പെരിങ്ങളത്ത് ഡിഫ്തീരിയ സ്ഥിരീകരിച്ചു; കണ്ണൂർ ജില്ലയിലും വാക്സിനേഷൻ എടുക്കാത്തവരുടെ എണ്ണം ഭീമം

തലശ്ശേരിക്ക് സമീപം പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയിലെ പുല്ലൂക്കര സ്വദേശിയായ ഏഴു വയസ്സുകാരനാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്.

പെരിങ്ങളത്ത് ഡിഫ്തീരിയ സ്ഥിരീകരിച്ചു; കണ്ണൂർ ജില്ലയിലും വാക്സിനേഷൻ എടുക്കാത്തവരുടെ എണ്ണം ഭീമം

കണ്ണൂർ ജില്ലയിലും ഡിഫ്തീരിയ രോഗബാധ സ്ഥിരീകരിച്ചു. തലശ്ശേരിക്ക് സമീപം പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയിലെ പുല്ലൂക്കര സ്വദേശിയായ ഏഴു വയസ്സുകാരനാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളെ തുടർന്ന് ഇവിടത്തെ ഡോക്ടറുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

രോഗബാധിതനായ കുട്ടി പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ല. പുല്ലൂക്കര പ്രദേശത്ത് നിരവധി കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആരോഗ്യവകുപ്പ് ഈ പ്രദേശങ്ങളിൽ ബോധവൽക്കരണം നടത്തിയിരുന്നു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധ ഡോക്ടർമാരും ആവശ്യപ്പെട്ടിട്ടും കുത്തിവെപ്പെടുക്കാൻ ചിലർ വിസമ്മതിച്ചതായും റിപോർട്ടുകൾ ഉണ്ട്.

പാനൂർ നഗരസഭാ തലത്തിൽ ഡിഫ്തീരിയ നിർമാർജന പ്രവർത്തനങ്ങൾ വരും ദിനങ്ങളിൽ ശക്തിപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. മുഖ്യമന്ത്രിയുടെ ജില്ലയും പുരോഗമന പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രം എന്ന് അറിയപ്പെടുകയും ചെയ്യുന്ന കണ്ണൂർ ജില്ലയിലെ വാക്സിൻ വിരുദ്ധ പ്രവണത ആരോഗ്യ പ്രവർത്തകരെ അമ്പരപ്പിക്കുകയാണ്.