ബാറു തുറക്കാൻ അഞ്ചുകോടി; തുറക്കാതിരിക്കാൻ രണ്ടുകോടി; വിജിലൻസ് പൂഴ്ത്തിയ ശബ്ദരേഖ നാരദാ ന്യൂസ് പുറത്തുവിടുന്നു; ഇരുവിഭാഗം ബാറുകാരെയും മാണി കുളിപ്പിച്ചുകിടത്തിയ കഥ

'തുരപ്പൻ പണി' കാട്ടിയത് എലഗെന്റ് ബിനോയ്; രണ്ടുവള്ളത്തിൽ കാലുചവിട്ടിയത് മാണിക്കു പാരയായി; കാണിച്ചത് തന്തയില്ലായ്മയെന്നും തെണ്ടിത്തരമെന്നും ബാറുടമകൾ

ബാറു തുറക്കാൻ അഞ്ചുകോടി; തുറക്കാതിരിക്കാൻ രണ്ടുകോടി; വിജിലൻസ് പൂഴ്ത്തിയ ശബ്ദരേഖ നാരദാ ന്യൂസ് പുറത്തുവിടുന്നു; ഇരുവിഭാഗം ബാറുകാരെയും മാണി കുളിപ്പിച്ചുകിടത്തിയ കഥബാറുടമകൾ പറഞ്ഞതിങ്ങനെ :


[audio mp3="http://ml.naradanews.com/wp-content/uploads/2016/07/km-mani-bar-owners.mp3"][/audio]
നിലവാരമില്ലായ്മയുടെ പേരിൽ ആദ്യം പൂട്ടിയ 418 ബാറുകൾ തുറക്കാൻ ബാറുടമകളിൽ നിന്ന് മുൻ ധനമന്ത്രി കെ എം മാണി കൈപ്പറ്റിയത് 5 കോടി രൂപ. അതേസമയം, അവ തുറക്കാതിരിക്കാൻ മറ്റു ബാറുടമകളിൽ നിന്ന് 2 കോടിയും കൈപ്പറ്റി. എലെഗെന്റ് ബാറുടമ ബിനോയിയുടെ നേതൃത്വത്തിൽ നടന്ന തുരപ്പൻ പണി മറ്റു ബാറുടമകൾക്കും ബോധ്യപ്പെട്ടിരുന്നു.

ബിജു രമേശ്, ജോൺ കല്ലാട്ട്, അനിമോൻ, പോളക്കുളം കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ഈ വിവരങ്ങൾ പരസ്പരം പങ്കുവെച്ചത്. യോഗത്തിന്റെ ശബ്ദരേഖ ഇപ്പോൾ പോലീസിന്റെ കൈയിലുണ്ട്. ഇതിൽ വെളിപ്പെടുത്തപ്പെട്ട വിവരങ്ങളെക്കുറിച്ച് ഒരന്വേഷണവും നടത്താതെയാണ് കെ എം മാണിയെ വിജിലൻസ് കുറ്റവിമുക്തനാക്കിയത്.

കാണിച്ചതെല്ലാം കൂട്ടിവായിക്കുമ്പോൾ കെ എം മാണി എന്തൊരു തെണ്ടിത്തരമാണു ചെയ്തത് എന്ന് ഒരു ബാറുടമ അമ്പരപ്പു പ്രകടിപ്പിക്കുന്നു. രണ്ടുകോടി കൊടുത്തത് നെടുമ്പാശേരിയിലാണെന്നും ശബ്ദരേഖയിലുണ്ട്. പൂട്ടിയ 418 ഹോട്ടലുകൾ തുറക്കാതിരിക്കാൻ അഞ്ചുകോടി രൂപ എലെഗെന്റ് ബിനോയ് യുടെ നേതൃത്വത്തിൽ മറ്റു ബാറുടമകൾ കെ എം മാണിയ്ക്ക് വാഗ്ദാനം ചെയ്യുകയും പണം കൊടുക്കുകയും ചെയ്ത കാര്യം തൊടുപുഴയിലെ ബിനോയ് എന്ന ബാറുടമ സ്വകാര്യമായി അറിയിച്ചപ്പോൾ, "അങ്ങനെ കാണിച്ചെങ്കിൽ തന്തയില്ലായ്മയാണ്" എന്നു താൻ പറഞ്ഞ കാര്യം മറ്റൊരു ബാറുടമ വെളിപ്പെടുത്തുന്നു.

അടച്ച ബാറു തുറക്കാതിരിക്കാനും കെ എം മാണി പണം കൈപ്പറ്റിയതിന് ഒട്ടേറെ സാഹചര്യത്തെളിവുകൾ ബാറുടമകൾ നിരത്തുന്നുണ്ട്. ബാറുകൾ അടച്ചതിനെതിരെ ധർണ നടത്താൻ ഉടമകളുടെ ജനറൽ ബോഡി തീരുമാനിച്ചപ്പോൾ എതിർപ്പുമായി വന്നത് എലെഗെന്റ് ബിനോയിയാണെന്ന കാര്യം ബിജു രമേശ് മറ്റുള്ളവരെ ഓർമ്മിപ്പിക്കുന്നു. ഈ ബാറുടമയുടെ എല്ലാ ഹോട്ടലും അക്കാലത്ത് തുറന്നിരിക്കുകയായിരുന്നുവെന്ന കാര്യവും മറ്റുള്ളവർ ചൂണ്ടിക്കാട്ടുന്നു.

418 ബാറുകൾ അടച്ച സമയത്ത് കെ എം മാണിയ്ക്ക് കോഴ നൽകാൻ "ഒരു രൂപ" വീതം എല്ലാ ബാറുടമകളിൽ നിന്നും പിരിവെടുത്ത കാര്യം ശബ്ദരേഖയിൽ പരാമർശിക്കുന്നുണ്ട്. നിർണായക കാബിനെറ്റ് കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കി നൽകാമെന്ന് മാണി ഏറ്റ കാര്യവും ബാറുടമകൾ അനുസ്മരിക്കുന്നു. ഈ പണം കൈപ്പറ്റിക്കഴിഞ്ഞപ്പോൾ നിലവാരമുള്ള ബാറുകൾക്ക് ലൈസൻസ് കൊടുക്കണമെന്നാണ് കേരള കോൺഗ്രസ് നിലപാട് എന്ന് പരസ്യമായി നിലപാടു സ്വീകരിച്ച കാര്യവും ചർച്ചയിലുണ്ട്.

അതിനു ശേഷം അടച്ച ബാറുകൾ തുറക്കാതിരിക്കാൻ മറ്റുള്ളവരുടെ പണം കൈപ്പറ്റി ഒരു സുപ്രഭാതത്തിൽ 418 ബാറുകൾ തുറക്കേണ്ട ഒരു കാര്യവുമില്ലെന്ന് മാണി നിലപാടു മാറ്റിയെന്നും ചൂണ്ടിക്കാണിക്കുന്നു.

ഈ വെളിപ്പെടുത്തലുകളൊന്നും പരിഗണിക്കാതെയും അന്വേഷിക്കാതെയുമാണ് വിജിലൻസ് മാണിയെ കുറ്റവിമുക്തനാക്കിയത്. ഈ ശബ്ദരേഖയിലെ വെളിപ്പെടുത്തലുകളിന്മേൽ പുതിയ സർക്കാരോ വിജിലൻസ് ഡയറക്ടറോ ഇതേവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല.