ഫേസ്ബുക്കിലെ സിപിഐഎംകാരെ കണ്ടവരുണ്ടോ? അനുഭാവികൾ വിമർശനം തുടങ്ങിയപ്പോൾ മൗനം പാലിച്ച് പാർട്ടി ചാവേറുകൾ; മിണ്ടാട്ടം മുട്ടി നേതാക്കൾ

തെരഞ്ഞെടുപ്പിന് മുമ്പേ പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുന്നതിനായി അരയും തലയും മുറുക്കി സോഷ്യല്‍ മീഡിയയില്‍ യുദ്ധം നയിച്ച സൈബര്‍ പ്രവര്‍ത്തകരൊക്കെയും ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. എംകെ ദാമോദരനെ സംബന്ധിച്ച് സര്‍ക്കാര്‍ (മുഖ്യമന്ത്രി) നിലപാടിനെതിരെ ആരോപണമുന്നയിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ അവരുടെ ആവനാഴിയില്‍ ആയുധങ്ങളൊന്നുമില്ലാത്തതുതന്നെ കാരണം. ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ പല കടുത്ത പാര്‍ട്ടി അനുഭാവികളും തങ്ങളുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ്...

ഫേസ്ബുക്കിലെ സിപിഐഎംകാരെ കണ്ടവരുണ്ടോ? അനുഭാവികൾ വിമർശനം തുടങ്ങിയപ്പോൾ മൗനം പാലിച്ച് പാർട്ടി ചാവേറുകൾ; മിണ്ടാട്ടം മുട്ടി നേതാക്കൾ

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാണിപ്പോൾ വാർത്തയിൽ താരം. എജിയാകാൻ ക്ഷണിച്ചിട്ടും വേണ്ടെന്നുവച്ച ത്യാഗസമ്പത്തിന്റെ ഉടമ. പകരമായി താൻ നിർദ്ദേശിച്ചയാളെ എജിയുടെ കസേരയിലേക്കുയർത്തിയ ബുദ്ധികേന്ദ്രം. അടിയന്തിരാവസ്ഥയെ എതിർത്തു ജയിലിൽ കിടന്ന രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഒസ്യത്ത്. സർവ്വോപരി വല്ലവർക്കും വേണ്ടി ജീവത്യാഗം ചെയ്യാനും വേണ്ടിവന്നാൽ തങ്ങളുടെ ശത്രുവിന്റെ ജീവനെടുക്കാനും തങ്ങൾക്കുവേണ്ടി വല്ലവരും അനുഷ്ഠിച്ച രാഷ്ട്രീയ കൊലപാതകത്തിന്റെ ഉത്തരവാദിത്വം പേറി ജയിലിലേക്കു പോകാനും തയ്യാറായി വരുന്ന കണ്ണൂർ കോഴിക്കോടു ജില്ലകളുടെ അതിർത്തിഗ്രാമങ്ങളിലെ സർവ്വം പാർട്ടിമയമായ മനുഷ്യർക്കു വേണ്ടി എപ്പോഴും തുറന്നിട്ട വക്കീലോഫീസിന്റെ കാര്യകർത്താവ്. അതുവഴി കണ്ണൂരിലെ നേതാക്കന്മാർക്കുമേൽ തീർത്താൽ തീരാത്ത കടപ്പാടവശേഷിപ്പിച്ച് അതിന്റെ പലിശകൊണ്ടു ജീവിക്കുകയാണ്, ഇപ്പോൾ വിവാദനായകനായ എം കെ ദാമോദരൻ എന്ന മുൻ അഡ്വക്കേറ്റ് ജനറൽ.


അഭിഭാഷകനെന്ന നിലയിൽ ദാമോദരന് ഏതു കേസിൽ വേണമെങ്കിലും ഹാജരാകാമെന്നും സർക്കാരിൽ നിന്ന് ഒരു രൂപയുടെ പോലും പ്രതിഫലം കൈപ്പറ്റിയല്ല, മുഖ്യമന്ത്രിക്ക് അദ്ദേഹം സൗജന്യ നിയമോപദേശം നൽകുന്നതെന്നും സാക്ഷാൽ മുഖ്യമന്ത്രി തന്നെ സഭയിൽ പറഞ്ഞതോടെ ഈ പാമ്പു കടിച്ചതുംകൊണ്ടേ പോകൂ എന്നു മനസ്സിലായിരിക്കയാണ്. അതിന്റെ പ്രതിഫലനം സോഷ്യൽ മീഡിയയിൽ കാണാനുമുണ്ട്.

കഴിഞ്ഞ അഞ്ചുവർഷക്കാലം ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്ന സോഷ്യൽ മീഡിയ സഖാക്കൾ ഒന്നടങ്കം പിൻവലിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് മുന്നിൽ. ഫേസ്ബുക്കിലെ കൊടികെട്ടിയ സഖാക്കളുടെയൊന്നടങ്കം വോളുകൾ പൂച്ചപെറ്റുകിടക്കുകയാണ്. ആരും കയറിനോക്കാത്ത മൂലകളായി അവ എങ്ങനെ മാറിപ്പോയി എന്നന്വേഷിക്കുമ്പോഴാണ് എം കെ ദാമോദരൻ വന്നു, എല്ലാം ശരിയായി എന്ന് അവരുടെ ജീവിതപങ്കാളികൾക്കു പറയാൻ കഴിയുന്നത്. അങ്ങനെയെങ്കിലും അവർ ഫേസ്ബുക്കിൽ നിന്ന് ഒന്നിറങ്ങിക്കിട്ടിയല്ലോ എന്ന ആശ്വാസമാണ്, മറുപാതികൾക്ക്.

സിക്കിം ലോട്ടറി തട്ടിപ്പുകേസിൽ പ്രതിസ്ഥാനത്തുള്ള സാന്റിയാഗോ മാർട്ടിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് സ്വീകരിച്ച നീക്കത്തിനെതിരെ ദാമോദരൻ കോടതിയിൽ വാദത്തിനെത്തിയതോടെയാണു വിവാദത്തിനു തുടക്കം. കേസ് സംസ്ഥാനസർക്കാരിനെതിരെ അല്ലെന്നും കേന്ദ്ര എൻഫോഴ്സ്മെന്റ് വകുപ്പിനെതിരെയാണെന്നും സംസ്ഥാനത്തിനെതിരെ ഹാജരായാൽ അപ്പോൾ പരിശോധിക്കാം എന്നും പറഞ്ഞു പാർട്ടി സെക്രട്ടറി ഉണ്ടയിട്ടു. അതിനു പിന്നാലെ കശുവണ്ടി വികസന കോർപ്പറേഷനിലെ തോട്ടണ്ടി ഇറക്കുമതിയും ഉത്പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ എം കെ ദാമോദരന്റെ ജൂണിയർ ഹാജരായതോടെ വിവാദം കൊഴുത്തു.

ഐഎൻടിയുസി നേതാവു ചന്ദ്രശേഖരനു വേണ്ടി ഹാജരാകാൻ മുൻ എജി ദണ്ഡപാണിയോ കോൺഗ്രസ് നേതാക്കളായ അഭിഭാഷകരോ ഒക്കെയുള്ളപ്പോൾ എന്തുകൊണ്ടാകാം അദ്ദേഹം വക്കാലത്ത് ദാമോദരന്റെ ഓഫീസിനെ ഏൽപ്പിച്ചത്? ഉത്തരം ലളിതം. പ്രോസിക്യൂഷനെ നയിക്കുന്നത് ദാമോദരന്റെ നോമിനിയായ അഡ്വക്കേറ്റ് ജനറൽ സി പി സുധാകര പ്രസാദ്. ദാമോദരൻ ഹാജരാകുന്ന കേസിൽ ടി എജിയുടെ കീഴിലുള്ള സർക്കാർ വക്കീലന്മാർ സ്വാഭാവികമായും എന്തു നിലപാടാവും സ്വീകരിക്കുക?

ഇതും പോരാഞ്ഞാണ് സംസ്ഥാന സർക്കാരിനെതിരായ കേസിൽ ക്വാറി മുതലാളിമാർക്കുവേണ്ടി ഹാജരാകാൻ ദാമോദരൻ വക്കാലത്തേറ്റെടുത്തത്. ഇത്രയും ആവുമ്പോൾ ആരു സഹിക്കും? പാർട്ടിക്കുവേണ്ടി വാദമുഖങ്ങളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്ന അനുഭാവിവൃന്ദം അപ്പാടെ നിശബ്ദരായി. ചിലർ പരസ്യമായ വിമർശനവുമായി രംഗത്തെത്തി. പാർട്ടി അംഗത്വമുള്ളവർ മൗനം പാലിക്കുകയോ ഫേസ്ബുക്ക് അക്കൗണ്ട് താത്ക്കാലികമായി ഡീആക്റ്റിവേറ്റ് ചെയ്യുകയോ ആണ്. നേതാക്കന്മാർ ആരും പ്രതിരോധിക്കാനോ ന്യായീകരിക്കാനോ രംഗത്തില്ല. നേരത്തെ ലാവലിൻ കേസിലടക്കം ആരോപണശരങ്ങളേറ്റ് പിണറായി വിജയൻ വ്യക്തിപരമായി പ്രതിസന്ധിയെ നേരിട്ട ഘട്ടത്തിലും പാർട്ടിയോ അന്നത്തെ പാർട്ടി സെക്രട്ടറിയോ പ്രതിരോധത്തിലാവുന്ന ഘട്ടങ്ങളിലും പിണറായി വിജയനെ ന്യായീകരിച്ച് ശക്തമായി രംഗത്തുണ്ടായിരുന്ന അന്നത്തെ ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററും ഇപ്പോഴത്തെ റെസിഡന്റ് എഡിറ്ററുമായ പിഎം മനോജ് പോലും നിശബ്ദൻ.

ജിഷ വധക്കേസ് പ്രതി അമിറുള്‍ ഇസ്ലാമിനു വേണ്ടിയും സര്‍ക്കാര്‍ ഉപദേഷ്ടാവ് ഹാജരാകുമോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ നിയമസഭയില്‍ ചോദിച്ചത്. അങ്ങനെ ഹാജരായാല്‍ തെറ്റ് പറയാന്‍ പറ്റില്ല എന്നായിരിക്കും മുഖ്യമന്ത്രി ആ സമയം ഉദ്ദേശിച്ചിട്ടുണ്ടാകുക. എന്തായായും ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതിക്കൂട്ടില്‍ നിന്ന പാര്‍ട്ടിയേക്കാള്‍ പതിന്മടങ്ങ് ദയനീയ അവസ്ഥയിലാണ് സംസ്ഥാന പാര്‍ട്ടി നേതൃത്വമെന്ന് വ്യക്തം.

തെരഞ്ഞെടുപ്പിന് മുമ്പേ പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുന്നതിനായി അരയും തലയും മുറുക്കി സോഷ്യല്‍ മീഡിയയില്‍ യുദ്ധം നയിച്ച സൈബര്‍ പ്രവര്‍ത്തകരൊക്കെയും ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. എംകെ ദാമോദരനെ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടിനെതിരെ ആരോപണമുന്നയിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ അവരുടെ ആവനാഴിയില്‍ ആയുധങ്ങളൊന്നുമില്ലാത്തതുതന്നെ കാരണം.

സിപിഐ(എം)ലെ സംസ്ഥാന- ജില്ലാ നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഇക്കാര്യങ്ങളെക്കുറിച്ച് സൂചനയൊന്നുമില്ല. എംകെ ദാമോദരന്‍ പ്രശ്‌നത്തെ കുറിച്ചുള്ള വിശദീകരണങ്ങളോ അവരവരുടെ പ്രത്യക്ഷ നിലപാടോ ഒന്നും ആരും ഒരിടത്തും പറയുന്നില്ല. സര്‍ക്കാരിന് സൗജന്യ ഉപദേശം നല്‍കി പിന്നാലെ ശത്രുവിന്റെ കേസ് വാദിക്കുന്ന വൈരുദ്ധ്യാത്മക ഭൗതികവാദത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസ്ഥാനത്തെ ഒരു മാര്‍ക്‌സിസ്റ്റ്- കമ്മ്യൂണിസ്റ്റ് നേതാക്കളും രംഗത്തു വരാത്തത് സിപിഐ(എം)ല്‍ ഉയര്‍ന്നുവന്ന പ്രതിസന്ധി ചെറുതല്ല എന്ന വ്യക്തമായ സൂചന തരികയാണ്. കൂലി വാങ്ങാത്ത ഉപദേശിയുടെ സേവനങ്ങള്‍ സത്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മാത്രം ബാധ്യതയായി മാറിയിരിക്കുന്നു. അതിനു മറുപടി പറയേണ്ടതും, വരും വരായ്കകള്‍ അനുഭവിക്കേണ്ടതും അദ്ദേഹം തന്നെയാണെന്ന സൂചന നേതാക്കളുടെ നിശബ്ദതയില്‍ ധ്വനിക്കുന്നുണ്ട്.

സംസ്ഥാന- ജില്ലാ- ഏരിയ സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന വാടസ്ആപ്പ് ഗ്രൂപ്പുകളില്‍ എംകെ ദാമോദരന്‍ വിഷയത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടക്കുന്നത്. ഏകാധിപത്യ ഭരണത്തിന്റെ പുതുകാലഘട്ടമായാണ് ഈ സാഹചര്യത്തെ പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈ അഭിപ്രായം പരസ്യമായി പറയാന്‍ ആരും ധൈര്യപ്പെടുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുമാസം തികയുന്നതിനു മുന്‍പേ വിവാദങ്ങളുടെ പെരുമഴ പെയ്യിച്ച എംകെ ദാമോദരനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനം ഗ്രൂപ്പുകളില്‍ നടക്കുന്നുണ്ട്. പക്ഷേ പതിവുപോലെ പ്രസ്തുത വിമര്‍ശനങ്ങള്‍ അവിടം കൊണ്ടു തന്നെ അവസാനിക്കുകയാണ്. കാരണം വിമര്‍ശനം ഉന്നയിക്കുന്നവര്‍ തന്നെ പുറത്ത് അതിനു മറുപടി പറയേണ്ടിവരുമെന്നതിനാല്‍ സ്വകാര്യഗ്രൂപ്പിന്റെ നാലുചുവരു തുളച്ച് അവ പുറത്തു വരുന്നില്ല.

എംകെ ദാമോദരന്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭയിലും ചെറിയ തോതില്‍ പുറത്തും ഉയര്‍ന്നു കേള്‍ക്കുമ്പോഴും വിഎസ് അച്യുതാനന്ദന്റെ ഭാഗത്തു നിന്നും പ്രസ്തുത വിഷയത്തെപ്പറ്റി അഭിപ്രായങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നുള്ള കാര്യം ശ്രദ്ധേയമാണ്. ഇതിനിടെ വിഎസ് അച്ചുതനന്ദന് ക്യാബിനറ്റ് പദവി നല്‍കാനായി ഇരട്ടപ്പദവി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ 65 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുകയും പൊതു ചര്‍ച്ചക്ക് ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിടുകയും ചെയ്യും. ഭേദഗതി ബില്‍ 19ന് സഭ പാസാക്കുമെന്നാണ് കരുതുന്നത്. ഒരുപക്ഷേ അതിനുശേഷമായിരിക്കും എംകെ ദാമോദരന്‍ വിഷയത്തില്‍ ശക്തമായ വിമര്‍ശനങ്ങള്‍ കടന്നുവരിക. കാബിനറ്റില്‍ വിഎസിന്റെ രംഗപ്രവേശത്തോടെ അസംതൃപ്ത വിഭാഗം കേന്ദ്രീകരിക്കപ്പെടുമെന്നാണ് വിഎസിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പുതിയ അധികാര പോര്‍മുഖം തുറക്കുകയും വിഎസ് അതിന്റെ മുന്നണിയിലേക്ക് എത്തുകയും ചെയ്യുന്ന അവസരത്തില്‍ ദാമോദരന്‍ വിഷയത്തില്‍ സര്‍ക്കാര്‍ (പിണറായി) നിലപാട് മാറ്റിയേക്കാം. പക്ഷേ അതിനിടയില്‍ 'സൗജന്യ ഉപദേശി' മൂലം സര്‍ക്കാരിനും സിപിഐ(എം)നുമുണ്ടാകുന്ന നഷ്ടങ്ങള്‍ എത്ര വലുതാകുമെന്നേ നോക്കുവാനുള്ളു.

Read More >>