പിണറായിക്കു പകർത്താനിതാ ഒരു ദുബായ് മാതൃക: പദവിയും കാറും സ്റ്റാറ്റസുമൊന്നും കൊടുക്കാതെ പ്രവഹിക്കുന്നത് ആയിരക്കണക്കിന് നൂതനാശയങ്ങൾ; വേണ്ടത് സ്വീകരിക്കാനും അംഗീകരിക്കാനും തയ്യാറുള്ള മനസ�

യുഎഇ ഭരണാധികാരിയായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആശയമാണ് സ്മാർട് കൗൺസിൽ. വികസന ആശയങ്ങളുള്ള സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും സംഗമിക്കാൻ ഒരിടം.

പിണറായിക്കു പകർത്താനിതാ ഒരു ദുബായ് മാതൃക: പദവിയും കാറും സ്റ്റാറ്റസുമൊന്നും കൊടുക്കാതെ പ്രവഹിക്കുന്നത് ആയിരക്കണക്കിന് നൂതനാശയങ്ങൾ; വേണ്ടത് സ്വീകരിക്കാനും അംഗീകരിക്കാനും തയ്യാറുള്ള മനസ�

പ്രിൻസിപ്പൽ സെക്രട്ടറിയുടെ റാങ്കും സ്റ്റാറ്റസുമുള്ള ഉപദേശങ്ങൾക്കു വേണ്ടി പരക്കം പായുന്നവർ ദയവായി ദുബായിലേയ്ക്കൊന്നു ശ്രദ്ധിക്കൂ. അവിടെ മുഹമ്മദ് ബിൻ റാഷിദ് സ്മാർട് കൗൺസിൽ എന്നൊരു സംവിധാനമുണ്ട്. ദുബായ് നഗരത്തെ അൾട്രാ മോഡേൺ ആക്കുന്നതിനെക്കുറിച്ചുളള നൂതനാശയങ്ങളാൽ തല പുകയുന്ന ഏതു പൌരനും സ്മാർട് കൗൺസിലിനെ സമീപിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ പ്രയോഗത്തിലെത്തിക്കാൻ സർക്കാർ റെഡി.

യുഎഇ ഭരണാധികാരിയായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആശയമാണ് സ്മാർട് കൗൺസിൽ. വികസന ആശയങ്ങളുള്ള സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും സംഗമിക്കാൻ ഒരിടം. 2015 ഒക്ടോബറിൽ സ്മാർട് കൗൺസിൽ രൂപീകരിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടു വച്ച സ്വപ്നം ഇതായിരുന്നു.


അത്ഭുതകരമായ പ്രതികരണമായിരുന്നു ജനങ്ങളുടേത്. ദുബായ് കസ്റ്റംസിലെ ജീവനക്കാർ അതുക്കും മേലേയ്ക്കുയർന്നു. കഴിഞ്ഞ ജൂൺ അവസാനം വരെയുള്ള കണക്കെടുത്താൽ ദുബായ് കസ്റ്റംസ് ജീവനക്കാർ നൽകിയത് 1527 നവീനാശയങ്ങളാണ്. അതിൽ 687 എണ്ണവും അംഗീകരിക്കപ്പെട്ടു. മൊത്തം ലഭിച്ച ആശയങ്ങളുടെ 45 ശതമാനവും ദുബായ് കസ്റ്റംസിൽ നിന്നാണ്.

ദുബായ് രാജാവ് തുറന്നിട്ട അവസരം തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരിൽ ആത്മവിശ്വാസവും ഉണർവുമുണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നു ദുബായ് കസ്റ്റംസ്. സ്വീകരിക്കപ്പെടുന്ന ആശയങ്ങളുടെ ഉടമകളെ ആദരിക്കാൻ ദുബായ് കസ്റ്റംസ് ഡയറക്ടർ അഹമ്മദ് മഹ്ബൂബ് മുസാബിഹ് നേരിട്ടെത്തും. സർഗാത്മകവും നൂതനവുമായി ചിന്തിക്കാൻ തങ്ങളുടെ സ്റ്റാഫിനെ നിരന്തരമായി ഉത്തേജിപ്പിക്കുന്ന ദുബായ് കസ്റ്റംസ് മാനേജ്മെന്റു തന്നെയാണ് ഈ നേട്ടത്തിന്റെ അവകാശികൾ.

ആശയങ്ങൾ ക്രോഡീകരിക്കാൻ സജഷൻ സെക്ഷൻ എന്നൊരു വിഭാഗം തന്നെയുണ്ട്. നിർദ്ദേശങ്ങൾ വിലയിരുത്താൻ എല്ലാ വകുപ്പുകളിലെയും സർഗാത്മകതയുടെ തലവരയുളളവരെ ചേർത്ത് ടീമുണ്ടാക്കിയിരിക്കുന്നു. ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്നവരുമായി അവർ ചർച്ച നടത്തും. സംവാദത്തിലൂടെ ആശയങ്ങൾക്ക് തീർച്ചയും മൂർച്ചയുമുണ്ടാക്കും. ആഴത്തിൽ പഠനം നടത്തി, അവ നടപ്പാക്കുന്നതിനുളള നിർദ്ദേശങ്ങളടങ്ങുന്ന പ്രോജക്ടുകളാക്കിയാണ് യാഥാർത്ഥ്യബോധമുളള വലിയ ആശയങ്ങൾ സ്മാർട് കൗൺസിലിനു കൈമാറുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ സംഭാവന ചെയ്യുന്ന ദുബായ് കസ്റ്റംസ് ജീവനക്കാരെ സ്മാർട് കൗൺസിൽ ഏറ്റെടുക്കുന്നതോടെ സർഗാത്മക നിർദ്ദേശത്തിനു ലഭിക്കുന്ന അംഗീകാരം മറ്റൊരു തലത്തിലാവും. അതോടെ മികച്ച ആശയങ്ങളുള്ള തലച്ചോറുകൾക്ക് ദുബായ് രാജ്യത്തിന്റെ ആകെ വികസനം ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള നിയോഗം കൈവരും.

അറിഞ്ഞിടത്തോളം ദുബായിലെങ്ങും അധികാരവികേന്ദ്രീകരണത്തെ സംബന്ധിക്കുന്ന സെമിനാറുകളോ പ്രബന്ധാവതരണങ്ങളോ നടന്നിട്ടില്ല. വികസന പ്രക്രിയയിലെ ജനപങ്കാളിത്തം ഉറപ്പുവരുത്താൻ വാർഡുതല ഗ്രാമസഭകളില്ല. പഞ്ചായത്തീരാജ് നിയമവും ഇല്ല. രാജവാഴ്ച നിലവിലുളള നാട്. പക്ഷേ, അവിടെ ജനങ്ങളുടെ സ്വപ്നങ്ങൾക്ക് കാതുകൊടുക്കാൻ രാജാവു തയ്യാർ. അതിനൊരു സ്ഥാപനവും പ്രവർത്തന പദ്ധതിയുമുണ്ട്. എല്ലാം ശരിയാക്കാൻ ഇറങ്ങിത്തിരിച്ച കേരളത്തിന് ഈ വഴിയും പരീക്ഷിച്ചു നോക്കാവുന്നതാണ്.