മയക്കുമരുന്ന് 'കടത്തി' പിടിക്കപ്പെട്ട മലയാളി യുവതിയുടെ അനുഭവകഥ

മയക്കുമരുന്ന് കടത്തിയെന്ന പേരിൽ പിടിക്കപ്പെട്ട ഒരു മലയാളി യുവതിയുടെ അനുഭവകഥ. കഞ്ചാവും മയക്കുമരുന്നുകളും ഒളിപ്പിച്ചുവെച്ച്, സുഹൃത്തുക്കളോ മറ്റാരെങ്കിലുമോ കൊടുത്തുവിടുന്ന പൊതികളും അച്ചാറ് ഭരണികളുമായി വിമാനത്താവളങ്ങളിൽ പിടിക്കപ്പെട്ടവരുടെ കഥ കേട്ടിട്ടുള്ളവരുടെ ശ്രദ്ധയിലേക്ക് ഒരു ബാംഗ്ലൂർ അനുഭവകഥ കൂടി ചേർത്തുവെയ്ക്കുന്നു.

മയക്കുമരുന്ന്

ആൻസി ജോൺ

പോളണ്ടിനെക്കുറിച്ചു ഒരക്ഷരം മിണ്ടരുത് എന്ന് പറയണതുപോലെ അൾസൂറിനെക്കുറിച്ചും എന്നോടാരും മിണ്ടരുത്. അതെന്താ, ബാംഗളൂരിലെ കണ്ണായ സ്ഥലത്തെ കിടിലൻ ലേക് ഒക്കെയുള്ള സ്ഥലമല്ലേ ഈ 'അൾസൂർ' എന്നാവും നിങ്ങൾ ചോദിക്കുക. അതൊക്കെ ശരിയാണെങ്കിലും, നുമ്മക്ക് പ്രശ്നം വരുത്തുന്ന ചില കാര്യങ്ങൾ വെള്ളിത്തിരയിലെന്നപോലെ, കളർഫുളായി അങ്ങ് മിന്നിത്തെളിഞ്ഞു വരും. പിന്നെ അത് കണ്ടു തീർന്നു സമാധി പൂകണവരെ നുമ്മടെ മൈൻഡ് അങ്ങനെ തിളച്ചു മറിഞ്ഞിരിക്കും.


ബാംഗളൂരിൽ എത്തിയിട്ട് രണ്ടു മാസം. 'ഈസും വാസും' എല്ലാം കൂട്ടി തപ്പിത്തടഞ്ഞു കഷ്ടിച്ച് ഇങ്കരീസ് പറഞ്ഞു രക്ഷപെടാം എന്നല്ലാതെ കന്നഡയുടെ 'ഈസും വാസും' കാര്യമായ പിടിയില്ല. 'അല്ലി, എല്ലി, ഊട്ട, ഹെശ്രു, മത്തെ, ഹോഗത്താ ' എന്നീ തറ ..പറ വാക്കുകൾ കാണാപ്പാഠം പഠിച്ചു തുടങ്ങിയിട്ടേ ഉള്ളു. മലയാളികളോട് കൂട്ടുകൂടാതെ മറ്റു ഭാഷക്കാരോട് കൂട്ടായാൽ പുല്ലുപോലെ കന്നഡയും ഇംഗ്ലീഷും പഠിച്ചെടുക്കാമെന്ന ഉപദേശത്തെ മാനിച്ചു, ഹോസ്റ്റലിലെ അന്യസംസ്ഥാനക്കാരായ സർവ്വമാന പെൺതരികളെയും, വെളുക്കെ ചിരിച്ചു വിഷ് ചെയ്യും. ചുരുക്കം ചിലർ മാത്രം തിരിച്ചു ഒരു ഹായ് ഒക്കെ തന്നു സ്ഥലം വിടും. പിന്നെ അവരെ ചാക്കിടാൻ ഒരൊറ്റ വഴിയേ മനസ്സിൽ കണ്ടുള്ളു. ചുമ്മാ കേറി, 'ഡിയർ, യു ലൂക്കിങ് വെരി ഗ്രേറ്റ് ഇൻ ദിസ് ഡ്രസ്സ്' എന്നോ 'ഹേ, ഗുഡ് ഹെയർ സ്‌റ്റൈൽ യാർ', 'ദിസ് ലിപ്സ്റ്റിക് സൂട്ട്‌സ് യു വെൽ' എന്നൊക്കെ അങ്ങ് കാച്ചി വിടും. അതേതായാലും ക്ലിക്ക് ആയി. മറ്റുള്ളവരെ പുകഴ്ത്താത്ത, അസൂയ മാത്രമുള്ള 'മല്ലു'കളിൽ ആകപ്പാടെ വ്യത്യസ്ഥയായ ഈ ബാലനെ, അല്ല, ബാലയെ ചിലർക്കെങ്കിലും 'ക്ഷ' പിടിച്ചു എന്ന് പറയാം. അങ്ങനെയാണ് നോർത്ത് കർണ്ണാടകയുടെ ആസ്ഥാനമായ ധാർവാഡിൽ നിന്നുള്ള ജയ കൂട്ടായത്. ഞാനൊരു 'ഗൗഡ സാരസ്വത ബ്രാഹ്മിൻ' ആണെന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുമെങ്കിലും, മറ്റു വലിയ കുഴപ്പമൊന്നും കാര്യമായി പറയാനില്ല. അത്രവലിയ സുന്ദരിയൊന്നുമല്ലേലും ലെയർകട്ട് ചെയ്ത ചെറുതിരമാലകൾപോലെയുള്ള അവളുടെ മുടി കണ്ടാൽ ഹോസ്റ്റലിലെ മലയാളി മങ്കമാരുടെ ചുരുണ്ട മുടിയൊക്കെ ഇത്തിരി നാണിച്ചു നിൽക്കും എന്ന് പറയാതെ വയ്യ.

ആകപ്പാടെ കിട്ടുന്ന ഒഴിവു ദിവസമായ ഞായറാഴ്ച ജയയുടെ കൂടെ ബ്രിഗേഡ് റോഡിലൂടെയൊക്കെ അലഞ്ഞു തിരിഞ്ഞു നടപ്പു തുടങ്ങി. ചില മലയാളി സുഹൃത്തുക്കൾ നീയെന്തിനാ അവളുടെ കൂടെ നടക്കുന്നതെന്ന ചോദ്യത്തിന് 'യു കൺട്രി മല്ലു ഫൂൾസ്' എന്നൊക്കെ മനസ്സിൽ പറഞ്ഞു നുമ്മ അവരെയൊക്കെ ഓടിച്ചു വിട്ടു. അടുത്തമാസം മുതൽ ചീള് തെറിക്കണപോലെ നുമ്മ ഇംഗ്ലീഷ് പറയൂലോ അപ്പൊ കാണാം, കാണണം എന്നും കൂട്ടിച്ചേർത്തു.

ജയ വർക്ക് ചെയ്യണത് ITPL ലിൽ ആണ്. കുട്ടികുട്ടി ഓഫീസുകളിൽ പണിയെടുക്കുന്ന എല്ലാ സോഫ്റ്റ്വെയർ എഞ്ചിനീയേഴ്സ് നേയും പോലെ, 'ഇന്നോവേറ്റർ, ക്രീയേറ്റർ, നാവിഗേറ്റർ, വോയജർ, ഏവിയേറ്റർ' എന്നൊക്കെ പേരുള്ള ചില്ലു ഭിത്തികളുള്ള ആ അത്ഭുത ബിൽഡിംഗുകളിൽ ഏതെങ്കിലും ഒരണ്ണത്തിൽ കേറിക്കൂടണം എന്ന ആശയൊക്കെ മാറ്റിവച്ചു, വെറുതെ ഒന്ന് കണ്ടാൽ മാത്രം മതി എന്ന് വിനയപുരസ്സരം അവളെ അറിയിച്ചു.

അങ്ങനെ ആ മനോഹര ദിവസം വന്നെത്തി. കൃത്യമായി പറഞ്ഞാൽ 1998 നവംമ്പർ 21 ശനിയാഴ്ച്ച. കുളിച്ചു സുന്ദരിയായി (ങാ , കുളിച്ചു എന്നത് സത്യം, പിന്നെ സുന്ദരി, ത്തിരി അലങ്കാരമൊക്കെ ആവാല്ലേ..) ഇന്ദിരാനഗറിലുള്ള ഒരു ഫ്രണ്ടിനെ കണ്ടിട്ട് നമുക്ക് ITPL നു പോകാമെന്ന അവളുടെ തീരുമാനമനുസരിച്ച് 315 എന്ന നമ്പറിലുള്ള ബസിൽ കയറുമ്പോൾ വല്ലാത്തൊരു ആകാംഷയായിരുന്നു മനസ്സിൽ.

മേയോഹാൾ ഒക്കെ കഴിഞ്ഞു ട്രിനിറ്റി സർക്കിൾ എത്തിയതും ബസ് നിറുത്തിട്ട് ഡ്രൈവറും കണ്ടക്ടറും ഞങ്ങളൊക്കെ ഇരിക്കുന്ന സൈഡിലേക്ക് തിരിഞ്ഞു നോക്കുന്നു. എന്താണ് കാര്യമെന്നു മനസ്സിലാവുന്നതിനു മുന്നേ എന്റെ തോളത്തു പുറകിൽ നിന്ന് ബലമായൊരു പിടുത്തം. തിരിഞ്ഞു നോക്കിയ എനിക്ക് കാണാനായത്, നക്ഷത്ര ചിഹ്നമൊക്കെ പതിച്ച അസ്സൽ കാക്കി കുപ്പായക്കാർ. 'എന്തിനാ എന്നെ പിടിക്കുന്നെ' എന്ന് ശുദ്ധ മലയാളത്തിൽ (അപ്പോ നമ്മുടെ 'പീറ' മലയാളഭാഷ മാത്രമേ വായിലും മനസ്സിലും വന്നുള്ളൂ) ചോദിച്ച എന്നെ കൂടുതൽ മിണ്ടാനുവദിക്കാതെ ബസിൽ നിന്നിറക്കി അവരുടെ ജീപ്പിൽ കയറ്റി. ഒപ്പം ജയയുമുണ്ട്. പോലീസുകാർ തമ്മിൽ പറയുന്ന ഒരു കാര്യവും എനിക്ക് മനസ്സിലാകുന്നില്ല, പക്ഷെ എന്തോ ഭയങ്കരമായ ചർച്ചയാണ് നടക്കുന്നതെന്ന് മാത്രം അറിയാം. ഒരിക്കൽ കൂടി എന്തിനാ ഞങ്ങളെ കൊണ്ടുപോകുന്നെ എന്ന ചോദ്യത്തിന് 'ജാസ്തി മാത്താഡ് ബേഡാ' എന്ന ഉഗ്രശാസനമാണ് കിട്ടിയത്. ജയ, അവളാണെങ്കിൽ ഒന്നും മിണ്ടാതെ തല കുനിച്ചിരിക്കുന്നു.

'അൾസൂർ' പോലീസ് സ്‌റേഷനുള്ളിൽ കയറുമ്പോഴും എന്റെ ഉള്ളിൽ വെറും ശൂന്യത മാത്രം. എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടണില്ല. നേരെ എസ്‌ഐയുടെ മുൻപിലേക്ക്. പേരും നാടും ജോലിയുമെല്ലാം ചോദിച്ചു, ആള് മാറിപ്പോയി നമ്മളെ വിളിച്ചു കൊണ്ടുവന്നതാകും എന്നൊരു തോന്നൽ മനസ്സിൽ വന്നതും വിറയലിലേക്കു കടക്കാൻ തുടങ്ങിയ എന്റെ മനസ്സ് ഇത്തിരി കൂളായി എന്ന് പറയാം. പക്ഷെ കാര്യങ്ങൾ തലകീഴെ മറിഞ്ഞത് പെട്ടെന്നായിരുന്നു, എസ്‌ഐയുടെ മേശപ്പുറത്തേക്കു ഒരു കൊച്ചു പ്ലാസ്റ്റിക് കൊണ്ടുവച്ച പോലീസുകാരൻ എന്നെ ചൂണ്ടിക്കാണിച്ചു മാറി നിന്നു. ആ പ്ലാസ്റ്റിക് കവറിന്റെ കാര്യം തന്നെ ഞാൻ മറന്നു പോയിരുന്നു. ബസിൽ കയറുമ്പോൾ ജയ പിടിക്കാനേൽപ്പിച്ച ചെറിയ പൊതി. എപ്പോഴോ പൊലീസുകാരി എന്റെ കയ്യിൽ നിന്ന് വാങ്ങിയെടുത്തിരുന്നു. ഇതാർക്കു കൊടുക്കാനാണ് എന്ന ചോദ്യത്തിന് ഞാൻ ജയയെ നോക്കി, അവൾ ഒന്നും മിണ്ടണില്ല. തന്നോടാ ചോദിച്ചതെന്ന കടുത്ത സ്വരത്തിൽ ഞാനാകെ കിടുങ്ങി വിറച്ചു പോയി. സർ, ഇത് എന്റെയല്ല, അവൾ പിടിക്കാൻ ഏൽപ്പിച്ചതാണ് എന്ന് പറഞ്ഞു. പക്ഷെ ഒരു ദാക്ഷിണ്യവുമില്ലാതെ ജയ എനിക്കറിയില്ല എന്ന് പറഞ്ഞു. സത്യം പറഞ്ഞാൽ നെഞ്ചത്തുകൂടി ഒരു കഠാര കുത്തിയിറക്കുന്നതുപോലെ. പിന്നെ എനിക്കൊന്നും മിണ്ടാനായില്ല. പോലീസുകാർ ചോദിച്ച ഒരു കാര്യത്തിനും എനിക്ക് മറുപടി പറയാൻ പറ്റിയില്ല. തൊണ്ട വരണ്ടു നാവിറങ്ങിപ്പോയപോലെ. അതിനിടയിൽ ജയയുടെ രണ്ടു കൂട്ടുകാരുമായി ഒരു പോലീസുകാരൻ വന്നു. ഇതിനു മുൻപത്തെ ആഴ്ച കൂടെ ജോലി ചെയ്യുന്നവർ എന്ന് പറഞ്ഞു ജയ പരിചയപ്പെടുത്തിയവർ. അവരുടെ കൂടെ ഐസ് ക്രീം ഒക്കെ കഴിച്ചാണ് അന്ന് പിരിഞ്ഞത്.

കാര്യങ്ങളുടെ കിടപ്പ് ഏകദേശം എനിക്ക് മനസ്സിലായി. പൊതിയിലുള്ളത്, എന്തോ ഡ്രഗ്‌സ് ആണ്. ഇവർ സ്ഥിരം കാരിയേഴ്‌സ് ആണ്, കുറെ നാളായി നോട്ടമിട്ടു വച്ചിരുന്ന അവരെ ഇന്നാണ് പിടിക്കാൻ പറ്റിയത്. കൂടെ ഈ ഞാനും.

ഒരുകാലത്തും രക്ഷപെടാൻ സാധ്യതയില്ലാത്ത ഊരാക്കുടുക്കിലാണ് വന്നു പെട്ടതെന്നു മനസ്സിലായി. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരുമെല്ലാം മനസ്സിലൂടെ കടന്നു പോയി. ഞാൻ കാരണം ആരൊക്കെ നാണക്കേടും വിഷമവുമൊക്കെ അനുഭവിക്കണം. തല കറങ്ങി താഴെ വീണു പോകുമോ എന്നുപോലും ഭയപ്പെട്ടു.

കുറേയെറെത്തെ ചോദ്യം ചെയ്യലിനുശേഷം എന്റെ കൂട്ടുക്കാരെ വിളിച്ചു വരുത്താൻ എസ്‌ഐ സമ്മതിച്ചു, ആരെ വിളിക്കണം എന്നൊരു ഊഹവും കിട്ടണില്ല. ഓഫീസിൽ പറയണകാര്യം ആലോചിക്കാൻ തന്നെ പറ്റണില്ല. പിന്നെ ഓർമ്മ വന്നത് സന്തുവിനെയാണ്. ഭാഗ്യത്തിന് അവന്റെ നമ്പർ എന്റെ പേഴ്സിലെ കടലാസ്സിൽ ഉണ്ടായിരുന്നു. പോലീസാണവനെ വിളിച്ചു വരുത്തിയത്, കൂടെ ദീപുവും. അവരെ കണ്ടപ്പോൾ ഒരിത്തിരി ആശ്വാസം. കാര്യങ്ങൾ ഒക്കെ എസ്‌ഐ പറഞ്ഞു, അവർ എനിക്കുവേണ്ടി, കുറെയേറെ വാദിച്ചു നോക്കി, പക്ഷെ പുള്ളി സമ്മതിക്കണില്ല. കാരണം ഇതിനു മുൻപുള്ള ആഴ്ച എന്നെ അവരുടെ കൂടെ കണ്ട പോലീസുകാർ ഉണ്ട്. അവരുടെ മുഖത്തെ നിസ്സഹായ അവസ്ഥയും എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു.

പെരുവെള്ളത്തിൽ ഒലിച്ചുപോകുന്ന എനിക്ക് മുന്നിലേക്ക് ഒരു കച്ചിത്തുരുമ്പുപോലെ ദീപുവിന്റെ ഫോണിലേക്കു ഒരു കോൾ, അവന്റെ ബോസാണ്. എന്തോ ഓഫീസ് കാര്യം പറയാൻ വേണ്ടി വിളിച്ചതാണ്. അവൻ അദ്ദേഹത്തോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു, ഒരു പതിനഞ്ചു മിനിറ്റിനുള്ളിൽ അദ്ദേഹമെത്തി. പിന്നെ കാര്യങ്ങളെല്ലാം ചടപടാ നീങ്ങി, നല്ലൊരു കൈക്കൂലിക്കാരനായ (നല്ലവനായ :) ) എസ്‌ഐയും കൂട്ട് പോലീസുകാരും അദ്ദേഹത്തിന്റെ 'ഇടപെടലിൽ' ഒതുങ്ങിക്കൂടി. കുറെ ഉപദേശമെല്ലാം തന്നു അവരുടെ കൂടെ എന്നെ പറഞ്ഞു വിട്ടു. ജയയും കൂട്ടുകാരും അവിടെത്തന്നെ.

ദീപുവിന്റെ കാറിനുള്ളിൽ കയറിയതും സന്തുവിന്റെ വക പച്ചത്തെറി എന്നെത്തേടിയെത്തി. അതുവരെ എങ്ങനെയോ കെട്ടിനിറുത്തിയ കണ്ണുനീർ പെരുമഴയായി ഒഴുക്കാൻ തുടങ്ങിയതോടെ അവന്റെ ശകാരങ്ങളും നിന്നു. ദീപു ഒന്നും മിണ്ടിയില്ല, മലയാളികളല്ലാത്തവരോട് കൂട്ടു കൂടാൻ പറഞ്ഞ അവനെന്തു പറയാൻ അല്ലേ. ആ കടം ഇതുവരെ വീട്ടിയിട്ടില്ല. എത്ര കാശു കൊടുത്താണ് ഇത്ര സുന്ദരമായി ചിരിക്കാൻ അവരെന്നെ പ്രാപ്തയാക്കിയതെന്നു ഇത്ര വർഷങ്ങക്കുശേഷവും പറഞ്ഞിട്ടില്ല. സൗഹൃദത്തിന്റെ മതിലിനു ഉറപ്പുകൂടാനായി അതങ്ങനെ തന്നെയിരിക്കട്ടെ.

പിന്നീടൊരിക്കലും ജയയെ കണ്ടട്ടില്ല. ഇടക്കൊരിക്കൽ അവളുടെ ബ്രദർ വന്നു ലഗ്ഗേജ് ഒക്കെ എടുത്തുകൊണ്ടുപോയി എന്നറിഞ്ഞു.

'ബാംഗ്‌ളൂർ, വാട്ട് എ റോക്കിങ് സിറ്റി യാർ' എന്ന് ബാഗ്ലൂർ ഡേയ്‌സ് സിനിമയിൽ പറഞ്ഞു കേട്ടപ്പോൾ. എന്റെ ഉള്ളിൽ വന്നത് 'വാട്ട് എ റോക്കിങ് ആൻഡ് ഷോക്കിംഗ് സിറ്റി' എന്നാണ്.

അനുഭവം ഗുരു.

ആറു വർഷങ്ങൾക്കു മുൻപ്, 'ഇന്നവേറ്റർ' ബിൽഡിംഗിലുള്ള ആറാം നിലയിലെ സീനിയർ സോഫ്റ്റ്വെയർ എൻജിനീയറുടെ കസേരയിൽ ഇരിക്കുമ്പോൾ ആദ്യമായി എന്റെ മനസ്സിലേക്ക് തെളിഞ്ഞു വന്ന മുഖം ദേവസ്വരൂപിണിയായ ജയ എന്ന മഹാനുഭാവലുവിൻറെയാണ്. മറക്കമാട്ടെ......!