വ്യാജരേഖയുണ്ടാക്കി വസ്തുതട്ടിപ്പ്: കണ്ണൂർ ഡിസിസി പ്രസിഡന്റിന് എതിരെ ക്രിമിനൽ കേസ്

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം താന്‍ പ്രസിഡന്റ് ആയ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പേരിലേക്ക് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം മാറ്റുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് കെ സുരേന്ദ്രന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. കണ്ണൂരിലെ കോൺഗ്രസ് നേതാക്കള്‍ക്കെതിരെ ഫണ്ട് പിരിവ്, സ്മാരക നിര്‍മാണത്തിലെ അഴിമതി തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. കെ സുരേന്ദ്രനെതിരായ ഈ കേസ് ജില്ലാ കോൺഗ്രസിലെ പ്രശ്‌നങ്ങളുടെ ആഴം കൂട്ടുമെന്നാണ് കരുതപ്പെടുന്നത്.

വ്യാജരേഖയുണ്ടാക്കി വസ്തുതട്ടിപ്പ്: കണ്ണൂർ ഡിസിസി പ്രസിഡന്റിന് എതിരെ ക്രിമിനൽ കേസ്

കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ക്രിമിനല്‍ കേസ്. വ്യാജരേഖയുണ്ടാക്കി ഭൂമി കൈമാറ്റം നടത്തി എന്ന പരാതിയിലാണ് കേസ് എടുത്തത്. പിണറായി ഓലായിക്കര ഇന്ദിരാനഗറിലെ കോൺഗ്രസ്  നിയന്ത്രണത്തിലുള്ള സാംസ്‌കാരിക കേന്ദ്രമായ പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കെട്ടിടവും നാലര സെന്റ് സ്ഥലവും അതിന്റെ ജനറല്‍ ബോഡി അറിയാതെ കൃത്രിമ രേഖയുണ്ടാക്കി ഡി സി സി പ്രസിഡന്റിന്റെ പേരിലാക്കിയെന്ന പരാതിയിലാണ് തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.


ക്ലബ്ബിന്റെ മുന്‍ ഭാരവാഹികളായ നരിക്കോടന്‍ മോഹനന്‍, വടവതി സുഗതന്‍ പെരുംബോലന്‍ പ്രേമന്‍ വ്യാജ ആധാരം തയ്യാറാക്കിയ ഇ പ്രദീപ് എന്നിവരാണ് മറ്റുപ്രതികള്‍. കമ്മിറ്റിയിലെ ചിലരുടെ നേതൃത്വത്തില്‍ നരിക്കോടന്‍ മോഹനന്‍ ക്ലബ് പ്രസിഡണ്ട് ആണെന്ന വ്യാജ രേഖയുണ്ടാക്കി ഡി സി സി പ്രസിഡന്റിന്റെ പേരിലേക്ക് വസ്തു രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ക്ലബ്ബിന്റെ മുഴുവന്‍ രേഖകളും സെക്രട്ടറിയുടെ കയ്യിലിരിക്കെ അടിയാധാരം നഷ്ടപ്പെട്ടെന്ന കള്ളം പറഞ്ഞാണ് രജിസ്ട്രേഷൻ നടത്തിയത്.

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം താന്‍ പ്രസിഡന്റ് ആയ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പേരിലേക്ക്  ക്ലബ്ബിന്റെ ഉടമസ്ഥാവകാശം മാറ്റുക മാത്രമേ ചെയ്തിട്ടുള്ളൂ  എന്ന് കെ സുരേന്ദ്രന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. കണ്ണൂരിലെ കോൺഗ്രസ് നേതാക്കള്‍ക്കെതിരെ ഫണ്ട് പിരിവ്, സ്മാരക നിര്‍മാണത്തിലെ അഴിമതി തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. കെ സുരേന്ദ്രനെതിരായ ഈ കേസ് ജില്ലാ കോൺഗ്രസിലെ  പ്രശ്‌നങ്ങളുടെ ആഴം കൂട്ടുമെന്നാണ് കരുതപ്പെടുന്നത്.

ഇതേ പരാതിയില്‍ മുന്‍പ് ഡി  സി സി പ്രസിഡന്റും മറ്റു പ്രതികളും ക്ലബ്ബില്‍ കയറുന്നത് കോടതി വിലക്കിയിരുന്നു. ക്ലബ് പ്രസിഡന്റ് അനീഷ് കൊയ്യോടന്റെ ഹര്‍ജിയിലാണ് കോടതി നടപടി. ഉന്നത നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നെങ്കിലും പ്രശ്‌നപരിഹാരം ഉണ്ടാവാഞ്ഞതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.