ശരി സഖാക്കളെ; ഇനി എം കെ ദാമോദരനെക്കുറിച്ച് സാങ്കേതികമായി സംസാരിക്കാം...

ഇക്കണക്കിന് വേണമെങ്കിൽ തോമസ് ഐസക്കിന് സാൻ്റിയാഗോ മാർട്ടിനെ ശമ്പളരഹിതനായ ടാക്സ് കൺസൾട്ടന്റാക്കാം. നികുതിവെട്ടിപ്പും വ്യാജലോട്ടറി കച്ചവടവുമൊക്കെ മാർട്ടിൻ അവർകളുടെ പ്രൊഫഷനായതുകൊണ്ട് സാങ്കേതികവും നിയമപരവുമായ പ്രശ്നങ്ങളില്ല. എല്ലാം ശരിയായ വകയിൽ ധാർമ്മികത മരിച്ചു പോവുകയും ചെയ്തല്ലോ...

ശരി സഖാക്കളെ; ഇനി എം കെ ദാമോദരനെക്കുറിച്ച് സാങ്കേതികമായി സംസാരിക്കാം...

എം കെ ദാമോദരൻ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി തുടരുകയും അതേസമയം സർക്കാരിനെതിരെ കേസു വാദിക്കുകയും ചെയ്യുന്നതിൽ സാങ്കേതികമായി ഒരു തകരാറുമില്ലെന്ന് ഔദ്യോഗികമായി വിശദീകരിക്കപ്പെട്ടു കഴിഞ്ഞു. വാദത്തിൻ്റെ അസ്തിവാരവും ആരൂഡവും 'സാങ്കേതികം' എന്ന വാക്കാണ്. അതുകൊണ്ട് ദീപക് ശങ്കരനാരായണൻ എഴുതിയ ഫേസ് ബുക്ക് കുറിപ്പിൻ്റെ തലക്കെട്ടിലെ ആഹ്വാനം ശിരസാവഹിച്ച്, ‘നമുക്ക് വ്യക്തികളെ വിടാം’; പ്രശ്നത്തെ ‘സാങ്കേതികമായി’ സമീപിക്കാം.


ഇതൊടൊപ്പം എം കെ ദാമോദരന്റെ നിയമന ഉത്തരവുണ്ട്. അതിൽ ഇങ്ങനെ പറയുന്നു:
"നിയമസംബന്ധമായ വിഷയങ്ങളിൽ ഉപദേശം നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ലീഗൽ അഡ്വൈസർ തസ്തിക കോ- ടെർമിനസ് വ്യവസ്ഥയിൽ സൃഷ്ടിച്ചും, അഡ്വക്കേറ്റ് എം കെ ദാമോദരനെ മുഖ്യമന്ത്രിയുടെ ലീഗൽ അഡ്വൈസറായി നിയമിച്ചും ഉത്തരവാകുന്നു. അദ്ദേഹത്തിന് ഗവണ്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി തസ്തികയ്ക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും ഉണ്ടായിരിക്കും. അദ്ദേഹം സേവനമനുഷ്ടിക്കുന്നത് പ്രതിഫലം കൂടാതെയായിരിക്കും".

[caption id="attachment_30456" align="alignleft" width="300"]എം കെ ദാമോദരനെ നിയമോപദേഷ്ടാവായി നിയമിച്ചുകൊണ്ടുളള സർക്കാർ ഉത്തരവ് എം കെ ദാമോദരനെ നിയമോപദേഷ്ടാവായി നിയമിച്ചുകൊണ്ടുളള സർക്കാർ ഉത്തരവ്[/caption]

ശമ്പളം വാങ്ങുന്നില്ലെങ്കിൽ സർക്കാർ ഉത്തരവിനാൽ നിയമിക്കപ്പെടുന്നവർക്ക് അസാരം സ്വൈര്യവിഹാരം ആകാം, എന്തു തോന്നിയവാസവും ആകാമെന്ന സർക്കാരിന്റെ സമ്മതമല്ല കോ ടെർമിനസ് വ്യവസ്ഥ . സർക്കാർ മാറുമ്പോൾ മാറിക്കൊടുക്കണം. അത്രേയുള്ളൂ

ആരാണ് ദാമോദരന്റെ നിയമനാധികാരിയെന്ന് സംശയരഹിതമായി ഈ ഉത്തരവ് വിളിച്ചു പറയുന്നു. കേരള ഗവർണറാണ്. അതായത്, സംസ്ഥാന സർക്കാരാണ്. സംസ്ഥാന സർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയ്ക്കു് തുല്യമായ തസ്തിക സൃഷ്ടിച്ച് അതിൽ ഗവർണർ നിയമിച്ച ഉദ്യോഗസ്ഥനാണ് ഈ നിയമോപദേഷ്ടാവ്.

ഉണ്ണാനിരുന്നപ്പോൾ ഗവർണർക്കു തോന്നിയ ഉൾവിളി സർക്കാർ ഉത്തരവായി പുറത്തിറങ്ങുകയായിരുന്നില്ല. തീരുമാനം കാബിനെറ്റിന്റേതാണ്. കാബിനെറ്റ് തീരുമാനപ്രകാരം പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയിൽ കേരള ഗവർണർ ശമ്പളമില്ലാതെ നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥനാണ് നമ്മുടെ നിയമോപദേഷ്ടാവ്. ആ പദവി സർക്കാർ സർവീസിലെ ഒരു തസ്തികയാണ്. ശമ്പളം പറ്റുന്നില്ല എന്ന കാരണം പറഞ്ഞ്, സർക്കാർ ഉദ്യോഗസ്ഥന് എങ്ങനെയാണ് സർക്കാരിനെതിരെയും എജിയ്ക്കെതിരെയും കോടതിയിൽ വാദിക്കാനാവുക? എജി ഒരു ഭരണഘടനാപദവിയാണ്. പ്രോട്ടോക്കോളനുസരിച്ച് എജിയെക്കാൾ എത്രയോ താഴെയാണ് പ്രിൻസിപ്പൽ സെക്രട്ടറി.

ശമ്പളം മാത്രമല്ലല്ലോ, തസ്തികയും പദവിയും റാങ്കുമൊക്കെ പരിഗണിക്കപ്പെടേണ്ട വിഷയങ്ങളല്ലേ? ശമ്പളം വേണ്ടാത്ത ആളിനെന്താണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവി?

എം കെ ദാമോദരനടക്കമുള്ള ഉപദേഷ്ടാക്കളുടേത് കരാർ പണിയല്ല. സാങ്കേതികതയുടെ വക്കാലത്തെടുത്തവർ അക്കാര്യം കൂടി മനസിലാക്കണം. സേവന വേതന വ്യവസ്ഥകളും പ്രൊഫഷണൽ സ്വൈര്യവിഹാരവും സംബന്ധിച്ച് കേരള സർക്കാരും എം കെ ദാമോദരനടക്കമുളള ഉപദേഷ്ടാക്കളും തമ്മിൽ ഒരു ഉഭയകക്ഷികരാറും നിലവിലില്ല. സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് അത്തരമൊരു കരാറിലേർപ്പെടാനുളള അധികാരമോ അവകാശമോ ഇല്ല. എം കെ ദാമോദരനെ നിയമിച്ചത് കേരള സർക്കാരാണ്.

അതുകൊണ്ട്, പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയ്ക്കു സമാനമായ പോസ്റ്റിലേയ്ക്കുളള അപ്പോയ്മെൻ്റ് ഓഡറും കോട്ടിന്റെ പോക്കലിട്ട് എം കെ ദാമോദരൻ കേരള സർക്കാരിനെതിരെ കേസു വാദിക്കുന്നതിൽ സാങ്കേതിക പ്രശ്നമൊന്നുമില്ല എന്നു വിധിയെഴുതാൻ വരട്ടെ.

അഭിഭാഷകരുടെ കോഡ് ഓഫ് കോൺടാക്ട് പരിശോധിച്ചാലും ഇങ്ങനെയൊരു സർക്കാർ ഉത്തരവും കൈപ്പറ്റിയ ശേഷം സർക്കാരിനെതിരെ കേസു വാദിക്കാനുളള വ്യവസ്ഥകൾ കണ്ടെത്താനാവില്ല. നിലവിലുള്ള ഒരു വ്യവസ്ഥയിലും മയിലെണ്ണ പുരട്ടി ആ പഴുതുണ്ടാക്കാനുമാവില്ല. അഭിഭാഷകരുടെ നെയിംബോർഡു വയ്ക്കുന്നതിൽപ്പോലും പുലർത്തുന്ന നിഷ്കർഷയുടെ അന്തസത്ത മനസിലാക്കിയാൽ ദാമോദരൻ സാന്റിയാഗോ മാർട്ടിന്റെ വക്കാലത്തെടുക്കുന്നതിലെ സാങ്കേതികവും നിയമപരവും ധാർമ്മികവുമായ പ്രശ്നങ്ങൾ മനസിലാക്കാവുന്നതേയുളളൂ.

മേലുദ്ധരിച്ച ഉത്തരവും പോക്കറ്റിലിട്ട് സർക്കാരിനെതിരെയുളള കേസു വാദിക്കുമ്പോൾ എം കെ ദാമോദരൻ ഉയർത്തുന്നത് കേവലം ഔചിത്യത്തിന്റെ പ്രശ്നമല്ല. നിയമപരവും സാങ്കേതികവുമൊക്കെയായി ഏറെ മാനങ്ങളുള്ള സവിശേഷമായ ഒരു കേസാണത്. ഉപദേഷ്ടാവ് പദവി ഉഭയസമ്മതത്തിലൂന്നിയ ഒരു കരാർ പ്രകാരമുളള നിയമനമല്ലെന്നിരിക്കെ, എം കെ ദാമോദരന് അനുകൂലമായി ഉയരുന്ന സാങ്കേതികവാദങ്ങളുടെ നിലനിൽപ്പ് സംശയാസ്പദമാണ്.

ഇക്കണക്കിന് വേണമെങ്കിൽ തോമസ് ഐസക്കിന് സാൻ്റിയാഗോ മാർട്ടിനെ ശമ്പളരഹിതനായ ടാക്സ് കൺസൾട്ടൻ്റാക്കാം. നികുതിവെട്ടിപ്പും വ്യാജലോട്ടറി കച്ചവടവുമൊക്കെ മാർട്ടിൻ അവർകളുടെ പ്രൊഫഷനാണല്ലോ. അതുകൊണ്ട് സാങ്കേതികവും നിയമപരവുമായ പ്രശ്നങ്ങളില്ല. എല്ലാം ശരിയായ വഴിയിലെവിടെയോ ധാർമ്മികതയുടെ ആത്മഹത്യയും സംഭവിച്ചു പോയി...

സർക്കാർ ഉത്തരവിന് കടപ്പാട് - Najeem Elliyas