ജേക്കബ് വടക്കഞ്ചേരിക്കെതിരെ ആരോഗ്യവകുപ്പിന് ഫ്രീ തിങ്കേഴ്‌സിന്‍റെ പരാതി

വാക്‌സിന്‍ വിരുദ്ധ പ്രചരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരി മെഡിസിനില്‍ ബിരുദം ഇല്ലാതെ രോഗികളെ പരിശോധിക്കുന്നത് ക്രിമിനല്‍ കുറ്റമെന്നാണ് പരാതിയുടെ ഉള്ളടക്കം

ജേക്കബ് വടക്കഞ്ചേരിക്കെതിരെ ആരോഗ്യവകുപ്പിന് ഫ്രീ തിങ്കേഴ്‌സിന്‍റെ പരാതി


തിരുവനന്തപുരം:  ജേക്കബ് വടക്കഞ്ചേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് പരാതി. വാക്‌സിന്‍ വിരുദ്ധ പ്രചരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരി മെഡിസിനില്‍ ബിരുദം ഇല്ലാതെ ഡോക്ടര്‍ പദവി ഉപയോഗിക്കുകയും രോഗികളെ പരിശോധിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമെന്നാണ് പരാതിയുടെ ഉള്ളടക്കം.

കേരള ഫ്രീ തിങ്കേഴ്‌സ് ഫോറമാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ തനിക്കു ആളുകളെ പരിശോധിക്കാനുള്ള വിദ്യാഭാസ യോഗ്യതകള്‍ ഇല്ലെന്നും ആളുകളെ ചികിത്സിക്കുന്നതിനാലാണ് പലരും ഡോക്ടറെന്ന് വിളിക്കുന്നെന്നും ജേക്കബ് വടക്കാഞ്ചേരി പറഞ്ഞത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. അതെതുടര്‍ന്നാണ് ഫ്രീ തിങ്കേഴ്‌സ് ഫോറം പരാതി നല്‍കിയത്. അദ്ദേഹം നടത്തുന്ന സ്ഥാപനങ്ങളുടെ രെജിസ്ട്രേഷന്‍ വിവരങ്ങള്‍ പരിശോധിക്കണമെന്നും പരാതിയില്‍പറയുന്നുണ്ട്.

വടക്കന്‍ ജില്ലകളില്‍ ഡിഫ്തീരിയ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ ഈ തീരുമാനം ചിലരുടെ രഹസ്യ അജണ്ട നടപ്പിലാക്കാനാണെന്നും ഇങ്ങനെ മുന്നോട്ടുപോയാല്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ വാങ്ങില്ലെന്നും ആരോപിച്ചു വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളുമായി ജേക്കബ് വടക്കാഞ്ചേരി രംഗത്ത്‌ എത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ഫ്രീ തിങ്കേഴ്‌സ് ഫോറത്തിന്റെ പരാതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.