കാണാതായവരുടെ ഐഎസ് ബന്ധങ്ങൾ അഥവാ മാധ്യമലോകത്തെ ചതിക്കുഴികൾ

ചാരക്കേസും ലൗജിഹാദും മാവോയിസ്റ്റ് ഭീതിയും പോലെയാണ് കാണാതായവരുടെ ഐഎസ് ബന്ധങ്ങളെ സംബന്ധിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ. ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും മാത്രമാണ് വാർത്തകൾക്ക് അച്ചുനിരത്തുന്നവരുടെ പക്കലുള്ളത്. മതസ്പർദ്ദയും വർഗ്ഗീയ ധ്രുവീകരണവും സൃഷ്ടിക്കാനുള്ള മനഃപൂർവ്വമായ ശ്രമങ്ങൾ ചില ഭാഗങ്ങളിൽ നിന്നുണ്ടാകുമ്പോൾ അതിന് കുട പിടിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങൾ- അനൂപ് കുമാരൻ എഴുതുന്നു.

കാണാതായവരുടെ ഐഎസ് ബന്ധങ്ങൾ അഥവാ മാധ്യമലോകത്തെ ചതിക്കുഴികൾ

അനൂപ് കുമാരൻ

മാദ്ധ്യമ പ്രവർത്തനം പൊതുവേ വിവിധങ്ങളായ താത്പര്യങ്ങളുടെയും ആശയങ്ങളുടെയും അധികാരങ്ങളുടെയും കെട്ടുപിണഞ്ഞ (അധോ)ലോകമാണ്. മലയാള മാദ്ധ്യമലോകമാകട്ടെ, ഇന്ത്യയിലെ മറ്റുപ്രാദേശിക മാദ്ധ്യമങ്ങളുമായി താരതമ്യംചെയ്താൽ പൊതുവേ ജനാധിപത്യപരവും നിലവാരമുള്ളതുമാണ്. എങ്കിലും ചില സന്നിഗ്ദ്ധഘട്ടങ്ങളിൽ മലയാള മാദ്ധ്യമലോകം അധികാര രാഷ്ട്രീയത്തിന്റെയും മധ്യവർഗ പൈങ്കിളിത്തത്തിന്റെയും കമ്പോളത്തിന്റെയും നീരാളിപ്പിടുത്തത്തിൽനിന്നും ഒട്ടും മോചിതമല്ലയെന്നു സൂക്ഷ്മനിരീക്ഷണത്തിൽ നമുക്ക് തിരിച്ചറിയാനാകും.


ഇതിന്റെ നല്ല ഉദാഹരണങ്ങളാണ് ചാരക്കേസും ലൗജിഹാദും മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുമെന്ന ഭീതിയും മാവോയിസ്റ്റ് കഥകളും. ചാരക്കേസ്  യഥാർത്ഥത്തിൽ കോൺഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമായി രാഷ്ട്രീയ നേതൃത്വവും ചില പോലീസ് ഉദ്യോഗസ്ഥരും  ചില പത്രപ്രവർത്തകരും കൂടി നിർമിച്ചു വിപണനം ചെയ്ത കെട്ടുകഥയാണെന്ന് പിൽക്കാലത്ത് വെളിവായെങ്കിലും, ആ കഥ പ്രചരിച്ചകാലത്ത് പത്രങ്ങളിൽ പൊടിപ്പും തൊങ്ങലുംവച്ച് പ്രചരിച്ച ചാരസുന്ദരിമാരെപ്പറ്റിയുള്ള കഥകൾ കുറ്റാന്വേഷണ സിനിമകളെപോലും നാണിപ്പിക്കുന്നതായിരുന്നു. ഒന്നൊഴിയാതെ എല്ലാ മലയാള പത്രങ്ങളും ഈ കഥകൾ തൊണ്ടതൊടാതെ വിഴുങ്ങിയെന്ന് മാത്രമല്ല തങ്ങളാലാവുംവിധം അതിൽ ഏരിവും പുളിയും ചേർത്തു മാസങ്ങളോളം വിളമ്പി. കഥകൾ മുഴുവൻ കെട്ടുകഥകളായിരുന്നുവെന്ന് അവസാനം പരമോന്നത കോടതികൾ വിധി പ്രഖ്യാപിച്ചിട്ടും ഏതെങ്കിലും ഒരു പത്രമോ പത്രപ്രവർത്തകനോ തങ്ങൾക്കു പറ്റിയ തെറ്റുമൂലം ജീവിതം താറുമാറായ ശാസ്ത്രജ്ഞരോട് ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. അതെല്ലാം വായിച്ച് പുളകങ്ങളിൽ മറിമറന്ന വായനക്കാരോടും മാപ്പ് പറഞ്ഞില്ല (പുളകംകൊണ്ടവരോട് എന്ത് മാപ്പ്, അല്ലേ?).

വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാൻവേണ്ടി ഗുജറാത്തിൽ ബാബു ബജരങ്കിയുടെയും മറ്റും നേതൃത്വത്തിൽ നടപ്പാക്കി വിജയിച്ച ലൗ ജിഹാദ് എന്ന തന്ത്രം കേരളത്തിൽ കേരള കൗമുദി ദിനപ്പത്രത്തിലൂടെയാണ് ആദ്യം പുറത്തുവരുന്നത്. തുടർന്ന് മുഖ്യധാരാ മാദ്ധ്യമങ്ങൾ അതേറ്റെടുക്കുകയും ആഘോഷിക്കുകയും അവസാനം തെളിവില്ലാത്തതുമൂലം ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ അത് പൊതുസമൂഹത്തിനുണ്ടാക്കിയ പരിക്കുകൾ ഭേദമായിട്ടില്ല. ഇടവേളകളിൽ ആ മുറിവിന് മീതെ പുതിയ പരിക്കുകളേൽപ്പിക്കുന്നതും ഈ മാദ്ധ്യമങ്ങൾ തന്നെയാണ്. മുല്ലപ്പെരിയാർ ഡാം ഇന്നുപൊട്ടും, നാളെപൊട്ടും എന്ന് വാർത്തകൾ ദിവസങ്ങളോളം കൊടുത്ത് ഒരു സമൂഹത്തെ ഭീതിയിലാഴ്ത്തി ആഘോഷിച്ച ശേഷം ആ വിഷയവും വലിച്ചെറിയുകയായിരുന്നു. ജനസമൂഹത്തെ ദിവസങ്ങളോളം ഭയപ്പെടുത്തിയതിൽ ഇവർക്കു യാതൊരു ജാള്യതയും ഇതുവരെ അനുഭവപെട്ടിട്ടില്ല. സമാനമായ മറ്റൊരുകഥയാണ് മാവോയിസ്റ്റ് ഭീതി. മാവോയിസ്റ്റുകളെ കേരള അതിർത്തി വനങ്ങളിൽ അവിടെ കണ്ടു, ഇവിടെ കണ്ടുവെന്നൊക്കെ ആരെങ്കിലും ചില താത്പര്യങ്ങളുടെ പേരിൽ കൊടുക്കുന്ന വാർത്തകൾ കാര്യമായ യാതൊരു അന്വേഷണങ്ങളുമില്ലാതെ പ്രസിദ്ധീകരിക്കുകയാണ് നമ്മുടെ മാദ്ധ്യമങ്ങൾ. യഥാർത്ഥത്തിൽ കേരളത്തിൽ മാവോയിസ്റ്റുകൾക്കു വളരാൻ പറ്റിയ ബൗദ്ധിക/ഭൗതിക സാഹചര്യം നിലവിലില്ലെന്ന പച്ചപരമാർത്ഥം തിരിച്ചറിയാൻ വാർത്തകളുടെ പിന്നിൽ പരക്കംപായുന്ന മാദ്ധ്യമ പ്രവർത്തകർ മെനക്കെടുന്നില്ല.

ഇത്തരമൊരു സാഹചര്യത്തിലാണ് 22 ഓളം മനുഷ്യർ, കുടുംബസമേതം കാണാനില്ലെന്നും അവർ ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി വാദിക്കുന്ന തീവ്രവർഗീയ സംഘടനയിൽ ചേരാനാണ് പോയത് എന്നുമുള്ള വാർത്തയെ നാം അഭിമുഖീകരിക്കുന്നത്. ഒരു പത്രപ്രവർത്തകന്റെയോ പോലീസ് ഉദ്യോഗസ്ഥന്റെയോ ബുദ്ധിവൈഭവമോ വിവരശേഖരണ വൈദഗ്ദ്ധ്യമോ ഒന്നുമില്ലാതെ വെറും സാധാരണ മനുഷ്യന്റെ നിലവാരത്തിൽ നിന്നുകൊണ്ട് സോഷ്യൽ മീഡിയപോലുള്ള നവമാദ്ധ്യമങ്ങളിലൂടെയും മുഖ്യധാരാ മാദ്ധ്യമലോകത്തിന്റെ അരികുകളിൽ പ്രവർത്തിക്കുന്ന മാദ്ധ്യമങ്ങളിലൂടെയും കണ്ണോടിക്കുന്ന ഒരുമനുഷ്യന് എത്തി ചേരാൻ കഴിയുന്ന നിലപാടുകളെന്തെന്ന അന്വേഷണമാണ് താഴെ  ചെയ്യുന്നത്.

'കേരളത്തിൽ നിന്നും കാണാതായവരിൽ ചിലർ തീവ്രവാദ സംഘടനകളിൽ ചേർന്നുവെന്ന സംശയം സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്ന്
'
സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്ര. പാലക്കാട് നിന്നു കാണാതായെന്നു അമ്മ പരാതി നൽകിയ, നിമിഷയെന്ന പെൺകുട്ടിയുടെ ക്രിസ്തുമതത്തിൽ നിന്നും ഇസ്ലാമിലേക്കുമതം മാറിയ ഭർത്താവിനെതിരെ, ഹൈക്കോടതിയിൽ Writ of Mandamus അടക്കം നിരവധി കേസുകൾ നൽകിയിട്ടുണ്ട്. അവർക്ക് മകളുടെ വിവാഹത്തിൽ കടുത്ത അഭിപ്രായ വ്യത്യാസം കാലങ്ങളായി ഉള്ളതാണ്.

കാണാതായ നാലുപേരെ അടുത്തറിയാവുന്ന ഒരാൾ Whats appൽ കുറിച്ചത്: 'തീവ്രസ്വഭാവമുള്ള സംഘടനകളിൽ ഇവർ പ്രവർത്തിക്കുന്നത് കണ്ടിട്ടില്ല. അതിനുമാത്രം ഇല്ല അവരെന്ന് പറയാം. അമിതമായി മതകാര്യങ്ങളിൽ കണിശത കാണിച്ചിരുന്നു. ദമ്മാജ് സലഫിയെന്ന ഒരു പ്രത്യേക മുസ്ലിം വിശ്വാസികളെപോലെ, ആടുമേച്ചു ജീവിക്കണമെന്നു സുഹൃത്തുക്കളോട് പറയാറുണ്ട്.'

പടന്നയിൽനിന്നും കാണാതായെന്നു പ്രചരിക്കുന്ന മിക്കവരും നാട്ടിലെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ഇവരിൽ ചിലരിൽനിന്നും വീട്ടുകാർക്കു ലഭിച്ച ചില മറുപടികൾ ഇങ്ങനെയാണ്, 'ഇതൊന്നുമല്ല ജീവിതം കൃഷിയും ആടുമേയ്ക്കലുമാണ്, ഞങ്ങൾ ശാന്തമായ ലോകത്തെത്തി, നിങ്ങളും പോന്നോളൂ'

ആടുമേയ്ക്കലും കൃഷിയുമാണ് പ്രവാചകചര്യ, അതുകൊണ്ട് പ്രവാചകനെ പിന്തുടരുന്നവർ ആ തൊഴിലുകൾ തന്നെ ചെയ്യണം എന്നു വിശ്വസിക്കുന്ന ഒരു ചെറിയ ന്യൂനപക്ഷത്തിൽ ന്യൂനപക്ഷമായ ഇസ്ലാമിക വിഭാഗം ലോകത്തുണ്ട്. അവർ അറിയപ്പെടുന്നത് ദമ്മാജ് സലഫികൾ എന്നാണ്. ഇവരുടെ ആസ്ഥാനം യമനാണെന്നും അവരുടെ ഒരുശാഖ കോഴിക്കോട് കന്നുകാലിഫാം രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും വാർത്തകളുണ്ട്. ഈരീതിയിൽ സൗദി വഴി യെമനിൽ എത്തിയ മലപ്പുറം സ്വദേശിയെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഈയിടെ മോചിപ്പിച്ചിരുന്നു.

ലൗകികജീവിതം പാടേ വെടിഞ്ഞ്, വസ്ത്രം പോലുമുപേക്ഷിച്ചുകൊണ്ടു ജീവിക്കുന്ന ഹിന്ദു സന്യാസിമാരെ ഹിമാലയ സാനുക്കളിൽ ധാരാളമായി കാണാം. ക്രിസ്തുമതത്തിലെ മരുന്നുകഴിക്കാതെ 'ഹാല്ലേലൂയ' പാടുന്ന വിശ്വാസികളെ നാം കാണുന്നുണ്ട്. ബുദ്ധ, ജൈന, പേഗൻ വിശ്വാസങ്ങളിലെ നമ്മെ അമ്പരപ്പിക്കുന്ന അനവധി സെക്റ്റുകൾ ലോകത്തുണ്ട്, അവയിൽ ഒന്നു മാത്രമാണ് ഈ ദമ്മാജ് സലഫികളും. കാണാതായെന്നു പ്രചരിക്കുന്ന മനുഷ്യരെപ്പറ്റി നമ്മളടങ്ങുന്ന പൊതുസമൂഹം ദയവായി ഇപ്പോൾ ഒരു തീർപ്പിലെത്തരുത്. ചാരക്കേസ്, ലൗജിഹാദ്, മുല്ലപ്പെരിയാർഭീതി, മാവോയിസ്റ്റ്‌ പേടി അടക്കം ഒരുപാടുകഥകൾ കേട്ടനാം അനുഭവങ്ങളിൽനിന്നും പാഠം പഠിക്കേണ്ടിയിരിക്കുന്നു.

നാട്ടിൽ നടക്കുന്ന സംഭവവികാസങ്ങളെ അതിന്റെ യാഥാർത്ഥ്യങ്ങളന്വേഷിച്ച് കണ്ടെത്താൻ വേണ്ട പ്രാഥമിക ബുദ്ധി ഉപയോഗിക്കാതെ, വന്യമായ ഭാവനകളിൽ അഭിരമിക്കലാണ് തങ്ങളുടെ ജോലിയെന്നു കരുതുന്നവരാണ് ഭൂരിപക്ഷം മാദ്ധ്യമ പ്രവർത്തകരും. സത്യാവസ്ഥ പോലീസും സോഷ്യൽ മീഡിയവഴി ജനങ്ങളും കണ്ടെത്തട്ടെയെന്നു കരുതുന്ന, ഇസ്ലാമോഫോബിയ തൊണ്ടതൊടാതെ വിഴുങ്ങുന്ന ഈ മാദ്ധ്യമപ്രവർത്തനത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു ബോധമുള്ള മലയാളികൾ തീരുമാനിക്കേണ്ട കാലമായിരിക്കുന്നു.

തങ്ങൾ പടച്ചുവിടുന്ന കെട്ടുകഥമൂലം ജീവിതം താറുമാറാകുന്ന മനുഷ്യരെപ്പറ്റിയോ 'സ്വകാര്യത' മനുഷ്യന്റെ ഭരണഘടനാ അവകാശമാണ് എന്നതിനെപ്പറ്റിയോ, ഇനി ലോകനാഥ് ബെഹ്ര ഇവരെ പഠിപ്പിക്കേണ്ടി വരുമോ? ഈ IS കഥകൾക്കു പിന്നിൽ സംഘപരിവാർ ധ്രുവീകരണ അജണ്ട മുഖ്യമായും, മലയാളി മദ്ധ്യവർഗത്തിന്റെ ഭീതിയും അപസർപ്പക കഥകളോടുള്ള അഭിനിവേശവുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്നുണ്ടെന്നാണ് കരുതേണ്ടത്. മുസ്ലിംസമൂഹം മൊത്തത്തിൽ വർഗീയവാദികളാണ് എന്ന ബോധം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം മുസ്ലിം എന്നത് മറ്റു സമൂഹങ്ങളെപ്പോലെതന്നെ വൈവിധ്യങ്ങളുടെ സമാഹാരമാണെന്ന് കൂടുതൽ കൂടുതൽ തെളിയുകയാണ്.

ആർഎസ്എസ്/വിഎച്ച്പി/ബജരംഗ്‌ദൾ എന്നിവയുടെ ചെയ്തികളെ, ഹിന്ദുമതത്തിന്റെ ചെയ്തികൾ എന്നു നാം ചുരുക്കി പറയുന്നില്ല. ആർഎസ്എസ് ചെയ്തികൾ, വിഎച്ച്പി ചെയ്തികൾ, ബജരംഗ്‌ദൾ ചെയ്തികൾ എന്നുതന്നെയാണ് നാം പൊതുസമൂഹം പറയുന്നത്. അതുപോലെ, ഐസിസ്/താലിബാൻ/ലഷ്‌കർ ഇ തോയ്ബ ചെയ്തികളെ നമ്മൾ എന്തുകൊണ്ട് ഇസ്ലാമിന്റെ ചെയ്തികൾ എന്നു ചുരുക്കിക്കെട്ടുന്നു എന്ന ചോദ്യത്തെ നാം നിർമ്മമമായി തന്നെ നേരിടേണ്ടതാണ്. ഈ ചോദ്യത്തിൽ വലിയൊരളവിൽ ന്യായമുണ്ടെന്നുതന്നെ ഞാൻ തിരിച്ചറിയുന്നു.

ഞാൻ ഈയിടെയായി എത്തിച്ചേർന്ന ചില നിഗമനങ്ങൾ ഇവയാണ്: ഇന്ത്യയിൽ മേൽക്കൈയുള്ള പൊതുബോധം സ്വാഭാവികമായും സവർണ ഹിന്ദുത്വ പൊതുബോധമാണ്. ഓരോ രാഷ്ട്രത്തിലും അവിടത്തെ മേൽക്കൈയുള്ള സമൂഹത്തിന്റെ ബോധമായിരിക്കും പൊതുബോധമായിരിക്കുക. അതുകൊണ്ടുതന്നെ അതിന്റെ ചില അദൃശ്യസ്വാധീനങ്ങൾ നാമടക്കമുള്ളവരിലും ഉണ്ടാകാം. അവയെ നമ്മളിൽനിന്നും ഒഴിവാക്കാനുള്ള മാർഗം നമ്മുടെ നിലപാടുകളെ ദളിത്/സ്ത്രീ/ന്യൂനപക്ഷ/ലിംഗ/വർഗ വായനകളിലൂടെ സ്വയം നോക്കിക്കാണുകയോ ജനാധിപത്യപരമായ വിമർശനങ്ങളിലൂടെയുള്ള മറ്റുള്ളവരുടെ നോക്കിക്കാണലിനെ ഉൾക്കൊള്ളുകയോ ചെയ്യുക എന്നതാണ്. അപ്പോൾ നാം ഇന്ത്യയിലെ സവർണ്ണ ഹിന്ദു വക്താക്കൾ മുസ്ലിം/ദളിതൻ എന്നിവരെ പറ്റി നിർമിച്ചു വച്ചിരിക്കുന്ന നിറംപിടിപ്പിച്ച വൃത്തികെട്ട കെട്ടുകഥകൾ എത്രമാത്രം പ്രാകൃതമാണ് എന്നു തിരിച്ചറിയും.

മറ്റൊന്ന്, ഇസ്ലാം എന്നത് ഏകശിലാരൂപമല്ല, തുടക്കം മുതലേ തന്നെ വ്യത്യസ്തതകളുടെ സഞ്ചയമാണ്. കമ്യൂണിസം/മുതലാളിത്തം/ഹിന്ദു/ബുദ്ധിസം/ക്രിസ്ത്യാനിറ്റി ഇവയ്ക്കെല്ലാം ഈ ലോകത്തിൽ എത്രയോളം അവാന്തര വിഭാഗങ്ങളുണ്ടോ അത്രതന്നെ വ്യത്യസ്തതകൾ ഇസ്ലാമിനുണ്ട്.

ലോകത്തിൽ പുതുതായി വികസിച്ചുവന്ന പെട്രോ ഡോളറിന്റെ ഹുങ്കിൽ സൗദി അറേബ്യ വഹാബി പാരമ്പര്യമുള്ള അടഞ്ഞ ഒരു ഇസ്ലാമിനെ/ആയുധമെടുക്കുന്ന ഇസ്ലാമിനെ/ സ്ത്രീയെ അടിമയാക്കുന്ന ഒരു ഇസ്ലാമിനെ ലോകത്തിന്റെ മുൻപിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. അമേരിക്കൻ സിയോണിസ്റ്റ് സാമ്രാജ്യത്വം ഇസ്ലാമോഫോബിയ നിർമ്മിച്ചെടുത്തുകൊണ്ട് സൗദി അറേബ്യ മുന്നോട്ടു വെയ്ക്കുന്ന ഈ വഹാബി മുസ്ലിം ആണ് ലോകമുസ്ലിം എന്നു നമ്മോട് ഉറക്കെ പറയുന്നു. അവസാനം ഇസ്ലാം വെറുപ്പിന്റെ മതമാണെന്ന 'സന്ദേശം' ലോകം മുഴുവൻ എത്തിച്ചേരുന്നു. അതുമാത്രമാണ് ലോകത്തിലെ തെറ്റിന്റെ കാരണമെന്ന്; ഹിംസയുടെ/പീഡനത്തിന്റെ/അസഹിഷ്ണുതയുടെ കാരണമെന്ന് പറയാതെ പറയുന്നു.

ഈ അടുത്തകാലത്ത് യാത്രചെയ്ത ഉസ്ബക്കിസ്ഥാൻ എന്ന 95% മുസ്ലിംകൾ ജീവിക്കുന്ന രാജ്യത്തെപ്പറ്റി പറയാം. 50 വയസുകഴിഞ്ഞ ഏതാനും ചില സ്ത്രീകളല്ലാതെ ആരും തലയിൽ ഒരു സ്‌കാർഫ് പോലും ധരിച്ചിട്ടില്ല. പർദ്ദ ഇല്ല. മിക്കവരും വോഡ്ക കഴിക്കും. ബെല്ലി ഡാൻസ് ഇഷ്ട നൃത്തരൂപമാണ്. പകൽ സന്ദർശനങ്ങൾ കഴിഞ്ഞ് വൈകിട്ട് ഞങ്ങളെ താമസിക്കുന്ന ഹോട്ടലിൽ കൊണ്ടുവിടാൻ വന്ന ഗൈഡ് യാത്ര പറഞ്ഞത് ഇങ്ങനെ 'ഇൻഷാ അള്ള, രാത്രി നമുക്ക് വോഡ്കയും ബെല്ലി ഡാൻസും ആസ്വദിക്കാം' എന്റെ ഏകശിലാരൂപമുള്ള ഇസ്ലാം പതുക്കെ അലിഞ്ഞ് ഇല്ലാതായി കൊണ്ടിരിക്കുകയാണ്.

ലോകത്തിലെ മുസ്ലിംകൾ ഏറ്റവും കൂടുതലുള്ള ഇന്തോനേഷ്യയും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുംകൂടി 25% ലോക മുസ്ലിം ജനതയെ ഉൾക്കൊള്ളുന്നു. നമ്മളൊക്കെ ഇസ്ലാമിന്റെ കേന്ദ്രമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന അറബ് ലോകത്തെ മുഴുവൻ രാഷ്ട്രങ്ങളും കൂടി വെറും 20% മുസ്ലിംങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. യൂറോപ്യൻ ജീവിതരീതി നയിക്കുന്ന തുർക്കി 4.6% ലോകമുസ്ലിംങ്ങളെ പ്രതിനിധീകരിക്കുന്നു. സൗദി അറേബ്യ വെറും 1.6% മുസ്ലിമിനെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. ഇതിനൊക്കെ പുറമെയാണ് ഇസ്ലാമിലെ വിവിധ വിശ്വാസങ്ങൾ പിൻപറ്റുന്ന ഷിയാ, സുന്നി, മുജാഹിദ്, സലഫി, വഹാബി, അഹമ്മദിയ, സൂഫി. ഇവയ്ക് ഓരോന്നിനുമുള്ളിലും വിവിധ ചെറുവിഭാഗങ്ങളുണ്ട്.

കേരളത്തിൽ തന്നെ ഏത്ര തരം സംഘടനകളാണ് മുസ്ലിം സമൂഹത്തിൽ?

അതുകൊണ്ട് നമ്മൾ ഇവയെ അവയുടെ വ്യത്യസ്തതകളിൽ തന്നെ തിരിച്ചറിഞ്ഞു നിലപാടെടുക്കണം. അധ്യാപകന്റെ കൈവെട്ടിയശേഷം പുഞ്ചിരിച്ചു നിൽക്കുന്ന/കിസ്സ് ഓഫ് ലൗവിനെ പ്രതിരോധിക്കുന്ന പോപ്പുലർ ഫ്രണ്ടിനോടെടുക്കുന്ന സമീപനമല്ല ഞാൻ ജമാഅത്തെ ഇസ്ലാമിയോടെടുക്കുന്നത്, അതല്ല മുസ്ലിം ലീഗിനോട്. നമ്മൾ മാവോയിസ്റ്റുകളോടും സിപിഎമ്മിനോടും സിപിഐ യോടും സിഎംപിയോടും റെഡ് ഫ്‌ളാഗിനോടും വ്യത്യസ്ത സമീപനങ്ങൾ സ്വീകരിക്കുന്നപോലെതന്നെ.