''വീട്ടിലിരുന്ന് മെഴുകുതിരി, പേപ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ച് വന്‍ തുക സമ്പാദിക്കാം'' ; പരസ്യം കണ്ട് തട്ടിപ്പില്‍ വീഴുന്നത് നിരവധി സാധുക്കള്‍

കുറെ കാലമായി സജീവമല്ലാത്ത ഇത്തരം പരസ്യങ്ങള്‍ ഇപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നത് മനോരമ, മാത്യഭൂമി തുടങ്ങിയ പ്രമുഖ പത്രങ്ങളിലാണ്. പരസ്യത്തില്‍ പറയുന്ന പോലെ വീട്ടിലിരുന്ന് വന്‍തുക സമ്പാദിച്ചവര്‍ പേരിനു പോലും ഇല്ലെന്നതാണ് വാസ്തവം.

മലപ്പുറം: 'വീട്ടിലിരുന്ന് മെഴുകുതിരി, പേപ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ച് വന്‍ തുക സമ്പാദിക്കാം. ഗവണ്മെന്റ് അംഗീകൃതം" - പ്രമുഖ പത്രങ്ങളിലെ ക്ലാസ്സിഫൈഡ് പരസ്യ പേജുകളില്‍ അടുത്തിടെ വീണ്ടും സജീവമായ ഒരു ക്ലാസ്സിഫൈഡ് പരസ്യമാണിത്.

എന്നാല്‍ പരസ്യത്തില്‍ പറയുന്ന പോലെ വീട്ടിലിരുന്ന് വന്‍തുക സമ്പാദിച്ചവര്‍ പേരിനു പോലും ഇല്ലെന്നതാണ് വാസ്തവം. പരസ്യത്തില്‍ വിളിച്ചാല്‍ അച്ചും മെഴുകും സൗജന്യം, ഒരു മണിക്കൂര്‍ ട്രെയിനിങ്ങ് ഫീസ് 300, എന്നിങ്ങനെയാണ് പറയുക. ചിലയിടത്ത് ഫീസ് കുറയുകയോ അല്‍പം കൂടുകയോ ചെയ്‌തേക്കാം. കൂടുതല്‍ വിവരത്തിന് നേരിട്ടു വരാനും പറയും. ചെന്നാല്‍ ട്രെയിനിങ്ങ് സമയത്ത് കാണിക്കുന്ന കാല്‍ കിലോയില്‍ താഴെയുള്ള മെഴുകാണ് സൗജന്യമായി നല്‍കുന്നത്. പിന്നീട് പണം കൊടുത്ത് അവരില്‍ നിന്നു തന്നെ വാങ്ങണം. പത്ത് രൂപ പോലും വിലയില്ലാത്ത സാധാരണ ഒരു അച്ചും സൗജന്യമായി കിട്ടും. എന്നാല്‍ വില്‍പ്പനക്ക് ആവശ്യം വിവിധ രൂപത്തിലുള്ള മെഴുകുതിരികള്‍ ആയതിനാല്‍ അതൊക്കെ വില കൊടുത്ത് വാങ്ങേണ്ടി വരും.


നേരത്തെ തട്ടിപ്പാണ് എന്ന് പരാതി വന്നതിനാല്‍ കുറെ കാലമായി സജീവമല്ലാത്ത ഇത്തരം പരസ്യങ്ങള്‍  ഇപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നത് മനോരമ, മാത്യഭൂമി തുടങ്ങിയ പ്രമുഖ പത്രങ്ങളിലാണ് . സാധാരണ മെഴുകുതിരിയില്‍ നിന്ന് വ്യത്യസ്തമായി വിദേശികള്‍ക്ക് പ്രിയങ്കരമായ പുകയില്ലാത്തതും പെട്ടെന്ന് ഉരുകി തീരാത്തതുമായ ഉയര്‍ന്ന ഗുണമേന്‍മയുള്ള മെഴുകുതിരി നിര്‍മ്മിക്കാം എന്നൊക്കെയാണ് വാഗ്ദാനങ്ങള്‍. വീട്ടിലിരുന്ന് നിര്‍മ്മിക്കുന്ന മെഴുകുതിരി ഉയര്‍ന്ന വിലക്ക് തിരിച്ചു വാങ്ങാം എന്നും വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടക്കുന്നത്. പരസ്യം നല്‍കിയവരുടെ ഓഫീസും ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും പരിശീലനം നല്‍കുന്നു.

ഒരു മണിക്കൂര്‍ പരിശീലനം കഴിഞ്ഞാല്‍ മെഴുകുതിരി നിര്‍മ്മിക്കാനുള്ള അച്ചും ഗുണനിലവാരം കുറഞ്ഞ മെഴുക് നല്‍കുകയും ചെയ്യും. ഇവര്‍ നല്‍കുന്ന മെഴുകില്‍ ഗുണനിലവാരമുള്ള മെഴുകുതിരികള്‍ ഉണ്ടാക്കാന്‍ കഴിയില്ല.ഉല്‍പ്പന്നത്തിന് ഉണ്ടായിരിക്കേണ്ട നേരത്തെ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിയാത്ത വിധത്തിലെ വീട്ടിലിരുന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവു. ഇത് വില്‍ക്കാന്‍ ചെന്നാല്‍ ഗുണനിലവാരമില്ലെന്ന് പറഞ്ഞ് കമ്പനിക്കാര്‍ വാങ്ങില്ല. വാങ്ങിയാല്‍ തന്നെ നേരത്തെ പറഞ്ഞതിന്റെ നാലിലൊന്ന് വില പോലും നല്‍കില്ല. മാത്രമല്ല ,അച്ചും പരിശീലന ചാര്‍ജും മെഴുകുതിരി വിലയുമെല്ലാം ചേര്‍ത്ത് ഇതിനകം പതിനായിരത്തില്‍ അധികം രൂപ കമ്പനി ഈടാക്കിയിട്ടുണ്ടാവും.മെഴുകും അച്ചും ഉള്‍പ്പടെ ആയിരം രൂപയില്‍ താഴെ വില വരുന്നതിനാണ് പതിനായിരം രൂപ ഈടാക്കുന്നത് . പലതവണ മെഴുകുതിരി നിര്‍മ്മിച്ചു വന്ന് വില കിട്ടാതെ മടങ്ങി പോകുന്നവരാണ് അധികം. ഇവര്‍ മുടക്കിയ പതിനായിരം രൂപയും പലദിവസങ്ങളിലായി നടത്തിയ അധ്വാനവും പാഴാകുന്നു.

വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കാം എന്ന നിലയില്‍ ഈ തട്ടിപ്പിന് ഇരയാകുന്നത് അധികവും സ്ത്രികളും വീട്ടമ്മമാരുമാണ്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍ സേലം മേഖലകളില്‍ നിന്നുള്ളര്‍ കുടുംബസമേതം വന്ന് താമസിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. പരസ്യം കണ്ട് വരുമാനം വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കാമെന്നു കരുതുന്ന നിരവധി സാധുക്കള്‍  നിത്യേന ഈ തട്ടിപ്പില്‍ പെടുന്നുണ്ട് . തട്ടിപ്പിനെ കുറിച്ച് പലരും പത്രം ഓഫീസുകളില്‍ വിളിച്ചു പറഞ്ഞിട്ടും പരാതി നല്‍കിയിട്ടും  പരസ്യത്തിന് കുറവില്ല. പരാതി ലഭിക്കുമ്പോള്‍ ഇത്തരം സംഘങ്ങളെ വിളിച്ച് മുന്നറിയിപ്പ് നല്‍കി വിടുന്നതില്‍ കൂടുതല്‍ പോലീസ് ഇടപെടലും ഇല്ല. പാലക്കാട്, മലപ്പുറം  ജില്ലയിലാണ് ഇത്തരം തട്ടിപ്പു സംഘങ്ങള്‍ കൂടുതല്‍ പ്രവര്‍ക്കിക്കുന്നത്. എന്നാല്‍ അടുത്തിടെ കൊച്ചി, തിരുവനന്തപുരം പോലുള്ള നഗരങ്ങള്‍ കേന്ദ്രീകരിച്ചും സംഘം തട്ടിപ്പ് വ്യാപകമാക്കിയിട്ടുണ്ട്.

Read More >>