ഒടുവിൽ ദേശാഭിമാനി റസിഡന്റ് എഡിറ്റർ ഗോദയിലിറങ്ങി: പ്രതിഷേധത്തിന്റെ കൂക്കുവിളിയുമായി സൈബർ സഖാക്കൾ

രൂക്ഷമായ പരിഹാസവും രോഷവുമാണ് പി എം മനോജ് ഈ പോസ്റ്റിൽ നേരിടുന്നത്. അഞ്ചുവർഷം ഉമ്മൻചാണ്ടിയെ ന്യായീകരിച്ച ടി സിദ്ദിഖിന്റെ ഗതി സഖാവ് മനോജിന് ഉണ്ടാകരുത് എന്ന പരിഹാസം വരെ ഇതിനകം ഉയർന്നു കഴിഞ്ഞു. ദാമോദരന് സർക്കാരിനെതിരെ കേസെടുക്കാമെങ്കിൽ ഞങ്ങൾക്ക് എതിർനിലപാടുമെടുക്കാമെന്ന് വേറൊരാൾ.

ഒടുവിൽ ദേശാഭിമാനി റസിഡന്റ് എഡിറ്റർ ഗോദയിലിറങ്ങി: പ്രതിഷേധത്തിന്റെ കൂക്കുവിളിയുമായി സൈബർ സഖാക്കൾഏറെ വൈകി മുഖ്യമന്ത്രിയെയും നിയമോപദേഷ്ടാവ് എം കെ ദാമോദരനെ ന്യായീകരിക്കാനെത്തിയ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ പി എം മനോജിന് പാർടി അണികളുടെ വക രൂക്ഷവിമർശനം. നിയമോപദേഷ്ടാവിന്റെ നിയമനത്തിലോ അദ്ദേഹം സർക്കാരിനെതിരെ വക്കാലത്തേൽക്കുന്നതിലോ സാങ്കേതികവും നിയമപരവുമായി ഒരു പ്രശ്നവുമില്ലെന്നാണ് സുദീർഘമായ ഫേസ് ബുക്ക് പോസ്റ്റിൽ മനോജ് വാദിക്കുന്നത്. എന്നാൽ പ്രശ്നത്തിലെ ധാർമ്മികതയുടെയും ഔചിത്യത്തിന്റെയും പ്രശ്നങ്ങളെക്കുറിച്ച് സമ്പൂർണമായ നിശബ്ദത പാലിക്കുകയും ചെയ്യുന്നു.

സോഷ്യൽ മീഡിയയിൽ എംകെഡി വിവാദം കത്തിപ്പടരുമ്പോഴും സിപിഎമ്മിന്റെ നവമാധ്യമസെല്ലിന്റെ ചുമതലയുള്ള പി എം മനോജടക്കമുള്ളവരോ ഫേസ് ബുക്കിൽ സജീവമായ പാർടി നേതാക്കളോ ഇതേവരെ പ്രതികരിക്കാൻ തയ്യാറാകാതിരുന്നത് ചർച്ചകൾക്കു വഴിവെച്ചിരുന്നു.

രൂക്ഷമായ പരിഹാസവും രോഷവുമാണ് പി എം മനോജ് ഈ പോസ്റ്റിൽ നേരിടുന്നത്. അഞ്ചുവർഷം ഉമ്മൻചാണ്ടിയെ ന്യായീകരിച്ച ടി സിദ്ദിഖിന്റെ ഗതി സഖാവ് മനോജിന് ഉണ്ടാകരുത് എന്ന പരിഹാസം വരെ ഇതിനകം ഉയർന്നു കഴിഞ്ഞു. ദാമോദരന് സർക്കാരിനെതിരെ കേസെടുക്കാമെങ്കിൽ ഞങ്ങൾക്ക് എതിർനിലപാടുമെടുക്കാമെന്ന് വേറൊരാൾ.

"സ്വന്തം മനഃസാക്ഷിയെപ്പോലും സമ്മതിപ്പിക്കാൻ പറ്റാത്ത വാദം ആയി പോയി സഖാവെ , തിരുത്തേണ്ടത് തിരുത്തേണ്ട സമയത്ത് തിരുത്തി പോയില്ലെങ്കിൽ പിന്നെ പ്ളീനം വിളിച്ചിട്ടൊന്നും കാര്യം ഉണ്ടാകില്ലെ"ന്ന് തുറന്നടിച്ചുകൊണ്ടാണ് കൃഷ്ണരാജ് മാഹി എന്ന പാർടി അനുഭാവി ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. "എന്തിന് ഈ വിഴുപ്പു താങ്ങണ"മെന്നാണ് ഒരാളുടെ ചോദ്യം. വലിയ വായിൽ വാചകമടിക്കാതെ അടിച്ചു പുറത്താക്കാൻ ശ്രമിക്കുക, ഞാനും ഒരു സഖാവാണ് എന്നൊരാൾ. ഇതുതന്നെയാണ് ഏറെക്കുറെ എല്ലാ പ്രതിഷേധ കമന്റുകളുടെയും സ്വഭാവവും. 300ലധികം കമന്റുകൾ വന്നിട്ടും മനോജിനെ അനുകൂലിക്കാൻ പത്തുപേർ പോലും തികച്ചില്ല.

പാർടിയുമായി ബന്ധപ്പെട്ട് ഏതു വിവാദമുണ്ടായാലും പിഎം മനോജാണ് സോഷ്യൽ മീഡിയയിൽ പ്രതിരോധവും ആക്രമണവും നയിക്കുന്നത്. വ്യാഖ്യാനങ്ങൾക്കും വിശദീകരണങ്ങൾക്കും നിലപാടുകൾക്കും പാർടി അംഗങ്ങളും അനുഭാവികളും ഏറ്റവുമധികം ആശ്രയിക്കുന്നതും അദ്ദേഹത്തിന്റെ പേജിനെയാണ്. എന്നാൽ നിയമോപദേഷ്ടാവ് വിവാദത്തിൽ തങ്ങൾക്കൊരു വിശദീകരണവും കേൾക്കേണ്ടതില്ല എന്നാണ് മഹാഭൂരിപക്ഷത്തിന്റെയും നിലപാട്.

മാധ്യമങ്ങൾ കൊണ്ടാടിയ പലവിവാദങ്ങളിലും പാർടിയ്ക്കൊപ്പം നിന്നവർ ഒറ്റക്കെട്ടായി ദാമോദരന്റെ നിയമനത്തിനെതിരെ രൂക്ഷവിമർശനം തൊടുക്കുകയാണ്. പാർടി വക്താക്കളോ സഹയാത്രികരോ മുന്നോട്ടുവെയ്ക്കുന്ന ഒരു ന്യായീകരണവും ആരെയും തൃപ്തരാക്കുന്നില്ല. മനോജ് മാത്രമല്ല, പിണറായി വിജയനും ഈ പ്രശ്നത്തിൽ സിപിഎം അണികളുടെ രൂക്ഷമായ എതിർപ്പാണ് നേരിടുന്നത്.

എന്നാൽ നിയമപരമായും സാങ്കേതികമായും എം കെ ദാമോദരനെയും പിണറായി വിജയനെയും പിന്തുണയ്ക്കുമ്പോഴും ഈ പ്രശ്നത്തിലെ ധാർമ്മികവശം പി എം മനോജ് സമർത്ഥമായി ഒഴിവാക്കുന്നു. കാര്യങ്ങൾ പരിശോധിക്കാനും ചർച്ച ചെയ്യാനും സമയം വേണ്ടുവോളമുണ്ട് എന്ന് കൂട്ടത്തിൽ പറഞ്ഞുവെയ്ക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ മറിച്ചൊരു പരിശോധനയ്ക്കും ചർച്ചയ്ക്കുമുള്ള സാധ്യതയുണ്ടെന്നും സുദീർഘമായ ന്യായീകരണത്തിൽ പി എം മനോജ് സൂചന നൽകുന്നുണ്ട്.

നവമാധ്യമത്തിലും ചാനലുകളിലും സിപിഎമ്മിനെതിരെ വരുന്നവരെ ഉശിരോടെ നേരിടുന്ന പി എം മനോജിന് ഇക്കാര്യത്തിൽ ഉത്തരം മുട്ടിയ മട്ടാണ്. കമന്റുകൾക്കു മറുപടി പറയാനോ മറ്റു വിശദീകരണങ്ങൾക്കോ അദ്ദേഹം ഇതുവരെ തയ്യാറായിട്ടുമില്ല.

അഡ്വ എം കെ ദാമോദരൻ വിവിധ കക്ഷികൾക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത് സംബന്ധിച്ചു വൈകാരികമായ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ...

Posted by Manoj PM on 14 July 2016

Read More >>