യൂറോ കപ്പ് ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം...

ആറു ഗോളുകളോടെ ഫ്രാൻസിന്റെ ആന്റണി ഗ്രീസ്മാൻ ആണ് ഗോൾപട്ടികയിൽ ഏറ്റവും മുൻപിലുള്ളത്. മറുവശത്ത് മൂന്നു ഗോളുകൾ നേടുകയും മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ക്രിസ്റ്റിയാനോ റൊണാൾഡോ

യൂറോ കപ്പ് ഫൈനലിന് ഇനി  മണിക്കൂറുകൾ മാത്രം...

ലയണൽ മെസിയോ ക്രിസ്റ്റിയാനോ റൊണാൾഡോയോ.... കളിയെഴുത്തുകാർ കൊല്ലങ്ങളായി ഉന്നയിക്കുന്ന ചോദ്യത്തിന് ഇന്നൊരു മാറ്റം. യൂറോ കപ്പ് ഫൈനലിന് മണിക്കൂറുകൾ ശേഷിക്കുമ്പോൾ ലോകം തേടുന്ന ചോദ്യത്തിൽ കാൽപ്പന്തുകളിയുടെ മിശിഹായില്ല, പകരം അവിടെയുള്ളത് ഫ്രാൻസിന്റെ അന്റോണിയോ ഗ്രീസ്മാൻ എന്ന 25 കാരൻ. അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും മെസിയെന്ന മിശിഹ വിരമക്കൽ തീരുമാനം പ്രഖ്യാപിച്ചതുകൊണ്ടല്ല, മറിച്ച് കാൽപ്പന്തുകളിയുടെ ഭൂഖണ്ഡപ്പോരാട്ടത്തിൽ സ്വന്തം കരുത്ത് കൊണ്ട് ടീമിനെ ഫൈനലിൽ എത്തിച്ച കളിമികവ് കൊണ്ടാണിവർ ആരാണ് കേമനെന്ന് ആരാധകർ തേടുന്നത്. ആ ചോദ്യത്തിന് ഇന്നു രാത്രി തന്നെ ഉത്തരം കിട്ടിയേക്കും.

കാൽപ്പന്തുകളിയിൽ ഇന്നലെകളിലെ റെക്കാഡുകൾക്ക് സ്ഥാനമില്ല. രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തെ ഏറെ പിന്നിലായ വെയിൽസ് തോൽപ്പിച്ച് പുറത്താക്കി. ലോക ഒന്നാം നമ്പറുകാരായ അർജന്റീനയ്ക്ക് മേൽ അഞ്ചാം സ്ഥാനക്കാരായ ചിലി ആധിപത്യം നേടുന്നത് കോപ്പയിലും നമ്മൾ കണ്ടു. സ്‌പെയിനും ഇറ്റലിയും ജർമനിയും ടൂർണമെന്റിന് പുറത്തുപോയതും മോശം കളികൊണ്ടു മാത്രമല്ല. ഭാഗ്യക്കേടും നിർണ്ണായക നിമിഷങ്ങളുമാണ് കാൽപ്പന്തുകളിയുടെ സൗന്ദര്യം. ഏതു കരുത്തനും ഒരു നിമിഷം കൊണ്ട് കണ്ണീരണിയാം. കാൽപ്പന്തുകളിക്ക് മാത്രം അവകാശപ്പെട്ട അനിശ്ചിതത്വമാണത്.
ചരിത്രത്തിന് സ്ഥാനമില്ലെങ്കിലും പിന്നിലേക്ക് നോക്കിയാൽ ഫ്രാൻസിനാണ് മുൻതൂക്കം. 1983ന് ശേഷം ഫ്രാൻസും പോർച്ചുഗലും കളിച്ച ഒമ്പതു കളികളിലും വിജയം ഫ്രാൻസിനൊപ്പമായിരുന്നു. ഇതിനിടെ 1984ലും 2000ലും നടന്ന യൂറോയിലും 2006 ലോകകപ്പിലും ഇരൂകൂട്ടരും ഏറ്റുമുട്ടി. ഇതുകൂടാതെ നടന്ന ആറ് സൗഹൃദ മത്സരത്തിലും ഫ്രഞ്ച് പട വിജയിച്ചു.
ഇന്നത്തെ ഫൈനലിലും ഫേവറിറ്റുകൾ ഫ്രാൻസ് തന്നെ. ഭൂരിഭാഗം കഴിയെഴുത്തുകാരും ആരാധകരും ഫ്രാൻസ് ജയിക്കുമെന്ന് പ്രവചിക്കുമ്പോൾ പറങ്കിപ്പടയുടെ ശക്തിയെയും കുറച്ചുകാണാൻ തയ്യാറല്ല. ജിറൂഡും ഗ്രീസ്മാനും ദിമിത്രി പയറ്റും പോൾ പോഗ്ബയും അടങ്ങുന്ന ഫ്രഞ്ച് പട സ്വന്തം നാട്ടിൽ കപ്പ് ഉയർത്താൻ ശേഷിയുള്ളവരാണ്. എന്നാൽ റൊണാൾഡോയെന്ന രാജകുമാരൻ നയിക്കുന്ന പോർച്ചുഗൽ ടീമിൽ കൗമാരക്കാരനായ മിഡ്ഫീൽഡർ സാഞ്ചെസും നാനിയും ക്വറേസമയും പ്രതിരോധ താരം പെപെയും കളിയെ മാറ്റിമറിക്കാൻ ശക്തിയുള്ളവർ തന്നെ.
ആറു ഗോളുകളോടെ ഫ്രാൻസിന്റെ ആന്റണി ഗ്രീസ്മാൻ ആണ് ഗോൾപട്ടികയിൽ ഏറ്റവും മുൻപിലുള്ളത്. 435 മിനിറ്റ് മൈതാനത്ത് നിറഞ്ഞുനിന്ന ഗ്രീസ്മാൻ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു ഗോളുകൾ നേടുകയും മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത റൊണാൾഡോ 600 മിനിറ്റ് പോർച്ചുഗലിന് വേണ്ടി മൈതനത്തുണ്ടായിരുന്നു. വ്യക്തിഗത റെക്കാഡുകൾക്ക് അപ്പുറം സ്വന്തം ടീമിനെ വിജയത്തിലേക്ക് ആര് നയിക്കും എന്നു തന്നെയാകും ഇന്നത്തെ കളിയിൽ ശ്രദ്ധയാകർഷിക്കുക. ആതിഥേയർ കൂടിയായ ഫ്രാൻസ് കളിമികവ് കൊണ്ടാണ് ഫൈനലിൽ എത്തിയതെങ്കിൽ ഭാഗ്യത്തിന്റെ കൂടി നിഴലിലാണ് ക്രിസ്റ്റ്യാനോയുടെ പോർച്ചുഗൽ കലാശക്കളിക്ക് എത്തുന്നത്. എന്തു തന്നെയായാലും കലാശക്കളിക്ക് കാത്തിരിക്കാം, യൂറോപ്പിന്റെ കിരീടധാരണവും നോക്കി.....

Read More >>