സ്വകാര്യ ടൂറിസം സംരംഭത്തിന് കളക്റ്ററുടെ കൈസഹായം: കളക്റ്റർ ബ്രോയുടെ കംപാഷനേറ്റ് കോഴിക്കോടിനെ ഇഴകീറുമ്പോൾ

റെസ്പോൺസിബിൾ ടൂറിസം ഡെസ്റ്റിനേഷൻ എന്നതാണ് വിനോദസഞ്ചാര മേഖലയിലെ ഇപ്പോഴത്തെ ഹോട്ട് കേക്ക്. കോഴിക്കോടിന്റെ നന്മയെ മാർക്കറ്റ് ചെയ്ത് വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് പദ്ധതിലക്ഷ്യം. അതിനായുള്ള അലങ്കാരപ്പണിയാണ് കംപാഷനേറ്റ് കോഴിക്കോട്. നാരദാന്യൂസ് മലബാർ മേഖലാ പ്രതിനിധി പി സി ജിബിൻ എഴുതുന്നു:

സ്വകാര്യ ടൂറിസം സംരംഭത്തിന് കളക്റ്ററുടെ കൈസഹായം: കളക്റ്റർ ബ്രോയുടെ കംപാഷനേറ്റ് കോഴിക്കോടിനെ ഇഴകീറുമ്പോൾ

കോഴിക്കോട് കളക്ടർ എൻ പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കംപാഷനേറ്റ് കോഴിക്കോട് പ്രവർത്തനങ്ങൾ സ്വകാര്യകമ്പനിയുടേത്. റെസ്പോൺസബിൾ ടൂറിസം മേഖലയിലെ അതികായരായ ദി ബ്ലൂ യോണ്ടർ എന്ന സ്വകാര്യ കമ്പനിയുടേതാണ് യഥാർത്ഥത്തിൽ കംപാഷനേറ്റ് കോഴിക്കോട് പ്രോജക്ട്. മലയാളി വ്യവസായി ഗോപിനാഥ് പാറയിലിന്റെ ഉടമസ്ഥതയിൽ ഉള്ള പോണ്ടിച്ചേരി ആസ്ഥാനമായുള്ള സ്ഥാപനമാണ് ദി ബ്ലൂ യോണ്ടർ. സസ്‌റ്റൈനബിൾ ടൂറിസം ഡെസ്റ്റിനേഷൻ രംഗത്തെ പ്രമുഖ കമ്പനിയായ ബ്ലൂയോണ്ടർ കോഴിക്കോട് ജില്ലയിൽ കളക്ടറുടെ മറവിൽ വിപുലമായ കംപാഷനേറ്റ് ടൂറിസം ഒരുക്കുകയാണ്.


സർക്കാർ അഗതി മന്ദിരങ്ങളിലും ആശുപത്രികളിലും മറ്റും സന്നദ്ധപ്രവർത്തനത്തിനു തയ്യാറാകുന്ന വ്യക്തികളെ പ്രചോദിപ്പിച്ച് സൗജന്യ സേവനത്തിനു സജ്ജരാക്കുകയാണ് പദ്ധതിയുടെ കാതൽ. കോഴിക്കോടുകാരുടെ നന്മ, മൊഹബത്ത് തുടങ്ങിയ സുന്ദരപദാവലികളിലാണ് പദ്ധതിയുടെ നിലനിൽപ്പുതന്നെ സേവനമേഖലയിൽ സർക്കാരിന്റെ നിലവിലുള്ള സംരംഭങ്ങളിൽ ആവശ്യത്തിന് സ്റ്റാഫ് ഇല്ല എന്ന പ്രശ്നം നിലനിൽക്കുമ്പോൾ പുതുതായി ആൾക്കാരെ ജോലിക്കെടുക്കാതെ പകരം വോളന്റിയർമാരെ തേടുന്ന പദ്ധതിയാണ് ഇതിലെ പ്രധാന ഘടകം. പൊലീസ് സേനയുടെ ജോലിഭാരം കുറയ്ക്കാനെന്ന പേരിൽ തുടങ്ങിയ ട്രാഫിക് വാർഡൻ എന്ന ചൂഷണാധിഷ്ഠിത പദ്ധതിപോലെ കാരുണ്യപ്രവർത്തനങ്ങളെയും ബ്രാൻഡ് ചെയ്ത് മാർക്കറ്റ് ചെയ്യുന്ന വിലുപമായ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണിത്. ഇങ്ങനെ ഒരു പൊതുനന്മയുടേതായ ചിത്രം പ്രസരിപ്പിച്ചുകൊണ്ട് കോഴിക്കോടിനെ ഒരു മികച്ച ടൂറിസം ഡെസ്റ്റിനേഷനായി അവതരിപ്പിക്കുക എന്നതിന്റെ ഭാഗമാണ് ഈ മുഖംമിനുക്കൽ.

ഒരു ചാരിറ്റി പദ്ധതിയെ ഇത്രകണ്ട് എതിർക്കാനുണ്ടോ എന്ന ചോദ്യം സ്വാഭാവികം. എന്നാൽ അതിന്റെ ഉടമസ്ഥത തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. കംപാഷനേറ്റ് കോഴിക്കോടിന്റെ വെബ്സൈറ്റ് ഫൂട്ടറിൽ പകർപ്പവകാശം നൽകിയിരിക്കുന്നത് ജില്ലാ ഭരണകൂടത്തിനും ബ്ലൂ യോണ്ടറിനുമാണ്. ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂട്ടീവ് നോൺ കൊമേഴ്സ്യൽ നോ ഡെറിവേറ്റീവ് ലൈസൻസിലാണ് സൈറ്റ് പ്രവർത്തിക്കുന്നത്. ഏറ്റവും റെസ്ട്രരിക്റ്റീവ് ആയ സിസി ലൈസൻസ് ആണിത്. ഫലത്തിൽ ഉള്ളടക്കത്തിന്റെ ഉടമസ്ഥത ബ്ലൂ യോണ്ടറിനു കൂടി പങ്കുവയ്ക്കുന്നുണ്ട്. അതായത് ജില്ലാ ഭരണകൂടത്തിനൊപ്പം കംപാഷനേറ്റ് കോഴിക്കോടിന്റെ തുല്യ ഉടമസ്ഥത ബ്ലൂ യോണ്ടറിനുമുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്കു തയ്യാറാകുന്ന എത്രയെല്ലാം സംഘടനകളുണ്ടാവാം എന്നിരിക്കെ എന്തുകൊണ്ടു പോണ്ടിച്ചേരി ആസ്ഥാനമായ ബ്ലൂ യോണ്ടർ മാത്രം എന്ന ചോദ്യത്തെ അവഗണിച്ചു തള്ളേണ്ടതല്ല. ഒരു പാട് സന്നദ്ധപ്രവർത്തകരും ജനകീയ പിന്തുണയും മീഡിയാവാത്സല്യവും ഉണ്ടായിട്ടും എന്തുകൊണ്ട് ഇതൊരു പബ്ലിക് പബ്ലിക് പാര്‍ട്‌നര്‍ഷിപ്പല്ലാതെ പബ്ലിക് പ്രൈവറ്റ് പാര്‍ട്‌ണര്‍ഷിപ്പായി എന്ന വിഷയം ചർച്ച ചെയ്യപ്പെടേണ്ടതാണ്. 'കളക്റ്റര്‍ ബ്രോ'യുടെ കാലാവധിക്കു മേലെ ഈ പ്രൊജക്റ്റിന്റെ നിലനിൽപ്പു തീരുമാനിക്കപ്പെടുന്നത് ഈ വിധ ചോദ്യങ്ങള്‍ക്കുത്തരമായിട്ടാണ് .

Footer_Website

കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ടൂറിസം സെക്രട്ടറിയായിരുന്ന ഡോ. വി വേണുവിന്റെ പിന്തുണയോടെയാണ് റെസ്പോൺസബിൾ ടൂറിസം എന്ന ആശയം കേരളത്തിൽ അവതരിക്കുന്നത്. കോവളം, കുമരകം, തേക്കടി, വയനാട് എന്നീ പ്രദേശങ്ങളെ ഉത്തരവാദിത്വ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആയി വികസിപ്പിക്കാനുള്ള ഉദ്ദേശമായിരുന്നു ആദ്യഘട്ടത്തിൽ. ഇതിനായി കോവളത്തും കുമരകത്തും നിരവധി ജനകീയ കമ്മറ്റികൾ സംഘടിപ്പിക്കുകയും പരസ്യവേലകൾ നടത്തുകയുമുണ്ടായി. എന്നാൽ ഇതിനെതിരെ ശക്തമായ ജനകീയപ്രതിരോധം ഉയർന്നുവന്നു. പ്രാദേശിക പങ്കാളിത്തം ആസൂത്രണകാര്യങ്ങളിൽ ഉൾപ്പെടുത്താതെ വൻകിട ടൂറിസം കമ്പനികൾ അവരുടെ ആഗോള അജണ്ടക്കനുസരിച്ച് കാര്യങ്ങൾ നടപ്പിലാക്കുകയാണ് ചെയ്യുന്നത്‌ എന്നും ആരോപണമുയർന്നു. ഈ വികസന പരിപാടിയിൽ സാമ്പത്തികസാമൂഹിക ഉത്തരവാദിത്വങ്ങൾ വൻകിടക്കാർ കയ്യടക്കുകയും സാധാരണക്കാരന് അവിടെ ഒരു പ്രാദേശിക കച്ചവടക്കാരന്റെ വേഷം മാത്രമേ ഉണ്ടാവൂ എന്നും പ്രക്ഷോഭകർ പറഞ്ഞു. ഇതിനെ ശരിവെക്കുന്ന രീതിയിലായിരുന്നു കാര്യങ്ങൾ നീങ്ങിയത്.

2007 ഫെബ്രുവരിയിൽ ഡോ വി വേണുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കനകക്കുന്നിൽ റെസ്പോൺസബിൾ ടൂറിസത്തെക്കുറിച്ച് ഒരു വർക് ഷോപ് സംഘടിപ്പിച്ചിരുന്നു. ഇതിൽ ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസബിൾ ടൂറിസം എന്ന എൻ ജി ഒയുടെ പ്രതിനിധിയായി ഗോപിനാഥ് പാറയിൽ പങ്കെടുത്തു. ഈ വിഷയത്തിൽ തുടർന്നിങ്ങോട്ട് ടൂറിസം വകുപ്പ് നടത്തിയിട്ടുള്ള എല്ലാ പരിപാടികളിലും ഗോപിനാഥിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ടൂറിസം വകുപ്പ് 2013 ജൂണിൽ കുമരകം ബാക്ക്വാട്ടർ റിപ്പിൾസിൽ സംഘടിപ്പിച്ച റെസ്പോൺസബിൾ ടൂറിസം അന്തർദേശീയ സമ്മേളനത്തിലും ഗോപിനാഥ് മുഖ്യ പ്രഭാഷകരിൽ ഒരാളായിരുന്നു. ഈ കാലയളവിൽ കെ ടി ഡി സി മാനേജിങ് ഡയറക്ടർ ആയിരുന്നു എൻ പ്രശാന്ത്.

ജനകീയ പ്രതിഷേധവും ജനപങ്കാളിത്തത്തിന്റെ കുറവും സർക്കാർ വകുപ്പുകളുടെ ഏകോപനക്കുറവും എല്ലാം കേരളത്തിലെ സസ്‌റ്റൈനബിൾ ടൂറിസം ഡെസ്റ്റിനേഷൻ വികസന പദ്ധതികളെ പിന്നോട്ടടുപ്പിച്ചു. സ്വകാര്യ കമ്പനികൾ ഉദ്ദേശിച്ച രീതിയിലും വേഗതയിലും കാര്യങ്ങൾ നീങ്ങിയില്ല. ഈ അവസ്ഥയിലാണ് യുവ സംരംഭകനായ ഗോപിനാഥ് താൻ പോണ്ടിച്ചേരിയിൽ സ്ഥാപിച്ച ബ്ലൂയോണ്ടർ എന്ന കമ്പനിയുമായി ഈ രംഗത്ത് മുന്നോട്ടുവരുന്നത്. 2004 ൽ സ്ഥാപിച്ച നിള ഫൗണ്ടേഷൻ എന്ന ഭാരതപ്പുഴ സംരക്ഷണ എൻ ജി ഒയെ നന്നായി മാർക്കറ്റ് ചെയ്ത ബ്ലൂയോണ്ടർ ഡെസ്റ്റിനേഷൻ വികസന രംഗത്ത് സ്ഥാനമുറപ്പിച്ചു. 2011 ൽ ട്രാവൽ ആൻഡ് ടൂറിസം ഷോയായ
ഐ ടി ബി - ബെർലിൻ
ബ്ലൂ യോൻഡറിനെ സസ്‌റ്റൈനബിൾ ടൂറിസം പാർട്ണർ ആയി തിരഞ്ഞെടുത്തു.

1993 മുതൽ കോഴിക്കോട്ടെ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളുമായി ബന്ധമുള്ള ഗോപിനാഥ് പാറയിലിന്റെ ആശയം തന്നെയാണ് കമ്പാഷനേറ്റ് കോഴിക്കോട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന പ്രശാന്ത് കോഴിക്കോട് കലക്ടറായതിനു ശേഷം നടത്തിയ ശക്തമായ ഫെയ്‌സ്ബുക്ക് കാമ്പയിനിങ്ങിലൂടെ കളക്ടർ ബ്രോ ആയി മാറി. തുടർന്ന് കളക്ടറുടെ അധികാരവും സോഷ്യൽ മീഡിയയിലെ ജനസ്വാധീനവും ഉപയോഗിച്ച് ടൂറിസം ഡെസ്റ്റിനേഷൻ വികസന പരിപാടി നടപ്പിലാക്കുകയായിരുന്നു.

'കമ്പാഷനേറ്റ് കോഴിക്കോട് എന്ന പ്രോജെക്ടിനെ ജില്ലാ കളക്ടറുടെ ബ്രയിൻ ചൈൽഡ് ആയി ഇന്ത്യൻ മാധ്യമങ്ങൾ വാഴ്ത്തി. എന്നാൽ അന്തർദേശീയ ടൂറിസം മാഗസിനുകളിലും ബ്ലോഗുകളിലും ഈ പദ്ധതി ഗോപിനാഥ് പാറയിലിന്റെയും ബ്ലൂയോണ്ടറിന്റെയും സംരംഭം എന്ന നിലയിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. അന്തർദേശീയ ടൂറിസം കമ്മ്യൂണിക്കേഷൻ രംഗത്തെ എഴുത്തുകാരനും എഡിറ്ററും ആയ
ജെർമി സ്മിത്
 ലണ്ടൻ ആസ്ഥാനമായുള്ള വേൾഡ് ട്രാവൽ മാർക്കറ്റ് ന്റെ ദ്വൈവാരികാ ബ്ലോഗിൽ എഴുതിയ ലേഖനത്തിൽ ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത് "Ground breaking compassionate destination concept" എന്നാണ്. ഇതേ ലേഖനം അദ്ദേഹം തന്റെ ബ്ലോഗിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ടൂറിസത്തെ ഒരു ഉല്പന്നമായി കാണുക എന്നതല്ല ഈ ആശയം, മറിച്ച് ഒരു മികച്ച ഡെസ്റ്റിനേഷൻ നിർമിക്കുക എന്നതാണ് - ഗോപിനാഥ് പാറയിൽ പറയുന്നതായി ഈ ലേഖനത്തിൽ ഉദ്ധരിക്കുന്നു. ഇതു പിന്നീട് ഒരു ടൂറിസം ഉല്പന്നമായി മാറുമെന്നും ഗോപിനാഥ് ജെർമി സ്മിത്തിനോട് പറയുന്നുണ്ട്. കമ്പാഷനേറ്റ് കോഴിക്കോട് എന്നത് മുഖ്യമായും ബ്ലൂയോണ്ടറിന്റെ സംരംഭം എന്ന നിലയ്ക്കാണ് ലേഖനം വിലയിരുത്തുന്നത്. കോഴിക്കോട് നടപ്പിലാക്കുന്ന രീതിയിലുള്ള ഡെസ്റ്റിനേഷൻ ഡെവലെപ്മെന്റ് മറ്റ് ഇടങ്ങളിലേക്കും വ്യാപിക്കേണ്ടതുണ്ട് എന്നാണ് കളക്ടർ പറയുന്നത്. സർക്കാരിനോ സർക്കാരിന്റെ ഏജൻസികൾക്കോ കോഴിക്കോട് കലക്‌ടറേറ്റിനു പോലുമോ ഔദ്യോഗിക ചുമതലയോ പങ്കാളിത്തമോ ഇല്ലാത്ത ഒരു ടൂറിസം പദ്ധതിയുടെ മാർക്കറ്റിംഗ് പ്രവർത്തനത്തിന് ഒരു കളക്ടർ മുന്നിട്ടിറങ്ങുന്നത് എന്തിനാണ് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

വേൾഡ് ട്രാവൽ മാർക്കറ്റ് ബ്ലോഗിന്റെ അടിസ്ഥാനത്തിൽ ജെർമി സ്മിത്തിന്റെ തന്നെ ഓൺലൈൻ പ്രസിദ്ധീകരണമായ ട്രാവിൻഡി യിലും പസഫിക് ഏഷ്യാ ട്രാവൽ അസോസിയേഷൻ (PATA) വെബ്‌സൈറ്റിലും ഇതേ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തർദേശീയ ടൂറിസം കച്ചവട മേഖലയിലെ പ്രമുഖ പ്രസിദ്ധീകരണങ്ങൾ തന്നെയാണ് ഇവയെല്ലാം. കോഴിക്കോട് പ്രോജെക്ടിനെ അന്തർദേശീയ രംഗത്തേക്ക്‌ കൊണ്ടുവരാൻ ശ്രമിക്കുന്നതും പുരസ്കാരങ്ങൾ നേടിയെടുക്കുന്നതും എല്ലാം ഗോപിനാഥിന്റെ മിടുക്കാണ്. പദ്ധതിയുടെ നടത്തിപ്പുകാരനോ ബ്രാൻഡ് അംബാസിഡറോ മാത്രമാണ് കളക്ടർ.

ഈ കഴിഞ്ഞ മാർച്ച് മാസം ബെർലിനിൽ നടന്ന ഐ ടി ബി - ബെർലിൻ' - ട്രാവൽ ആൻഡ് ടൂറിസം ഷോയിൽ കമ്പാഷനേറ്റ് കോഴിക്കോടിന് പുരസ്കാരം ലഭിച്ചിരുന്നു
. ലോകത്തെ അമ്പത് ടൂറിസം മാതൃകകൾ തിരഞ്ഞെടുത്തപ്പോൾ ഇന്ത്യയിൽ നിന്നും കോഴിക്കോട് മാത്രമാണ് ലിസ്റ്റിൽ ഇടംനേടിയത്. ഒരു ദശാബ്ദത്തിൽ അധികമായി ബെർലിൻ മേളയോട് ബന്ധമുള്ള ഗോപിനാഥ് ആണ് ഇതിനെല്ലാം ചരടുവലിച്ചത്.

വേൾഡ് റെസ്പോൺസബിൾ ടൂറിസം അവാർഡിന്റെ ഈ വർഷത്തെ സാധ്യതാ ലിസ്റ്റിൽ കമ്പാഷനേറ്റ് കോഴിക്കോടും ഉണ്ട്. കമ്പാഷനേറ്റ് കോഴിക്കോടിന് കീഴിൽ ഉള്ള ഓപ്പറേഷൻ സുലൈമാനിക്കുവേണ്ടി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ ആണ് നോമിനേഷൻ കൊടുത്തിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള സ്വകാര്യ ടൂറിസം സംരംഭമായ കബനിയും കേരള ടൂറിസം ഡിപ്പാർട്മെന്റും ലിസ്റ്റിൽ ഉണ്ടെങ്കിലും അവാർഡ് തങ്ങൾക്കാണെന്ന ചില സുലൈമാനി വർത്തമാനങ്ങൾ ഇപ്പോഴേ കോഴിക്കോട്ടു കേൾക്കുന്നുണ്ട്. മുൻപ് കമ്പാഷനേറ്റ് കോഴിക്കോടിനെ തങ്ങളുടെ ബ്ലോഗിൽ പുകഴ്ത്തിയ ഡബ്ള്യു ടി എംഈ അവാർഡിന്റെ മുഖ്യ പ്രായോജകരിൽ ഒരാളാണ്.

കോഴിക്കോടിനെ വിശപ്പില്ലാ നഗരം ആക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഓപ്പറേഷൻ സുലൈമാനി. ക്രൗഡ് ഫണ്ടിങ്ങിലൂടെ നടപ്പിലാക്കുന്ന ഈ പ്രോജക്ടിന്റെ നടത്തിപ്പ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന് ആണ്. ഗവൺമെന്റുമായോ കളക്ട്രേറ്റുമായോ ഒരു ബന്ധവുമില്ലാത്ത പരിപാടി ആയതുകൊണ്ടുതന്നെ ഇതിന്റെ വരവ് ചെലവ് കണക്കുകളോ ഓഡിറ്റ് റിപ്പോർട്ടുകളോ ഇല്ല. പൊതുജനപിന്തുണയോടെ നടത്തുന്ന ഒരു പരിപാടിയുടെ ഓഡിറ്റ് വിവരങ്ങൾ അതിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുക എന്ന സാമാന്യ മര്യാദ പോലും ഇല്ല.

സവാരി ഗിരി ഗിരി എന്ന പദ്ധതിയാണ് വിവാദമാകുന്ന മറ്റൊന്ന്. സ്കൂൾ വിദ്യാർത്ഥികളുടെ യാത്രാസൗജന്യം കേരളം ഉറപ്പുനൽകുന്ന അവകാശമാണ്. എന്നാൽ വടക്കൻ ജില്ലകളിൽ കുട്ടികളെ ബസിൽ കയറ്റാത്ത പ്രവണത ചിലയിടങ്ങളിലുണ്ട്. ഇതിനു പകരമായി നിശ്ചിത എണ്ണം കുട്ടികളെ മാത്രം കയറ്റുക, അവരുടെ സീസൺ ടിക്കറ്റ് നിരക്കു കഴിച്ചുള്ള തുക ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ബസുടമകൾക്കു നൽകുക, അതിനായി എല്ലാ ബസിലും പിരിവുപെട്ടി വയ്ക്കുക എന്നതാണ് പരിപാടി. ചുരുക്കത്തിൽ കുട്ടികൾക്ക് യാത്രാസൗജന്യം അനുവദിക്കുന്നത് എന്തോ വലിയ നഷ്ടമാണെന്ന വാദത്തെ പരോക്ഷമായി അംഗീകരിച്ചു കൊടുക്കുകയാണ്, ജില്ലാ ഭരണകൂടം. അതിനെ ക്രോസ് സബ്സിഡൈസ് ചെയ്യാനാണ് യാത്രക്കാരോടു സംഭാവന ആവശ്യപ്പെടുന്നത്.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സഹകരണത്തോടെ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ഓപ്പൺ സ്ട്രീറ്റ് മാപ്പിംഗ് പരിപാടി ആയിരുന്നു കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ഭൂപട നിർമാണം. കമ്പാഷനേറ്റ് കോഴിക്കോടിനെ കുറിച്ചുള്ള ആലോചന തുടങ്ങും മുൻപേ നടന്ന ഒരു പ്രവർത്തനമാണ് അത്. ഈ ആശയത്തെ ജില്ലാതലത്തിലേക്കു വ്യാപിപ്പിച്ചുകൊണ്ടാണ് കോഴിപ്പീടിക ഒരുങ്ങുന്നത്. കോഴിപ്പീടിക എന്ന പേരുപോലും വിക്കിപ്പീഡിയ, ഓപ്പൺ സ്ട്രീറ്റ് മാപ്പിങ് എന്നീ പൊതു ഉടമസ്ഥതയിലുള്ള സ്വതന്ത്രസംരംഭങ്ങളിൽ നിന്നുണ്ടാവുന്നതാണ്. ചെറുവണ്ണൂർ പോലെ ഇതര അനുഭവങ്ങളും ഈ രംഗത്ത് കോഴിക്കോടിനുണ്ട്. ജില്ലാ കളക്റ്റർ ഔദ്യോഗികമായി ഒരു മാപ്പിങ് പാർട്ടി ഓർഗനൈസ് ചെയ്യുമ്പോൾ ഇത്തരം വിവിധ സ്റ്റേക് ഹോൾഡേഴ്സിനെ പങ്കെടുപ്പിക്കുക എന്നത് അവശ്യമാണ്. എന്നാൽ അതുണ്ടായില്ല. സൗജന്യ സോഫ്ട്‍വെയർ ടൂളുകൾ ഉപയോഗിച്ച് കൂരാച്ചുണ്ട് നിർമിച്ച ഭൂപട ആശയത്തെ നേപ്പാൾ ഭൂകമ്പ സമയത്ത് വിദൂര രക്ഷാ പ്രവർത്തന മാപ്പിംഗ് പരിപാടിയിൽ പങ്കെടുത്ത ഗോപിനാഥിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുകയാണ് കളക്ടർ. 
മാപ് ബോക്സ്
, ഗ്രൗണ്ട്ട്രൂത് ഇനീഷ്യേറ്റിവ് എന്നീ ഓർഗനൈസേഷനുകളുടെ സഹായവും ഇക്കാര്യത്തിൽ തേടിയിട്ടുണ്ട് എന്നറിയുന്നു.

കൂരാച്ചുണ്ട് ഓപ്പൺ സ്ട്രീറ്റ് മാപ്പിങ്ങിൽ പങ്കെടുത്ത ആളുകളെയടക്കം വിളിച്ചു ചേർത്ത് 'കോഴിപ്പീടിക'ക്കായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കളക്ടർ അനൗദ്യോഗികമായി ഒരു യോഗം വിളിച്ചു ചേർത്തിരുന്നെങ്കിലും ഇതുവരെയായി ഒരു നടപടികളും പുരോഗമിച്ചിട്ടില്ല.

ഈ വർഷം ഫെബ്രുവരി 27->ാം തീയതി കോഴിക്കോട്ടെ ഊരാളുങ്കൽ സൈബർ പാർക് ഉദ്ഘാടനത്തോടൊപ്പം തന്നെ രാഷ്ട്രപതി പ്രണബ് മുഖർജി കനിവ് എന്ന ഒരു പദ്ധതിയുടെയും ഉദ്ഘാടനം നടത്തിയിരുന്നു. വിശക്കുന്നവർക്ക് ഭക്ഷണവും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണയും ഉറപ്പു നൽകുന്ന ഈ പ്രോജക്ടിന്റെ പൂർണമായ പേര്
കനിവിന്റെ കേരളം
 അഥവാ കംപാഷനേറ്റ് കേരള എന്നാണ്. 'കനിവിന്റെ കേരളം' ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച രാഷ്ട്രപതി ഇതിനായുള്ള തുക 100 കോടി ആണെന്നും പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ കനിവിന്റെ തുടർനടപടികൾ സ്വീകരിച്ചാൽ തീർച്ചയായും ബ്ലൂ യോൻഡർ കമ്പനിക്ക് അതിന്റെ ഗുണം ലഭിക്കും.

ജില്ലാ കലക്ടറിന്റെ പദവിയേയും അധികാരത്തെയും കളക്ട്രേറ്റ് സൗകര്യങ്ങളെയും ഒരു സ്വകാര്യ കമ്പനിയുടെ പദ്ധതി നടത്തിപ്പിനും പ്രമോഷനും വേണ്ടി ഉപയോഗപ്പെടുത്തുന്നതുകൊണ്ടുതന്നെയാണ് പലപ്പോഴും കളക്ടർക്ക് മുന്നിൽ എത്തുന്ന ഫയലുകൾ വൈകുന്നത്. അടുത്ത ഒരു കളക്ടർ എത്തിയാൽ ഔദ്യോഗികമായി തുടരേണ്ടതുപോലുമല്ലാത്ത ഒരു പ്രോജക്ടിന്റെ വെബ്‌സൈറ്റിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക മുദ്ര ഉപയോഗിച്ചിരിക്കുന്നു. വെബ്‌സൈറ്റിന്റെ ഇംഗ്ളീഷ് വേർഷനിൽ ബ്ലൂയോണ്ടറിന്റെ പങ്കാളിത്തത്തെപ്പറ്റി വിശദമാക്കുന്നുണ്ടെങ്കിലും മാതൃഭാഷാ വേർഷനിൽ അതിനെപ്പറ്റി മിണ്ടുന്നതേയില്ല. കളക്ടർ തന്റേതെന്ന് പറയുന്ന ലെജന്റ്സ് ഓഫ് കോഴിക്കോട് പോലുള്ള ഇനീഷ്യേറ്റീവുകൾ ബ്ലൂയോണ്ടറിന്റെ ചാമ്പ്യൻസ് ഓഫ് പോണ്ടിച്ചേരി പോലുള്ളവയാണെന്ന് സാധാരണക്കാർ തിരിച്ചറിയാതിരിക്കാനാവണം ഈ തർജിമയിലെ സൂത്രപ്പണി.

ഏറ്റവും ഒടുവിൽ എം പി, എം കെ രാഘവനുമായുള്ള പ്രശ്നത്തിൽ കളക്ടർ മാപ്പ് പറഞ്ഞു ഒഴിഞ്ഞുമാറിയതും മാപ്പ് നൽകി എം പി പ്രശ്നം പരിഹരിച്ചതുമായുള്ള സംഭവത്തിൽ പോലും ബ്ലൂയോണ്ടറിന്റെ താല്പര്യങ്ങൾ ഉണ്ട്. ഇരുമുന്നണിയിലും ഒരുപോലെ സ്വാധീനം ചെലുത്താൻ കഴിയുന്ന ബ്ലൂയോണ്ടർ തങ്ങളുടെ പദ്ധതി നടത്തിപ്പിനായി കളക്ടറെ കോഴിക്കോട് തന്നെ നിലനിർത്തിയിരിക്കുകയാണ്.

മാതാ അമൃതാനന്ദമയിയും പാസ്റ്റർ യോഹന്നാനും അടക്കം നിരവധിപ്പേർ സഞ്ചരിക്കുന്ന ഉപവിയുടെ (charity) വഴിയിലൂടെത്തന്നെയാണ് ഈ കാരുണ്യ ടൂറിസത്തിന്റെ സഞ്ചാരവും. ഇനി ഇതെല്ലാം ബ്ലൂയോണ്ടറിന്റെതല്ല, തന്റെ ആശയങ്ങൾ തന്നെയാണെന്ന് കളക്ടർ എൻ പ്രശാന്ത് അവകാശപ്പെട്ടാലും എന്തിന് അല്ലെങ്കിൽ ഏതു മാനദണ്ഡപ്രകാരം ഇത്തരം ഒരു പദ്ധതിക്കായി ബ്ലൂയോണ്ടറിനെ പങ്കാളിയായി തിരഞ്ഞെടുത്തു എന്ന ഉത്തരം കൂടി പറയേണ്ടിവരും. കോർപറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി ഫണ്ടുകളുടെ നടത്തിപ്പിനും സ്വകാര്യ പ്രോജക്ടുകളുടെ പ്രമോഷനും വേണ്ടിയാണോ ഒരു കളക്ടർ പോസ്റ്റ് എന്ന് സർക്കാരും വ്യക്തമാക്കിയേ മതിയാവൂ.

Read More >>