യൂറോ സെമിയില്‍ ലോകചാമ്പ്യന്‍മാര്‍ക്ക് കാലിടറി, ഫ്രഞ്ച് യുവനിര ഫൈനലിലേക്ക്, വിജയം 2-0ന്

അത്ലറ്റികോ മാഡ്രിഡിന്‍റെ സ്ട്രൈക്കര്‍ കൂടിയായ ആന്‍റണി ഗ്രീസ്മാന്‍റെ ഇരട്ട ഗോളുകളിലൂടെയാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജയിച്ച് ഫ്രാന്‍സ് സെമിയിലെത്തിയത്.

യൂറോ സെമിയില്‍ ലോകചാമ്പ്യന്‍മാര്‍ക്ക് കാലിടറി, ഫ്രഞ്ച് യുവനിര ഫൈനലിലേക്ക്, വിജയം 2-0ന്

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോകചാമ്പ്യന്‍മാരായ ജര്‍മനിക്കെതിരെ ആതിഥേയരായ ഫ്രാന്‍സിന് ജയം. അത്ലറ്റികോ മാഡ്രിഡിന്‍റെ സ്ട്രൈക്കര്‍ കൂടിയായ ആന്‍റണി ഗ്രീസ്മാന്‍റെ ഇരട്ട ഗോളുകളിലൂടെയാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജയിച്ച് ഫ്രാന്‍സ് സെമിയിലെത്തിയത്.

ആദ്യപകുതി ഇടവേളയ്ക്ക് കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പുള്ള ഇന്‍ജ്വറി ടൈമില്‍ (45+2) പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യം ഫ്രാന്‍സ് മുന്‍പിലെത്തിയത്. ജര്‍മന്‍ പെനാല്‍റ്റി ബോക്സിലെത്തിയ പന്ത് ഉയര്‍ന്നുചാടി കുത്തിയകറ്റുന്നതിനിടെ ക്യാപ്റ്റന്‍ ഷ്വൈന്‍സ്റ്റീഗറുടെ കൈകളിലുരസി. ഇത് കണ്ട ഇറ്റാലിയന്‍ റഫറി ഫ്രാന്‍സിന് പെനാല്‍റ്റി അനുവദിച്ചു. കിട്ടിയ അവസരം ഗ്രീസ്മാനിലൂടെ ആതിഥേയര്‍ മുതലാക്കി. ഇതോടെ ഇടവേളയ്ക്ക് കളി അവസാനിക്കുമ്പോള്‍ ഫ്രാന്‍സ് 1-0ന് മുന്‍പില്‍.


ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി കിട്ടുന്നതുവരെ കളി ജര്‍മനിയുടെ കാലുകളിലായിരുന്നു. 13-ആം മിനിറ്റില്‍ സ്ട്രൈക്കര്‍ തോമസ് മുള്ളര്‍ക്ക് ഒരുഗ്രന്‍ അവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. പിന്നീട് 25-ആം മിനിറ്റില്‍ പോസ്റ്റില്‍ നിന്നും 35 വാര മാത്രം അകലെ നിന്ന് ഫ്രാന്‍സിന് ഫ്രീകിക്ക് കിട്ടിയെങ്കിലും ദിമിത്രി പായെറ്റ് പായിച്ച പന്ത് ജര്‍മന്‍ ഗോളി നോയറുടെ കൈകളില്‍ വിശ്രമിച്ചു. 33-ആം മിനിറ്റില്‍ മുള്ളര്‍ക്ക് മറ്റൊരു അവസരം കൂടി ലഭിച്ചു. എന്നാല്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ ഉംറ്റിറ്റി ക്ലിയര്‍ ചെയ്ത് അപകടം ഒഴിവാക്കി.

ഇതിനിടെ 42-ആം മിനിറ്റിലായിരുന്നു ഫ്രാന്‍സിന് സുവര്‍ണ്ണാവസരം ലഭിച്ചത്. ജര്‍മന്‍ ഡിഫന്‍ഡര്‍ ജെറോം ബോട്ടെങിന്‍റെ പിഴവ് മുതലെടുത്ത് ഗോള്‍ മുഖത്തേക്ക് ഓടിക്കയറിയ ഫ്രഞ്ച് ഫോര്‍വേഡ് ജിറൂഡിനെ പണിപ്പെട്ടാണ് ഡിഫന്‍ഡര്‍ ബെനഡിക്ട് ഹൗഡെസ് പെനാല്‍റ്റി ബോക്സിനുള്ളില്‍ തളച്ചത്. പിന്നീട് ആദ്യപകുതി സമനിലയില്‍ അവസാനിക്കുമെന്ന് വിചാരിക്കുന്നതിനിടെയാണ് ബോക്സിനുള്ളില്‍ ജര്‍മന്‍ ദുരന്തം അരങ്ങേറിയത്. എവ്റയുടെ ഹെഡ്ഡര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ ക്യാപ്റ്റന്‍ ഷ്വൈന്‍സ്റ്റീഗറുടെ കൈകളില്‍ പന്ത് തട്ടിത്തെറിച്ചു. ഇതോടെ റഫറിയുടെ കൈകള്‍ പോസ്റ്റിന് നേര്‍ക്ക് നീണ്ടു... പെനാല്‍റ്റി.
കൈക്രിയക്ക് ഷ്വൈന്‍സ്റ്റീഗര്‍ക്കും പെനാല്‍റ്റി ചോദ്യം ചെയ്തതിന് ഓസിലിനും ഇതിനിടയ്ക്ക് മഞ്ഞക്കാര്‍ഡും കിട്ടി. എന്നാല്‍ കിക്ക് എടുത്ത ഗ്രീസ്മാന്‍ വലയുടെ ഇടത്തെ മൂലയ്ക്ക് പന്തടിച്ച് കയറ്റി ആതിഥേയരെ മുന്‍പിലെത്തിച്ചു. എതിര്‍ദിശയിലേക്ക് ചാടിയ ജര്‍മന്‍ ഗോളി നോയര്‍ക്ക് പന്ത് വലയില്‍ കയറുന്നത് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

രണ്ടാം പകുതിയുടെ 61-ആം മിനിറ്റില്‍ പ്രതിരോധ താരം ജെറോം ബോട്ടെങ് പരിക്കേറ്റ് പുറത്തുപോയതോടെ ജര്‍മനി കളി കൈവിട്ടു. ഹമ്മല്‍സ് സസ്പെന്‍ഷനില്‍ ആയതിനാല്‍ പകരം മസ്താഫിയാണ് കളത്തിലിറങ്ങിയത്. പ്രതിരോധനിരയില്‍ നിന്ന് എംറെ കാനെ പിന്‍വലിച്ച് പകരം (67-ആം മിനിറ്റില്‍) സ്ട്രൈക്കര്‍ ഗോട്സെയെ ഇറക്കി കോച്ച് ജോക്വിം ല്യൂ ആക്രമണത്തിന് മൂര്‍ച്ഛ കൂട്ടാന്‍ ശ്രമിച്ചെങ്കിലും പ്രതിരോധം പാളുന്നതാണ് കണ്ടത്. ഇതിന്‍റെ പ്രതിഫലനം 71-ആം മിനിറ്റില്‍ തന്നെ കളത്തിലുണ്ടായി. പെനാല്‍റ്റി ബോക്സില്‍ ഡിഫന്‍ഡര്‍ കിമ്മിച്ചിന് പറ്റിയ പിഴവ് മുതലെടുത്ത് ഗ്രീസ്മാനിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡ് ഉയര്‍ത്തി. ഇതോടെ ലോകചാമ്പ്യന്‍മാര്‍ക്ക് പുറത്തേക്കുള്ള വഴിതെളിഞ്ഞു. 75-ആം മിനിറ്റില്‍ ഫ്രഞ്ച് പോസ്റ്റിന് 30 വാര അകലെ നിന്നും ജര്‍മനിക്ക് ഫ്രീകിക്ക് കിട്ടിയെങ്കിലും ഡ്രാക്സ്ലര്‍ക്ക് ലക്ഷ്യം കാണാനായില്ല. പിന്നീട് ആക്രമണ പ്രത്യാക്രമണങ്ങള്‍ നടന്നെങ്കിലും ഫ്രഞ്ച് യുവനിരയ്ക്ക് മുന്‍പില്‍ പരിചയസമ്പന്നരായ ജര്‍മന്‍ താരങ്ങള്‍ വിയര്‍ത്തു. ഇതോടെ ദേഷാംപ്സിന്‍റെ കുട്ടികള്‍ ഫൈനലിലേക്ക്.

പരിക്കേറ്റ സമി ഖദീരയും സസ്പെന്‍ഷനിലായ മാറ്റ്സ് ഹമ്മല്‍സും ഇല്ലാതെ 4-2-3-1 എന്ന ലൈനപ്പിലായിരുന്നു ജര്‍മനി കളത്തിലിറങ്ങിയത്. പ്രമുഖ ടൂര്‍ണമെന്‍റുകളില്‍ തുടര്‍ച്ചയായ ആറാം സെമി കളിക്കാനിറങ്ങിയ ജര്‍മന്‍ പടയെ അതേ ലൈനപ്പില്‍ തന്നെയായിരുന്നു ഫ്രഞ്ച് പടയും നേരിട്ടത്. 68 ശതമാനവും പന്ത് കൈയടക്കി വച്ച ജര്‍മനി 643 പാസുകളോടെ കളം നിറഞ്ഞുനിന്നെങ്കിലും വിജയം അവര്‍ക്കൊപ്പം നിന്നില്ല. എന്നാല്‍ 32 ശതമാനം പൊസഷനോടെ 302 പാസുകള്‍ മാത്രം കൈമാറിയ ആതിഥേയരുടെ യുവനിര ജയിച്ചുകയറി. ജര്‍മനി അഞ്ചു തവണ പോസ്റ്റിന് നേര്‍ക്ക് പന്ത് പായിച്ചപ്പോള്‍ ഫ്രാന്‍സിന് ആറു തവണ നോയര്‍ക്ക് നേരെ പന്തടിക്കാനായി. കളിയില്‍ ഇരുഭാഗത്തുമായി ആറ് മഞ്ഞക്കാര്‍ഡുകളും പിറന്നു. ഫൈനലില്‍ പോര്‍ച്ചുഗലാണ് ഫ്രാന്‍സിന്‍റെ എതിരാളി.

Read More >>