കുന്നംകുളത്തെ അപമാനിച്ച കലക്ടര്‍ ബ്രോയ്‌ക്കെതിരെ മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി

കളിതമാശയ്ക്ക് കുന്നംകുളത്തിനെ പോരിനിടയിലേക്ക് വലിച്ചിഴച്ചതിനെതിരെ ശക്തമായ ഭാഷയിലാണ് മുന്‍ എംഎല്‍എ വിമര്‍ശിച്ചിരിക്കുന്നത്. കളിതമാശയ്ക്ക് കുന്നംകുളത്തുകാര്‍ നിങ്ങളുടെ പിതാവിനും മാതാവിനും വിളിച്ചാല്‍ നിങ്ങള്‍ തമാശയായിക്കണ്ട് പൊറുക്കുമോ എന്നും ബാബു എം പാലിശ്ശേരി ചോദിക്കുന്നു.

കുന്നംകുളത്തെ അപമാനിച്ച കലക്ടര്‍ ബ്രോയ്‌ക്കെതിരെ മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി

കോഴിക്കോടിന്റെ കലക്ടര്‍ ബ്രോ എന്‍ പ്രശാന്തും എംപി എംകെ രാഘവനും തമ്മിലുള്ള ഫേസ്ബുക്ക് യുദ്ധം പുതിയ തലത്തിലേക്ക് കടക്കുന്നു. ഇവര്‍ തമ്മിലുള്ള പോരില്‍ കുന്നംകുളം ദേശത്തിനെ വലിച്ചിഴച്ചതിനെതിരെ അതൃപ്തി അറിയിച്ച് കുന്നംകുളത്തെ മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി രംഗത്തെത്തി. കുന്നംകുളം ഞങ്ങളുടെ പ്രിയ സ്വദേശമാണെന്നും കോഴിക്കോട്ടെ കലക്ടറും എംപിയും തമ്മിലുള്ള തമ്മില്‍ തല്ലില്‍ ഞങ്ങള്‍ കന്നംകുളത്തുകാര്‍ക്ക് ഒരു ദേശക്കാര്‍ എന്ന നിലക്ക് ഒരു താത്പര്യവുമില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.


കളിതമാശയ്ക്ക് കുന്നംകുളത്തിനെ പോരിനിടയിലേക്ക് വലിച്ചിഴച്ചതിനെതിരെ ശക്തമായ ഭാഷയിലാണ് മുന്‍ എംഎല്‍എ വിമര്‍ശിച്ചിരിക്കുന്നത്. കളിതമാശയ്ക്ക് കുന്നംകുളത്തുകാര്‍ നിങ്ങളുടെ പിതാവിനും മാതാവിനും വിളിച്ചാല്‍ നിങ്ങള്‍ തമാശയായിക്കണ്ട് പൊറുക്കുമോ എന്നും ബാബു എം പാലിശ്ശേരി ചോദിക്കുന്നു. നാടിന്റെ നാനാഭാഗങ്ങളിലേയ്ക്ക് ബോധപൂര്‍വ്വം ചിതറിത്തെറിച്ച് പ്രഭാതം പൊട്ടി വിരിയുന്നതിനോടൊപ്പം ഉണര്‍ന്ന് പാതിരാ വരെ കഠിനാദ്ധ്വാനം ചെയ്ത് ജീവിക്കുന്ന ഒരു ജനതയാണ് ഞങ്ങള്‍. കേരളം മുഴുവന്‍ സ്റ്റേഷനറി ബിസിനസ്സ് രംഗത്തും മറ്റ് പല മേഘലകളിലും നിറഞ്ഞു നില്ക്കുക എന്നു പറഞ്ഞാല്‍ അത് അദ്ധ്വാനത്തിന്റേയും വിശ്വസ്തതയുടെയും ഫലവും ബാക്കിപത്രവുമാണ്- മുന്‍ എംഎല്‍എ പറയുന്നു.

കലക്ടര്‍ കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് തെറ്റ്. അതിനെ തുടര്‍ന്ന് മാപ്പ് മഫസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് കോഴിക്കോട്ടുകാരെ അപമാനിക്കാനാണെന്ന് എംകെ രാഘവന്‍ എംപി പറഞ്ഞത് അതിലും വലിയ തെറ്റാണെന്നും ബാബു പറഞ്ഞു. കുന്നംകുളം നാട് കള്ളന്മാരുടേയും കൊള്ളക്കാരുടേയും പകര്‍ച്ചാവ്യാധികളുടെയും നാടാണോ എന്ന ചോദ്യവും ബാബു ഉയര്‍ത്തുന്നു. നെറികെട്ട കലഹത്തിന് ഞങ്ങളുടെ നാടിനെ ആയുധമാക്കരുതെന്നും കുന്നംകുളത്തിനെ അപമാനിച്ചതിന് രണ്ടു പേരും ഈ നാട്ടുകാരോട് മാപ്പ് (മേപ്പ് അല്ല) പറയണമെന്നുമാണ് മുന്‍ എംഎല്‍എ ആവശ്യപ്പെടുന്നത്.

ബാബു എം പാലിശ്ശേരിയുടെ പോസ്റ്റിൻ്റെ പൂർണ്ണരൂപം:

കുന്നംകുളം ഞങ്ങളുടെ പ്രിയ സ്വദേശം.
കോഴിക്കോട്ടെ കലക്ടറും എംപിയും തമ്മിലുള്ള തമ്മിൽ തല്ലിൽ ഞങ്ങൾ കന്നംകുളത്തുകാർക്ക് ഒരു ദേശക്കാർ എന്ന നിലക്ക് ഒരു താത്പര്യവുമില്ല. സാമുഹ്യജീവികൾ എന്ന നിലയിൽ അതുണ്ടുതാനും. എന്നിട്ടും തമാശകളിക്കാനാണത്രെ കുന്നംകുളത്തെ അതിലേയ്ക്ക് വലിച്ചിഴച്ചത്! മറ്റൊരു തമാശയ്ക്ക് ഞങ്ങൾ നിങ്ങളുടെ പിതാവിനും മാതാവിനും വിളിക്കട്ടെ? അത് തമാശയായികണ്ട് നിങ്ങൾ പൊറുക്കുമോ? നാടിന്റെ നാനാഭാഗങ്ങളിലേയ്ക്ക് ബോധപൂർവ്വം ചിതറിത്തെറിച്ച് പ്രഭാതം പൊട്ടി വിരിയുന്നതിനോടൊപ്പം
ഉണർന്ന് പാതിരാ വരെ കഠിനാദ്ധ്വാനം ചെയ്ത് ജീവിക്കുന്ന ഒരു ജനതയാണ് ഞങ്ങൾ. കേരളം മുഴുവൻ സ്റ്റേഷനറി ബിസിനസ്സ് രംഗത്തും മറ്റ് പല മേഘലകളിലും നിറഞ്ഞു നില്ക്കുക എന്നു പറഞ്ഞാൽ അത് അദ്ധ്വാനത്തിന്റേയും വിശ്വസ്തതയുടെയും ഫലവും ബാക്കിപത്രവുമാണ്. ഏതോ പുരാതന കാലത്ത് ആരോ ചിലർ മാത്രം ചെയ്ത കാര്യത്തിന് നിങ്ങൾ എല്ലാ തലമുറക്കാരെയും എടുത്തടിക്കണ്ട. അങ്ങിനെയെങ്കിൽ പുറകിൽ വാലു വെച്ചു നടക്കുന്നവരുടെ പുർവ്വ ചരിത്രം ഞങ്ങൾക്കും പറയേണ്ടി വരും.
ഇന്ന് മലയാള മനോരമ പത്രത്തിന്റെ പതിനൊന്നാം പേജിൽ ഒരു വലിയ കോളം വാർത്തയുണ്ട്. അതിൽ ' കലക്ടർ കുന്നംകുളത്തെ അപമാനിച്ചുവെന്ന് കാട്ടി ഫെയ്സ് ബുക്കിൽ ഞാനൊരു പോസ്റ്റിട്ടു എന്നൊരു പരാമർശമുണ്ട്. ഞാൻ കലക്ടർ 'ബ്രോയെ' മാത്രമല്ല ഉദ്ദേശിച്ചത്. എംപിയെയും കൂടിയാണ്. "കലക്ടർ കുന്നംകുളത്തിന്റെ മേപ്പിന്റെ ചിത്രം FB യിൽ പോസ്റ്റ് ചെയ്തത് കോഴിക്കോട്ടുകാരെ അപമാനിക്കാനാണ് " എന്ന് എം പി പറയുന്നത് ഞാനിന്നലെ Tv യിൽ കണ്ടു. അതെന്താ ഞങ്ങളുടെ നാട് കള്ളന്മാരുടേയും കൊള്ളക്കാരുടേയും നാടോ? അതോ പകർച്ചവ്യാഥികളുടെ നാടോ? ഇവരുടെ നെറികെട്ട കലഹത്തിന് എന്തിന് ഞങ്ങളുടെ നാടിനെ ആയുധമാക്കണം. കുന്നംകുളത്തിനെ അപമാനിച്ചതിന് രണ്ടു പേരും ഈ നാട്ടുകാരോട് മാപ്പ് (മേപ്പ് അല്ല) പറയണം,, നാണവും മാനവും ഇനിയും വല്ലതും ബാക്കിയുണ്ടെങ്കിൽ....? നാടിനെ ഒന്നായി കാണാനുള്ള വലിപ്പമുണ്ടെങ്കിൽ...
(ബാബു എം പാലിശ്ശേരി)