തളിപ്പറമ്പ് ക്ഷേത്രത്തിൽ ആന ചെരിഞ്ഞു; ദുരൂഹത ആരോപിച്ച് വിശ്വാസികൾ

മദപ്പാടുള്ളതിനാൽ കഴിഞ്ഞ രണ്ടു വർഷമായി ഉത്സവത്തിനൊന്നും കൊണ്ടുപോകാതിരുന്ന ശിവ സുബ്രഹ്മണ്യത്തെ സ്ഥിരമായി ചങ്ങലകൾ ഉപയോഗിച്ചു തളച്ചിട്ടിരിക്കുകയായിരുന്നു. മരണത്തിൽ സംശയമുള്ളതിനാൽ വയനാട് വൈൽഡ് ലൈഫ് വെറ്റിനറി സർജൻ ഡോ. ജിജിമോൻ, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സത്യപ്രഭ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആനയുടെ പോസ്റ്റ്മോർട്ടം നടത്തി.

തളിപ്പറമ്പ് ക്ഷേത്രത്തിൽ ആന ചെരിഞ്ഞു; ദുരൂഹത ആരോപിച്ച് വിശ്വാസികൾ

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെ കൊമ്പൻ ശിവസുന്ദരം ചെരിഞ്ഞു. 30 വയസ്സുള്ള ആനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഒരു കൂട്ടം വിശ്വാസികളും ആനപ്രേമികളും രംഗത്ത്. കഴിഞ്ഞ ദിവസമാണ് ആനയെ ക്ഷേത്രം ഗസ്റ്റ്ഹൗസ്സിനരികിലെ ആനക്കൊട്ടിലിന് സമീപത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് തളിപ്പറമ്പ് വെറ്റിനറി പോളിക്ലിനിക് സർജൻ ഡോ. ഇ സോയ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.

മദപ്പാടുള്ളതിനാൽ കഴിഞ്ഞ രണ്ടു വർഷമായി ഉത്സവത്തിനൊന്നും കൊണ്ടുപോകാതിരുന്ന ശിവ സുബ്രഹ്മണ്യത്തെ സ്ഥിരമായി ചങ്ങലകൾ ഉപയോഗിച്ചു തളച്ചിട്ടിരിക്കുകയായിരുന്നു.2012ൽ മദപ്പാട് മൂലം നാലുകാലിലും ചങ്ങല ബന്ധിച്ച നിലയിൽ ദുരിത ജീവിതം നയിച്ചിരുന്ന ആനയുടെ അവസ്ഥ ആ സമയത്ത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. 1999 ൽ തമിഴ്‌നാട് വ്യവസായി മാരിയപ്പ ചെട്ടിയാരാണ് ശിവ സുബ്രഹ്മണ്യത്തെ നടയിരുത്തിയത്. പത്തര അടി ഉയരമുള്ള ശിവസുന്ദരം ഉത്തരകേരളത്തിലെ പ്രമുഖ ആനയായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും കൂച്ചുവിലങ്ങിൽ നരകിക്കാനായിരുന്നു വിധി എന്ന് ആനപ്രേമികൾ പറയുന്നു.


ആനയുടെ മുൻകാലുകളിലും തുമ്പിക്കയ്യിലും വലിയ വ്രണങ്ങൾ ഉണ്ട്. കടുത്ത പീഡനം മൂലമാണ് ആന ചെരിഞ്ഞതെന്നു കാട്ടി മൃഗക്ഷേമ സംഘടനയായ അനിമൽസ് ആൻഡ് ബേർഡ്‌സ് വെൽഫെയർ ട്രസ്റ് സെക്രട്ടറി കെ രഞ്ജിത്ത് വനം വകുപ്പിലും പോലീസിലും പരാതി നൽകി. ആന നേരിട്ടു കൊണ്ടിരിക്കുന്ന പീഡനങ്ങളെക്കുറിച്ച് വനം വകുപ്പ് അധികൃതർക്ക് വ്യക്തമായ അറിവുണ്ടായിട്ടും ഇടപെടില്ലെന്ന് വിശ്വാസികളും ആരോപിക്കുന്നു.

മരണത്തിൽ സംശയമുള്ളതിനാൽ വയനാട് വൈൽഡ് ലൈഫ് വെറ്റിനറി സർജൻ ഡോ. ജിജിമോൻ, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സത്യപ്രഭ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആനയുടെ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ് മോർട്ടം റിപ്പോർട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. നാട്ടാനകളുടെ മേൽനോട്ടം അടുത്തകാലത്തായി വനം വകുപ്പിലെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിനാണ്. അതിനാൽ വനം വകുപ്പിന്റെ അനാസ്ഥ ഉൾപ്പെടെ അന്വേഷിക്കാൻ ഉന്നത തല അന്വേഷണം വേണമെന്നാണ് മൃഗ ക്ഷേമ സംഘടനകൾ ആവശ്യപ്പെടുന്നത്.

ആനയുടെ മരണം സംബന്ധിച്ച് ഉദാസീനമായ മറുപടിയാണ് ദേവസ്വം ബോർഡ് അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. മരണത്തിന് തൊട്ടു മുൻപത്തെ ദിവസം വരെ ആന ഭക്ഷണം കഴിച്ചിരുന്നതായും മരണ കാരണത്തെക്കുറിച്ച് അറിയില്ലെന്നും ദേവസ്വം ബോർഡ് അധികൃതർ പറയുന്നു.