കോമ്രേഡ് പ്രഭാത്... ഗുഡ് ബൈ ഫ്രം പോളിസി മേക്കിംഗ്; നമുക്ക് സെമിനാറുകളിൽ കാണാം!

പ്രായോഗികതയുടെ അടുപ്പിൽ വേവാത്ത ആശയങ്ങൾ കൊണ്ട് സ്റ്റഡിക്ലാസുകളിലെ ഉത്തമന്മാരുടെ വിശപ്പേ മാറൂ. വോട്ടു ചെയ്തവനെ കുടിപ്പിക്കാൻ കള്ളു വേറെ കരുതണം.

കോമ്രേഡ് പ്രഭാത്... ഗുഡ് ബൈ ഫ്രം പോളിസി മേക്കിംഗ്; നമുക്ക് സെമിനാറുകളിൽ കാണാം!

ബുദ്ധിജീവികളെക്കൊണ്ടുള്ള പ്രയോജനത്തെക്കുറിച്ച് പോൾ സക്കറിയ ചിന്തിച്ച സന്ദർഭത്തെയല്ല പിണറായി വിജയൻ അഭിമുഖീകരിക്കുന്നത്. പ്രഭാത് പട്നായിക്കിന് എന്തുതോന്നിയാലും ഗീതാ ഗോപിനാഥ് ഒരു വിളംബരമാണ്. ഏട്ടിലെ പശുവിന് വയറുനിറയ്ക്കാനുള്ള പുല്ലും പിണ്ണാക്കും എൽഡിഎഫ് സർക്കാരിന്റെ അജണ്ടയല്ല എന്ന കൃത്യമായ വിളംബരം.

ഹാവാർഡിൽ നിന്നുള്ള വിശദീകരണക്കുറിപ്പിൽ സമർത്ഥമായ ജാഗ്രത വ്യക്തമാണ്. അതിങ്ങനെ പറയുന്നു:

Second, I hope to play a convening role to connect various state departments to the knowledge leaders from around the world in sectors relevant to Kerala like public finance, management, entrepreneurship, labor and development economics.

ഈ വാചകത്തിലെ knowledge leaders എന്ന പ്രയോഗമാണ് താഴു തുറക്കാനുള്ള മണിച്ചിത്രത്താക്കോൽ.

അതിലേയ്ക്കു വരുംമുമ്പ് 2000 മുതൽ 2015 വരെ ഇന്ത്യയിലേയ്ക്കൊഴുകിയ വിദേശ നിക്ഷേപത്തിന്റെ കണക്കു പരിശോധിക്കാം. മൌറീഷ്യസ് മുതൽ ബാർബഡോസും കിർഗിസ്ഥാനും വരെയുള്ള രാജ്യങ്ങളിൽ നിന്ന് പതിനഞ്ചു വർഷത്തിനുളളിൽ ഇന്ത്യയിലേയ്ക്ക് വിദേശ നിക്ഷേപമായി ഒഴുകിയെത്തിയത് 12,93,302.75 കോടി രൂപയാണ്. അതിൽ കൊച്ചിയിലെത്തിയത് വെറും 6186 കോടി മാത്രം. കഷ്ടിച്ച് ഒരു ശതമാനം. സിംഹഭാഗത്തിന്റെയും അവകാശികൾ മുംബൈയും ദില്ലിയുമാണ്.

ഈ വസ്തുതയിൽ നിന്നാണ് ഗീതാ ഗോപിനാഥ് കൂട്ടിമുട്ടിയ്ക്കേണ്ട knowledge leaders ആരെന്ന് അന്വേഷിക്കേണ്ടത്. ഈ വിദേശനിക്ഷേപം കൈവശമുള്ള മാനേജ്മെന്റും സംരംഭകരുമാണ് അവർ. അല്ലാതെ ഗീതയുടെ അക്കാദമിക് വലയത്തിലുള്ള കോളജ് പ്രൊഫസർമാരെയും ഡോക്ടറേറ്റ് ജേതാക്കളെയും പരിചയപ്പെട്ട് ചായക്കു ചുറ്റുമിരുന്ന് കൊച്ചുവർത്തമാനം പറയാൻ താൽപര്യപ്പെട്ടു നടക്കുകയല്ലല്ലോ പിണറായി വിജയൻ. വിദേശ മൂലധന നിക്ഷേപകരുമായി വിലപേശലിനും മധ്യസ്ഥതയ്ക്കുമുള്ള ഉപായങ്ങളും അവസരങ്ങളും ചൂണ്ടിക്കാണിക്കുകയാണ് സാമ്പത്തിക ഉപദേഷ്ടാവിന്റെ ചുമതല എന്ന് മനസിലാക്കാം.

ഗൾഫ് വരുമാനം ഉത്പാദനമേഖലയിൽ ശ്രദ്ധേയമായ അനുരണനങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും നിർമ്മാണമേഖലയ്ക്കും സേവനത്തുറയ്ക്കും വലിയ ഉത്തേജകമായി എന്ന് കേരള വികസന അജണ്ട സഞ്ചിക ഒന്നിൽ നിരീക്ഷിക്കുന്നു (പേജ് 14). ഗൾഫ് വരവിന്റെ പിന്തുണ വരുംനാളുകളിൽ ഇതുപോലെ തുടരുമോ എന്നു സംശയമാണ്. വ്യവസായ വളർച്ചയ്ക്കായി കേരളം തിരഞ്ഞെടുത്ത പാത വഴിമുട്ടിക്കൊണ്ടിരിക്കുന്നുവെന്നും പഠനകോൺഗ്രസ് രേഖ പറയുന്നു. പരമ്പരാഗത വ്യവസായ മേഖലയെ സംരക്ഷിക്കുമ്പോൾത്തന്നെ ഭാവി ലക്ഷ്യമിട്ട് ഗീയർ മാറണം.
"കർശനമായ പാരിസ്ഥിതികാവബോധവും ഊർജദാരിദ്ര്യവും രാസവ്യവസായങ്ങളുടെ തിരഞ്ഞെടുപ്പ് അസാധ്യമാക്കുന്നു. അഭ്യസ്തവിദ്യരായ യുവതലമുറയുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുളള തൊഴിലുകൾ സൃഷ്ടിക്കുന്നതിനും വരുമാനം ഉറപ്പു വരുത്തുന്നതിനും അനുബന്ധ വ്യവസായങ്ങൾക്കു കൂടുതൽ സാധ്യതയുള്ളതും പാരിസ്ഥിതികമായി അനുയോജ്യമായതുമായ വ്യവസായങ്ങളെ ബോധപൂർവം പ്രോത്സാഹിപ്പിക്കണം"

എന്നാണ് സിപിഎം മുന്നോട്ടു വെയ്ക്കുന്ന വികസന അജണ്ട. ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ സഹകരണ മേഖലയെയാണ് മുഖ്യമായി ആശ്രയിക്കേണ്ടത് എന്നാണ് പ്രഭാത് പട്നായിക്ക് വാദിക്കുന്നത്.

ആദ്യമായല്ല അദ്ദേഹം ഇതു പറയുന്നത്. 2007ൽ കൊച്ചിയിൽ നടന്ന സംസ്ഥാന സഹകരണ കോൺഗ്രസിനോട് അനുബന്ധിച്ചുള്ള അന്താരാഷ്ട്ര സെമിനാറിലും ആഗോളീകരണത്തെ ചെറുക്കാൻ സഹകരണ മേഖല രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. മറ്റൊന്നുകൂടി അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. അത്തവണത്തെ പഞ്ചവത്സര പദ്ധതിയിൽ സഹകരണ മേഖലയ്ക്കു പ്ലാനിംഗ് ബോർഡ് പ്രധാന്യം നൽകുമെന്ന്. പക്ഷേ ആ പുല്ലു വരുമെന്നു പ്രതീക്ഷിച്ച് ഏട്ടിലെ പശു അഞ്ചുകൊല്ലവും കാത്തിരുന്നു.

പ്രശ്നം പ്രായോഗിക ബുദ്ധിയുടേതാണ്. സൈദ്ധാന്തിക ശാഠ്യങ്ങൾക്ക് സെമിനാർ കമ്പോളത്തിലെ ഓഹരിമൂല്യം പൊതുസമൂഹത്തിലില്ല. ഭരിക്കാനിറങ്ങുമ്പോൾ ആ തിരിച്ചറിവ് പ്രധാനമാണ്. ഇന്ത്യയിലേയ്ക്കൊഴുകിയെത്തുന്ന 12 ലക്ഷം കോടിയിലേറെ വരുന്ന വിദേശമൂലധനത്തിൽ കേരളത്തിന് വല്ല നക്കാപ്പിച്ചയും അധികം കിട്ടുമോ എന്നു ശ്രമിച്ചു നോക്കുന്നത് അത്ര വലിയ അപരാധമൊന്നുമല്ല. വിദേശനിക്ഷേപം പുറംകാലിനു തൊഴിച്ചു കളയേണ്ട മാലിന്യച്ചരക്കാണെന്ന് സിപിഎം എവിടെയും പറഞ്ഞിട്ടില്ല. ചരടില്ലാതെ വേണമെങ്കിൽ താലി കെട്ടാം എന്നാണ് നയം.

ഉൽപാദനമേഖലയെ ശക്തിപ്പെടുത്തി സേവനമേഖലയിൽ സ്ഥായിയായ വളർച്ച ഉറപ്പുവരുത്തണമെന്ന് പഠന കോൺഗ്രസ് നിർദ്ദേശിക്കുമ്പോൾ സേവന മേഖലയിലാണ് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം (209,578 കോടി) എന്ന വസ്തുത കേരളം മാത്രം കാണാതിരിക്കുന്നതെന്തിന്? നിർമ്മാണമേഖല (113,355 കോടി), കമ്പ്യൂട്ടർ സോഫ്റ്റ് ആൻഡ് ഹാഡ് വെയർ (89,481 കോടി), ടെലി കമ്മ്യൂണിക്കേഷൻസ് (86,609 കോടി) എന്നീ മേഖലകളാണ് വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളത്. കേരളത്തിനും കണ്ണുവെയ്ക്കാവുന്ന മേഖലകൾ. ചരടുകളില്ലാതെ ഇതിലെത്ര എത്തിക്കാൻ ഗീതാ ഗോപിനാഥിന്റെ ഉപായങ്ങൾക്കു കഴിയും എന്നു കാത്തിരുന്നു കാണാനുള്ള ക്ഷമ പ്രഭാത് പട്നായിക് കാണിക്കേണ്ടിയിരുന്നു. കേരള വികസനത്തിൽ സഹകരണമേഖലയെ പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പ്ലാനിംഗ് ബോർഡ് പരാജയപ്പെട്ട സാഹചര്യത്തിൽ പ്രത്യേകിച്ചും.

പ്രഭാത് പട്നായിക്കിന്റെ പാണ്ഡിത്യത്തിന് മുഖവുരയോ സർട്ടിഫിക്കറ്റോ ആവശ്യമില്ല. പക്ഷേ, പ്രായോഗികതയുടെ അടുപ്പിൽ വേവാത്ത ആശയങ്ങൾ കൊണ്ട് സ്റ്റഡിക്ലാസുകളിലെ ഉത്തമന്മാരുടെ വിശപ്പേ മാറൂ. വോട്ടു ചെയ്തവനെ കുടിപ്പിക്കാൻ കള്ളു വേറെ കരുതണം. ചുരുക്കിപ്പറഞ്ഞാൽ, മാർക്സിന്റെ സൂക്തങ്ങളും ലെനിന്റെ ഗ്രന്ഥങ്ങളും കമ്പോടു കമ്പ് ഉദ്ധരിക്കുന്ന മാർക്സിസ്റ്റു സൈദ്ധാന്തികരെയല്ല, ആശയങ്ങളെ കാലാനുസൃതമായി പ്രയോഗത്തിലെത്തിക്കാനുള്ള മാർഗങ്ങളന്വേഷിക്കുന്ന മാർക്സിയൻ ശാസ്ത്രജ്ഞരെയാണ് പുതിയ കാലം കാത്തിരിക്കുന്നത്. അങ്ങനെയുള്ളവർക്കു കൂടി ജന്മം നൽകാൻ ജെഎൻയുവിന്റെ ഗർഭപാത്രത്തിനു ത്രാണിയുണ്ടാവണേയെന്ന് മുട്ടിപ്പായി പ്രാർത്ഥിക്കാം.

Read More >>