സംസ്ഥാന - ദേശീയ പാതകള്‍ക്ക് സമീപം മദ്യവില്‍പ്പന പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിച്ച് യു ഡി എഫ് സര്‍ക്കാര്‍; അതേ വഴി പിന്തുടർന്ന് എല്‍ ഡി എഫ് സര്‍ക്കാറും

റോഡരികിലുള്ള മദ്യശാലകള്‍ അടച്ചു പൂട്ടി മൂന്നാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു അന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിന് യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയ മറുപടി മദ്യശാലകള്‍ ഉടന്‍ മാറ്റുമെന്നും പുതിയ സ്ഥലം നോക്കി കൊണ്ടിരിക്കുകയാണ് എന്നുമാണ്. എന്നാല്‍ വിരലിലെണ്ണാവുന്ന ചില സ്ഥലങ്ങളിലെ മദ്യശാലകള്‍ മാത്രമാണ് മാസങ്ങള്‍ക്കു ശേഷം അടച്ചു പൂട്ടിയത്. ബാക്കിയുള്ളവയുടെ വാടക കരാര്‍ കഴിഞ്ഞ വര്‍ഷം , അതായത് വിധി വന്ന് നാലാം മാസം തന്നെ അന്നത്തെ സര്‍ക്കാര്‍ പുതുക്കി നല്‍കി.

സംസ്ഥാന - ദേശീയ പാതകള്‍ക്ക്  സമീപം മദ്യവില്‍പ്പന പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിച്ച്  യു ഡി എഫ് സര്‍ക്കാര്‍; അതേ വഴി പിന്തുടർന്ന് എല്‍ ഡി എഫ് സര്‍ക്കാറും

തൃശൂര്‍: സംസ്ഥാന - ദേശീയ പാതകള്‍ക്കും സര്‍വീസ് റോഡുകള്‍ക്കും സമീപം മദ്യവില്‍പ്പന പാടില്ലെന്നും റോഡരികില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ അടച്ചു പൂട്ടണമെന്നുമുള്ള ഉത്തരവ് സര്‍ക്കാര്‍ മാറിയിട്ടും നടപ്പിലായില്ല. 2014 നവംബര്‍ 14 നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എം എ ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. റോഡരികില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ ഉടന്‍ മാറ്റാനായിരുന്നു അന്ന് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ കോടതി ഉത്തരവ് വന്ന ശേഷവും 18 മാസത്തിലധികം അധികാരത്തില്‍ തുടര്‍ന്ന യു ഡി എഫ് സര്‍ക്കാര്‍ ഇതില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് വന്ന എല്‍ ഡി എഫ് സര്‍ക്കാരും യു ഡി എഫ് സര്‍ക്കാറിന്റെ വഴിയെയാണ് ഇക്കാര്യത്തില്‍ നീങ്ങുന്നത്.


റോഡരികിലുള്ള മദ്യശാലകള്‍ അടച്ചു പൂട്ടി മൂന്നാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു അന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിന്  യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയ മറുപടി മദ്യശാലകള്‍ ഉടന്‍ മാറ്റുമെന്നും പുതിയ സ്ഥലം നോക്കി കൊണ്ടിരിക്കുകയാണ് എന്നുമാണ്. എന്നാല്‍ വിരലിലെണ്ണാവുന്ന ചില സ്ഥലങ്ങളിലെ മദ്യശാലകള്‍ മാത്രമാണ് മാസങ്ങള്‍ക്കു ശേഷം  അടച്ചു പൂട്ടിയത്. ബാക്കിയുള്ളവയുടെ വാടക കരാര്‍ കഴിഞ്ഞ വര്‍ഷം , അതായത് വിധി വന്ന് നാലാം മാസം തന്നെ അന്നത്തെ സര്‍ക്കാര്‍ പുതുക്കി നല്‍കി. ഹൈക്കോടതി ഉത്തരവൊന്നും വാടക കരാര്‍ പുതുക്കുന്നതിന് സര്‍ക്കാറിന് തടസമായില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ വീണ്ടും വാടക കരാര്‍ പുതുക്കി നല്‍കി. ഇതോടെ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള സാധ്യത തീര്‍ത്തും ഇല്ലാതായി.

ദേശീയ സംസ്ഥാന പാതകള്‍ക്കും സര്‍വ്വീസസ് റോഡുകള്‍ക്കും സമീപം 128 മദ്യവില്‍പ്പനശാലകളാണ് വിധി വരുമ്പോള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. ദേശീയ പാതക്കടുത്ത് 67 ഉം സംസ്ഥാനപാതയ്ക്കടുത്ത് 61 ഉം മദ്യ വില്‍പ്പനശാലകള്‍ ഉണ്ടായിരുന്നു. ഇവയില്‍ കോട്ടയം ജില്ലയില്‍ കിടങ്ങൂരുള്ള ഒരു ഔട് ലെറ്റ് പൂട്ടിയിരുന്നു. ഇതു പോലെ പൂട്ടിയ മദ്യശാലകളുടെ എണ്ണം പത്തില്‍ കവിയില്ല. ബാക്കിയെല്ലാം പഴയതിലും ഊര്‍ജ്ജിതമായി പാതയോരങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയാണ്.

ബാറുകള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സമയത്താണ് മദ്യവില്‍പ്പനശാലകള്‍ റോഡരികില്‍ നിന്നു മാറ്റാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ ബാറുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ കാണിച്ച വേഗത മദ്യശാലകള്‍ പൂട്ടിക്കുന്ന കാര്യത്തില്‍ ഉണ്ടായില്ല. ബാറുകള്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് തന്നെ ബിവറേജസ് ഔട് ലെറ്റുകളിൽ വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. . ഇവിടെ നിന്നും മദ്യം വാങ്ങാനെത്തുന്നവര്‍ റോഡരികില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്കു ചെയ്യുന്നതും അപകടങ്ങള്‍ക്കും ഗതാഗതകുരുക്കിനും കാരണമാകുന്നുണ്ട്. ഇവിടെ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ ഇരുന്ന് മദ്യപിക്കുന്നതും പതിവാണ്. മദ്യപന്‍മാരുടെ നീണ്ട നിര സ്ത്രീ യാത്രക്കാർക്ക് ഉൾപ്പെടെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.  ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.  അന്ന് ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാതിരിക്കാന്‍ കാരണം സര്‍ക്കാറിന്റെ മദ്യ വിരുദ്ധ പ്രതിഛായക്ക് കോട്ടം തട്ടാതിരിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ വിധി നടപ്പിലാക്കാന്‍ വേണ്ടി ചെറുവിരല്‍ പോലും അനക്കാതെ യുഡിഎഫ് സര്‍ക്കാര്‍ വിധി അട്ടിമറിക്കുകയും ചെയ്തു.

Read More >>