സിപിഐ(എം) പിബി നാളെ : സാമ്പത്തികോപദേഷ്ടാവ് നിയമനത്തിനെതിരെ ഒറ്റക്കെട്ടായി കേന്ദ്രനേതൃത്വം; പിണറായിക്കെതിരെ കടുത്ത വിമര്‍ശനമുയരും

ജൂനിയര്‍ ബുദ്ധിജീവികള്‍ സോഷ്യല്‍ മീഡിയയിലൂടെ അമര്‍ഷം പ്രകടിപ്പിക്കുമ്പോള്‍ പ്രഭാത് പട്‌നായിക്കടക്കമുളളവര്‍ മുഖ്യധാരാ മാധ്യമങ്ങളിലൂടെ എതിര്‍പ്പു പരസ്യപ്പെടുത്തി. പ്രമുഖ ഇടതു ബുദ്ധിജീവികളെല്ലാം പരാതിയുമായി പാര്‍ടി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. പരാതി ഫലം കാണുമെന്ന പ്രതീക്ഷയാണ് സോഷ്യല്‍ മീഡിയയിലടക്കം പ്രതിഫലിക്കുന്നത്. എം കെ ദാമോദരനെ നിയമിച്ചതിനെക്കാള്‍ അബദ്ധമെന്നാണ് ഇടതുബുദ്ധിജീവികള്‍ പൊതുവേ പങ്കുവെയ്ക്കുന്ന വികാരം.

സിപിഐ(എം) പിബി നാളെ : സാമ്പത്തികോപദേഷ്ടാവ് നിയമനത്തിനെതിരെ ഒറ്റക്കെട്ടായി കേന്ദ്രനേതൃത്വം; പിണറായിക്കെതിരെ കടുത്ത വിമര്‍ശനമുയരും

നവലിബറല്‍ ആശയങ്ങളെ പിന്തുണയ്ക്കുന്ന ഗീതാ ഗോപിനാഥിനെ വേണ്ടത്ര കൂടിയാലോചനകളില്ലാതെ  തന്റെ സാമ്പത്തികോപദേഷ്ടാവായി നിയമിച്ച പിണറായി വിജയനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കടുത്ത വിമര്‍ശനമുയരും. നാളെയാണ് പിബി.

ഇക്കാര്യത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഒറ്റക്കെട്ടാണ്. ഇനി മേലില്‍ നവലിബറല്‍ എന്നുച്ചരിക്കാന്‍പോലും കഴിയാത്തവിധം ഇടതു സാമ്പത്തിക വിദഗ്ധരെ  പ്രതിസന്ധിയിലെത്തിച്ച തീരുമാനമെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. യോഗത്തില്‍ പിണറായിയ്ക്കുളള പിന്തുണ കോടിയേരി ബാലകൃഷ്ണനില്‍ ഒതുങ്ങും. എം എ ബേബി നിശബ്ദത പാലിക്കും.

ബംഗാളിലെ രാഷ്ട്രീയ അടവു നയത്തെച്ചൊല്ലി കലഹിച്ചു തലകീറാന്‍ നിന്നവര്‍ ഗീതാ ഗോപിനാഥിന്റ നിയമനത്തിലൂടെ ഒറ്റക്കെട്ടായി. ഈ നീക്കത്തിലൂടെ ദില്ലിയിലെ പാര്‍ടി നേതൃത്വത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ് പിണറായി. പലര്‍ക്കും ആദ്യം ഈ വാര്‍ത്ത അവിശ്വസനീയമായിരുന്നു.

ജൂനിയര്‍ ബുദ്ധിജീവികള്‍ സോഷ്യല്‍ മീഡിയയിലൂടെ അമര്‍ഷം പ്രകടിപ്പിക്കുമ്പോള്‍ പ്രഭാത് പട്‌നായിക്കടക്കമുളളവര്‍ മുഖ്യധാരാ മാധ്യമങ്ങളിലൂടെ എതിര്‍പ്പു പരസ്യപ്പെടുത്തി. പ്രമുഖ ഇടതു ബുദ്ധിജീവികളെല്ലാം പരാതിയുമായി പാര്‍ടി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. പരാതി ഫലം കാണുമെന്ന പ്രതീക്ഷയാണ് സോഷ്യല്‍ മീഡിയയിലടക്കം പ്രതിഫലിക്കുന്നത്. എം കെ ദാമോദരനെ നിയമിച്ചതിനെക്കാള്‍ അബദ്ധമെന്നാണ് ഇടതുബുദ്ധിജീവികള്‍ പൊതുവേ പങ്കുവെയ്ക്കുന്ന വികാരം.

സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളില്‍ സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നയങ്ങളും നിലപാടുകളും രൂപപ്പെടുത്തുന്നതില്‍  പ്രഭാത് പട്‌നായിക്, ജയതി ഘോഷ്, സി പി ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. നവലിബറല്‍ സാമ്പത്തിക നയങ്ങളെ ആശയതലത്തിലും പ്രായോഗികമായും പാര്‍ടി നേരിടുമ്പോഴാണ് ആ നയങ്ങളെ സര്‍വാത്മനാ പിന്തുണയ്ക്കുന്ന ഒരാള്‍ പാര്‍ടി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി രംഗപ്രവേശം ചെയ്യുന്നത്.

പാര്‍ടി നേതൃത്വത്തെയാകെ അപ്രസക്തമാക്കി ഒറ്റയ്ക്കു തീരുമാനമെടുത്തു മുന്നോട്ടു പോകുന്ന പിണറായിയുടെ ശൈലിക്കെതിരെയും അമര്‍ഷമുണ്ട്. ഭരണതലത്തിലെടുക്കുന്ന തീരുമാനങ്ങളില്‍ പാര്‍ടിയ്ക്ക് ഒരു പങ്കും ഇല്ലെന്ന വികാരം ഇപ്പോള്‍ത്തന്നെ വ്യാപകമാണ്. പാര്‍ടിയെ വകവെയ്ക്കാതെ ഒറ്റയ്ക്കു മുന്നോട്ടുപോയ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ അവസ്ഥയാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. തീരുമാനങ്ങളെടുക്കുമ്പോള്‍ പാര്‍ടി നേതൃത്വവുമായി കൂടിയാലോചിക്കണം എന്ന ആവശ്യം പിണറായി അംഗീകരിക്കേണ്ടിവരും.

വിമര്‍ശനമുയരുമ്പോഴും ഗീതാ ഗോപിനാഥിന്റെ നിയമനം ഉടന്‍ റദ്ദാക്കാന്‍ പാര്‍ടി തയ്യാറായേക്കില്ല.  എന്നാല്‍ പാര്‍ടിയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുന്ന സാമ്പത്തികവിദഗ്ധരുടെ വികാരത്തെ അവഗണിക്കാനും കഴിയില്ല. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ കസേരയില്‍ ഗീതാ ഗോപിനാഥ് എത്രകാലമുണ്ടാകും എന്ന് കൗതുകത്തോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.