ഗോ സംരക്ഷകരുടെ വിചിത്ര മനഃശാസ്ത്രം; പ്രധാനമന്ത്രിയുടെയും

ഗോ രക്ഷകർ സംരക്ഷിക്കുന്നത് എന്തിനെയാണ്, ഒരു കൂട്ടം പശുക്കളെയാണോ അതോ ഒരു ആശയത്തെയാണോ? ചുറ്റുപാടും നോക്കിയാൽ, ഇന്ന് ഗ്രാമങ്ങളിലും നഗരങ്ങളിലും പശുക്കൾ നേരിടുന്ന പ്രതികൂല സാഹചര്യങ്ങൾ കണ്ടാൽ ഒരു കാര്യം വ്യക്തമാകും. ഗോ സംരക്ഷകരുടെ പ്രശ്നം പശുക്കളല്ല; അവർക്കു താത്പര്യം പശു പ്രതിനിധീകരിക്കുന്ന ആശയത്തെയാണ്. ജോണി എംഎൽ എഴുതുന്നു.

ഗോ സംരക്ഷകരുടെ വിചിത്ര മനഃശാസ്ത്രം; പ്രധാനമന്ത്രിയുടെയും

ജോണി എം എൽ

ബീഫ് പ്രേരിത ദളിത് വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം കാതടപ്പിക്കുന്നു. ഗുജറാത്ത് കലാപത്തിന്റെ പേരിൽ മനഃസ്താപം കൊള്ളാത്ത നരേന്ദ്ര മോഡി ഈ വിഷയത്തിൽ മൗനം ഭഞ്ജിക്കും എന്ന് കരുതുക വയ്യ. പക്ഷെ അദ്ദേഹത്തിൻറെ മന്ത്രിമാർ രാജാവിനേക്കാൾ വലിയ രാജ്യഭക്തി ഉള്ളവരായതിനാൽ  ഉടനടി പ്രതികരിക്കും: അത്തരമൊരു പ്രതികരണമാണ് സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായ തവാർ ചാന്ദ് ഘെലോട്ടിൽ നിന്നും വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഗോ സംരക്ഷണ സമിതികൾ മറ്റു സർക്കാരിതര സംഘടനകളെ പോലെ തന്നെ സാമൂഹ്യക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവയാണ്. ഒറ്റയടിക്കാണ് അക്രമി സംഘങ്ങൾക്ക് മന്ത്രി നിയമസാധുത നൽകിയിരിക്കുന്നത്.


bjp-rulingഅജ്ഞതയ്ക്കു ആൾ രൂപം ഉണ്ടാകുന്നത് അധികാരസ്ഥാനങ്ങളിൽ എത്തുമ്പോഴാണെന്നു തോന്നുന്നു.  പ്രമുഖ  എഴുത്തുകാരിയായ മഹാശ്വേതാ ദേവി മരിച്ചപ്പോൾ അവരെ ആശാപൂർണ്ണാ ദേവിയായി മന്ത്രിമാർ തെറ്റിദ്ധരിച്ചതു നാം കണ്ടു. അത് സഹിക്കാം. എന്നാൽ വിഷയത്തിൽ അഭിപ്രായം പറയേണ്ട മന്ത്രി വിവരക്കേട് പറയുമ്പോൾ അത് അബദ്ധമാകുന്നില്ല, മറിച്ച് കൃത്യമായ നിലപാടുകളുടെ പ്രഖ്യാപനമാകുന്നു. പശുവിനും പതിനഞ്ചു രൂപയ്ക്കും ഉള്ള വിലപോലും മനുഷ്യനില്ലാത്ത ഒരു കാടൻ രാജ്യം. അവിടത്തെ പ്രജകളായ നമ്മൾ. ഇരുൾ പടരുകയാണ്. പക്ഷെ ഗോ രക്ഷകരുടെ മനഃശാസ്ത്രം എന്തായിരിക്കും ഒന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

ഗോ രക്ഷകർ സംരക്ഷിക്കുന്നത് എന്തിനെയാണ്, ഒരു കൂട്ടം പശുക്കളെയാണോ അതോ ഒരു ആശയത്തെയാണോ? ചുറ്റുപാടും നോക്കിയാൽ, ഇന്ന് ഗ്രാമങ്ങളിലും നഗരങ്ങളിലും പശുക്കൾ നേരിടുന്ന പ്രതികൂല സാഹചര്യങ്ങൾ കണ്ടാൽ ഒരു കാര്യം വ്യക്തമാകും. ഗോ സംരക്ഷകരുടെ പ്രശ്നം പശുക്കളല്ല; അവർക്കു താത്പര്യം പശു പ്രതിനിധീകരിക്കുന്ന ആശയത്തെയാണ്. ഹൈന്ദവ ദൈവ സങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒട്ടനവധി മൃഗങ്ങളും പക്ഷികളും നമുക്ക് ഉണ്ടായിരിക്കെ, അവയ്ക്കൊന്നും കൊടുക്കാത്ത ദൈവീക പരിവേഷം പശുവിനു നൽകുന്നതിന് കാരണം പശുവിനോടുള്ള താത്പര്യം അല്ല. പശു അമ്മയാണ്, അത്  പാല് തരുന്നു എന്നൊക്കെ  പറയുമെങ്കിലും മുട്ട തരുന്ന കോഴിയ്ക്കും  താറാവിനും, പരിസരം വൃത്തിയാക്കുന്ന കാക്കയ്ക്കും, ഭാരം വലിയ്ക്കുന്ന, നിലം ഉഴുകുന്ന കാളയ്ക്കും, പാലും ഇറച്ചിയും തോലും തരുന്ന എരുമയ്ക്കും ഒന്നും പശുവിനു കിട്ടുന്ന ഈ പദവി കിട്ടുന്നില്ല എന്നത് തന്നെ അതിനു പിന്നിലുള്ള പ്രചോദനം മൃഗ സ്നേഹം അല്ലെന്നു കാണാം. പുരാണങ്ങളിൽ പറയുന്ന കാമധേനുവിനു ദൈവീകത കല്പിച്ചു കൊടുത്തിട്ടുണ്ട്. പക്ഷെ ഗണപതിയുടെ വാഹനമായ എലിയ്ക്കും ശിവന്റെ വാഹനമായ കാളയ്ക്കും ഈ ദൈവീകത നാം നൽകുന്നതേയില്ല. അങ്ങിനെ വരുമ്പോൾ, പശുവിനു ഹിന്ദു മതത്തിനും അതീതമായ ചില അർഥങ്ങൾ വന്നു ചേരുന്നു.

cow-vigilantismഇന്ത്യ മഹാരാജ്യം ഇന്ന് ഏർപ്പെട്ടിരിക്കുന്ന മൂന്നു അയുക്തികമായ പരിപാടികളാണ് ഗോ സംരക്ഷണം, യോഗ, സംസ്‌കൃത പഠനം. സത്യത്തിൽ ഇത് മൂന്നും കാലാകാലങ്ങളായി അവയുടെ ഇടപെടൽ സമൂഹത്തിൽ നടത്തിക്കൊണ്ടിരിക്കുന്നു. ആ ഇടപെടലുകൾ സൗമ്യവും അഹിംസയിൽ ഊന്നിയതുമായിരുന്നു. ഇന്ത്യയിലെന്നല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരിക്കുന്ന വേഗൻ മൂവ്മെന്റ്സ് അതായത് ശാകാഹാരി പ്രസ്ഥാനങ്ങൾ കന്നുകാലികളുടെ മാംസം ഉപയോഗിക്കുന്നതിനു എതിരാണ്. തുകൽ ഉത്പന്നങ്ങൾ ഉപയോഗിക്കരുത് എന്ന് പറയുന്ന PETA പോലുള്ള പ്രസ്ഥാനങ്ങളെ നമുക്ക് അറിയാം. യോഗ എത്രയോ കാലങ്ങളായി ആളുകൾ ശീലിക്കുന്നതാണ്. അത് പോലെ തന്നെയാണ് സംസ്കൃത പഠനവും, പക്ഷെ ഇതെല്ലാം ചെയ്തേ കഴിയൂ എന്നും ചെയ്തില്ലെങ്കിൽ അവരെ അടിച്ചു ചെയ്യിക്കുമെന്നും അല്ലെങ്കിൽ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുമെന്നും ഒക്കെ പറയുമ്പോൾ അത് ഫാസിസം ആകുന്നു. എന്ത് കൊണ്ട് ഈ പരിപാടികൾ ഉത്പാദനക്ഷമങ്ങൾ അല്ല എന്നതിന് കാരണങ്ങൾ പറയാം. ഗോ സംരക്ഷണം കൊണ്ട് ഇന്ത്യയുടെ അടിസ്ഥാന സമ്പത്ത് വ്യവസ്ഥ തകിടം മറിയുന്നു. കന്നുകാലികളുമായി ജീവിതത്തെ അഭേദ്യമായി ബന്ധിച്ചിരിക്കുന്ന കർഷക സമൂഹത്തിന്റെ ജൈവീക സ്വഭാവത്തെ അക്രമത്തിലൂടെ തകിടം മറിക്കുന്നു. പക്ഷെ, കന്നുകാലികളുടെ വ്യാപാരം, തീറ്റ എന്നിവ മുസ്ലീങ്ങളും ദളിതുകളും മാത്രം ചെയ്യുന്ന ഒന്നാണെന്നു വരുത്തി തീർക്കുന്നതിലൂടെ രാത്രിയെ പകലാക്കുന്ന കള്ളം ഹിന്ദുത്വ സമൂഹത്തിൽ പരത്തുന്നു.

ഇന്ത്യയുടെ ഭക്ഷണരീതി ശാകാഹാരി ആണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഉന്നത ജാതിയെന്നു അഭിമാനിക്കുന്നവർ സസ്യാഹാരികൾ ആണ്. എന്ന് കരുതി ഇന്ത്യ സസ്യാഹാരി ആയ ഒരു രാജ്യം അല്ല. അങ്ങിനെ ആണെന്ന് പറയുന്നത് ഫാസിസമാണ്. വലിയൊരു ജനസമൂഹത്തിന് അവരുടെ ഭക്ഷണവും സമ്പത്തും നിഷേധിക്കുകയും ചെയ്യുകയാണ് ഹിന്ദുത്വ അജണ്ട ചെയ്യുന്നത്. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ലോക ക്രമത്തിന് എതിരാണ്. പ്രതിലോമ സ്വഭാവം വെച്ച് പുലർത്തുന്ന സമൂഹങ്ങൾ ലോകത്തിൽ നിന്ന് ഒറ്റപ്പെടും- ഇപ്പോൾ അഫ്‌ഗാനിസ്ഥാനും സിറിയയ്ക്കും സംഭവിച്ചത് പോലെ. യോഗയുടെ കാര്യം എടുത്താൽ, ഇന്ത്യയുടെ വരേണ്യ വർഗം മാത്രം പിന്തുടർന്ന ഒരു പ്രാചീന ജൈവ പരിശീലനമാണ് യോഗ. ജീവാത്മാവും തമ്മിൽ ബന്ധപ്പെടും എന്നൊക്കെ യോഗ പരിശീലനത്തിൽ പറയുന്നത് വ്യാജമാണ്. സാധകന്മാർ എത്രയോ വർഷങ്ങൾ ഏകാന്തത്തിൽ തപസ്സു ചെയ്താണ് അത്തരം സംയോഗങ്ങൾ സാധ്യമാക്കുന്നത്. അതിനെ ഒരു മണിക്കൂർ ഏതെങ്കിലും ഒരു പാർക്കിൽ പോയിരുന്നു ഉദര വായു പുറത്തുവിടാനുള്ള പരിപാടി ചെയ്യുന്നത് യോഗ എന്ന പേരിൽ പ്രചരിപ്പിക്കുകയും അടിച്ചേൽപ്പിക്കുകയും ചെയ്യുന്നത് രാം ദേവിന്റെ പതഞ്‌ജലി ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള തെരുവ് മാജിക് ആണ്. യോഗ ചെയ്‌താൽ മനസ്സിന് സമാധാനം കിട്ടും എന്നത് വലിയ വ്യാജമാണ്. ആ സമാധാനം ഒറ്റയ്ക്ക്, നാവടക്കി ഒരിടത്തു, മനസിനെ കുമാർഗങ്ങളിൽ ഓടാൻ വിടാതിരുന്നാലും ലഭിക്കും. വിദേശികൾ ഇത് മഹാസംഭവം ആണെന്ന് പറയുന്നതിന് പിന്നിൽ അവർക്കു പിടിയില്ലാത്ത ഒരു കാര്യം ചെയ്യുന്നതിലുള്ള ആത്മസംതൃപ്തി ആണ്. ഒരു മണിക്കൂർ ജിമ്മിൽ കളിക്കുകയോ, പറമ്പിൽ കിളക്കുകയോ ചെയ്യുമ്പോൾ കിട്ടുന്ന ആരോഗ്യവും മനസ്സമാധാനവും മാത്രമേ യോഗ കൊണ്ടും ലഭിക്കൂ. പിന്നെ സംസ്‌കൃത പഠനം. ഇത് കൊണ്ട് ഒരു ശിപായിപ്പണി പോലും ആർക്കും കിട്ടാൻ സാധ്യതയില്ല. ഒരു ജനതയെ വഴി തെറ്റിക്കുന്നതിനുള്ള മാർഗം മാത്രമാണിത്. സംസ്‌കൃതം പടിക്കണമെന്നുള്ളവർ ഇപ്പോഴും അത് പഠിക്കുന്നുണ്ട്, ഹിന്ദുത്വയുടെ അജണ്ട കൂടാതെ തന്നെ.

പിന്നെ എന്ത് കൊണ്ടാണ് വലിയൊരു സമൂഹം ആളുകൾ ഗോ രക്ഷയെ ന്യായീകരിക്കുന്നത് എന്ന ചോദ്യം ഉണ്ടാകാം. ഭൂരിപക്ഷത്തിന്റെയും അധികാരത്തിന്റെയും അഭിപ്രായങ്ങൾ ശരിയാണ് എന്ന് വിശ്വസിക്കുന്ന വലിയൊരു സമൂഹം എക്കാലത്തും എവിടെയും ഉണ്ടായിട്ടുണ്ട്. പൊതു സമൂഹത്തിൽ അവരാണ് കൂടുതൽ ദൃശ്യരാകുന്നത്. ഗോ രക്ഷകരെ നാം കാണുന്നത് അവർക്കു വിസിബിലിറ്റി അഥവാ ദൃശ്യസാധ്യത കൂടുതൽ ഉള്ളത് കൊണ്ടാണ്. പശുവിനെ കൊല്ലുന്നവരും  തിന്നുന്നവരും തുകൽപ്പണി  ചെയ്യുന്നവരും ഒക്കെ ഗോ സംരക്ഷകരുടെ ഇരകളായാണ് പ്രത്യക്ഷപ്പെടുന്നത്. ഗുജറാത്തിൽ വലിയൊരു ദളിത സമൂഹം ഇതിനെതിരെ തെരുവിൽ ഇറങ്ങും വരെ നാം ഫേസ്‌ബുക്കിലും വാട്സാപ്പിലും ഒക്കെ കാണുന്ന ചെറിയ വീഡിയോകളായി ഇരകൾ ചുരുങ്ങിപ്പോയിരുന്നു. യോഗ ചെയ്യുന്ന ആയിരങ്ങളെ നാം കാണുന്നു, പക്ഷെ അത് ചെയ്യാത്ത ലക്ഷക്കണക്കിനാളുകളെ ആരും കാണുന്നുമില്ല, കാണിക്കുന്നതുമില്ല. സംസ്‌കൃതം പഠിക്കണം എന്ന് പറയുന്ന പ്രധാനമന്ത്രിയെയും ഇതര ഹിന്ദുത്വ കക്ഷികളെയും നാം കാണുന്നു. പക്ഷെ സംസ്‌കൃതം കൊണ്ട് വലുതായൊന്നും നേടാനില്ല എന്ന് പറയുന്ന വലിയൊരു സമൂഹത്തെ ആരും മാധ്യമങ്ങളിലൂടെ കാണിക്കുന്നില്ല. കേവല ദൃശ്യാധികാരം ആണ് ഗോ രക്ഷകരെ ദളിത് പീഡനത്തിന് പ്രേരിപ്പിക്കുന്നത്. തങ്ങൾ ചെയ്തത് വലിയ കാര്യമാണെന്ന് ഉള്ള ബോധം കൊണ്ടാണല്ലോ അവർ തന്നെ ആ വീഡിയോ നവമാധ്യമങ്ങളിൽ പങ്കു വെച്ചത്. ഉദ്ദിഷ്ടഫലം വിപരീതമായെങ്കിലും അധികാരം ദൃശ്യാധികാരം കൂടിയാണെന്ന് ഗോ രക്ഷകർ പഠിച്ചിരിക്കുന്നു.

ഗോ രക്ഷകരുടെ രാഷ്ട്രീയ ബോധവും പൊതു മനുഷ്യന്റെ രാഷ്ട്രീയ ബോധവും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. പൊതു മനുഷ്യന്റെ രാഷ്ട്രീയ ബോധവും ലക്ഷ്യവും 'അവസാനത്തെ മനുഷ്യനു വരെ ഗുണം' എന്നതാണ്. പൊതു നന്മയാണ് അവനെ രാഷ്ട്രീയബോധം ഉള്ളവനാക്കുന്നതു. അത് അന്ത്യോദയമാണ്. പക്ഷെ ഗോ രക്ഷകന്റെ രാഷ്ട്രീയം അന്ത്യോദയമല്ല. അന്ത്യത്തിലുള്ളവനെ മുഖ്യധാരയിൽ നിന്ന് അകറ്റി നിറുത്തുക എന്നതാണ് ഗോ രക്ഷകർ ആഗ്രഹിക്കുന്നത്. അത് ഒരു രോഗം പോലെയാണ്. പരീക്ഷണശാലയിൽ നിർമ്മിക്കപ്പെടുന്ന വൈറസുകൾ ഒരു സമൂഹത്തെ രോഗികൾ എന്ന് മുദ്ര കുത്തുന്നു. എന്നിട്ട് അവിടേയ്ക്കു ഇതിനകം തയാറാക്കിയ മരുന്നുകൾ എത്തിക്കുന്നു. ഇത് ലോകം മുഴുവൻ തുടരുന്നു. വലിയൊരു ലാഭം കൊയ്തു കഴിയുമ്പോഴേക്കും രോഗം സ്വാഭാവികമാക്കപ്പെട്ടിരിക്കും, രാം ജന്മഭൂമി വിഷയത്തെ അങ്ങിനെ സ്വാഭാവികമാക്കി. ഹിന്ദുത്വയെ സംബന്ധിച്ചിടത്തോളം ഗോ രക്ഷ പുതിയ രാം ജന്മ ഭൂമിയാണ്. പശു എന്നത് ഹിന്ദുക്കളാൽ സംരക്ഷിക്കപ്പെടേണ്ടതാണ്, അതിനെ എതിർക്കുന്നവർ ശിക്ഷിക്കപ്പെടും എന്ന് സ്വാഭാവികമായി ഒരു രാജ്യത്തെ ജനതകൾ വിശ്വസിക്കും വരെ അവർ ഈ ആക്രമണം തുടരും. താലിബാനിസത്തിന്റെ ഇന്ത്യൻ രൂപമാണിത്.

പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യയുമായി ഗോ സംരക്ഷണത്തിന് ബന്ധമുണ്ടെന്നാണ് എന്റെ ഒരു സ്വകാര്യ സിദ്ധാന്തം. പണ്ട് മെയ്ഡ് ഇൻ ഇന്ത്യ ആയിരുന്നു. അതായത് വല്ലവരുടെയും ആശയങ്ങളെ നമ്മുടെ രീതിയിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന പരിപാടി. അംബാസഡർ കാറും ബജാജ് സ്‌കൂട്ടറും ഒക്കെ അങ്ങനെ മെയ്ഡ് ഇൻ ഇന്ത്യ ആയിരുന്നു. ഗുണ നിലവാരം കുറഞ്ഞിരുന്നെങ്കിലും അതൊക്കെ നമ്മുടേതെന്നു പറയാമായിരുന്നു. എന്നാൽ പ്രധാനമന്ത്രി മോഡി അത് മാറ്റി മെയ്ക്ക് ഇൻ ഇന്ത്യ ആക്കി. അതായത് 'വരൂ, ഇന്ത്യയിൽ ഉണ്ടാക്കൂ,' അതിനർത്ഥം വിദേശ കമ്പനികൾക്കും സ്വദേശ കമ്പനികൾക്കൊപ്പം ഇന്ത്യയിൽ സാധനങ്ങൾ ഉണ്ടാക്കി ഇവിടെ തന്നെ വിൽക്കാം. ഇതിന്റെ ഫലമായി ഇന്ത്യയിൽ വലിയ ജോലി സാധ്യതകൾ ഉണ്ടാകും. ഇവിടത്തെ മധ്യവർഗം പതിന്മടങ്ങാകും. അവർ കൂടുതൽ കൂടുതൽ സാധനങ്ങൾ വാങ്ങും. അതായത്, ലാഭം വിദേശ രാജ്യങ്ങളിലേക്ക് ഒഴുകും. ഉത്പാദനം അന്യരാജ്യങ്ങൾക്കു വേണ്ടി നടത്തുന്ന എന്നാൽ അവരുടെ സാധനങ്ങൾ ഉപഭോഗിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറുന്നതോടെ ഇന്ത്യയുടെ ഉത്പാദനം ക്രമേണ കുറയും. മത്സരാടിസ്ഥാനത്തിൽ ആർക്കും വിജയിക്കാം എന്നതാണ് ആഗോള കമ്പോളത്തിന്റെ മുദ്രാവാക്യം എന്നത് കൊണ്ട് ഇന്ത്യയിലും ഉത്പാദക സംരംഭകരും സമ്പന്നരും ഉണ്ടാകും. പക്ഷെ ഇന്ത്യയുടെ തൊഴിൽപട എന്നത് തികസിച്ചും സ്കില്ലിനെ അഥവാ സവിശേഷമായ കഴിവിനെ ആശ്രയിച്ചിരിക്കും. ഇതോടെ വിദ്യാഭ്യാസവും സ്‌കിൽ പരിശീലനവും കിട്ടാത്ത വലിയൊരു സമൂഹം ഈ ഉത്പാദന-ഉപഭോഗ വ്യവസ്ഥയിൽ നിന്ന് പുറത്താകും.

അങ്ങിനെ പുറത്താക്കപ്പെടുന്നവരിൽ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ദളിതരും, കർഷകരും മുസ്ലീങ്ങളും ഗ്രാമീണരും ഉൾപ്പെടും. അങ്ങിനെ അധികാരം നഷ്ടപ്പെടുന്ന ഒരു ജനതയെ അടിച്ചമർത്താനും ഭരിക്കാനും എളുപ്പമാണ്. എന്നാൽ സ്‌കിൽ ഇല്ലാത്തവരായി ഹിന്ദുത്വയിൽ തന്നെ വലിയൊരു അസംതൃപ്ത വിഭാഗം ഉണ്ടായി വരും. ആ അസംതൃപ്ത വിഭാഗങ്ങളെ ഭരണകൂടം കൃത്യമായി വിഭാഗീയത സൃഷ്ടിക്കാൻ വേണ്ടി ഉപയോഗിക്കും. ദേശാഭിമാനവും മതാഭിമാനവും ഒരു ലഹരിയാക്കി കുടിപ്പിച്ചു ഈ ഹിന്ദുത്വ വാദികളെ പിന്നിൽ നിന്ന് സാമ്പത്തികമായി സഹായിച്ചു ഗോ രക്ഷകരെന്നും, ക്ഷേത്ര രക്ഷകരെന്നും ഒക്കെയുള്ള പേരിൽ സമൂഹത്തിലേക്ക് ഇറക്കി വിടും. ഹിന്ദുത്വയിലെ അസംതൃപ്ത വിഭാഗങ്ങളാണ് ഗോ രക്ഷ എന്ന പേരിൽ ഇറങ്ങിയിരിക്കുന്ന മിക്കവാറും എല്ലാവരും. പശു രക്ഷയും പട്ടാളവും അങ്ങിനെ മെയ്‌ക്ക്‌ ഇൻ ഇന്ത്യ എന്ന നാണയത്തിന്റെ ഇരു വശങ്ങളായി മാറും.

എന്ത് കൊണ്ടാണ് കർഷകരുടെ ആത്മഹത്യകൾ പശുവിന്റെ ജീവനേക്കാൾ വില കുറഞ്ഞ വാർത്തകൾ ആയിപ്പോകുന്നത്? അതിനു കാരണം ഗോ സംരക്ഷണം അതിനായി ഇറങ്ങുന്നവർക്കു വ്യാജമായ ഒരു അധികാര ബോധം നൽകുന്നു. അവർക്കു കൂടുതൽ ദൃശ്യസാധ്യത ലഭിക്കുന്നു. കാർഷിക വൃത്തി ചെയ്യുന്ന കർഷകാണെ അവർ പശു ഭക്ഷകരായി അവതരിപ്പിക്കുന്നു. ഭരണകൂടവും ഇതേ നിലപാട് എടുക്കുമ്പോൾ കർഷകർ ഭരണകൂടത്തിന്റെ വ്യവഹാരത്തിനു പുറത്താവുക മാത്രമല്ല അവർ പശുവിനെ വിൽക്കുകയോ കൊല്ലുകയോ ചെയ്യുക വഴി മത ദ്രോഹികളും രാജ്യദ്രോഹികളും ആയിത്തീരുന്നു. ഉത്പാദനത്തിനും ലാഭത്തിനും പുറത്തുള്ള ഒരു മനുഷ്യ സമൂഹത്തെ സൃഷ്ടിച്ച്ചെടുക്കുന്നതു വഴി മാത്രമേ ഗോ സംരക്ഷകർക്കു പണി ഉണ്ടാകുന്നുള്ളൂ. അവരുടെ പ്രസക്തി കൃത്രിമമായി സൃഷ്ടിച്ച്ചെടുത്തതാണ്. അതേക്കുറിച്ച് മൗനം പാലിക്കാനല്ലാതെ പ്രധാനമന്ത്രിയ്ക്ക് മറ്റൊന്നിനും കഴിയില്ല കാരണം മെയ്ക്ക് ഇൻ ഇന്ത്യയുടെ ബാക്കിപത്രങ്ങൾ ആണവർ.

പിൻ കുറിപ്പ്: സിഗ്മണ്ട് ഫ്രോയ്ഡ് തന്റെ ടോറ്റംസ്‌ ആൻഡ് ടാബൂസ് എന്ന പുസ്തകത്തിൽ, എന്ത് കൊണ്ടാണ് കൊല്ലാൻ പാടില്ലാത്ത ഒരു മൃഗം എന്നൊരു ആശയം സൃഷ്ടിക്കുന്നത് എന്നതിനെ കുറിച്ച് പറയുന്നു. ആദിമ സമൂഹങ്ങളിൽ മാതൃഭോഗവും സഹോദരീഭോഗവും നടന്നിരുന്നു. പിതാവിനെ കൊന്നിട്ട് പിതാവ് അനുഭവിച്ചിരുന്ന സ്ത്രീകളെ ആൺമക്കൾ സ്വന്തമാക്കി. ഇത് ക്രമേണ ഒരു കുറ്റബോധം സമൂഹത്തിൽ സൃഷ്ടിച്ചു. അതിനാൽ അവർ മാതാവിനും പിതാവിനും സമാനമായ മൃഗങ്ങളെ കണ്ടെത്തി അവയെ സംരക്ഷിക്കാൻ തുടങ്ങി,. വിശേഷാവസരങ്ങളിൽ മാത്രം അവയുടെ ബലി പതിവായി. ഇന്ത്യൻ ഗോ രക്ഷകർ ഫ്രോയ്ഡിനെ ശരി വയ്ക്കുകയാണോ