അപകടകരമായ റോഡുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് ദുബായ് പോലീസ്

ദുബായില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. 59 അപകടങ്ങളാണ് 2016 രണ്ടാം പകുതിയില്‍ മാത്രം ദുബായില്‍ റിപ്പോര്‍ട്ട് ചെയ്തത്.

അപകടകരമായ റോഡുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് ദുബായ് പോലീസ്

ദുബായ്: ദുബായിലെ ഏറ്റവും അപകടം നിറഞ്ഞ റോഡുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് ദുബായ് പോലീസിന്റെ ഗാതാഗത വകുപ്പ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വാഹനാപകടം നടന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ദുബായില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. 59 അപകടങ്ങളാണ് 2016 രണ്ടാം പകുതിയില്‍ മാത്രം ദുബായില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 42 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.


ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് റോഡിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ദുബായ് ട്രാഫിക് പോലീസ് ഡയറക്ടര്‍ ജമാല്‍ അല്‍ ബന്ന അറിയിച്ചു. ഈ വര്‍ഷം ഇതുവരെ മാത്രം 14 വലിയ അപകടങ്ങളാണ് ഈ റോഡിലുണ്ടായത്. ദുബായിലെ ഏറ്റവും അപകടം നിറഞ്ഞ റോഡായാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് റോഡിനെ കാണുന്നത്.

അപകടങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് എമിറേറ്റസ് റോഡാണ്. മരണം വരെ സംഭവിച്ച ഒമ്പത് അപകടങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ദുബായിലുണ്ടായ റോഡപകടങ്ങളില്‍ പരിക്കേറ്റതിന്റെ കണക്കും ട്രാഫിക് ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ടിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ 35 ഓളം അപകടങ്ങളാണ് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം 46 ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ 273 നിസ്സാര പരിക്കുകളും ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.

അപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ട്രാഫിക് ഡിപ്പാര്‍ട്‌മെന്റ്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ട്രാഫിക് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.

Story by