സ്ത്രീവിരുദ്ധ 'തമാശകള്‍' ട്രംപിന് വിനയാകുന്നു

സുന്ദരിയും, ചെരുപ്പക്കാരിയുമായ പെണ്‍കുട്ടി ഒപ്പമുണ്ടെങ്കില്‍ മാധ്യമങ്ങള്‍ അതിനെക്കുറിച്ച് എന്തെഴുതിയാലും എനിക്ക് സന്തോഷമാണ്". ഡോണാള്‍ഡ് ട്രംപിന്‍റെ ചിന്തകള്‍ നിലയ്ക്ക് ചേരുന്നതായിരുന്നില്ല

സ്ത്രീവിരുദ്ധ

"എന്നെങ്കിലും ഒരിക്കല്‍ കളത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ അത് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മേല്‍വിലാസത്തില്‍ ആയിരിക്കും ഞാന്‍ അത് ചെയ്യുക.കാരണം, ഈ പാര്‍ട്ടിയുടെ വോട്ടര്‍മാര്‍ സ്വന്തമായി അഭിപ്രായം ഇല്ലാത്തവരാണ്. ഫോക്സ് ന്യൂസ്‌ പ്രസിദ്ധീകരിക്കുന്നത് കണ്ണടച്ചു ഇവര്‍ വിശ്വസിക്കും. ഞാന്‍ നുണ പറയും, എങ്കിലും അവര്‍ വിശ്വസിക്കും. എനിക്ക് അന്ന് ലഭിക്കുന്ന പിന്തുണ അതിശയിപ്പിക്കുന്നതായിരിക്കും."

1998 ല്‍ പീപ്പിള്‍സ്‌ മാഗസിനിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഡോണാള്‍ഡ് ട്രംപ് പറഞ്ഞതാണിത്.


അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് ഡോണാള്‍ഡ് ട്രംപ്. എതിര്‍ സ്ഥാനാര്‍ഥിയായി മത്സര രംഗത്തുള്ളത് ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ഹിലാരി ക്ലിന്റനാണ്. 19 വര്‍ഷങ്ങള്‍ക്കിപ്പുറവും, ഡോണാള്‍ഡ് ട്രംപ് എന്ന ശതകോടീശ്വരന്റെ വിഡ്ഢിത്തരങ്ങള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്ന് മാത്രമല്ല, പ്രശസ്തിക്കായി എന്തു വിലകുറഞ്ഞ തമാശകള്‍ പറയാമെന്നുമുള്ള മനോഭാവത്തിലാണ് ട്രംപ്.

എതിര്‍സ്ഥാനാര്‍ഥി ഒരു സ്ത്രീ ആയതിനാലാകാം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി മാധ്യമശ്രദ്ധ നേടുവാനുള്ള ട്രംപിന്റെ തന്ത്രങ്ങള്‍ക്ക് കനത്ത എതിര്‍പ്പ് ഉയരുന്നു.

ഡോണാള്‍ഡ് ട്രംപിന്‍റെ ചില  സ്ത്രീ പരാമര്‍ശങ്ങള്‍:

എന്‍റെ മകള്‍ അല്ലായിരുന്നുവെങ്കില്‍ അവളെ ഞാന്‍ ഡേറ്റ് ചെയ്യുമായിരുന്നു..

ഇവാന്‍ക എന്‍റെ മകള്‍ അല്ലായിരുന്നുവെങ്കില്‍, തീര്‍ച്ചയായും ഞാന്‍ അവളുമായി ഡേറ്റ് ചെയ്യുമായിരുന്നു എന്ന ട്രംപിന്റെ പ്രസ്താവനയില്‍, പിതൃ-പുത്രി ബന്ധത്തിന്‍റെ വിനാശകരമായ ഭാവിയുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ച്, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്‍റെ പരമാധികാരനാകാന്‍ മത്സരിക്കുന്ന ഒരാളില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കപ്പെടുന്ന കാര്യമായിരുന്നില്ല അത്.

ഒപ്പമുള്ള സുന്ദരികള്‍..

മറ്റുള്ളവരില്‍ നിന്നും ഞാന്‍ വ്യത്യസ്തനാകുന്നത്, ഞാന്‍ സത്യസന്ധനാകുന്നത് കൊണ്ടും, എന്നോടൊപ്പമുള്ള സ്ത്രീകള്‍ സുന്ദരികളായതുക്കൊണ്ടുമാണ് എന്നായിരുന്നു മറ്റൊരു പ്രസ്താവന. സ്ത്രീകളെ പ്രദര്‍ശന വസ്തുക്കളായി കാണുന്ന ട്രംപിന്റെ മനോഭാവമാണ് ഇതില്‍ വിമര്‍ശിക്കപ്പെട്ടത്‌.

തൊഴില്‍ സ്ഥലത്തെ ശൃംഗാരികള്‍  

എന്‍റെ അപ്രെൻറ്റസായ സ്ത്രീകള്‍ എല്ലാവരും എന്നോട് ശൃംഗാരപ്പൂര്‍വ്വമാണ് ഇടപെടുന്നത്. അതില്‍ അതിശയിക്കാനും ഒന്നുമില്ല. സ്വയം പുകഴ്ത്താന്‍ വേണ്ടി ട്രംപ് പറഞ്ഞ ഈ വാക്കുകളില്‍ സഹപ്രവര്‍ത്തകരായ സ്ത്രീകളോടുള്ള മനോഭാവം പ്രകടമാണ്.

ഒരു പുരുഷന് ആകര്‍ഷകയല്ല അവള്‍..

ബാഹ്യമായും, ആന്തരികമായും, എല്ലാതരത്തിലും എരിയാന ഹഫിംഗ്ടണ്‍ അനാകര്‍ഷകയാണ്. ഒരു പുരുഷന്‍ എന്ന നിലയില്‍ അവരുടെ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചതില്‍ ഞാന്‍ തെറ്റ് കാണുന്നില്ല. പുരുഷാധിപത്യവും, സ്ത്രീ വിരുദ്ധതയും നിറഞ്ഞ ട്രംപിന്റെ ഈ വാക്കുകള്‍ പരക്കെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു.

തടിച്ച, വൃത്തിക്കെട്ട മുഖമുള്ള മാധ്യമപ്രവര്‍ത്തക 

അവളുടെ ആ തടിച്ച വൃത്തിക്കെട്ട മുഖത്ത് നോക്കി ഞാന്‍ പറയുമായിരുന്നു..റോസി..നിനക്ക് പുറത്തു പോകാം." ട്രംപിനു അപ്രിയായ മാധ്യമപ്രവര്‍ത്തകയോടു താന്‍ എങ്ങനെ പെരുമാറും എന്ന് ട്രംപ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ഒരു ടി.വി.ഷോ നടക്കുമ്പോള്‍, ചര്‍ച്ചയ്ക്കിടയില്‍ ആര്‍ത്തവത്തെയും ട്രംപ് പരിഹസിക്കുന്നുണ്ട്. അവളുടെ കണ്ണില്‍ നിന്ന് മാത്രമല്ല, എല്ലായിടത്തുനിന്നും രക്തം ഒഴുകുന്നു എന്നായിരുന്നു പരിഹാസരൂപേണ ട്രംപ് തന്‍റെ മുന്നിലിരുന്ന കെല്ലിയെ നോക്കി പറഞ്ഞത്.

trump

നിന്‍റെ ഭാര്യ മറുപടി പറയേണ്ടി വരും

"സൂക്ഷിച്ചു പെരുമാറുക ലിന്‍ ടെഡ്..ഇല്ലെങ്കില്‍ നിന്‍റെ ഭാര്യ മറുപടി പറയേണ്ടി വരും" എതിരാളികളോടുള്ള പോര്‍വിളിയില്‍ ചിത്തഭ്രമം ബാധിച്ച തരത്തിലായിരുന്നു ട്രംപിന്റെ ട്വീറ്റ് എന്ന് പരക്കെ ആക്ഷേപം വിളിച്ചു വരുത്തിയ വാക്കുകളാണിത്.

സുന്ദരിയും, ചെരുപ്പക്കാരിയുമായ പെണ്‍കുട്ടി ഒപ്പമുണ്ടാകണം 

"സുന്ദരിയും, ചെരുപ്പക്കാരിയുമായ പെണ്‍കുട്ടി ഒപ്പമുണ്ടെങ്കില്‍ മാധ്യമങ്ങള്‍ അതിനെക്കുറിച്ച് എന്തെഴുതിയാലും എനിക്ക് സന്തോഷമാണ്". ഡോണാള്‍ഡ് ട്രംപിന്‍റെ ചിന്തകള്‍ നിലയ്ക്ക് ചേരുന്നതായിരുന്നില്ല.

ഹിലരി ഒരു സ്ത്രീയായത്‌ കൊണ്ടാണ് ഇത്രയുമെങ്കിലും വോട്ട് നേടിയത് 

ഹിലരി പ്രയോഗിക്കുന്ന തന്ത്രം താന്‍ സ്ത്രീയാണ് എന്ന ആനുകൂല്യം തേടിയാണ്. അതല്ലാതെ അവരുടെ പക്കല്‍ ഒന്നുമില്ല. അവര്‍ സ്ത്രീ ആയിരുന്നില്ലെങ്കില്‍ 5% വോട്ട് പോലും അവര്‍ക്ക് ലഭിക്കിലായിരുന്നു. സ്ത്രീകള്‍ക്ക് അവര്‍ പ്രിയപ്പെട്ടതല്ല എന്നുള്ളതാണ് വസ്തുത. പരമപ്രധാനമായ ഒരു സ്ഥാനത്തേക്ക് തുല്യപദവിയോടെ മത്സരിക്കുന്ന ഒരു സ്ത്രീയെ താഴ്ത്തിക്കെട്ടാന്‍ ഇതിലും നല്ല ഉപാധിയില്ലെന്നു ട്രംപിനു തോന്നിയിരിക്കണം.

കഴിഞ്ഞില്ല..ഇതിലുമേറെ അസഭ്യമായ പ്രസ്താവനകളാണ് ഡോണാള്‍ഡ് ട്രംപിന്‍റെ വാക്കുകളില്‍ നിന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്. കോടതിയില്‍ തനിക്കെതിരെ വാദിക്കുവാനെത്തിയ വനിതാ അഭിഭാഷക, മുലയൂട്ടുവാനുള്ള അനുമതി കോടതിയില്‍ നിന്നും തേടിയപ്പോള്‍, ട്രംപിന്റെ പ്രതികരണം അതിരൂക്ഷമായിരുന്നു. മാതൃത്വത്തെ പോലും അപമാനിക്കുവാന്‍ തക്ക അഹങ്കാരത്തിലാണ് ട്രംപ് എന്നായിരുന്നു എതിര്‍ പാര്‍ട്ടികള്‍ ഇതിനെ വിലയിരുത്തിയത്.

തന്‍റെ നാവിനെ നിയന്ത്രിക്കാന്‍ കഴിയാതെയുള്ള ട്രംപിന്റെ വാക്കുകള്‍ക്കെതിരെ രൂക്ഷമായ പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനകളിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കാനുള്ള തന്ത്രമാണ് ട്രംപ് പയറ്റുന്നതെന്നും വാദങ്ങള്‍ ഉയരുമ്പോള്‍, അമേരിക്കന്‍ ജനത ഇതിനെ പൊതുവായി എങ്ങനെ സ്വീകരിക്കും കാത്തിരുന്നു കാണേണ്ടതുണ്ട്.

Read More >>