പ്രഭാത വ്യായാമത്തിന്‍റെ ഗുണങ്ങള്‍

പലരെയും സംബന്ധിച്ച് പ്രഭാതത്തിലൊഴികെ വ്യായാമം ചെയ്യാനായി സമയം മാറ്റി വയ്ക്കാനുണ്ടാവില്ല

പ്രഭാത വ്യായാമത്തിന്‍റെ ഗുണങ്ങള്‍

ശരീരത്തിന് മികച്ച അച്ചടക്കം നല്കാന്‍ സഹായിക്കുന്നതാണ് വ്യായാമം. ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ഇത് ക്രമീകരിക്കും. രാവിലെ ഉറക്കമുണര്‍ന്നു വ്യായാമം ചെയ്യുന്നതാണ് ഏറ്റവുമധികം ശുപാര്‍ശ ചെയ്യപ്പെടുന്നത്. രാവിലത്തെ വ്യായാമത്തിനുസരിച്ച് ശരീരം ക്രമീകരിക്കപ്പെടും. ഇത് ശീലമാക്കിയാല്‍ ഒരു ദിവസം വ്യായാമം ഒഴിവാക്കാന്‍ തീരമാനിച്ചാലും പതിവ് സമയത്ത് തന്നെ ഉറക്കമുണരും. തലച്ചോര്‍ ഇതൊരു ശീലമായി കണക്കിലെടുക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാനും പ്രഭാതത്തിലെ വ്യായാമം സഹായകാരമാണ്.


പ്രഭാത വ്യായാമങ്ങള്‍ ആരംഭിക്കുന്നതോടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സമയക്രമം ഉണ്ടാവും. പലരെയും സംബന്ധിച്ച് പ്രഭാതത്തിലൊഴികെ വ്യായാമം ചെയ്യാനായി സമയം മാറ്റി വയ്ക്കാനുണ്ടാവില്ല. രാവിലെയാകുമ്പോള്‍ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളൊന്നുമുണ്ടാവാത്തതിനാല്‍ സമാധാനത്തോടെ വ്യായാമം ചെയ്യാനുമാകുമെന്നുള്ളത് പ്രഭാത വ്യായാമത്തിന്റെ ഒരു പ്ലസ് പോയിന്റ്‌ ആണ്.

പ്രഭാത വ്യായാമം മൂലം ശാരീരികപ്രവര്‍ത്തനങ്ങള്‍ സ്വാഭാവിക മാര്‍ഗ്ഗത്തില്‍ സജീവമായിരിക്കും. ഉന്മേഷവും, ജാഗ്രതയും നല്കുന്ന ഹോര്‍മോണുകളെ ഉത്പാദിപ്പിക്കാന്‍ ഇത് സഹായിക്കും. ഊര്‍ജ്ജസ്വലമായ ഒരു ദിനമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. ഇവയോടൊപ്പം നിങ്ങളുടെ ചര്‍മ്മത്തെയും മുഖത്തെയും സജീവമാക്കി നിര്‍ത്താനും പ്രഭാത വ്യായാമങ്ങള്‍ സഹായിക്കും.

സാധാരണയായി പ്രഭാത ഭക്ഷണത്തിന് മുമ്പായാണ് വ്യായാമങ്ങള്‍ ചെയ്യുക. വെറും വയറോടെ വ്യായാമം ചെയ്യുന്നതാണ് മികച്ച ഫലം നല്കുക. കൂടാതെ പ്രഭാതത്തില്‍ അന്തരീക്ഷത്തില്‍ ഓകിസജന്‍റെ അളവും കൂടുതലായുണ്ടാവും. പ്രഭാതത്തിലെ സൂര്യപ്രകാശത്തിലും മറ്റ് സമയത്തേക്കാള്‍ കൂടുതല്‍‌ വിറ്റാമിനുകളുണ്ടാകും. ഇവയെല്ലാം പ്രഭാത വ്യായാമത്തിനെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണ്.

വ്യായാമം ചെയ്യാന്‍ പ്രത്യേകിച്ച് ഏതെങ്കിലും ഒരു രീതി തന്നെ പാലിക്കണം എന്നില്ല. രാവിലെ എഴുന്നെറ്റാല്‍ യോഗ ചെയ്യുന്നത് മുതല്‍, പ്രഭാത സവാരിക്ക് പോകുന്നത് വരെ ആരോഗ്യത്തിനു ഗുണകരമാണ്. ഇനി സൈക്ലിംഗ് ആണ് സൗകര്യപ്രദം എങ്കില്‍, അങ്ങനെയുമാകാം. പ്രകൃതിയുമായി ലയിച്ചുള്ള വ്യായാമം ശ്വാസസംബന്ധമായ അസ്വസ്തകള്‍ക്കും പരിഹാരമാണ്.