ജിംഷാറിനെതിരായ ആക്രമണം; ഒരു സുഹൃത്തിന്‍റെ വിശദീകരണം

വാട്സ് അപ്പില്‍ ജിംഷാറിന്‍റെ ഭീഷണിസന്ദേശം അയച്ച യുവാവ് പ്രദേശത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. കൂടാതെ ജിംഷാര്‍ ആക്രമിക്കപ്പെട്ടത് രാവിലെ 10 മണിക്കാണ് എന്ന് പോപ്പുലര്‍ ഫ്രണ്ട്കാര്‍ പരിസരം മുഴുവന്‍ പ്രചരിപ്പിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ എന്തായിരുന്നു ഇത്തരമൊരു പ്രചരണത്തിന്റെ ഉദ്ദേശം? ജിംഷാറിന്‍റെ സുഹൃത്ത് ഷഫീക്ക് താമരശ്ശേരി എഴുതുന്നു.

ജിംഷാറിനെതിരായ ആക്രമണം; ഒരു സുഹൃത്തിന്‍റെ വിശദീകരണം

ഷഫീക്ക് താമരശ്ശേരി

കഥാകൃത്തും സിനിമാപ്രവര്‍ത്തകനുമായ സുഹൃത്ത് പി.ജിംഷാര്‍ അദ്ദേഹത്തിന്റെ പുതിയ നോവലായ 'പടച്ചോന്റെ ചിത്രപ്രദര്‍ശനം' പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാത്രിയില്‍ അപരിചിതരാല്‍ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നല്ലോ.

ഫോണ്‍ വഴി തുടര്‍ച്ചയായുണ്ടായിരുന്ന ഭീഷണി സന്ദേശങ്ങള്‍ക്കൊടുവില്‍ 'നീ പടച്ചോന്റെ പേരില്‍ പുസ്തകമെഴുതുമോടാ' എന്ന ആക്രോശത്താല്‍ ആക്രമിക്കപ്പെട്ട ജിംഷാര്‍ പിന്നീട് തന്നെ മര്‍ദ്ധിച്ചവരെക്കുറിച്ചുള്ള സംശയങ്ങളും തെളിവുകളും തനിക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുമെല്ലാം പോലീസിനും മാധ്യമങ്ങള്‍ക്കും കൈമാറിയിരുന്നു.


എന്നാല്‍ കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ സംഘടനയുടെ തൃത്താല മണ്ഡലം കമ്മിറ്റി ജിംഷാര്‍ തങ്ങളുടെ പാര്‍ട്ടിക്കെതിരെ അപവാദപ്രചരണം നടത്തുകയാണെന്ന പേരില്‍ പരാതി നല്‍കുകയും സൈബര്‍ ഇടങ്ങളില്‍ ജിംഷാറിനെതിരെ വ്യാപകമായ പ്രചരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ജിഷാര്‍ ഈ ആക്രമണകഥ തന്റെ പുസ്തകം വിറ്റഴിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച നാടകമാണെന്നുമൊക്കയായിരുന്നു അവര്‍ നടത്തിയ പ്രചരണങ്ങള്‍. ഇത്തരം പ്രചരണങ്ങളോടുള്ള പ്രതികരണമായാണ് ഞാനീ കുറിപ്പെഴുതുന്നത്.

തലേ ദിവസം രാത്രിയില്‍ ജിംഷാറിനെ ആരൊക്കയോ മര്‍ദ്ധിച്ചുവെന്ന വാര്‍ത്ത അറിയുന്നത് പൊള്ളാച്ചിക്കടുത്ത അമ്പ്രമ്പാളയത്ത് വെച്ചാണ്. മുതലമട-പാലക്കാട്-പട്ടാമ്പി വഴി കൂറ്റനാട് മോഡേണ്‍ ഹോസ്പ്പിറ്റലില്‍ എത്തിയപ്പോഴേക്കും രാത്രി അല്‍പം വൈകിയിരുന്നു. പിറ്റേ ദിവസം വൈകുന്നേരത്തോടുകൂടി  അവനെ ഡിസ്ജാര്‍ജ് ചെയ്ത് വീട്ടിലാക്കിയതിന് ശേഷമാണ് മടങ്ങിയത്. അത്രയും സമയം അവനോടൊപ്പമുണ്ടായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജിംഷാറിന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, പ്രദേശവാസികള്‍, പൊതുപ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, അടിയേറ്റു കിടന്ന അവനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍മാര്‍, ചികിത്സിച്ച ഡോക്ടര്‍, സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിച്ചവരുടെ കൂടെ സുഹൃത്തുക്കളായി ഉണ്ടാകുകയും എന്നാല്‍ കാര്യങ്ങള്‍ കൈവിടും എന്ന് തോന്നിയപ്പോള്‍ ജിംഷാറിനെ തന്നെ നേരിട്ട് കണ്ട് ഞങ്ങളൊക്കെ നിന്റെ കൂടെ തന്നെയാടാ എന്നും പറഞ്ഞ് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ വന്ന കൂനംമൂച്ചിയിലെ ചില യുവാക്കള്‍,..  അങ്ങനെ തുടങ്ങി സംഭവവുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ട നിരവധി ആളുകളോട് ഇതിനിടയില്‍ സംസാരിച്ചിരുന്നത് മൂലം കാര്യങ്ങളെക്കുറിച്ച് അത്യാവശ്യം തരക്കേടില്ലാത്ത ധാരണ കിട്ടിയിരുന്നു.

വാരിയെല്ലിന് സാരമായി പരിക്കേറ്റതിനാല്‍ നടക്കാന്‍ കഴിയാതിരുന്ന അവനെ വീല്‍ചെയറില്‍ കൊണ്ടുപോയി വണ്ടിയില്‍ക്കയറ്റി പെരുമ്പിലാവിലെ ബന്ധുവീട്ടിലാക്കിയതിന് ശേഷമാണ് തൃശ്ശൂര്‍ക്ക് വണ്ടി കയറിയത്. തൃശ്ശൂരിലെത്തി ചുമ്മാ ഫെസ്ബുക്ക് തുറന്നു നോക്കിയപ്പോള്‍ ജിംഷാറിനെ ആരും മര്‍ദ്ധിച്ചിട്ടില്ല എന്നും പുസ്തകം വിറ്റു പോകാന്‍ അവന്‍ സ്വയം ക്രിയേറ്റ് ചെയ്ത നാടകമാണിതെന്നുമൊക്കെ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ കണ്ട് സ്തബ്ധനായി നിന്നപ്പോഴേക്കും അവന്‍ വിളിച്ചിരുന്നു. സംസാരിക്കാനോ എഴുതാനോ കഴിയാത്ത മാനസ്സികാവസ്ഥയാണെന്നും മനസ്സിലാക്കിയ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കണമെന്നും അവന്‍ പറഞ്ഞിരുന്നു.

ജിംഷാര്‍ ആക്രമിക്കപ്പെട്ടത് പോപ്പുലര്‍ ഫ്രണ്ട്/എസ്.ഡി.പി.ഐ പ്രവര്‍ത്തകരാലാണെന്ന് അവന്‍ പറഞ്ഞുവെന്നും ഇല്ലെന്നും പ്രചരിപ്പിക്കുന്ന പലതരം പോസ്റ്റുകളും ഇതിനിടയില്‍ കണ്ടിരുന്നു. എന്തായാലും തന്നെ ആക്രമിച്ചത് മേല്‍പ്പറഞ്ഞ വിഭാഗമാണെന്ന് അവന്‍ തീര്‍ത്ത് പറഞ്ഞിട്ടില്ല എന്നത് സത്യമാണ്. അതിനര്‍ത്ഥം ആക്രമിച്ചത് അവരല്ല എന്നല്ല. അങ്ങനെ തീര്‍ത്ത് പറയാന്‍ എന്റെ പക്കല്‍ തെളിവുകളില്ല എന്നാണ് അവന്‍ പറഞ്ഞത്. കൂനംമുച്ചി-കൂറ്റനാട് പ്രദേശത്തെ തീവ്ര ഇസ്ലാമിക മതബോധം പേറുന്ന അള്ളാന്റെ അന്തങ്കമ്മികളാണ് തന്നെ ആക്രമിച്ചതെന്നാണ് അവന്‍ പറഞ്ഞത്. ആരെക്കുറിച്ചാണ് അവന്‍ ഉദ്ദേശിച്ചതെന്ന് അത് കേട്ടവര്‍ക്കെല്ലാം പകല്‍ പോലെ വ്യക്തമാണ് എങ്കിലും ഇതിനിടയില്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ പങ്കുവെക്കുന്നു:

ആക്രമിക്കപ്പെടുന്നതിനും ദിവസങ്ങള്‍ക്കു മമ്പു തന്നെ അവന്റെ ഫോണിലേക്ക് വാട്സ് ആപ്പ് വഴി വന്ന ഭീഷണി സന്ദേശങ്ങള്‍ കേട്ടിരുന്നു. അള്ളാനെക്കുറിച്ച് മോശമായി എഴുതിയാല്‍ പൊന്നുമോനേ നിന്നെ ബാക്കി വെച്ചേക്കില്ല എന്ന തരത്തില്‍ സംസ്‌കൃതം കലര്‍ന്ന വോയ്സ് മെസ്സേജിന്റെ അവസാനഭാഗത്ത് ദേഷ്യംകൊണ്ട് അലറിയാണ് ആ സുഹൃത്ത് അവസാനിപ്പിക്കുന്നത്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം രാവിലെ ഇതേ ആള്‍ തന്നെ നമ്മള്‍ തമ്മില്‍ ഇനി യാതൊരു പ്രശ്നവും ഇല്ല എന്നും എല്ലാം മറന്നേക്ക് എന്നും ജിംഷാറിന്റെ ഫോണിലേക്ക് മറ്റൊരു സന്ദേശം കൂടി അയച്ചിരുന്നു. ഈ രണ്ട് സന്ദേശങ്ങള്‍ക്കിടയില്‍ ജിംഷാര്‍ ആക്രമിക്കപ്പെട്ടു. സംശയത്തിന്‍റെ മുന ഇയാളിലേക്ക് നീങ്ങുന്നതിന്‍റെ കാരണങ്ങളിലൊന്ന് ഇതാണ്.

ആശുപത്രിയില്‍ ജിംഷാറിനെ കാണാന്‍ വേണ്ടി വന്ന പ്രദേശവാസികളായ മറ്റു സുഹൃത്തുക്കളോടന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനാണെന്നാണ്.
കൂനംമുച്ചിയാകട്ടെ ഇവര്‍ക്ക് താരതമ്യേനെ നല്ല വേരും സ്വാധീനവുമുള്ള പ്രദേശവും. മാത്രവുമല്ല പ്രദേശത്തെ വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ ജിംഷാറിന്റെ മതവിരോധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവര്‍ ഇടക്കിടെ കൊണ്ടുവരാറുള്ളതായും മേല്‍പ്പറഞ്ഞ സുഹൃത്തുക്കള്‍ പങ്കുവെച്ചിരുന്നു. കൂടാതെ ജിംഷാര്‍ ആക്രമിക്കപ്പെട്ടത് രാവിലെ 10 മണിക്കാണ് എന്ന് പോപ്പുലര്‍ ഫ്രണ്ട്കാര്‍ പരിസരം മുഴുവന്‍ പ്രചരിപ്പിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ എന്തായിരുന്നു ഇത്തരമൊരു പ്രചരണത്തിന്റെ ഉദ്ദേശം?


മദ്യപിച്ച് ബഹളമുണ്ടാക്കിയ ഒരുത്തനെ നാട്ടുകാര്‍ കൈവെച്ചിട്ടുണ്ട് എന്ന് നേരത്തേ തന്നെ പോലീസില്‍ വിളിച്ച് പറഞ്ഞ് പ്രശ്നത്തെ വഴി തിരിച്ചുവിടാന്‍ ശ്രമിച്ചതാരായിരുന്നു?എന്തായിരുന്നു അവരുടെ ഉദ്ദേശം?

എന്തായാലും ഇക്കഴിഞ്ഞ ദിവസത്തെ മുഴുവന്‍ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ എനിക്കൊരു കാര്യം വ്യക്തമാണ് ജിംഷാറിനെ ആക്രമിച്ചത് അവന്‍ പറഞ്ഞപോലെ കൂനംമുച്ചി-കൂറ്റനാട് പ്രദേശത്തെ തീവ്ര ഇസ്ലാമിക മതബോധം പേറുന്ന അള്ളാന്റെ അന്തങ്കമ്മികളാണ്. അവര്‍ പ്രദേശത്തെ പോപ്പുലര്‍ ഫ്രണ്ട്/എസ്.ഡി.പി.ഐ പ്രവര്‍ത്തകരുമാണ്.

പടച്ചോന്‍റെ ചിത്രപ്രദര്‍ശനം കഥ വായിക്കാം

ഒരു പക്ഷെ ഇതവര്‍ സംഘടനാതലത്തില്‍ തീരുമാനിച്ച് നടത്തിയ ഗൂഡാലോചനാ ആക്രമണമൊന്നുമല്ലായിരിക്കാം. പക്ഷേ മതവിമര്‍ശനങ്ങള്‍ക്ക് മതങ്ങളോളം തന്നെ പഴക്കമുള്ളൊരു നാട്ടില്‍, മതേതരമൂല്യങ്ങള്‍ക്ക് മണ്ണില്‍ വേരുള്ളയിടങ്ങളില്‍ 'പടച്ചോന്റെ ചിത്രപ്രദര്‍ശനം' എന്നൊരു പുസ്തകമെഴുതിയ നാട്ടുകാരനെ നട്ടപ്പാതിരാക്ക് വഴിയില്‍ വെച്ച് ചവിട്ടിമെതിക്കാന്‍ പ്രാപ്തരാക്കുന്ന മാനസികാവസ്ഥകളിലേക്ക് ഒരു യുവതയെ നയിക്കുന്നതിന്റെ സാമൂഹിക ഉത്തരവാദിത്തത്തില്‍ നിന്നും ഒരിക്കലും ഈ വര്‍ഗീയ ശക്തികള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല.

നാട്ടിന്‍ പുറങ്ങളിലെ കവലകളിലും ചായക്കടകളിലുമെല്ലാം ഇസ്ലാമിന്റെ മതാന്ധതതകളെയും അന്ധവിശ്വാസങ്ങളെയും പാണ്ഡിത്യകുയുക്തികളെയുമെല്ലാം ആക്ഷേപഹാസ്യ വിമര്‍ശനങ്ങളോടു കൂടി സ്വസമുദായം തന്നെ  ചോദ്യം ചെയ്ത് നിലനിര്‍ത്തിയിരുന്ന മലബാറിന്റെ സാമൂഹിക തുറസ്സുകളെ ഇല്ലായ്മ ചെയ്ത, ഇസ്ലാമിന്റെ കലാപരവും സാംസ്‌കാരികപരവുമായ എല്ലാ ചരിത്രങ്ങളെയും റദ്ദ് ചെയ്ത്, ഇവര്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ബഹുസ്വരതകളും വൈവിധ്യങ്ങളും ഇല്ലാത്ത ഈ ഏകമാത്രമായ ഇസ്സാമും, അതിലൂടെ അവര്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ചെടുക്കുന്ന രാഷ്ട്രീയ ഇസ്ലാമിക സമൂഹവും കൂടുതല്‍ അപകടകരവും അരാഷ്ട്രീയവുമായ ഒരു ജനതയെ തന്നെയാണ് വാര്‍ത്തെടുക്കാന്‍ പോകുന്നത് എന്ന ആശങ്കയോടെ നിര്‍ത്തുന്നു.