സംസ്ഥാന - ദേശീയ പാതകള്‍ക്ക് സമീപം മദ്യവില്‍പ്പന പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നാരദാ ന്യൂസിനോട്

സംസ്ഥാന, ദേശീയ പാതകള്‍ക്ക് സമീപം മദ്യവില്‍പ്പന പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് വന്നിട്ട് ഇരുപത് മാസമായിട്ടും റോഡരികിലെ മദ്യശാലകള്‍ മാറ്റാത്തതിനെ കുറിച്ച് നാരദ ന്യൂസ് കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് എക്സൈസ് മന്ത്രി പ്രതികരിച്ചത്.

സംസ്ഥാന - ദേശീയ പാതകള്‍ക്ക്  സമീപം മദ്യവില്‍പ്പന പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുമെന്ന്  എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നാരദാ ന്യൂസിനോട്

തൃശൂര്‍: സംസ്ഥാന, ദേശീയ പാതകള്‍ക്കും സര്‍വീസ് റോഡുകള്‍ക്കും സമീപം മദ്യവില്‍പ്പന പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്ന്   എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. സംസ്ഥാന, ദേശീയ പാതകള്‍ക്ക്  സമീപം പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ മാറ്റണമെന്നത് ഹൈക്കോടതിയുടെ നിരീക്ഷണമാണ്. ആ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു തുടങ്ങി. റോഡരികിലെ ഷോപ്പുകള്‍ മാറ്റുമ്പോള്‍ അത് എവിടേക്ക് മാറ്റുമെന്ന പ്രായോഗികതയും പരിഗണിക്കേണ്ടതുണ്ട്.  കോടതിയെ ധിക്കരിക്കുന്ന നിലപാട്  സ്വീകരിക്കില്ല. ഷോപ്പുകള്‍ എങ്ങോട്ട് മാറ്റുമെന്ന കാര്യമാണ് സര്‍ക്കാര്‍ പരിശോധിക്കുമെന്നും  മന്ത്രി നാരദ ന്യൂസിനോട്  പറഞ്ഞു.


സംസ്ഥാന, ദേശീയ പാതകള്‍ക്ക്  സമീപം മദ്യവില്‍പ്പന പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് വന്നിട്ട് ഇരുപത് മാസമായിട്ടും റോഡരികിലെ മദ്യശാലകള്‍ മാറ്റാത്തതിനെ കുറിച്ച് നാരദ ന്യൂസ് കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് എക്സൈസ് മന്ത്രി പ്രതികരിച്ചത്.

2014 നവംബര്‍ 14 നാണ് സംസ്ഥാന, ദേശീയ പാതകള്‍ക്ക്  സമീപം മദ്യവില്‍പ്പന പാടില്ലെന്ന്  ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എം എ ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. റോഡരികില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ ഉടന്‍ മാറ്റാന്‍ അന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവ് വന്ന ശേഷവും 18 മാസത്തിലധികം അധികാരത്തില്‍ തുടര്‍ന്ന യു ഡി എഫ് സര്‍ക്കാര്‍ ഇതില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. എല്‍ ഡി എഫ് സര്‍ക്കാരും യു ഡി എഫ് സര്‍ക്കാറിന്റെ വഴിയെയാണ് ഇക്കാര്യത്തില്‍ നീങ്ങിയിരുന്നത്.

റോഡരികിലുള്ള മദ്യശാലകള്‍ അടച്ചു പൂട്ടി മൂന്നാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു അന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിന് യു ഡി മദ്യശാലകള്‍ ഉടന്‍ മാറ്റുമെന്നും പുതിയ സ്ഥലം നോക്കി കൊണ്ടിരിക്കുകയാണ് എന്നും യുഡിഎഫ് സര്‍ക്കാര്‍ മറുപടി നല്‍കി. എന്നാല്‍ വിരലിലെണ്ണാവുന്ന ചില സ്ഥലങ്ങളിലെ കടകള്‍ മാത്രമാണ് മാസങ്ങള്‍ക്കു ശേഷം  അടച്ചു പൂട്ടിയത്. ബാക്കിയുള്ളവയുടെ വാടക കരാര്‍ കഴിഞ്ഞ വര്‍ഷം വിധി വന്ന് നാലാം മാസം തന്നെ അന്നത്തെ സര്‍ക്കാര്‍ പുതുക്കി നല്‍കി. ഹൈക്കോടതി ഉത്തരവൊന്നും വാടക കരാര്‍ പുതുക്കുന്നതിന് സര്‍ക്കാറിന് തടസമായില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ വീണ്ടും വാടക കരാര്‍ പുതുക്കി നല്‍കി. ഇതോടെ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള സാധ്യത തീര്‍ത്തും ഇല്ലാതായി.

ബാറുകള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സമയത്താണ് മദ്യവില്‍പ്പനശാലകള്‍ റോഡരികില്‍ നിന്നു മാറ്റാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ ബാറുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ കാണിച്ച വേഗത മദ്യശാലകള്‍ പൂട്ടിക്കുന്നതില്‍ ഉണ്ടായില്ല. ബാറുകള്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് തന്നെ ബിവറേജ് ഔട്ട്ലെറ്റുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. ബാറുകള്‍ പൂട്ടിയതോടെ ഇവിടെ തിരക്ക് വര്‍ദ്ധിച്ചിരുന്നു. ഇവിടെ നിന്നും മദ്യം വാങ്ങാനെത്തുന്നവര്‍ റോഡരികില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്കു ചെയ്യുന്നതും അപകടങ്ങള്‍ക്കും ഗതാഗതകുരുക്കിനും കാരണമാകുന്നുണ്ട്. ഇവിടെ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ ഇരുന്ന് മദ്യപിക്കുന്നതും പതിവാണ്.