അതിവേഗ റെയിൽപ്പാത വിടാതെ തോമസ് ഐസക്, പുതിയ റൂട്ട് പഠിക്കാൻ നീക്കിവെച്ചത് 50 ലക്ഷം

2011-12 വർഷത്തെ ബജറ്റിൽ തുടങ്ങിയതാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ അതിവേഗ റെയിൽപ്പാത പ്രേമം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ 20 കോടിയാണ് സാധ്യതാ പഠനത്തിനായി ഐസക് നീക്കിവെച്ചതെങ്കിൽ ഇത്തവണ പുതിയ പാത തെളിച്ചെടുക്കുന്നതിന് മാറ്റിവെച്ചിരിക്കുന്നത് 50 ലക്ഷം രൂപയാണ്. നടപ്പിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ളതാണ് ഈ അതിവേഗപ്പാത. നടപ്പിലാക്കിയാൽ ലാഭകരമാകാനുള്ള സാധ്യതയും കുറവാണ്.

അതിവേഗ റെയിൽപ്പാത വിടാതെ തോമസ് ഐസക്, പുതിയ റൂട്ട് പഠിക്കാൻ നീക്കിവെച്ചത് 50 ലക്ഷം

ഇത്തവണത്തെ ബജറ്റിലും ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് മറക്കാതെ ചെയ്ത ഒരു കാര്യമാണ് അതിവേഗ റെയിൽപ്പാത സംബന്ധിച്ചുള്ളത്. 2011-12 ബജറ്റിൽ, അതായത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലാണ് തോമസ് ഐസക് അതിവേഗ റെയിൽപാതയ്ക്ക് തുക നീക്കിവെച്ചത്. തെക്കുവടക്ക് അതിവേഗ റെയിൽപ്പാതയ്ക്കുള്ള സാധ്യതാപഠനം ദില്ലി മെട്രോ നടത്തിവരികയാണെന്നും ഇതിനായി അവർക്ക് 20 കോടി രൂപ കൈമാറിയിട്ടുണ്ടെന്നുമാണ് ബജറ്റിലെ പരാമർശം. 50,000 കോടിയിലേറെ രൂപ ചെലവ് വരുന്ന ഉചിതമായ ബിസ്‌നസ് മോഡലിലൂടെ പണം കണ്ടെത്താൻ സാധിക്കുമെന്ന ആത്മവിശ്വാസവും ധനമന്ത്രി പ്രകടിപ്പിച്ചിട്ടുണ്ട്.


തുടർന്ന് ഭരണം മാറി, യുഡിഎഫ് വന്നു. കെ എം മാണി ധനകാര്യ വകുപ്പ് മന്ത്രിയായി. തുടർന്നുള്ള ബജറ്റുകളിൽ ഇത് സംബന്ധിച്ചുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ല. വീണ്ടും അതിവേഗ റെയിൽപ്പാത സംബന്ധിച്ചുള്ള പരാമർശങ്ങളുമായാണ് തോമസ് ഐസക് ഇന്ന് ബജറ്റ് അവതരിപ്പിച്ചത്.

കേരള ഹൈസ്പീഡ് റെയിൽ കോറിഡോറിനുള്ള ഡി.പി.ആർ തയ്യാറായിട്ടുണ്ട്. ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കി ഇതിന്റെ അലൈൻമെന്റ് പുനർനിശ്ചയിക്കേണ്ടതുണ്ട്. അതുപോലെതന്നെ നിലവിലുള്ള റെയിൽപ്പാതയോട് സമാന്തരമായി, കുറച്ച് സ്പീഡ് കുറഞ്ഞിട്ടാണെങ്കിലും, പുതിയൊരു അലൈൻമെന്റിനെക്കുറിച്ചും പഠിക്കേണ്ടതുണ്ട്. ഈ ധനകാര്യവർഷത്തിനുള്ളിൽതന്നെ പഠനം പൂർത്തിയാക്കുന്നതിനുവേണ്ടി 50 ലക്ഷം രൂപ അനുവദിക്കുന്നു. ബജറ്റിന്റെ മുപ്പത്തിരണ്ടാമത്തെ പേജിലെ 140ആം ഭാഗത്തിൽ അതിവേഗ റെയിൽപ്പാത സംബന്ധിച്ചുള്ള തന്റെ പുതിയ നിർദ്ദേശം ഐസക് ഇങ്ങനെ അവതരിപ്പിച്ചു.

കഴിഞ്ഞ ബജറ്റിൽ അതിവേഗ റെയിൽപ്പാത സംബന്ധിച്ച് സാധ്യതാപഠനം നടത്തുന്നതിന് ദില്ലി മെട്രോയ്ക്ക് 20 കോടി അനുവദിച്ചത് കൂടാതെയാണ് പുതിയ അലൈൻമെന്റ് പഠനത്തിനായി 50 ലക്ഷം കൂടി വകയിരുത്തിയിരിക്കുന്നത്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ഈ പദ്ധതി നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും നടപ്പിലാക്കിയാൽ വരാനിടയുള്ള ഭീമമായ ചെലവും സംബന്ധിച്ചുള്ള വലിയ വിമർശനങ്ങൾ നിലവിലുള്ള സമയത്താണ് പുതിയ ബജറ്റിലും പദ്ധതിക്കായി തുക നീക്കിവെച്ചിരിക്കുന്നത്.

കേരള പഠനകോൺഗ്രസിൽ പിണറായി വിജയൻ നടത്തിയ പ്രസംഗത്തോടെയാണ് അതിവേഗ റെയിൽപ്പാത വീണ്ടും ചർച്ചയായത്. എക്‌സ്പ്രസ് ഹൈവേ സംബന്ധിച്ചുള്ള ചർച്ചകളുടെ അന്തരീക്ഷത്തിലാണ് പിണറായി വിജയൻ അതിവേഗ പാത നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ഉയർന്ന വിമർശനങ്ങളെ തടയിട്ടുകൊണ്ട് തോമസ് ഐസക്കാണ് അതിവേഗ പാതയെന്നാൽ റെയിൽപ്പാതയോ ഹൈവേയോ ആകാമെന്ന നിരീക്ഷണം മുന്നോട്ട് വെച്ചത്.

കേരള പഠനകോൺഗ്രസിൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് നാലുവരിപ്പാത പൂർത്തിയാക്കണം എന്നല്ലാതെ അതിവേഗ പാതയെക്കുറിച്ച് പരാമർശമില്ലെന്നും എന്നാൽ റെയിൽപ്പാതയെക്കുറിച്ച് പരാമർശമുണ്ടെന്നും ഐസക് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ചലനാത്മകതയിൽ വലിയ തോതിൽ ഇടപെടൽ നടത്താൻ കഴിയുന്ന തിരുവനന്തപുരം- മംഗലാപുരം റെയിൽ ഇടനാഴി വിപ്ലവകരമായ മാറ്റങ്ങളാവും ഉണ്ടാക്കുക. തിരുവനന്തപുരത്തുനിന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ സ്ഥലങ്ങളിലേക്ക് 53,93,119 മിനിറ്റിൽ എത്താൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കിലോമീറ്ററിന് 80 കോടി രൂപയാണ് പദ്ധതിയുടെ ചെലവെന്നും അദ്ദേഹം എഴുതി. സ്പീഡ് കൂടുന്തോറും ചെലവും കൂടും. സ്പീഡ് എത്ര വേണമെന്ന് നമുക്ക് ചിന്തിക്കാമെന്നും അദ്ദേഹം പറഞ്ഞുവെച്ചു.

ബുള്ളറ്റ് ട്രെയിന്റെ വേഗതയോട് കിടപിടിക്കുന്ന റെയിൽപ്പാത നടപ്പിലാക്കാനാണ് തോമസ് ഐസക് പദ്ധതിയിടുന്നത്. കേന്ദ്ര സർക്കാർ മുംബൈ- അഹമ്മദാബാദ് റൂട്ടിൽ നിർമ്മിക്കുന്ന ബുള്ളറ്റ് റെയിൽപ്പാതയുടെ ദൂരം 508 കിലോ മീറ്ററാണ്. നിലവിൽ എട്ട് മണിക്കൂറെടുക്കുന്ന യാത്ര രണ്ട് മണിക്കൂറായി ചുരുക്കാൻ വേണ്ടിയാണ് ബുള്ളറ്റ് റെയിൽപ്പാത നിർമ്മിക്കുന്നത്. കിലോമീറ്ററിന് 200 കോടിയോളമാണ് അതിവേഗ പാതയുടെ നിർമ്മാണച്ചെലവ്. ഇതിന് സമാനമായ വേഗത്തിൽ യാത്ര സാധ്യമാകണമെങ്കിൽ സമാനമായ മുതൽമുടക്ക് വേണ്ടിവരുമെന്ന് സാരം.

നിർമ്മാണ ചെലവിന്റെ കാര്യത്തിലുള്ള ഈ അന്തരം സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും ഉണ്ടാകും. മുംബൈ- അഹമ്മദാബാദ് റൂട്ടിലെ സ്ഥലമെടുപ്പ് പോലെയാകില്ല കേരളത്തിലെ സ്ഥലം ഏറ്റെടുപ്പ്. 2011ലെ ബജറ്റിൽ ദില്ലി മെട്രോ റെയിൽവേയെ ഏൽപ്പിച്ച സ്ഥലമെടുപ്പ് സംബന്ധിച്ചുള്ള സാധ്യതാ പഠനറിപ്പോർട്ടിൽ ഇതു വ്യക്തമായതിനെ തുടർന്നാവണം പുതിയ അലൈൻമെന്റ് പഠിക്കുന്നതിനായി തുക നീക്കിവെച്ചത്. കുറച്ച് സ്പീഡ് കുറച്ചിട്ടാണെങ്കിലും പുതിയൊരു അലൈൻമെന്റും പഠിക്കേണ്ടതുണ്ടെന്നും ബജറ്റ് നിർദ്ദേശം വ്യക്തമാക്കുന്നുണ്ട്. മുംബൈ- അഹമ്മബാദ് ബുള്ളറ്റ് റെയിൽപ്പാതയിലെ വേഗത എന്തായാലും കേരളത്തിലെ തിരുവനന്തപുരം- മംഗലാപുരം അതിവേഗ റെയിൽപ്പാതയ്ക്ക് ഉണ്ടാവില്ലെന്ന് സാരം.

അതിവേഗ റെയിൽപ്പാതയിൽ ജപ്പാൻ സഹായം വാഗ്ദാനം ചെയ്ത് മെട്രോ റെയിലിന്റെ അമരക്കാരനായ ഇ ശ്രീധരൻ രംഗത്തെത്തി. ഇതോടെ സംസ്ഥാന സർക്കാരിന്റെ വിഹിതം 15,000 കോടി രൂപ മാത്രമായി. നിലവിലെ റെയിൽപ്പാതയിൽ പദ്ധതി നടപ്പിലാക്കാൻ സാധിക്കില്ലെന്നാണ് ഡിഎംആർസി നൽകിയിരിക്കുന്ന റിപ്പോർട്ട്. അതിനെ തുടർന്നാണ് ഇന്ന് അവതരിപ്പിച്ച ബജറ്റിൽ പുതിയ പാതയെക്കുറിച്ച് പഠനം നടത്തുന്നതിന് 50 ലക്ഷം നീക്കിവച്ചത്.

അതിവേഗ റെയിൽപ്പാത നടപ്പിലാക്കാതെ കേരളത്തിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് ഇ ശ്രീധരൻ പറയുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഓരോ വർഷം കഴിയുന്തോറും കേരളത്തിൽ വർദ്ധിച്ചുവരുന്ന ഗതാഗതത്തിരക്ക് തന്നെയാണ്. റോഡപകടങ്ങളിൽ മരിച്ചുവീഴുന്ന ആയിരങ്ങളുടെ ചോരയും ശ്രീധരന്റെ മുമ്പിലുണ്ടാകാം. എന്നാൽ നടപ്പിലാക്കാൻ അത്ര എളുപ്പമാണോ ഈ അതിവേഗപാതയെന്ന് ഓർക്കുന്നത് നന്നാവും. അഥവാ നടപ്പിലാക്കിയാൽതന്നെ വിജയിപ്പിച്ചെടുക്കാൻ എളുപ്പമാണോ എന്നതും ആലോചിക്കണം.

തിരുവനന്തപുരം- മംഗലാപുരം അതിവേഗ പാത നിർമ്മിക്കാൻ കേരളം മാതൃകയാക്കിയിരിക്കുന്ന മുംബൈ- അഹമ്മദാബാദ് പാത ലാഭകരമാകില്ലെന്ന പഠനഫലങ്ങളെ തുടർന്നാണ് ചൈന പിൻമാറിയതും ആ സ്ഥലത്തേക്ക് ജപ്പാൻ വന്നതും. ഇപ്പോൾ ജപ്പാനും പദ്ധതി സംബന്ധിച്ചുള്ള പഠനങ്ങളിലാണെന്നാണ് റിപ്പോർട്ട്. പല രാജ്യങ്ങളിലും വൻതുകകൾ മുടക്കി നിർമ്മിച്ച ഹൈസ്പീഡ് റെയിൽപ്പാതകൾ പലരും പ്രവർത്തനം നിർത്തുകയോ കമ്പനികൾ പിൻമാറുകയോ ചെയ്തിട്ടുണ്ട്. മാതൃകകൾ നോക്കുന്ന സമയങ്ങളിൽ ഇതും കൂടി നോക്കുകയും പരിശോധിക്കുകയും ചെയ്യാവുന്നതാണ്.

സമകാലീന മലയാളത്തിൽ അനൂപ് പരമേശ്വരൻ എഴുതിയ അതിവേഗ പാതയിലെ തോമസ് ഐസക് എന്ന ലേഖനത്തോട് കടപ്പാട്