മലയാള സിനിമയിൽ വീണ്ടും കോപ്പി റൈറ്റ് വിവാദം; സജി തോമസിന്റെ സിനിമ ചെയ്യാനുള്ള കോപ്പി റൈറ്റ് അവകാശം പ്രദീപ്- പൃഥ്വിരാജ് ടീമിന്; അവരെ വെട്ടി സിനിമ ചെയ്യാൻ ശ്രീകാന്ത് മുരളി- സന്തോഷ് എച്ചിക്കാന�

ജന്മനാ ബധിരനും മൂകനുമായ സജി തോമസിന്റെ ജീവിതം മുൻനിർത്തിയുള്ള രണ്ട് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിൽ സജി തോമസിന്റെ ജീവിതംവച്ച് സിനിമ ചെയ്യാൻ കോപ്പിറൈറ്റ് ഉള്ള പ്രദീപ് എം നായർ-പൃഥ്വിരാജ് ടീമിനെ വെട്ടി ചിത്രം ചെയ്യാനൊരുങ്ങുകയാണ് ശ്രീകാന്ത് മുരളി- സന്തോഷ് എച്ചിക്കാനം- വിനീത് ശ്രീനിവാസൻ ടീം.

മലയാള സിനിമയിൽ വീണ്ടും കോപ്പി റൈറ്റ് വിവാദം; സജി തോമസിന്റെ സിനിമ ചെയ്യാനുള്ള കോപ്പി റൈറ്റ് അവകാശം പ്രദീപ്- പൃഥ്വിരാജ് ടീമിന്; അവരെ വെട്ടി സിനിമ ചെയ്യാൻ ശ്രീകാന്ത് മുരളി- സന്തോഷ് എച്ചിക്കാന�

മലയാള സിനിമ ഒരു കോപ്പി റൈറ്റ് വിവാദത്തിന് കൂടി സാക്ഷിയാകുന്നു. ജന്മനാ ബധിരനും മൂകനുമായ സജി തോമസിന്റെ ജീവിതം മുൻനിർത്തിയുള്ള രണ്ട് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിൽ സജി തോമസിന്റെ ജീവിതം വച്ച് സിനിമ ചെയ്യാൻ കോപ്പിറൈറ്റ് ഉള്ള പ്രദീപ് എം നായർ-പൃഥ്വിരാജ് ടീമിനെ വെട്ടി ചിത്രം ചെയ്യാനൊരുങ്ങുകയാണ് ശ്രീകാന്ത് മുരളി- സന്തോഷ് എച്ചിക്കാനം- വിനീത് ശ്രീനിവാസൻ ടീം. ഇവർ ചിത്രം പ്രഖ്യാപിച്ചതോടെ ഫെഫ്കയെ സമീപിച്ച പ്രദീപ് എം നായർ വസ്തുതകൾ അവരെ ബോധ്യപ്പെടുത്തിയിരുന്നു.


കാര്യങ്ങള്‍ ബോധ്യപ്പെട്ട ഫെഫ്ക ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ചു. കോപ്പിറൈറ്റ് ഇല്ലെങ്കിലും ചിത്രവുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ശ്രീകാന്ത് മുരളി- സന്തോഷ് എച്ചിക്കാനം ടീം. കോപ്പിറൈറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഫെഫ്കയ്ക്ക് അധികാരമില്ലെന്നും അത് നിയമപ്രശ്നമാണെന്നും അത് കോടതിവഴിയാണ് പരിഹരിക്കേണ്ടതെന്ന നിലപാടാണ് ഫെഫ്ക എടുത്തത്.

ജന്മനാ ബധിരനും മൂകനുമായ സജി തോമസ് വിമാനം പറത്തുന്ന സിനിമയല്ല തങ്ങൾ ചെയ്യുന്നതെന്നാണ് അതിന് അവർ പറയുന്ന വാദം. ഓട്ടിസം ബാധിച്ച ഒരാൾ വിമാനം പറത്തുന്ന ചിത്രമാണ് തങ്ങളുടേതെന്ന് സന്തോഷ് എച്ചിക്കാനം- ശ്രീകാന്ത് മുരളി- വിനീത് ശ്രീനിവാസൻ ടീം വാദിക്കുന്നു. ഈ വാദത്തിന്റെ പിൻബലത്തിലാണ് അവർ ചിത്രീകരണവുമായി മുന്നോട്ട് പോകുന്നത്.

ജന്മനാ ബധിരനും മൂകനുമായ സജി തോമസ് വിമാനം പറത്തി ദേശീയ/ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടുന്നത് 2014 ഏപ്രിലിലാണ്. അന്നാണ് സജി തോമസ് സ്വന്തമായി ഉണ്ടാക്കിയ വിമാനം പറത്തിയ വാർത്ത പുറത്തുവന്നത്. സജിയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സന്തോഷ് എച്ചിക്കാനം തിരക്കഥ എഴുതി വിനു ആനന്ദ് സംവിധാനം ചെയ്യുന്നുവെന്ന് പറഞ്ഞ് സിനിമ സംബന്ധിച്ചുള്ള ആദ്യവാർത്തകൾ പുറത്തുവരുന്നത്. ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നു എന്നായിരുന്നു വാർത്ത. എന്നാൽ കഥയുടെ പേരിൽ തർക്കമുണ്ടായതിനെ തുടർന്ന് അവരുടെ പ്രോജക്ട് മുടങ്ങി. ഡിസ്‌കവറി ചാനലിൽ സജിയുടെ നേട്ടം പ്രക്ഷേപണം ചെയ്യപ്പെട്ടപ്പോഴാണ് വീണ്ടും ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സന്തോഷ് എച്ചിക്കാനം ക്യാമ്പില്‍ സജീവമാകുന്നത്.

ശ്രീകാന്ത് മുരളി- സന്തോഷ് എച്ചിക്കാനം ടീം വിനീത് ശ്രീനിവാസനെത്തന്നെ  നായകനായി ചിത്രം വീണ്ടും പ്രഖ്യാപിച്ചു. ഇത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്.

ചിത്രം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോപ്പി റൈറ്റ് ലഭിക്കുന്നതിനായി സന്തോഷ് എച്ചിക്കാനവും സംഘവും സജി തോമസിനെ സമീപിച്ചിരുന്നു. അപ്പോൾ കോപ്പി റൈറ്റ് അവകാശം പ്രദീപ് എം നായർക്ക് കൊടുത്തതാണെന്നും പൃഥ്വിരാജ് നായകനായ പടത്തിന്റെ ചിത്രീകരണം ഉടൻതന്നെ ആരംഭിക്കുന്നതാണെന്നും സജിയും ഭാര്യ മേരിയും സന്തോഷ് എച്ചിക്കാനത്തെ അറിയിച്ചിരുന്നു. എന്നാൽ അത് വകവെയക്കാതെയാണ് പ്രോജക്ടുമായി സന്തോഷ് എച്ചിക്കാനം- ശ്രീകാന്ത് മുരളി- വിനീത് ശ്രീനിവാസൻ ടീം മുന്നോട്ട് പോയത്.

സജി തോമസിന്റെ ജീവിതം സിനിമയാക്കുന്നു എന്ന രീതിയിലാണ് ഇവർ വിവിധ മാധ്യമങ്ങളിൽ വാർത്തകളും പരസ്യങ്ങളും കൊടുത്തത്. പ്രമുഖ പത്രങ്ങളിൽ ഇത് സംബന്ധിച്ചുള്ള വാർത്തകൾ വരുകയും ചെയ്തിട്ടുണ്ട്.
(സൗത്ത് ലൈവിൽ വന്ന വാർത്ത)


[caption id="attachment_30182" align="aligncenter" width="640"]സന്തോഷ് എച്ചിക്കാനം- ശ്രീകാന്ത് മുരളി- വിനീത് ശ്രീനിവാസൻ ടീമിന്റെ ചിത്രം സംബന്ധിച്ച് മനോരമ ഓൺലൈനിൽ വന്ന വാർത്ത സന്തോഷ് എച്ചിക്കാനം- ശ്രീകാന്ത് മുരളി- വിനീത് ശ്രീനിവാസൻ ടീമിന്റെ ചിത്രം സംബന്ധിച്ച് മനോരമയിൽ വന്ന വാർത്ത[/caption]

കഴിഞ്ഞ വർഷം നവംബർ മൂന്നിന് സജി തോമസിന്റെ ജീവിതം സിനിമയാക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് പകർപ്പവകാശം ഉണ്ടായിരുന്ന പ്രദീപ്-പൃഥ്വിരാജ് ടീം ചിത്രം അനൗൺസ് ചെയ്യുന്നത്. എറണാകുളത്ത് ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയ സജി തോമസിനും ഭാര്യ മേരിക്കും മകൻ ജോഷ്വേയ്ക്കും സെറ്റിൽ സംഘടിപ്പിച്ച ചെറുപരിപാടിയിൽവെച്ച് പൃഥ്വിരാജ് സിനിമയിൽ ഉപയോഗിക്കാനുള്ള വിമാനം  നിർമ്മിക്കാനുള്ള തുകയുടെ അഡ്വാൻസും നൽകിയിരുന്നു.

[caption id="attachment_30193" align="aligncenter" width="640"]സജി തോമസ്, ഭാര്യ മേരി, മകൻ ജോഷ്വാ എന്നിവർ പൃഥിരാജിനോടൊപ്പം
സജി തോമസ്, ഭാര്യ മരിയ, മകൻ ജോഷ്വാ എന്നിവർ പൃഥ്വിരാജിനോടൊപ്പം[/caption]

കോപ്പി റൈറ്റ് പ്രശ്‌നം ഉന്നയിച്ച് പ്രദീപ് എം നായർ സന്തോഷ് എച്ചിക്കാനം-ശ്രീകാന്ത് മുരളി ടീമിനെ ബന്ധപ്പെട്ടപ്പോൾ അവർ സജി തോമസിന്റെ ജീവിതമല്ല ചെയ്യുന്നതെന്നും ഓട്ടിസം ബാധിച്ച ഒരാളുടെ കഥയാണ് സിനിമയാക്കുന്നതെന്നുമാണ് പറഞ്ഞത്. ഓട്ടിസം ബാധിച്ച ഒരാൾ സ്വപ്രയത്‌നം കൊണ്ട് വിമാനം ഉണ്ടാക്കുന്നതും പറത്തുന്നതുമാണ് വിഷയം എന്നായിരുന്നു സന്തോഷ് എച്ചിക്കാനം- ശ്രീകാന്ത് മുരളി ടീമിന്റെ അവകാശവാദം. എന്നാൽ ബധിര-മൂക യുവാവിന്റെ വിജയഗാഥയിൽ ഓട്ടിസം എന്ന മാറ്റം വരുത്തുക മാത്രമാണ് അവർ ചെയ്തതെന്ന് പ്രദീപ് എം നായർ നാരദ ന്യൂസിനോട് പറഞ്ഞു.

ഇപ്പോൾ ചിത്രീകരണം തുടങ്ങാൻ പോകുന്ന സന്തോഷ് എച്ചിക്കാനം- ശ്രീകാന്ത് മുരളി- വിനീത് ശ്രീനിവാസൻ ടീം ചിത്രത്തിൽ നിന്ന് പിൻമാറണം എന്നതാണ് പ്രദീപ് എം നായർ- പൃഥ്വിരാജ് ടീമിന്റെ ആവശ്യം. സജി തോമസിന്റെ ജീവിതംതന്നെ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ചിത്രീകരിക്കാനാണ് അവരുടെ ശ്രമം. അതിനെതിരെ കോടതിയിൽ പോകാനാണ് സജി തോമസിന്റെയും ഭാര്യ മേരിയുടെയും തീരുമാനം. സ്വപ്രയത്‌നംകൊണ്ട് സ്വന്തമായി വിമാനമുണ്ടാക്കി അത് പറപ്പിച്ച ഭർത്താവിന് കിട്ടാവുന്ന അംഗീകാരങ്ങൾ ഓട്ടിസം ബാധിച്ച ഒരാളുടെ വിജയഗാഥ എന്ന പേരിൽ സിനിമയെടുക്കുക വഴി ഇല്ലാതാകുമെന്നാണ് മരിയ പറയുന്നത്. അതുകൊണ്ടുതന്നെ സന്തോഷ് എച്ചിക്കാനം- ശ്രീകാന്ത് മുരളി ടീമിനെതിരെ കോടതിയിൽ പോകുമെന്നും മേരി നാരദ ന്യൂസിനോട് പറഞ്ഞു.

ഫെഫ്കയ്ക്ക് നൽകിയ പരാതിയിൽ കാര്യങ്ങൾ വിശദീകരിച്ച പ്രദീപ് എം നായർ ഫെഫ്കയുടെ പിന്തുണ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രാരംഭ നടപടികൾ പൂർത്തിയാക്കിയ പ്രദീപ് എം നായർ- പൃഥിരാജ് ടീം ചിത്രവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

സജി തോമസും സിനിമയിലേക്കുള്ള വഴിയും

ഇടുക്കിയിലെ റബ്ബർ തോട്ടങ്ങളിൽ മരുന്നടിക്കാൻ വരുമ്പോഴാണ് പതിനഞ്ചാമത്തെ വയസിൽ ഹെലികോപ്ടർ സജി തോമസിന് മുമ്പിൽ അത്ഭുതമാകുന്നത്. സജി തോമസിന്റെ ആകാംക്ഷാഭരിതമായ താത്പര്യത്തിന് വഴങ്ങി ഹെലികോപ്ടറിന്റെ സിഖുകാരനായ ക്യാപ്റ്റൻ ഒരുതവണ സജിയെ ഹെലികോപ്ടറിൽ കയറാൻ അനുവദിക്കുകയും ചെയ്തിരുന്നു. ഒപ്പം കമ്പനിയുടെ മുംബൈയിലെ മേൽവിലാസവും നൽകി. കുറച്ച് കാലങ്ങൾക്ക് ശേഷമാണ് സജി തോമസ് മുംബൈയിലെത്തുന്നത്.

ഹെലികോപ്ടറിന്റെ ക്യാപ്റ്റൻ നൽകിയ മുംബൈയിലെ കമ്പനി വിലാസം തേടിയെത്തിയ സജി തോമസ് എയർക്രാഫ്റ്റ് നിർമ്മാണം സംബന്ധിച്ച ചില പുസ്തകങ്ങളുമായാണ് മടങ്ങിയത്. വിഭിന്നശേഷിയുള്ളവർക്കുള്ള സ്‌കൂളിലെ എഴാം ക്ലാസ് വിദ്യാഭ്യാസംകൊണ്ട് ഇംഗ്ലീഷിലുള്ള പുസ്തകങ്ങൾ വായിച്ച് മനസിലാക്കാൻ സാധിക്കില്ലെന്ന് മനസിലാക്കിയ സജി ഇംഗ്ലീഷ് പഠിക്കാനുള്ള ശ്രമം തുടങ്ങി. ഇംഗ്ലീഷ് പഠിച്ചെടുത്താണ് സജി തോമസ് വിമാന നിർമ്മാണത്തിന്റെ വിവിധ വശങ്ങൾ പഠിച്ചത്. ഇലക്ട്രോണിക് സാധനങ്ങൾ നിർമ്മിക്കുന്നതിൽ താത്പര്യവും വൈദഗദ്യവുമുള്ള സജി സ്വന്തമായി ഹെലികോപ്ടർ നിർമ്മിക്കാൻ ആരംഭിച്ചു.

[caption id="attachment_30194" align="aligncenter" width="640"]സജിയോടും ഭാര്യ മേരിയോടുമൊപ്പം പ്രദീപ് എം നായർ സജിയോടും ഭാര്യ മേരിയോടുമൊപ്പം പ്രദീപ് എം നായർ[/caption]

നിർധനകുടുംബത്തിലെ അംഗമായ സജിക്ക് തന്റെ ലക്ഷ്യം നേടാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട സന്ദർഭത്തിലാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് കത്തെഴുതുന്നത്. കത്തിന് ലഭിച്ച പ്രതീക്ഷാനിർഭരമായ മറുപടിയുടെ സന്തോഷം അധികനാൾ നീണ്ടില്ല. സജിയുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാർത്തയെത്തി. അതോടെ സ്വന്തം നിലയിൽ വിമാനം നിർമ്മിക്കാൻ ആരംഭിച്ചു. എന്നാൽ രാജീവ് ഗാന്ധിയുടെ സ്ഥാനത്ത് മറ്റൊരാൾ സജിയെ സഹായിക്കാനെത്തി. എയർഫോഴ്‌സ് റിട്ടയേഡ് വിങ്ങ് കമാൻഡർ എസ്‌കെജെ നായർ. എസ്‌കെജെ നായരുടെ സഹായത്തോടെയാണ് സജി തോമസ് വിമാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്.

ആദ്യം ഉണ്ടാക്കിയ വിമാനത്തിന് ചില പോരായ്മകൾ ഉണ്ടായിരുന്നതിനാൽ പറത്താൻ കഴിഞ്ഞില്ല. 2009ൽ വീണ്ടും ഒരു വിമാനത്തിന്റെ നിർമ്മാണം സജി തുടങ്ങി. അതാണ് 2014ൽ വിജയകരമായി പറത്തിയത്.വിമാനം സിനിമയുടെ അനൗൺമെന്റുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിൽ വന്ന വാർത്ത

2010ൽ മുതൽ സജിയുടെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് പ്രദീപ് എം നായർ 2014ൽ സിനിമയുടെ അണിയറ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്. എഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന സജി തോമസ് വിമാനം നിർമ്മിക്കുന്നതും അത് പറപ്പിക്കുന്നതും മുഖ്യധാരാ മാധ്യമങ്ങളിലും മറ്റും വാർത്ത വരുന്നതുമെല്ലാം കാണുന്നതിന് മുമ്പുതന്നെ താൻ സജി തോമസിന്റെ ജീവിതത്തിന്റെ പ്രത്യേകതകൾ ശ്രദ്ധിച്ചിട്ടുള്ളതാണെന്ന് പ്രദീപ് നാരദ ന്യൂസിനോട് പറഞ്ഞു.

സ്വതന്ത്രമായ ഒരാഖ്യാനമായി ചെയ്യാനാണ് തീരുമാനിച്ചത്. അതിനിടയിലാണ് അതേകഥ മറ്റൊരു ടീം സിനിമയാക്കുന്ന വാർത്ത പുറത്തുവരുന്നത്. ഒരാളുടെ ജീവിതം രണ്ട് ടീം സിനിമയാക്കുന്നു എന്നതല്ല ഇവിടത്തെ പ്രശ്‌നം. വലിയ തയ്യാറെടുപ്പുകളോടെ തുടങ്ങാൻ പോകുന്ന സിനിമയുടെ ചിത്രീകരണത്തെ ബാധിക്കുന്ന രീതിയിലാണ് സന്തോഷ് എച്ചിക്കാനം- ശ്രീകാന്ത് മുരളി അതേകഥ സിനിമയാക്കാൻ ഒരുങ്ങുന്നതെന്നും പ്രദീപ് എം നായർ പറഞ്ഞു.

ഇന്ന് കൊച്ചിയില്‍ വച്ച് നടന്ന ചര്‍ച്ചയിലും സന്തോഷ് എച്ചിക്കാനം- ശ്രീകാന്ത് മുരളി ടീം സിനിമയുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് സ്വീകരിച്ചതെന്നും അതിനെ നിയമപരമായി നേരിടാനാണ് നീക്കമെന്നും പ്രദീപ് പറഞ്ഞു. ഇതൊരു പകര്‍പ്പകാശ പ്രശ്നമാണെന്നും ഫെഫ്കയ്ക്ക് ഇതിലൊന്നും ചെയ്യാനില്ലെന്നും കോപ്പിറൈറ്റ് സംബന്ധിച്ചുള്ള തര്‍ക്കം നിയമപരമായി പരിഹരിക്കാനാണ് നിര്‍ദ്ദേശിച്ചതെന്നും ഫെഫ്ക പ്രതിനിധി ബി ഉണ്ണികൃഷ്ണന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

അതേസമയം സിനിമയുമായി ബന്ധപ്പെട്ട് കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഇല്ലെന്നും വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും സന്തോഷ് എച്ചിക്കാനം നാരദ ന്യൂസിനോട് പറഞ്ഞു.

സജി തോമസിനെ സംബന്ധിച്ച് വിശദവായനക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യുക