്നാകണമോ?

അവസാനമായി, പ്രത്യയശാസ്ത്രം. ചെറുകിട ബേക്കറികളിൽ വിൽക്കുന്ന ഇത്തരം ഉല്പന്നങ്ങളും ഈ നികുതിവലയിൽ ഉൾപ്പെടുത്തുമ്പോൾ സ്വാഭാവികമായും സംഭവിക്കുക അവർ ഇത്തരം ഉല്പന്നങ്ങളുടെ ഉത്പാദനവും വിപണനവും അവസാനിപ്പിക്കുക എന്നതാണ്. അതിനു പല കാരണങ്ങൾ ഉണ്ട്. വൻകിട കോർപ്പറേറ്റു ശൃംഘലകൾ അടിസ്ഥനവിലയിൽ കുറവുചെയ്ത് തങ്ങളുടെ രാജ്യമുഴുവനുള്ള വിലതുല്യത നിലനിർത്തിയേക്കാം. അവിടെ നഷ്ടം കേരള സർക്കാരിന്! പക്ഷേ തങ്ങളുടെ വിറ്റുവരവിന്റെ നിസാരഭാഗം മാത്രം വരുന്ന ഇത്തരം ഉത്പന്നങ്ങൾ ഇതോടെ ചെറുകിട ബേക്കറികൾ ഉപേക്ഷിക്കും. കാരണം കേരളത്തിലെ സങ്കീർണ്ണമായ നികുതിപ്രക്രിയ തന്നെ. ഇപ്പോൾത്തന്നെ വാണിജ്യ നികുതി് ഉദ്യോഗസ്ഥരെക്കൊണ്ട് പൊറുതിമുട്ടി ഇരിക്കുകയാണ് ചെറുകിട വ്യാപാരികൾ. നിസാരലാഭത്തിനായി ഈ കടൽകിഴവന്മാരുടെ ഉയർന്നശല്യം സഹിക്കുന്നതിനേക്കാൾ അവ വിപണനം ചെയ്യേണ്ട എന്ന നിലപാട് അവർ എടുക്കാനാണ് സാദ്ധ്യത. നഷ്ടം കോർപ്പറേറ്റ് ഭീമന്മാരെക്കാൾ കുറഞ്ഞ വിലയിൽ നാടൻ ബേക്കറിയിൽ ലഭിക്കുന്ന ഒരു പിസയോ ബർഗറോ വാങ്ങിക്കൊടുത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ സമാധാനിപ്പിക്കാനുള്ള കേരളത്തിലെ പാവപ്പെട്ടവന്! പാവങ്ങൾ കഞ്ഞി മാത്രം കഴിച്ചാൽ മതി എന്നു പറയാൻഒരു സർക്കാരിനും അവകാശമില്ല.

നികുതി കൂട്ടിയാലും ആവശ്യത്തിൽ കുറവുണ്ടാകുകയില്ല കാരണം മലയാളി അംഗീകരിച്ച ഭക്ഷണവിഭവങ്ങളാണിവ. ചെറുകിട സ്ഥാപനങ്ങൾ പിൻവാങ്ങുന്നതോടെ ഈ വ്യാപാര മേഖല പൂർണ്ണമായും ബഹുരാഷ്ട്ര കുത്തകകളുടെ കൈപ്പിടിയിൽ ഒതുങ്ങും. ഇപ്പോൾ കേരളം ഭരിക്കുന്ന സർക്കാർ എങ്ങിനെ പ്രത്യയശാസ്ത്രപരമായി ഇതിനൊരു വിശദീകരണം കൊടുക്കും?

ദശാബ്ദം മുമ്പ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഫ്രിഞ്ച് ബനിഫിറ്റ് ടാക്‌സ് എന്ന അപ്രായോഗികവും യുക്തിരഹിതവുമായ നികുതിയുടെ പാതയാണ് കൊഴുപ്പു നികുതിക്കും. ഏർപ്പെടുത്തി ഏതാനും വർഷങ്ങൾക്കകം അപ്രായോഗികമായ ആ നികുതി സർക്കാരിനു പിൻവലിക്കേണ്ടിവന്നു. പക്ഷേ കൊഴുപ്പു നികുതി സമകാലിക ഇന്ത്യയിൽ ഉണ്ടാക്കാൻപോകുന്ന സാമൂഹിക ആഘാതം ഫ്രിഞ്ച് ബനിഫിറ്റ് ടാക്‌സ് സൃഷ്ടിച്ചില്ല എന്ന വസ്തുത അംഗീകരിക്കേണ്ടിയിരിക്കുന്നു. പരമാവധി 10 കോടി ലക്ഷ്യമിടുന്ന ഈ നവനികുതി ലക്ഷ്യം കൈവരിക്കില്ല, വരുമാനത്തേക്കൾ അധികം പിരിവു ചിലവ് ഉണ്ടാക്കും എന്ന വസ്തുതയൊക്കെ മറക്കാം. പക്ഷേ ഇതു സൃഷ്ടിക്കുന്ന സാമൂഹ്യാഘാത്തിനു ആരു മറുപടി പറയും?

കുറച്ചു കടലാസ് ബുദ്ധിജീവികളുടെ കൈയ്യടി ഒഴികെ മറ്റൊന്നും നേടാനാവാത്ത കൊഴുപ്പു നികുതി സമകാലിക ഇന്ത്യയിൽ ഉണ്ടാക്കാൻ പോകുന്ന പ്രതിലോമ സാമൂഹിക പ്രത്യാഘാതം അതിഭീകരമാണ്. ഭരണാധികാരികളൾക്ക് അപ്രിയമായ ഭക്ഷണത്തിനു അതിഭീമ നികുതി! ചൂണ്ടിക്കാട്ടാൻ പ്രബുദ്ധകേരളം! ഈ നാണക്കേടിനു നമ്മൾ കളമാകണമോ?