പാലക്കാട്ടും കോളറ സ്ഥിരീകരിച്ചു; മലപ്പുറത്ത് കോളറ ബാധിച്ചവരുടെ എണ്ണം 14 ആയി

ചിറ്റൂര്‍ പട്ടഞ്ചേരിയില്‍ ഇരുപത്തിമൂന്ന് വയസുള്ള യുവതിയിലാണ് രോഗം സ്ഥിരീകരിച്ചത് . വയറിളക്കം ബാധിച്ച് എഴുപതിലധികം പേരാണ് ജില്ലയിൽ ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്ക് കോളറയാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധന നടന്നു വരികയാണ്. കഴിഞ്ഞ ദിവസം വയറിളക്ക രോഗം ബാധിച്ച് മൂന്നു പേര്‍ ഈ മേഖലയില്‍ മരിച്ചിരുന്നു .

പാലക്കാട്ടും കോളറ സ്ഥിരീകരിച്ചു; മലപ്പുറത്ത് കോളറ ബാധിച്ചവരുടെ എണ്ണം 14 ആയി

പാലക്കാട് :  ചിറ്റൂരില്‍ വയറിളക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരാളില്‍ കോളറ സ്ഥിരീകരിച്ചു. ചിറ്റൂര്‍ പട്ടഞ്ചേരിയില്‍ ഇരുപത്തിമൂന്ന് വയസുള്ള യുവതിയിലാണ് രോഗം സ്ഥിരീകരിച്ചത് . വയറിളക്കം ബാധിച്ച് എഴുപതിലധികം പേരാണ് ജില്ലയിൽ ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്ക് കോളറയാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധന നടന്നു വരികയാണ്. കഴിഞ്ഞ ദിവസം വയറിളക്ക രോഗം ബാധിച്ച് മൂന്നു പേര്‍ ഈ മേഖലയില്‍ മരിച്ചിരുന്നു . പട്ടഞ്ചേരി പുള്ളിമാന്‍ ചള്ളയില്‍ കുഞ്ചു ( 75)  കടുചിറയില്‍ സുപ്പു പണ്ടാരത്തിന്റെ ഭാര്യ തത്ത ( 80), പരേതനായ തങ്ക പണ്ടാരത്തിന്റെ ഭാര്യ തായമ്മ ( 80 ) എന്നിവരാണ് മരിച്ചത് . ഇവര്‍ക്കും കോളറയായിരുന്നോ എന്ന് സംശയമുണ്ട് .


കുഞ്ചുവിന്റെ ഭാര്യക്കും മകള്‍ക്കും വയറിളക്ക തുടര്‍ന്ന് ഡയാലിസിസ് നടത്തി വരികയാണ് .ഈ ഭാഗത്തെ 25 ലധികം പേര്‍ ജില്ലാ ആശുപത്രിയിലും ചിറ്റൂരിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ് . ഇവരില്‍ 23 പേര്‍ക്ക് കോളറയാണോയെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തിയിട്ടുണ്ട് . ഇതിന്റെ ഫലം തിങ്കളാഴ്ച്ച ലഭിക്കും . ജലനിധിയുടെ ടാപ്പില്‍ നിന്ന്  കുടിവെള്ളം ഉപയോഗിച്ചവര്‍ക്കാണ് വയറിളക്ക രോഗം കണ്ടെത്തിയത് . ഈ കുടിവെള്ളത്തില്‍  കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട് . സമീപത്തെ കനാലില്‍ നിന്നുള്ള വെള്ളം പൊട്ടിയ പൈപ്പിലൂടെ കുടിവെള്ളവുമായി കലര്‍ന്നതാണോ എന്ന് സംശയമുണ്ട് . സ്ഥലത്ത് തിരുവനന്തപുരത്ത് നിന്നുള്ള ഉന്നതതല സംഘം പരിശോധന നടത്തി .

അതെ സമയം മലപ്പുറം ജില്ലയില്‍ കോളറ ബാധിച്ചവരുടെ എണ്ണം പതിനാലായി .മഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് അടക്കം എട്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു . കുറ്റിപ്പുറത്തെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറു പേര്‍ക്കായിരുന്നു ആദ്യം കോളറ കണ്ടെത്തിയിരുന്നത് . മലപ്പുറം ജില്ലയിലെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് രോഗബാധിതരെല്ലാം . ഇതിനെ തുടര്‍ന്ന് രണ്ട് ഹോട്ടലുകള്‍ ആരോഗ്യ വകുപ്പ് അടച്ചു പൂട്ടി. മലപ്പുറം ജില്ലയില്‍ രോഗം ബാധിച്ചവര്‍ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് ചികിത്സ തേടിയത്.

Read More >>