പൊതുമേഖലാ ബാങ്കുകളിലും വാഹന വായ്പയ്ക്ക് ബ്ലേഡ് മാഫിയയുടെ സര്‍ട്ടിഫിക്കറ്റ് വേണം; റിസ്‌ക്ക് ഒഴിവാക്കാന്‍ പുതുവഴി കണ്ടെത്തി മാനേജര്‍മാര്‍

വായ്പാ തിരിച്ചടവിന്റെ റിസ്‌ക് ബാങ്കിന് കുറയുമെന്ന കാരണത്താലാണ് ചില പൊതുമേഖലാ ബാങ്കുകളില്‍ വാഹന വായ്പക്ക് എത്തുന്നവരോട് വായ്പ വേണമെങ്കില്‍ സമീപത്തെ ഓട്ടോ ഫിനാന്‍സ് സ്ഥാപനത്തെ സമീപിച്ച് അപേക്ഷ നല്‍കാന്‍ ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. ഇനി നേരിട്ട് അപേക്ഷ വാങ്ങിയാലും ബാങ്കുമായി ഇടപ്പാടുള്ള ഓട്ടോ ഫിനാന്‍സ് സ്ഥാപനത്തിന്റെ അനുമതിയോടെ മാത്രമേ ലോണ്‍ കിട്ടുകയുള്ളൂ.

പൊതുമേഖലാ ബാങ്കുകളിലും വാഹന വായ്പയ്ക്ക് ബ്ലേഡ് മാഫിയയുടെ സര്‍ട്ടിഫിക്കറ്റ് വേണം; റിസ്‌ക്ക് ഒഴിവാക്കാന്‍ പുതുവഴി കണ്ടെത്തി മാനേജര്‍മാര്‍

മലപ്പുറം: പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയ വായ്പ പിരിച്ചെടുക്കല്‍ നടപടി റിലയന്‍സ് ഉള്‍പ്പടെയുള്ള കുത്തക കമ്പനികള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. തുടക്കത്തില്‍ ഇതിനെതിരെ പ്രതിഷേധങ്ങളും വാര്‍ത്തകളുമൊക്കെ വന്നെങ്കിലും വായ്പ പിരിവുമായി കമ്പനികള്‍ മുന്നോട്ടു പോകുന്നതിന് തടസം ഉണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ വാഹന വായ്പ കിട്ടാനും നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് എന്‍ ഓ സി ലഭിക്കേണ്ട ഗതികേടിലാണ് പാവപ്പെട്ടവരും തൊഴിലാളികളും.


മുമ്പ് രഹസ്യമായി നടന്നിരുന്ന ഇക്കാര്യം ഇപ്പോള്‍ പരസ്യമായി തന്നെയാണ് പല ബാങ്കുകളും ചെയ്യുന്നത്.   സര്‍ക്കാര്‍ തന്നെ ബ്ലേഡ് മാഫിയ സംഘങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോഴാണ്  ബാങ്കുകള്‍  തന്നെ ഇത്തരം സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.  വായ്പാ തിരിച്ചടവിന്റെ റിസ്‌ക് ബാങ്കിന് കുറയുമെന്ന കാരണത്താലാണ്  ചില പൊതുമേഖലാ ബാങ്കുകളില്‍ വാഹന വായ്പക്ക്  എത്തുന്നവരോട് വായ്പ വേണമെങ്കില്‍ സമീപത്തെ ഓട്ടോ ഫിനാന്‍സ് സ്ഥാപനത്തെ സമീപിച്ച്  അപേക്ഷ നല്‍കാന്‍  ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. ഇനി നേരിട്ട് അപേക്ഷ വാങ്ങിയാലും ബാങ്കുമായി ഇടപ്പാടുള്ള ഓട്ടോ ഫിനാന്‍സ്  സ്ഥാപനത്തിന്റെ അനുമതിയോടെ മാത്രമേ ലോണ്‍ കിട്ടുകയുള്ളൂ.

ഓട്ടോ ഫൈനാന്‍സ് സ്ഥാപനം ലോണ്‍ എടുക്കുന്നയാളെ കുറിച്ച് അന്വേഷണവും നടത്തും. ഈ അന്വേഷണത്തിന് ശേഷമാണ് ലോണ്‍ നല്‍കണോ വേണ്ടയോ എന്ന് ബാങ്കുകള്‍ തീരുമാനിക്കുന്നത്. ഇക്കാര്യത്തെ കുറിച്ച ചോദിച്ചപ്പോള്‍ ഒരു ബാങ്ക് മാനേജര്‍ പ്രതികരിച്ചത് തിരിച്ചടവിന്റെ റിസ്‌ക്ക് എടുക്കാന്‍ വയ്യ എന്നാണ്. എല്ലാ ബാങ്കുകളും ഈ ലോണ്‍ നല്‍കുന്ന കാര്യത്തില്‍ ഈ പാതയല്ല പിന്തുടരുന്നതെങ്കിലും പല ബാങ്കുകളിലും ഈ പതിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഓട്ടോറിക്ഷ,  ചെറിയ ചരക്ക് വാഹനങ്ങള്‍ , നാനോ പോലുളള ചെറു കാറുകള്‍ എന്നിങ്ങനെയുള്ള വാഹനങ്ങള്‍ വാങ്ങി എന്തെങ്കിലും വരുമാനമാര്‍ഗ്ഗം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഇടത്തരക്കാരാണ് ബാങ്കുകളുടെ ഇത്തരം ചൂഷണത്തില്‍ വീഴുന്നത്. വലിയ ആഡംബരകാറുകള്‍ വാങ്ങുന്നവര്‍ക്ക് ശമ്പളത്തില്‍ നിന്നോ കച്ചവടത്തില്‍ നിന്നോ വായ്പ ഗഡു തിരിച്ചടക്കുവാനുള്ള സൗകര്യമുണ്ടായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഉയര്‍ന്ന കച്ചവടക്കാര്‍ക്കും ലോണ്‍ മേളയും മറ്റും നടത്തി മല്‍സരിച്ചാണ്  ബാങ്കുകള്‍ വാഹനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇടത്തരക്കാര്‍ക്ക് ലോണ്‍ നിഷേധിക്കാനുള്ള വഴികളാണ് ബാങ്കുകള്‍ ആലോചിക്കുന്നത്. ബിസിനസ്സ് വിപുലീകരണത്തിന്റെ പേരില്‍ സമീപത്തെ ബാങ്കുകളിലേക്ക്  ലോണ്‍ അന്വേഷിച്ച് വരുന്ന സാധാരണക്കാരേയും തങ്ങളിലേക്ക് എത്തിക്കാന്‍ ഇത്തരം സംഘങ്ങള്‍ പല ഓഫറുകളും ബാങ്ക് മാനേജര്‍മാര്‍ക്ക് നല്‍കാരുണ്ട്. ഓട്ടോ ഫിനാന്‍സ് സ്ഥാപനവുമായുള്ള ബന്ധം രഹസ്യമായി സൂക്ഷിക്കാനും ബാങ്കുകാര്‍ ശ്രദ്ധിക്കാറുണ്ട്.

സാധാരണക്കാര്‍ക്ക്  വാഹന ലോണ്‍ അനുവദിച്ച് തിരിച്ചടവ് തെറ്റിയാല്‍ വണ്ടി അന്വേഷിച്ച് നടക്കാനും കേസ്സുകള്‍ നടത്താനുമൊക്കെ മാനേജര്‍മാര്‍ക്ക് റിസ്‌ക്കാണ്. സര്‍ക്കാര്‍ അനുശാസിക്കുന്ന നിശ്ചിതമായ തുക ഇടത്തരക്കാര്‍ക്ക് ലോണായി അനുവദിക്കുമെങ്കിലും തിരിച്ചടവിന് ബ്ലേഡ് മാഫിയ സംഘങ്ങളെ ഏല്‍പ്പിക്കുകയുമാണ് ബാങ്കുകളില്‍ നടക്കുന്നത്. ഇനി ബാങ്കിന്റെ നിബന്ധനയില്‍ ലോണ്‍ കിട്ടിയാലും അടവ് തെറ്റിയാല്‍ വണ്ടി പിടിച്ചെടുക്കാന്‍ ഓട്ടോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതായി കാണിച്ച് സമ്മത പത്രം എഴുതി നല്‍കുകയും വേണം.

ഓട്ടോ ഫിനാന്‍സ് എന്ന ലേബലില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഭൂരിഭാഗവും ചില സ്വകാര്യ വ്യക്തികള്‍ വാഹനങ്ങള്‍ വില്‍ക്കാനും അടവ് തെറ്റിക്കുന്ന വണ്ടികള്‍ പിടിച്ചെടുക്കാനും നടത്തുന്ന  ഇടപാടാണ്. വലിയ തോതിലുള്ള പലിശ ഇടപാടും ഇതിനൊപ്പം നടക്കുന്നു. വാഹന വായ്പയായി ഒരു ലക്ഷം രൂപ ഇവര്‍ അനുവദിച്ചാല്‍ ഇരുപത്തയ്യായിരം രൂപയോളം പലിശയായി നല്‍കണം. ഇത് അടയ്ക്കാന്‍ കഴിയുന്ന കാലാവധിക്ക് മുതലും പലിശയും വീതിച്ച് നല്‍കും. ഈ തുക മാസം നിശ്ചിത തീയതിക്ക് അടയ്ക്കണം. അടയ്ക്കാന്‍  ഒരു ദിവസം വൈകിയാല്‍ പോലും പിന്നീട്  ഓവര്‍ഡ്യൂ ചേര്‍ത്ത് കൊടുക്കേണ്ടി വരും.

വണ്ടിയുടെ ആര്‍സി ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ ഫൈനാന്‍സ് സ്ഥാപനം തന്നെ സൂക്ഷിക്കും. അധവാ ഈ രേഖകള്‍ ലഭിക്കണമെങികല്‍ പ്രത്യേകം ചെക്കും മുദ്ര പേപ്പറും നല്‍കേണ്ട അവസ്ഥയുണ്ട്. മൂന്ന് തിരിച്ചടവുകള്‍ തെറ്റിയാല്‍ ഓട്ടോ ഫിനാന്‍സ് സ്ഥാപനം ഗുണ്ടകളെ ഉപയോഗിച്ച് വാഹനം പിടിച്ചു കൊണ്ടു പോകും. അടവ് തെറ്റിക്കുന്ന സ്വകാര്യ മിനി ബസ്സുകളും യാത്രക്കാര്‍ ഒഴിയുന്ന സമയം നോക്കി ഇവര്‍ പിടിച്ചു കൊണ്ടു പോകാറുണ്ട് . പേരിനു പോലും ഇത്തരം സ്ഥാപനങ്ങളില്‍ കയറി പോലീസ് റെയ്ഡ് നടത്താറില്ല.

Story by