മൂന്ന് മുന്‍ സിപിഐ(എം) ജില്ലാ സെക്രട്ടറിമാര്‍ ബോര്‍ഡ്- കോര്‍പ്പറേഷനുകളില്‍ അധ്യക്ഷന്മാര്‍

ഇടതുമുന്നണിയില്‍ ഈ പേരുകള്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമായ ശേഷമായിരിക്കും ഇവരുടെ നിയമനം.

മൂന്ന് മുന്‍ സിപിഐ(എം) ജില്ലാ സെക്രട്ടറിമാര്‍ ബോര്‍ഡ്- കോര്‍പ്പറേഷനുകളില്‍ അധ്യക്ഷന്മാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ അധീനതയിലുള്ള പ്രധാന  ബോര്‍ഡുകളുടെയും കമ്മീഷനുകളുടെയും അംഗങ്ങളെ കുറിച്ച് ഏകദേശ തീരുമാനമായി. മൂന്ന് മുന്‍ സിപിഐ(എം) ജില്ലാ സെക്രട്ടറിമാര്‍ ബോര്‍ഡ്- കോര്‍പ്പറേഷനുകളില്‍ അധ്യക്ഷന്മാരായി ഉടന്‍  ചുമതലയേല്‍ക്കും. മുന്‍ കൊല്ലം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍, മുന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍, മുന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി സിബി ചന്ദ്രബാബു എന്നിവരാണ് പുതിയ ചുമതല ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.


ഇടതുമുന്നണിയില്‍ ഈ പേരുകള്‍ ചര്‍ച്ച ചെയ്ത്  അന്തിമ തീരുമാനമായ ശേഷമായിരിക്കും ഇവരുടെ നിയമനം.

വിഎസ് അധ്യക്ഷനായ മൂന്നാംഗ ഭരണപരിഷ്‌കാര കമ്മിഷന്‍ രൂപവത്കരിക്കുന്ന വേളയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍, ഘടകകക്ഷിയായ  സിപിഐയുടെ ഒരു പ്രതിനിധി എന്നിവര്‍ അതില്‍ അംഗമാകും. കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്‍ മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപിള്ളയെ മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ അധ്യക്ഷനായി നിയമിച്ചേക്കും.

കെആര്‍ ഭഗീരഥന്‍ ഫോം മാറ്റിങ്സ് ലിമിറ്റഡിന്റെയും ആര്‍ നാസര്‍ കയര്‍ കോര്‍പ്പറേഷന്റെയും ചെയര്‍മാന്‍മാരാകും. കൊല്ലത്തുനിന്നുള്ള പാര്‍ട്ടി സംസ്ഥാന സമിതിയംഗം കെ വരദരാജനെയാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി പരിഗണിക്കുന്നത്. സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന്‍ നായര്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റാകാനാണ് സാധ്യത.

തിരുവനന്തപുരം മുന്‍ മേയര്‍ അഡ്വ. കെ.ചന്ദ്രിക, തിരുവനന്തപുരം വികസന അതോറിട്ടി (ട്രിഡ)യുടെയും മുന്‍ എംഎല്‍എ സിഎം ദിനേശ് മണി വിശാല കൊച്ചി വികസന അതോറിട്ടി (ജിസിഡിഎ) യുടെയും അധ്യക്ഷരായേക്കും. ഇവര്‍ക്കു പുറമേ പാര്‍ട്ടി സംസ്ഥാന സമിതിയംഗം എംവി ജയരാജന്‍, മുന്‍ എംഎല്‍എ എം പ്രകാശന്‍ മാസ്റ്റര്‍ തുടങ്ങിയവരും ബോര്‍ഡ്-കോര്‍പ്പറേഷനുകളുടെ അധ്യക്ഷരാകും.