എഞ്ചിനീയറിംഗ് അവസാന ഓണ്‍ലൈന്‍ അലോട്ട്മെന്റ് ഇന്ന്; സിഇഇ സര്‍വര്‍ ഡൗൺ

തകരാര്‍ ഉടന്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട് എന്നും വിദ്യാര്‍ഥികള്‍ ഒരു തരത്തിലും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും പറഞ്ഞ അദ്ദേഹം നഷ്ടപ്പെട്ട സമയം വിദ്യാര്‍ഥികള്‍ക്ക് പുനര്‍ ലഭ്യമാക്കുമെന്നും കൂട്ടി ചേര്‍ത്തു.

എഞ്ചിനീയറിംഗ് അവസാന ഓണ്‍ലൈന്‍ അലോട്ട്മെന്റ് ഇന്ന്; സിഇഇ സര്‍വര്‍ ഡൗൺ

തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ് പ്രവേശനത്തിന് വേണ്ടിയുള്ള അവസാന ഓണ്‍ലൈന്‍ അലോട്ട്മെന്റ് തീയതി ഇന്നാണ്. ഏതെങ്കിലും ഒരു കോളേജില്‍ കയറി പറ്റാനുള്ള ഓട്ടത്തിലുള്ള കുട്ടികള്‍ക്ക് ഇന്ന് അവസാന അവസരം. എന്നാല്‍ ഈ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയുമെല്ലാം വെട്ടിലാക്കി കൊണ്ട് ഓണ്‍ലൈന്‍ അലോട്ട്മെന്റിന് കളമൊരുക്കുന്ന കണ്‍ട്രോളര്‍ ഓഫ് എന്‍ട്രന്‍സ്‌ എക്സാമിനേഷന്‍സ് സൈറ്റ് (www.cee-kerala.org) പണിമുടക്കി.


ഇന്ന് അലോട്ട്മെന്റ് അവസാനിക്കുന്ന സാഹചര്യത്തില്‍ സൈറ്റ് പണിമുടക്കിയത് വിദ്യാര്‍ഥികളേയും രക്ഷിതാക്കളെയും ഒരേപോലെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ തകരാര്‍ ഉടന്‍ പരിഹരിക്കുമെന്നും ഓവര്‍ ലോഡ് കാരണമാണ് സൈറ്റ് പ്രവര്‍ത്തന രഹിതമായതെന്നും സിഇഇയുടെ സാങ്കേതിക വിദഗ്ദ്ധനായ ശ്യാം നാരദ ന്യൂസിനോട് പറഞ്ഞു.

"നാല് സര്‍വറുകളില്‍ നിന്നുമാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഇന്നലെ മുതല്‍ സൈറ്റില്‍ ചില അപ്‌ഡേഷൻസ് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സൈറ്റ് അല്‍പ്പം സ്ലോ ആയിരുന്നു. ഇന്ന് അവസാനദിവസമായിരിക്കെ കൂടുതല്‍ പേര്‍ സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍, സര്‍വര്‍ ഡൌണ്‍ ആയി പോയതാണ്." ശ്യാം പറഞ്ഞു.

servver

തകരാര്‍ ഉടന്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട് എന്നും വിദ്യാര്‍ഥികള്‍ ഒരു തരത്തിലും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും പറഞ്ഞ അദ്ദേഹം നഷ്ടപ്പെട്ട സമയം വിദ്യാര്‍ഥികള്‍ക്ക് പുനര്‍ ലഭ്യമാക്കുമെന്നും കൂട്ടി ചേര്‍ത്തു.

അതെ സമയം, സിഇഇയുടെ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ റാങ്കിങ്ങിൽ വളരെ പിന്നിലുള്ള തൃശ്ശൂരിലെ ഏറ്റുമാനൂരപ്പന്‍ കോളേജിന്റെ മെറിറ്റ് സീറ്റുകളെല്ലാം ഫിൽ ആയത് സിഇഇയുടെ വെബ് അലോട്ട്മെന്റിലെ സാങ്കേതിക തകരാറിനെ കുറിച്ച് സംശയമുണർത്തിയിരുന്നു. ഇതുസംബന്ധിച്ച് വിശദമായ വാർത്ത കഴിഞ്ഞദിവസം ടൈംസ് ഓഫ് ഇന്ത്യ  പ്രസിദ്ധീകരിച്ചിരുന്നു.

പ്രമുഖമായ പല കോളേജുകളെയും കടത്തി വെട്ടി തൃശ്ശൂർ ഏറ്റുമാനൂരപ്പന്‍ കോളേജ് തങ്ങളുടെ മുഴുവന്‍ സീറ്റുകളും നിറച്ചതിനെ പറ്റിയായിരുന്നു ടൈംസിന്‍റെ വാര്‍ത്ത. സംസ്ഥാനത്തെ പല കോളേജുകളും തങ്ങളുടെ സീറ്റുകളില്‍ പകുതിയെങ്കിലും നിറയ്ക്കാന്‍ നെട്ടോട്ടമോടുന്ന സമയത്താണ് ഈ കോളേജ് തങ്ങളുടെ സീറ്റുകള്‍ മുഴുവന്‍ നിറച്ചിരിക്കുന്നത്. അതിനെല്ലാം ഉപരി, എന്‍ട്രന്‍സ്‌ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വാങ്ങിയവരാണ് ഈ കോളേജിൽ അഡ്മിഷൻ എടുത്തത്. കഴിഞ്ഞ തവണ തങ്ങളുടെ 50% സീറ്റുകള്‍ പോലും നിറയ്ക്കാന്‍ ഈ കോളേജിന് സാധിച്ചിരുന്നില്ല.

കഴിഞ്ഞ വര്‍ഷം കേരള സാങ്കേതിക സര്‍വകലാശാല അത്യാവശ്യ സൗകര്യങ്ങളുടെ അഭാവം മൂലം വിലക്കിയ കോളേജാണിത് എന്നതും ഇവിടെ കൂട്ടി വായിക്കപ്പെടണം. എന്നാല്‍ ഇത്തവണ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സെൻട്രലൈസ്ഡ് അലോട്ട്മെന്റ്റില്‍ കോളേജ് ഇടം പിടിക്കുകയായിരുന്നു.

പെട്ടന്ന് ഒരു ദിവസം കൊണ്ട് കോളേജിന് ലഭിച്ച ഈ 'ജനപ്രീതി' സംശയം ഉളവാക്കുന്നുവെന്ന്  ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. വിഷയത്തില്‍ സിഇഇയുടെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന രണ്ടാം സെമസ്റ്റർ പരീക്ഷയില്‍ 13% കുട്ടികള്‍ മാത്രം പാസായ കോളേജിന് എങ്ങനെ ഇത്തവണ ഇത്രയും അഡ്മിഷന്‍ ലഭിച്ചുവെന്നത് പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കേരള സ്വകാര്യ കോളേജ് മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്റ്‌ ശശികുമാറും കോളേജിന്റെ ഈ വളര്‍ച്ചയില്‍ സംശയം പ്രകടിപ്പിച്ചു. വിഷയത്തില്‍ സുതാര്യമായ അന്വേഷണം അദ്ദേഹം ആവശ്യപ്പെട്ടു.

കേരള സാങ്കേതിക സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 300 സീറ്റില്‍ 135 കുട്ടികളെ മാത്രമാണ് കോളേജിന് ലഭിച്ചത്. മുൻ വര്‍ഷം ആദ്യ സെമ്മില്‍ രണ്ടുശതമാനവും രണ്ടാം സെമ്മില്‍ പതിമ്മൂന്നു ശതമാനവുമാണ് ഇവിടത്തെ വിജയ ശതമാനം. എന്നാല്‍ ഇത്തവണ എല്ലാം മാറി മറിഞ്ഞു, ഇത്തവണ കോളേജില്‍ അഡ്മിഷന്‍ ലഭിച്ച ഏറ്റവും അവസാന റാങ്കുകാരന്‍റെ എൻട്രൻസ് റാങ്ക് 12,511 ആണ്. അതെ സമയം, സംസ്ഥാനത്തെ ഏറ്റവുമധികം വിജയശതമാനമുള്ള സ്വകാര്യ സ്വാശ്രയ കോളജായ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നനോളജിലെ അവസാന വിദ്യാര്‍ഥിയുടെ റാങ്ക് 15,529 ആണ്. ഒന്നാം സെമസ്റ്ററിൽ 76%വും രണ്ടാം സെമസ്റ്ററിൽ 80%വും വിദ്യാർത്ഥികൾ എല്ലാ പേപ്പറും ക്ലിയർ ചെയ്ത കോളജ് ആണിത്.

സിഇഇയുടെ നേതൃത്വത്തില്‍ നടക്കുന്ന സീറ്റ് അലോട്ട്മെന്ടിലെ ന്യൂനതകളിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നത് എന്നും സ്വകാര്യ കോളേജുകളിലെ അഡ്മിഷന്‍ സംബന്ധിച്ച് സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ നയങ്ങള്‍ അവലംബിക്കേണ്ട കാലം അതിക്രമിച്ചുവെന്നും ടൈംസ്‌ ചൂണ്ടിക്കാട്ടുന്നു.